Menu Close

ലൈഫ് സ്റ്റോക്ക് ഫാം – പുതുക്കിയ ലൈസൻസ് ചട്ടങ്ങൾ. ഇനി സംശയം വേണ്ട.

ഏതാണ്ട് 12 വർഷമായി മൃഗസംരക്ഷണമേഖലയിലെ കർഷകരെ നട്ടംകറക്കിയ ഒരു നിയമത്തിനു ഭേദഗതിയുണ്ടായിരിക്കുന്നു. ഏറെ താമസിച്ചായാലും ഇപ്പോഴെങ്കിലും ഉണ്ടായല്ലോ. സന്തോഷം. നന്ദി. 2012 ലെ കേരളം പഞ്ചായത്തീരാജ് ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങളാണ് 2024 ജൂലൈ 28 ന് ഒരു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത്.
വളരെക്കാലമായി മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരും പ്രവര്‍ത്തകരും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ട മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 2012 ൽ പ്രസിദ്ധീകരിച്ച ചട്ടങ്ങൾ ഒട്ടും കർഷകസൗഹൃദമായിരുന്നില്ല എന്നുമാത്രമല്ല, അവരെ ദ്രോഹിക്കുന്നതുമായിരുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെയോ ശാസ്ത്രജ്ഞൻമാരുടെയോ നിർദേശങ്ങൾക്ക് പുല്ലുവില കൊടുക്കാതെ ആരൊക്കെയോ ചേർന്ന് തട്ടിക്കൂട്ടിയ ചട്ടങ്ങളായിരുന്നു അത്. പ്രായോഗികമായി വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന നിർദ്ദേശങ്ങളായിരുന്നു പലതും. മൃഗസംരക്ഷണ സംരംഭങ്ങൾ ആപത്കരവും അസഹ്യത ഉണ്ടാക്കുന്നതും ആണെന്നായിരുന്നു ചട്ടത്തിൽ പറഞ്ഞിരുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരെയും സംരംഭകരേയും അപമാനിക്കുന്ന ആ പ്രസ്താവന പുതിയ ഭേദഗതിയിലൂടെ തിരുത്തിയിട്ടുണ്ട്. 2024 ജൂലൈ 28 മുതൽ മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങൾ അസഹ്യമോ ആപൽക്കരമോ അല്ല, മറിച്ച് തൊഴിലവസരവും ആരോഗ്യവും ആദായവും തരുന്നതും നാടിന്റെ വികസനത്തിന് ഏറ്റവും അനുയോജ്യവുമായ മേഖലയാണെന്ന് അംഗീകരിച്ചിരിക്കുന്നു. വെറ്റിനറിയൂണിവേഴ്സിറ്റിയിലെ വിദഗ്ധ ശാസ്ത്രജ്ഞന്മാരുടെയും മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരുടെയും ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും പുതിയ ഭേദഗതിയില്‍ വിലകല്പിച്ചിരിക്കുന്നു. വളരെ വൈകിയാണെങ്കിലും തിരുത്തലുകൾ ഉണ്ടായിരിക്കുന്നത് സ്വാഗതാർഹം തന്നെ. ഈ അവസരത്തില്‍ നമ്മൾ ഓര്‍ക്കേണ്ട ഒരു കാര്യം, ഗ്രാമീണമേഖലയിൽ നിന്ന് ഇപ്പോൾ വിദേശത്തും സ്വദേശത്തും ജോലിക്കാരായിരിക്കുന്ന പലരുടെയും വിദ്യാഭാസത്തിന്റെയും വളർച്ചയുടെയും പിന്നിൽ ഒന്നോ രണ്ടോ പശുക്കൾ ഉണ്ടായിരുന്നു എന്നതാണ്. അതിനെ വളർത്താൻ അഹോരാത്രം പണിയെടുത്തിരുന്ന അവരുടെ മാതാപിതാക്കളും.

