ചൂട് കൂടിനില്ക്കുന്ന മാസമാണ് മേയ്. അതിനനുസരിച്ചുള്ള കരുതല്‍ കൃഷിക്കുമാത്രമല്ല കര്‍ഷകര്‍ക്കും ആവശ്യമാണ്. കടുത്ത വെയിലിലുള്ള പണികള്‍ പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച്, പകൽ 12 മുതൽ 3 വരെയുളള സമയത്ത്. രാസകീടനാശിനികൾ ഒരു കാരണവശാലും ഈ സമയത്ത് പ്രയോഗിക്കരുത്.
വിവിധ വിളകൾക്കുള്ള പ്രത്യേക ശുപാർശകൾ
- തെങ്ങ്
വേനൽമഴ കിട്ടിത്തുടങ്ങിയാൽ തെങ്ങിൻതൈ നട്ടുതുടങ്ങാവുന്നതാണ്. തവാരണകളിൽ തയ്യാറാക്കിയ തൈകളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേകശ്രദ്ധ ആവശ്യമാണ്. 9 മുതൽ 12 മാസം വരെ പ്രായമായ നല്ല ആരോഗ്യമുള്ളതും രോഗബാധയില്ലാത്തതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. ഒൻപതുമാസം പ്രായമായ തെങ്ങിൻതൈകളിൽ ചുരുങ്ങിയത് നാല് ഓലകളെങ്കിലും ഉണ്ടായിരിക്കണം. നേരത്തെ മുളച്ചതും നേരത്തെ ഓലക്കാൽ വിരിഞ്ഞതുമായ തൈകൾവേണം നടാൻ തിരഞ്ഞെടുക്കേണ്ടത്. ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികൾ വേണം എടുക്കാൻ. മൂന്നിലൊന്നാഴത്തിൽ വളക്കൂറുള്ള മേൽമണ്ണ് കൊണ്ട് കൂനകൂട്ടിയതിനു ശേഷം കൂനയുടെ നടുവിൽ കുഴിയെടുത്ത് തൈകൾ നടാം. നടുമ്പോൾ തൊണ്ടുമാത്രം മണ്ണിനടിയിലായാൽ മതി. മഴക്കാലത്തിനുമുമ്പ് ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കുന്നതുവഴി കൂമ്പുചീയൽ, ഓലചീയൽ എന്നീ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.അന്തരീക്ഷത്തില്‍ ചൂടുകൂടിയതിനാൽ തെങ്ങിൽ വെളളീച്ചയെ കാണാൻ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കാനായി 2% വീര്യമുളള വേപ്പെണ്ണ എമൾഷൻ തയ്യാറാക്കിയതിലേക്ക് 20 ഗ്രാം ലെക്കാനിസീലിയം എന്ന മിത്രകുമിൾ ചേർത്ത് നന്നായി കലക്കി ഇലകളുടെ അടിവശത്ത് പതിയത്തക്കവിധം തളിച്ചുകൊടുക്കുക. തെങ്ങിന്റെ കൂമ്പുചീയൽ, ഓലചീയൽ തുടങ്ങിയ രോഗങ്ങൾ വരാതിരിക്കുവാനുള്ള പ്രതിരോധ നടപടികൾ ഈ മാസംതന്നെ ആരംഭിക്കണം. മണ്ട വൃത്തിയാക്കിയതിനുശേഷം 1% വീര്യമുള്ള ബോർഡോമിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിക്കണം.
- കമുക്
കമുകിൻതോട്ടങ്ങളിൽ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായമിടണം. ഒരുമരത്തിന് 500 ഗ്രാം എന്ന തോതിൽ കുമ്മായം ചേർത്തുകൊടുക്കണം. മണൽപ്രദേശങ്ങളിൽ വേരുതീനിപ്പുഴുക്കളുടെ ശല്യം രൂക്ഷമായി ഉണ്ടാകുകയാണെങ്കിൽ വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുത്താൽ മതിയാകും. കമുകിൻ തടികളിൽ, പ്രത്യേകിച്ച് സൂര്യപ്രകാശം നേരിട്ട് തട്ടുന്ന സ്ഥലങ്ങളിൽ കുമ്മായം പൂശണം. കണികാജലസേചന രീതി ( 15-20 ലിറ്റർ / ഒരു ദിവസം കമുകൊന്നിന്) അവലംബിക്കുക. കമുകിൻതടങ്ങളിൽ കരിയിലയും മറ്റും ഉപയോഗിച്ച് പുതയിടുക. കമുകിൻതൈകൾക്ക് തണൽ കൊടുക്കേണ്ടതാണ്. - നെല്ല്
നെല്‍പ്പാടങ്ങളിൽ ജലം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വൈകിവിതച്ച പാടങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. അതേസമയം, പാടത്തെപ്പോഴും വെള്ളം കെട്ടിനിർത്തുന്ന ജലസേചനരീതി ഒഴിവാക്കുന്നതാണുത്തമം. നട്ട് ഒരാഴ്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിർത്തുകയും പിന്നീട് തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുമ്പോള്‍ മാത്രം അടുത്ത നന നൽകുകയും ചെയ്യുന്ന രീതിയാണ് അഭികാമ്യം. എന്നാൽ മണ്ണ് വരണ്ടുണങ്ങുവാൻ അനുവദിക്കരുത്.
