Menu Close

ഒക്ടോബർ മാസത്തെ കൃഷിപ്പണികൾ

നെല്ല്
മുണ്ടകന് നിലമൊരുക്കുന്ന സമയത്ത് ചാണകം ഏക്കറിന് 2 ടൺ എന്ന തോതിലോ മണ്ണിരക്കമ്പോസ്റ്റ് ഏക്കറിന് 1 ടൺ എന്ന തോതിലോ ചേർക്കണം. അമ്ലാംശം കൂടുതലുള്ള മണ്ണിൽ ഏക്കറിന് 140 കി.ഗ്രാം എന്ന തോതിൽ കുമ്മായം അടിവളമായി ചേർക്കണം. കുമ്മായം ചേർക്കുമ്പോൾ പാടത്ത് വെള്ളം കെട്ടിനിൽക്കാൻ പാടില്ല. 48 മണിക്കൂറിനുശേഷം വെള്ളംകയറ്റി കഴുകിയിറക്കണം. കുമ്മായമിട്ടശേഷം ഒരാഴ്ചകഴിഞ്ഞുമാത്രമേ രാസവളം ചേർക്കാൻ പാടുള്ളൂ. പ്രാദേശിക പ്രത്യേകതകളുടെയും മണ്ണുപരിശോധനയുടെയും അടിസ്ഥാനത്തിൽ വിദഗ്ദ്ധാഭിപ്രായം സ്വീകരിച്ചാകണം വളപ്രയോഗം.
വിതയ്ക്കുന്നതിന് ഡ്രംസീഡറോ പറിച്ചുനടീലിന് യന്ത്രമോ ഉപയോഗിക്കാം. യന്ത്രമുപയോഗിക്കുന്നിടത്ത് പായ്ഞാറ്റടി തയ്യാറാക്കണം. യന്ത്രനടീൽ, നെല്ല് വീഴാതെ വിളവുകൂട്ടാൻ സഹായിക്കും. വിത്തുമുളപ്പിക്കുന്ന സമയത്ത് സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുന്നത് രോഗനിയന്ത്രണത്തിനു സഹായിക്കും. ഇതിനായി 1 കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ 1 ലിറ്റർ വെള്ളത്തിൽ 12-16 മണിക്കൂർ കുതിർത്തശേഷം സാധാരണപോലെ മുളപ്പിച്ച് വിതയ്ക്കാം.
സെപ്തംബറിൽ നടുകയോ വിതയ്ക്കുകയോ ചെയ്ത പാടങ്ങളിൽ ഈ മാസം മേൽവളം ചേർക്കാം. നട്ട് മൂന്നാഴ്ച കഴിഞ്ഞും വിതച്ച് നാലരയാഴ്ച കഴിഞ്ഞും വളപ്രയോഗം നടത്തണം. ഇതിന് ഒരാഴ്ച മുമ്പ് ഏക്കറിന് 100 കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം. രാസവളപ്രയോഗത്തിനു മുമ്പ് പാടത്തുനിന്നും വെള്ളം വാർത്തുകളയണം. വളപ്രയോഗത്തിനുശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രമേ വെള്ളം കയറ്റാവൂ. നെൽച്ചെടിക്ക് 45 ദിവസം പ്രായമാകുന്നതുവരെ കളശല്യം നിയന്ത്രിക്കണം. ഓലചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരെ പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞ് 7 മുതൽ 10 ദിവസത്തെ ഇടവേളകളിൽ 5 മുതൽ 6 തവണ വരെ ട്രൈക്കോകാർഡുകൾ പാടത്ത് നാട്ടണം. വിതയ്ക്കുന്ന പാടങ്ങളിൽ 25 ദിവസങ്ങൾക്കുശേഷം കാർഡ് വയ്ക്കാം. ഓരോ പ്രാവശ്യവും പുതിയ കാർഡ് തന്നെ വാങ്ങിവയ്ക്കാൻ ശ്രദ്ധിക്കുക.