     എന്തായാലും, കാലവും നാടും പുരോഗമിച്ചിരിക്കുന്നു.  കൂടുതല്‍ ആരോഗ്യകരവും പ്രകൃതിസൗഹൃദം നിറഞ്ഞതുമായ സമീപനം മൃഗസരംക്ഷണത്തിലും നമുക്ക് ഉണ്ടാകേണ്ടതുണ്ട്. അതിനുസഹായിക്കുന്നതും അതേസമയം കര്‍ഷകരെ കരുതലോടെ കാണുന്നതുമാണ് പുതിയ ഭേദഗതികള്‍. എന്നാല്‍, പുതിയ ഭേദഗതികളെക്കുറിച്ച് നിരവധി സംശയങ്ങളാണ് കര്‍ഷകര്‍ക്കുള്ളത്.  അവയെ നമുക്ക് പരിശോധിക്കാം. 
    ഒരു കോഴിക്കൂട്ടില്‍ രണ്ട് കോഴികളെയിട്ട് വളര്‍ത്തുന്നതിന് ലൈസന്‍സ് വേണോ? തൊഴുത്തില്‍ രണ്ടു പശുക്കള്‍ നിന്നാല്‍ കേസെടുക്കുമോ? പലരും ചോദിക്കുന്ന ചോദ്യങ്ങളാണിവ. ഇല്ല എന്നാണുത്തരം. വ്യക്തതയ്ക്കായി, ലൈസൻസ് ഇല്ലാതെ വളർത്താൻ പറ്റുന്ന വിവിധ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം പറയാം. 
    10 കന്നുകാലികൾ, 50 ആട്, 500 കോഴികൾ, 1000 കാടകൾ, 15 എരുമ, 2 ഒട്ടക പക്ഷി, 50 മുയൽ, 50 ടർക്കി ഇവയെ ഒന്നും വളർത്താൻ ഇനി ലൈസൻസ് വേണ്ട. ഈ പറഞ്ഞ എണ്ണത്തിൽ കൂടുതലാണെങ്കിൽ മാത്രമേ ലൈസൻസ് എടുക്കേണ്ടതുള്ളൂ. പുതിയ ചട്ടം പ്രകാരം 3 പശുക്കളെയോ 10 ആടുകളേയോ 2 പന്നികളേയോ 20 മുയലുകളേയോ 250 കോഴികളേയോ 1000 കാടകളെയോ ഒരു സെന്റ് സ്ഥലമുള്ളവർക്കും വളർത്താം. നേരത്തേ 15 കോഴികളെ വളർത്താൻ  പോലും ഒരു സെന്റ് സ്ഥലം വേണമെന്ന വിചിത്രമായ ഒരു ചട്ടമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, എണ്ണം എത്രയായാലും മാലിന്യസംസ്കരണത്തിനായി സംവിധാനം ഉണ്ടായിരിക്കണം അതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. .
    ലൈസൻസിന് നിശ്ചിത എണ്ണം പറയുന്നുണ്ടെങ്കിലും എന്റെ അഭിപ്രായം  ഒരു പശുവിനെയോ രണ്ട് ആടിനെയോ 10 കോഴിയെയോ പോലും വളർത്തുന്നവർ ആയാലും മാലിന്യസംസ്കരണ കാര്യത്തിൽ ഒരു ഉദാസീനതയും കാണിക്കാൻ പാടില്ല എന്നാണ്. മാലിന്യസംസ്ക്കരണം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ പരാതികൾക്ക് ഇടയാകും.  
