ചോക്കളേറ്റിന്റെ രുചിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കൊക്കോയില്‍നിന്നാണ് ചോക്കളേറ്റ് ഉണ്ടാക്കുന്നത്. രുചികരമായ ഒരുതരം കയ്പാണ് അസാധാരണമായ ഈ രുചിയുടെ സവിശേഷത. താനിന് എന്ന രാസവസ്തുവാണ് കൊക്കോയ്ക്ക് ഈ കയ്പ് പകരുന്നത്. കൊക്കോയെക്കാള്‍ കയ്പാണ് പക്ഷേ, കൊക്കോയുടെ ചരിത്രത്തിന്. അതിക്രമങ്ങളുടെയും വംശഹത്യയുടെയും കയ്പ് അതിനുണ്ട്. ബാലവേലയുടെയും കര്ഷകചൂഷണത്തിന്റെയും വഞ്ചനയുടെയും കയ്പുണ്ട്. ഇടക്കാലത്തെ തളര്‍ച്ചയ്ക്കുശേഷം കൊക്കോവിപണി വീണ്ടും സജീവമാകുന്ന ഈ വേളയില്‍ നമുക്ക് കൊക്കോയുടെ ചരിത്രവും പുതിയ സാധ്യതകളും പരിശോധിക്കാം.
കൊക്കോ യൂറോപ്പ് തൊട്ടിട്ട് വെറും അറുന്നൂറുവര്ഷമേ ആകുന്നുള്ളൂ. പക്ഷേ, അയ്യായിരം വര്‍ഷം മുമ്പേ തെക്കേ അമേരിക്കയിലെ തദ്ദേശജനത ഇഷ്ടപാനീയവും ഔഷധവും കൊക്കോയില്‍നിന്നു നിര്‍മ്മിച്ചിരുന്നു. ആമസോണ്കാടുകളിലെ വനവിഭവമായിരുന്ന കൊക്കോയെ അന്നേ അവിടുത്തെ മായന്മാര് ശേഖരിച്ചിരുന്നതായി കരുതപ്പെടുന്നു. മെക്സിക്കോയിലെ പുരാതനജനതയായ ഓള്മെക്കുകര് നാലായിരം വര്‍ഷം മുമ്പേ കൊക്കോയുടെ ആരാധകരായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ മെക്സിക്കോയിലെ പ്രബലസംസ്കാരവും സാമ്രാജ്യവുമായിരുന്നു ആസ്ടെക്കുകളുടേത്. അവരുടെ ജനപ്രിയവിഭവമായിരുന്നു കൊക്കോ. ‘ദൈവങ്ങളുടെ ഭക്ഷണം’ എന്നാണ് അവര്‍ക്കിടയില്‍ കൊക്കോ അറിയപ്പെട്ടിരുന്നത്. യൂറോപ്പുകാര്‍ വീരപരിവേഷത്തോടെ കാണുന്ന ഹെർണാൻ കോർട്ടസ് (1485-1547) എന്ന അക്രമകാരി 1521 ല്‍ ആസ്ടെക് സാമ്രാജ്യം ആക്രമിച്ച് കീഴടക്കുകയും അവരുടെ സമ്പത്തുകള്‍ കൊള്ളയടിക്കുകയും സംസ്കാരശേഷിപ്പുകള്‍ നശിപ്പിക്കുകയും ചെയ്തു. കൊള്ളമുതലുമായി തിരികെ സ്പെയിനിലേക്കു മടങ്ങുമ്പോള്‍ അവിടെ അയാളെ ഉന്മത്തനാക്കിയ കൊക്കോ കൂടി കൂടെക്കരുതിയിരുന്നു. കൊക്കോയെക്കുറിച്ച് ഹെർണാൻ കോർട്ടസ് ഇങ്ങനെ പറയുന്നുണ്ട്:
“ഈ രാജ്യത്ത് ‘xocolātl’ എന്നുവിളിക്കപ്പെടുന്ന ഒരു പാനീയമുണ്ട്. ഇതു വളരെ പോഷകസമൃദ്ധവും ദഹനസഹായിയുമാണ്. ദീർഘദൂരയാത്രകളിൽ സൈനികർക്ക് ഊർജ്ജംപകരാനുള്ള ശേഷി ഇതിനുണ്ട്.”