നെല്ലിലെ കുലവാട്ടം, പോളരോഗം എന്നീ രോഗങ്ങൾക്കെതിരെ സ്യൂഡോമോണാസ് ഫലപ്രദമായി ഉപയോഗിക്കാം. പറിച്ചു നടുന്നതിനുമുമ്പ് ഞാറ് 20 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റർ വെള്ളത്തിൽ തയ്യാറാക്കിയ ലായനിയിൽ മുക്കിയശേഷം നടാം. അല്ലെങ്കിൽ ഈ തോതിൽ തയ്യാറാക്കിയ ലായനി പാടത്ത് തളിച്ച് കൊടുക്കാം. ഇതേ ബാക്ടീരിയൽ കൾച്ചർ 1 കി.ഗ്രാം, 50 കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേർത്തുവെച്ചശേഷം വിതറാവുന്നതാണ്. കുട്ടനാടൻ പാടങ്ങളിലും കോൾപ്പാടങ്ങളിലും വെള്ളം വറ്റിച്ച ശേഷം വിത തുടങ്ങണം.
തെങ്ങ്
തുലാമഴയ്ക്ക് മുമ്പായി തെങ്ങിൻ്റെ ഇടകിളക്കലും മണ്ടവൃത്തിയാക്കലും നടത്തണം. തുലാമഴ പരമാവധി തോട്ടത്തിൽ പിടിച്ചു നിർത്താൻ ചാലുകളിൽ തൊണ്ട് മലർത്തിയടുക്കി മണ്ണിട്ടുമൂടുക, മഴക്കുഴികളെടുക്കുക, തെങ്ങിൻതടത്തിൽ പച്ചിലകൾകൊണ്ട് പുതയിടുക തുടങ്ങിയ മാർഗ്ഗങ്ങൾ അനുവർത്തിക്കാവുന്നതാണ്.
തീരപ്രദേശങ്ങളിലും മണൽപ്രദേശങ്ങളിലും മഴയ്ക്കുമുമ്പ് മണ്ണ് കൂന കൂട്ടാവുന്നതാണ്. ഇത് കളശല്യം കുറയ്ക്കാനും കൂടുതൽ ജലം മണ്ണിലേക്ക് ഊർന്നിറങ്ങാനും സഹായിക്കും. പയർവർഗ്ഗങ്ങൾ. പച്ചക്കറികൾ, വാഴ തുടങ്ങിയവ ഇടവിളയായി കൃഷിചെയ്യാൻ പറ്റിയ സമയമാണിത്. തെങ്ങിൻ്റെ മണ്ട വൃത്തിയാക്കുന്ന അവസരങ്ങളിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിനായി മണലും ഉപ്പും കലർത്തിയിടണം. കൊമ്പൻചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാൻ മെറ്റാറൈസിയം കൾച്ചർ വളക്കുഴികളിൽ ഒരു ക്യൂബിക്കടിക്ക് 80 മില്ലി ലിറ്റർ എന്ന തോതിൽ ചേർത്തുകൊടുക്കണം. പൂങ്കുലചാഴിയെ നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികളായ നിം ബിസിഡിൻ, നീമസാൾ തുടങ്ങിയവ നാല് മില്ലിലിറ്റർ 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും ഫലപ്രദമാണ്.
തവാരണയിൽ പാകി ആറുമാസത്തിനകം മുളക്കാത്ത വിത്തുതേങ്ങ നീക്കം ചെയ്യുക.
സെപ്റ്റംബർ മാസത്തിൽ വളപ്രയോഗം നടത്താത്ത തോട്ടത്തിൽ വളപ്രയോഗം നടത്തുക.