    മാലിന്യസംസ്കാരരീതികളെക്കുറിച്ച് ഈ ഗസറ്റ് വിജ്ഞാപനം വഴി അറിയിച്ചിരിക്കുന്ന കാര്യങ്ങള്‍ നോക്കാം. പത്തില്‍ കൂടുതല്‍ കന്നുകാലികളോ അഞ്ചില്‍കൂടുതല്‍ പന്നികളോ ഉണ്ടെങ്കിൽ മേൽക്കൂരയുള്ള ഒരു വളക്കുഴി തീര്‍ച്ചയായും വേണം. ദ്രവമാലിന്യ ശേഖരണടാങ്കും കമ്പോസ്റ്റുകുഴിയും ഉണ്ടാകണം. ജൈവവാതക പ്ലാന്റ് സ്ഥാപിക്കണം. മറ്റൊരുകാര്യം പറയുന്നത് അംഗീകൃത ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങൾ സ്വീകരിച്ചാലും മതി എന്നാണ്. ഇന്നരീതിയിൽത്തന്നെ മാലിന്യം സംസ്കരിക്കണമെന്നൊന്നുമില്ല. ബയോഗ്യാസ് പ്ലാന്റ്, ജൈവവാതക പ്ലാന്റ്, തുംബുർമുഴി മോഡൽ അയ്റോബിക് കമ്പോസ്റ്റിംഗ്, ട്രൈക്കോഡെർമ കമ്പോസ്റ്റിംഗ്, EM സൊല്യൂഷൻ തുടങ്ങി എന്തുമാവാം. അതൊന്നുമല്ല ചാണകം ഉണക്കി വിൽക്കാനാണ് താല്പര്യമെങ്കിൽ അതും അനുവദനീയം. പലരും തമാശയായിട്ടെങ്കിലും പറയാറുണ്ട്, പാലിനേക്കാൾ വില കിട്ടുന്നത് ചാണകത്തിൽ നിന്നും മൂത്രത്തിൽ നിന്നും സ്ലറിയിൽ നിന്നുമൊക്കെയാണെന്ന്. അതായാലും മതി.
    വിജ്ഞാപനം അനുസരിച്ച് അമ്പതിൽ കൂടുതൽ ആടുകളെയോ മുയലുകളെയോ വളർത്തിയാൽ നിങ്ങൾക്ക് കൂടുതലായിട്ടുള്ള മാലിന്യ സംസ്കരണ കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. മേൽക്കൂരയുള്ള ഒരു വളക്കുഴിയും ദ്രവ മാലിന്യ ശേഖരണ ടാങ്കുമേ പറയുന്നുള്ളൂ. 
    അടുത്തത് വളർത്തുപക്ഷികളാണ്. 500 എണ്ണത്തിൽ കൂടുതൽ കോഴികളെയോ താറാവുകളെയോ വളർത്തിയാലും 1000 എണ്ണത്തിൽ കൂടുതൽ കാടകളെ വളർത്തിയാലും 50 എണ്ണത്തിൽ കൂടുതൽ ടർക്കികളെ വളർത്തിയാലും 15 എണ്ണത്തിൽ കൂടുതൽ എമുക്കളെ വളർത്തിയാലും 2 എണ്ണത്തിൽ കൂടുതൽ ഒട്ടക പക്ഷികളെ വളർത്തിയാലും ഒരു മേൽക്കൂരയുള്ള വളക്കുഴി ഉണ്ടാക്കണം, മാത്രമല്ല, ഇത്രയും  അധികം പക്ഷികളെയൊക്കെ വളർത്തുമ്പോൾ തീർച്ചയായിട്ടും കുറച്ച് മരണമൊക്കെ ഉണ്ടാകും. അപ്പോൾ അത് സംസ്കരിക്കാനുള്ള ഒരു കുഴിയും ഉണ്ടാക്കണം. ഇതാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇനി, വിജ്ഞാപനത്തിൽ ഇല്ലാത്ത ഒരു കാര്യമാണ് ഞാൻ പറയുന്നത്. എത്ര കുറച്ചെണ്ണത്തിനെയാണ് വളർത്തുന്നതെങ്കിലും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നകാര്യത്തിൽ ഒരു അമാന്തവും അരുത്. ബയോ ഗ്യാസ് പ്ലാന്റ് ഒരു കല്പകവൃക്ഷമാണ്. ഇതിലൂടെ ഫാമിലെ മാലിന്യങ്ങൾ മാത്രമല്ല വീട്ടിലുണ്ടാക്കുന്ന മാലിന്യങ്ങളും നമുക്ക് സംസ്കരിക്കാം. അതിൽനിന്നു കിട്ടുന്ന സ്ലറി ഒരു ഉത്തമവളമാണ്. പലയാളുകളും ഈ സ്ലറി മാർക്കറ്റ് ചെയ്യാറുണ്ട്. അങ്ങനെയൊക്കെ കൂടിയാണ് ആളുകൾ ഫാം നടത്തി ലാഭമുണ്ടാക്കുന്നതെന്നും ഓര്‍ക്കണം.