സ്പെയിനിലെത്തിയ കോർട്ടസ് കൊക്കോയുടെ കുരുക്കള്‍ രാജാവിനു സമ്മാനമായി നല്കി. ആദ്യഘട്ടത്തില്‍ അവിടുത്തെ രാജാക്കന്മാര്ക്കും പ്രഭുക്കന്മാര്ക്കും മാത്രമേ കൊക്കോ രുചിക്കാന്‍ ലഭിച്ചിരുന്നുള്ളൂ. സ്പെയിന്‍കാര്‍ കൊക്കോയില്‍ പഞ്ചസാരയും വാനിലയും ചേർത്ത് യൂറോപ്യന്മാർക്ക് കൂടുതൽ ഇഷ്ടപ്പെട്ട ഒരു പാനീയമുണ്ടാക്കിയെടുത്തു. അവിടെയാണ് ചോക്ലേറ്റിന്റെ ജനനം. ക്രമേണ, ചോക്ലേറ്റ് യൂറോപ്പില്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. അത് അവരുടെ ജനപ്രിയ വിഭവമായി മാറി. അതോടെ അവര്‍ക്കുവേണ്ടി വ്യാപകമായി കൊക്കോ കൃഷിചെയ്യാന്‍ ആളെ വേണമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലും കൊക്കോ കൃഷി ആരംഭിച്ചു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മഴയും ചൂടുമുള്ള കാലാവസ്ഥ കൊക്കോയ്ക്ക് അനുകൂലമായിരുന്നു. കോളനിവാഴ്ചയിലെ ജനങ്ങളെ അടിമപ്പണിക്കു ലഭിക്കുമെന്നതായിരുന്നു മറ്റൊരു അനുകൂലഘടകം. അന്നുമുതല്‍ ഇന്നുവരെ ലോകത്തിലെ കൊക്കോ ഉല്പാദനത്തിന്റെ 70% നടക്കുന്നത് പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ്. എന്നാല്‍, ഈ കൃഷി അവിടുത്തെ കര്‍ഷകരെ കടക്കെണിയിലും ദുരിതത്തിലുമാക്കി. കൊടിയ ചൂഷണമാണ് അവിടെ നടന്നത്. കോളനിവാഴ്ചയുടെ മറവില്‍ കൊടിയ മനുഷ്യരോദനം മൂടിവച്ച് ചോക്കളേറ്റിന്റെ മധുരവ്യാപാരം ലോകമെമ്പാടും പടര്‍ന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വെസ്റ്റിന്‍ഡീസിലെ കൊക്കോക്കൃഷിക്കു ക്ഷീണം വന്നതോടെ അവയെ കോളനിശക്തികള്‍ ഏഷ്യയിലേക്കു കൊണ്ടുവന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം കൊക്കോ കേരളത്തിലുമെത്തി. എന്നാല്‍ അതു വ്യാപകമായ കൃഷിയായി മാറിയത് 1970ൽ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടുകൂടി ആരംഭിച്ച കൊക്കൊ ഗവേഷണ പദ്ധതിയിലൂടെയാണ്. 1987 മുതൽ കാഡ്ബറി (മൊണ്ടലിസ്) യുമായുള്ള സഹകരണപദ്ധതിയായി അതുമാറി. കാഡ്ബറീസ് കമ്പനിയുടെ പല മോഹനവാഗ്ദാനങ്ങളില്‍ വീണ കര്‍ഷകര്‍ അധികം കഴിയുമുമ്പ് നിരശരായി. വില തകര്‍ന്നു. പലരും കൊക്കോ വെട്ടിക്കളഞ്ഞു. പല പരീക്ഷണങ്ങള്‍ക്കും മനസില്ലാത്തവരായി കേരളകര്‍ഷകരെ മാറ്റിത്തീര്‍ത്തതില്‍ ഈ കൊക്കോദുരന്തത്തിനു വലിയ പങ്കുണ്ട്.