കൂമ്പുചീയലിനുള്ള സാദ്ധ്യത കൂടുതലുള്ള സമയമാണ്. രോഗം വരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലാരംഭത്തിൽ തന്നെ അന്തർവ്യാപന ശേഷിയുള്ള പൊട്ടാസ്യം ഫോസ്ഫണേറ്റ് (അകോമിൻ) എന്ന കുമിൾനാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കിൽ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിനായി തെങ്ങൊന്നിന് 1.5 മി.ലി. അക്കോമിൻ 300 മി.ലി. വെള്ളത്തിൽ ചേർത്ത് കുരുത്തോലയുടെ തൊട്ടടുത്തുള്ള ഓലക്കവിളുകളിൽ മഴയില്ലാത്ത ദിവസങ്ങളിൽ ഒഴിക്കണം. കൂമ്പുചീയൽ ബാധിച്ച തെങ്ങുകളിൽ കേടുവന്ന ഭാഗം വെട്ടിമാറ്റി ബോർഡോക്കുഴമ്പ് തേയ്ക്കുക.

കമുക്
കളനിയന്ത്രണത്തിനും തുലാമഴ മണ്ണിലേക്കിറക്കുന്നതിനും കൊത്തുകിള നടത്തുക. സെപ്തംബറിൽ വളപ്രയോഗം നടത്തിയില്ലെങ്കിൽ കവുങ്ങിനു ചുറ്റും 0.75-1.0 മീറ്റർ അകലത്തിൽ 15-20 സെ.മീ. ആഴത്തിൽ എടുത്ത തടങ്ങളിൽ വളപ്രയോഗം നടത്തുക. വേരുപടലം മുകളിൽ കാണുന്നുണ്ടെങ്കിൽ മണ്ണിട്ടു കൊടുക്കുക. വേപ്പിൻപിണ്ണാക്ക് 2 കി.ഗ്രാം എന്ന തോതിൽ ചേർത്തുകൊടുക്കാം.
കുരുമുളക്
നടീൽവസ്തുക്കൾ ശേഖരിക്കുന്നതിനായുള്ള മാതൃവള്ളികൾ തെരഞ്ഞെടുക്കുക. ഇളംകൊടികൾക്ക് തണൽ ക്രമീകരിച്ചു നൽകുക. കളനിയന്ത്രണവും പുതയീടിലും നടത്തണം. പൊള്ളുവണ്ടിൻ്റെ ശല്യംകാണുന്ന പ്രദേശങ്ങളിൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കുക.
ഇഞ്ചി, മഞ്ഞൾ
നല്ല വിളവ് ലഭിക്കുന്നതിനായി കളയെടുപ്പും മണ്ണുകൂട്ടി കൊടുക്കലും തുടരാം. വിത്തെടുക്കുന്നതിനായി രോഗരഹിതവും ആരോഗ്യവുമുള്ള ചെടികൾ നിൽക്കുന്ന തടങ്ങൾ തെരഞ്ഞെടുക്കുക. ഇഞ്ചിയുടെ മൂടുചീയൽ കണ്ടാൽ അവ പിഴുതുമാറ്റി ബോർഡോമിശ്രിതം ഒഴിച്ചുകൊടുക്കുക. മഞ്ഞളിൻ്റെ രോഗങ്ങൾക്കെതിരെയും ബോർഡോമിശ്രിതം ഫലപ്രദമാണ്.
ഏലം
ഏലത്തിന്റെ വിളവെടുപ്പുകാലമാണ്. പറിച്ചെടുത്ത കായ്കൾ നന്നായി ഉണക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കുക.