    ഏതുതരം മൃഗങ്ങളെയും പക്ഷികളെയുമാണ് ലൈസൻസിൽ ഉൾപ്പെടുത്തേണ്ടത് എന്നതാണ് അടുത്ത ചോദ്യം. മുതിർന്നവയെ എന്നാണ് ഉത്തരം. മുതിർന്ന മൃഗമെന്നാൽ, 18 മാസത്തിനു മുകളിൽ പ്രായമുള്ള ഉരുക്കള്‍ (പശു, എരുമ തുടങ്ങിയവ),  ഒരു വയസിനു മുകളിൽ പ്രായമുള്ള ആട്, 6 മാസത്തിനു മുകളിൽ പ്രായമുള്ള പന്നി, 6 മാസത്തിൽ മുകളിൽ പ്രായമുള്ള മുയല്‍  എന്നിങ്ങനെയാണ് അര്‍ത്ഥം. 
    പക്ഷികളുടെ കാര്യമെടുത്താല്‍  6 മാസത്തിനുമുകളിൽ പ്രായമുള്ള മുട്ടക്കോഴി, മുട്ടത്താറാവ് എന്നിവയും 22 ദിവസത്തിനുമുകളിൽ പ്രായമുള്ള ഇറച്ചിക്കോഴിയും ഇറച്ചിത്താറാവും 5 ആഴ്ച്ചയ്ക്ക് മുകളിൽ പ്രായമുള്ള കാടക്കോഴിയും  6 മാസത്തിനുമുകളിൽ പ്രായമുള്ള ടർക്കിക്കോഴിയും ഒന്നര വയസിനുമുകളിൽ പ്രായമുള്ള എമുവും 2 വയസിനു മുകളിൽ പ്രായമുള്ള ഒട്ടകപ്പക്ഷിയും മുതിര്‍ന്നതായി കണക്കാക്കുന്നു.
    അപ്പോള്‍ ചുരുക്കമിതാണ്. ലൈസൻസ് ഇല്ലത്തെ വളർത്താൻ പറ്റുന്ന മൃഗങ്ങളും പക്ഷികളും ഇവയാണ്. 

കന്നുകാലി ഫാം – 10 മൃഗങ്ങൾ
ആട് ഫാം – 50 ആട്
പന്നി ഫാം – 5 പന്നി
മുയൽ ഫാം – 50 മുയൽ
പൗൾട്രി ഫാം – 500 കോഴികൾ
കാട ഫാം – 1000 കാടകൾ
ടർക്കി ഫാം – 50 ടർക്കി
എമു – 15 എമു
ഒട്ടകപ്പക്ഷി – 2 ഒട്ടക പക്ഷി
ഇതിനു മുകളിലുള്ള എണ്ണം വളർത്തിയാൽ ലൈസൻസ് നിശ്ചയമായും എടുക്കേണ്ടതാണ്. എത്രയെണ്ണത്തിനെ വളർത്തിയാലും മാലിന്യസംസ്കരണം വിട്ടുവീഴ്ചയില്ലാതെ ചെയ്യണം.