എന്നാല്‍, ഈ കാലയളവില്‍ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കൊക്കോ ഗവേഷണകേന്ദ്രം ഇന്ത്യയിലെതന്നെ കൊക്കോക്കൃഷിക്ക് വലിയ സംഭാവനകള്‍ ചെയ്തു. 23 രാജ്യങ്ങളിൽനിന്നുള്ള കൊക്കൊയിനങ്ങളുടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതകശേഖരമാണ് ഇവിടുള്ളത്. ഈ ബൃഹത്തായ ജനിതകശേഖരം ഉപയോഗിച്ച് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ അത്യുല്പാദന ശേഷിയുള്ള 15 കൊക്കോയിനങ്ങൾ അവര്‍ വികസിപ്പിച്ചെടുത്തു. ഇന്ന് ഇന്ത്യയിൽ വച്ചുപിടിപ്പിച്ചിട്ടുള്ള 90 ശതമാനം തോട്ടങ്ങളിലും നമ്മുടെ കാര്‍ഷികസര്‍വ്വകലാശാല ഇനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ കൊക്കൊ ശാസ്ത്രീയമായി കൃഷിചെയ്യുന്നതിനുവേണ്ട സാങ്കേതികവിദ്യ, പ്രാഥമികസംസ്ക്കരണം, ചോക്ലേറ്റ് ഉൽപ്പാദനം എന്നിവയും ഇവർ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയില്‍ കൊക്കോകൃഷിയുടെ കേന്ദ്രം ഇതുവരെ കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു. എന്നാലിപ്പോള്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ കൊക്കോകൃഷി വ്യാപകമാകുന്നുണ്ട്.
ഇന്ത്യയിൽ ചോക്ലേറ്റ്, കൊക്കൊ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രതിവർഷം 15 – 20 ശതമാനം വർദ്ധിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ ആഭ്യന്തര ഉൽപാദനം ആവശ്യത്തിന്റെ 30 ശതമാനം മാത്രമാണ്. പ്രതിവർഷം 1,30,000 ടൺ കൊക്കൊക്കുരു വേണ്ടിടത്ത് 30,000 ടൺ മാത്രമാണ് ഉൽപ്പാദനം.
കൊക്കോയുടെ വില പത്തുനാല്പതുവര്‍ഷമായി വലിയ ഏറ്റക്കുറച്ചിലില്ലാതെ കടന്നുപോവുകയായിരുന്നു. എന്നാൽ ഈ വർഷത്തോടെ അന്താരാഷ്ട്രവിപണിയിൽ ഉണക്കക്കുരുവിന്റെ വില 500 രൂപയോളം എത്തിയത് കാര്യങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. ഇതിനാനുപാതികമായി ഇന്ത്യൻവിപണിയിലും വില വർദ്ധിച്ചിട്ടുണ്ട്. ഉണങ്ങിയ കുരുവിന് കഴിഞ്ഞയാഴ്ച കേരളത്തില്‍ നാനൂറിലേറെ രൂപ ലഭിച്ച സ്ഥിതിയുണ്ട്. ഇത് കേരളത്തിലെ കൊക്കോകൃഷിക്ക് ഒരു പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. കിലോക്ക് 500 രൂപ കിട്ടുന്ന അവസ്ഥ വന്നാല്‍ കൊക്കോകൃഷി ലാഭകരമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തണൽ ഇഷ്ടപ്പെടുന്ന കൊക്കോ നമ്മുടെ കൃഷിഭൂമികളില്‍ ഇടവിളയായി കൃഷി ചെയ്താല്‍ അത് ഗുണകരമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംയോജിതകൃഷിയുടെ സുരക്ഷിതത്വവും മേന്മയും മനസിലാക്കിയ കര്‍ഷകര്‍ക്ക് കൊക്കോയുടെ ഇടവിളകൃഷി നഷ്ടമുണ്ടാക്കുകയില്ല എന്നുതന്നെ ഉറപ്പിക്കാം. വന്‍കിടകമ്പനികളുടെ മോഹനവാഗ്ദാനങ്ങളില്പ്പെടാതെ ബുദ്ധിപൂർവ്വം നീങ്ങിയാല്‍ ആദായം നമ്മുടെ കൈയിലിരിക്കും.