വാഴ
നേന്ത്രൻ നനകൃഷി തുടരാം. കീടരോഗബാധയില്ലാത്ത നല്ല കുല തരുന്ന മാതൃവാഴയിലെ കന്നുകളാണ് വേണ്ടത്. 3-4 മാസം പ്രായമുള്ള ആരോഗ്യമുള്ള സൂചിക്കന്നുകൾ വേണം തെരഞ്ഞെടുക്കാൻ. വിളവെടുത്ത് 10 ദിവസത്തിനുള്ളിൽ കന്നുകൾ ഇളക്കിമാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറയ്ക്കാൻ സഹായിക്കും. കന്നുകളുടെ മുകൾഭാഗം 15-20 സെ.മീറ്റർ നീളത്തിൽ മുറിച്ചുനീക്കണം. ചാണകവെള്ളവും ചാരവും കലർന്ന ലായനിയിൽ വാഴക്കന്നുകൾ നന്നായി മുക്കിയശേഷം മൂന്നുനാലു ദിവസം വെയിൽ നേരിട്ടു തട്ടാത്തവിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചയോളം ഇവ തണലിൽത്തന്നെ ഉണക്കി നടാനുപയോഗിക്കാം. വാഴക്കന്നുകൾക്ക് നിമാവിരശല്യം വരാതിരിക്കാൻ ചൂടുവെള്ളത്തിൽ കന്നുകൾ 20 മിനിറ്റ് മുക്കിവയ്ക്കണം. നടുന്നതിന് മുമ്പ് വാഴക്കന്നുകൾ 2% വീര്യമുള്ള (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) സ്യൂഡോമോണാസ് ഫ്ളൂറസൻസ് ലായനിയിൽ മുക്കിവയ്ക്കണം. 50 സെൻ്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ കാൽ മുതൽ അര കി.ഗ്രാം കുമ്മായം ചേർത്ത് പരുവപ്പെടുത്തണം. അടിവളമായി 10കി.ഗ്രാം കാലിവളമോ മണ്ണിരകമ്പോസ്റ്റോ ഒരുകിലോ വേപ്പിൻപിണ്ണാക്കോ ചേർക്കണം. ജൈവവളത്തിൻ്റെ കൂടെ ട്രൈക്കോഡെർമ ചേർക്കുന്നതും നന്ന്. വരികളും ചെടികളും തമ്മിൽ 2 മീറ്റർ ഇടയകലം നൽകണം. ജീവാണുവളമായ പി.ജി.പി.ആർ. മിശ്രിതം 50 ഗ്രാം ഒരു ചുവട്ടിൽ ചേർക്കുന്നതും നല്ലതാണ്.
ഇടവിളയായി ചീര, വെള്ളരി, പയർ, മുളക് എന്നിവ നടാം. വാഴക്കന്ന് നട്ടതിനുശേഷം പച്ചിലവളച്ചെടികളായ ചണമ്പ്, ഡെയിഞ്ച, വൻപയർ തുടങ്ങിയവയുടെ വിത്ത് ഒരു വാഴയ്ക്ക് 20 ഗ്രാമെന്നതോതിൽ വിതയ്ക്കാം. നടുന്ന സമയം 90 ഗ്രാം യൂറിയ, 325 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കണം. നട്ട് ഒരു മാസം കഴിഞ്ഞവയ്ക്ക് ഇവ 65 ഗ്രാം, 250 ഗ്രാം, 100 ഗ്രാം എന്ന തോതിൽ ചേർക്കണം.
പച്ചക്കറികൾ
പച്ചക്കറിയുടെ വിത്തുപാകലും പറിച്ചുനടീലും തുടരാം. സെപ്റ്റംബറിൽ നട്ട പച്ചക്കറികൾക്ക് ആവശ്യമായ വളപ്രയോഗവും ജൈവകീടരോഗനിയന്ത്രണ മാർഗ്ഗങ്ങളും നടത്തുക.
ശീതകാലപച്ചക്കറിക്കൃഷിക്കുള്ള സമയം അടുത്തുവരികയാണ്. നവംബർ-ഡിസംബർ മാസമാണ് ഇത് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം. കാബേജ്, കോളിഫ്ളവർ എന്നിവ വിത്തുപാകിയാണ് നടുന്നതെങ്കിൽ ഈ മാസം പകുതിയോടെയെങ്കിലും പാകണം. ഇവയുടെ വിത്തുകൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിൻ്റെ ജില്ലാകേന്ദ്രങ്ങളിലും, കൃഷിവകുപ്പ് ഫാമുകളിലും നാഷണൽ സീഡ്സ് കോർപ്പറേഷൻ (0491-2566414), (0471-2343974, അഗ്രോ സൂപ്പർ ബസാർ (0471-2471347) എന്നിവിടങ്ങളിലും ലഭിക്കും.
(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)