നെല്ലിൽ കതിർനിരക്കുന്ന സമയത്തുണ്ടാകുന്ന വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കും. സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/1ലിറ്റർ വെള്ളം), ബോറോൺ (2 ഗ്രാം/1 ലിറ്റർ വെള്ളം), സാലിസിലിക് അസിഡ് (50 മില്ലിഗ്രാം/1ലിറ്റർ വെള്ളം) എന്നിവയിൽ ഏതെങ്കിലുമൊന്നു തളിച്ചുകൊടുക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായകമാണ്
മൂന്നാംവിളയായി നെല്ല് കൃഷിചെയ്യുമ്പോൾ കഴിയുന്നതും ഹ്രസ്വകാല ഇനങ്ങൾ മാത്രം ഉപയോഗിക്കുക. രാസവളം നൽകുമ്പോൾ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ വളം അടിവളമായി നൽകുക. വരൾച്ചയെ പ്രതിരോധിക്കാനായി നെൽച്ചെടിയിൽ ഒരു ശതമാനം PPFM ലായനി ചിനപ്പുപൊട്ടുന്ന സമയത്തും തളിച്ചു കൊടുക്കണം.
തമിഴ്നാട് കാർഷിക സർവ്വകലാശാലയുടെ പരിചരണ മുറയാണ് PPFM (പിങ്ക് പിഗ്മെന്റ് ഫാക്കുൽറ്റേറ്റീവ് മേത്തിലൊട്രാപ്) എന്ന മിത്ര ബാക്ടീരിയ ഉപയോഗിച്ചുള്ള രീതി. വരൾച്ചയുടെ ആഘാതം കുറക്കുന്നതിന് ഇതുസഹായകമാണ്. നെല്ല്, പച്ചക്കറികൾ എന്നിവക്കാണ് ഇതു പ്രധാനമായും ഉപയോഗിക്കുക. ചെടികളുടെ ഇലകളിൽ കാണുന്ന മേത്തിലൊബാക്ടീരിയം വേർതിരിച്ചെടുത്താണ് PPFM ഉണ്ടാക്കുന്നത്. നെല്ലിൽ ഏക്കറിന് ഒരു ലിറ്റർ PPFM 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചുതളിക്കുന്നത് വരൾച്ചയെ അതിജീവിക്കാൻ സഹായിക്കും. അതിരാവിലെയോ വൈകുന്നേരമോ മാത്രമേ ഇതു തളിക്കാൻ പാടുള്ളൂ. ഇതിനോടൊപ്പം കീട-കളനാശിനികൾ ചേർക്കാൻ പാടില്ല.
നെല്ലിൽ മുഞ്ഞബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിളക്കുകെണികൾ ഉപയോഗിക്കാം. ഇതുവരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളിൽ നടീൽ അകലം/വിതയ്ക്കാനുള്ള വിത്തിന്റെ അളവ് കൃത്യമായി പാലിക്കുക. കീടബാധ രൂക്ഷമായാൽ ബുപ്രൊഫെസിൽ (2മില്ലി/ലി), ഇമിഡാക്ലോപ്രിഡ് (3 മില്ലി/10ലി), തൈയാമീതോക്സാം (2 ഗ്രാം/10ലി) എന്നിവയിലേതെങ്കിലും തളിക്കാം.
ബാക്റ്റീരിയൽ ഇലകരിച്ചിൽ
ബാക്റ്റീരിയൽ ഇലകരിച്ചിലിനെയും മറ്റു കുമിൾരോഗങ്ങളെയും ചെറുക്കാനായി 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം പച്ചചാണകം കലക്കി അതിന്റെ തെളിയെടുത്ത ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തുതളിക്കുക. - മാവ്
ഒട്ടുമാവിൻതൈകളുടെ കൊമ്പുകളിൽച്ചിലത് പെട്ടെന്നുണങ്ങി കരിഞ്ഞുപോകുന്നതായി ഈ സമയത്ത് പലയിടങ്ങളിലും കണ്ടുവരുന്നു. കൊമ്പുണക്കം കൊണ്ടാണിത്. രോഗഹേതു ഒരു കുമിളാണ്. ഉണക്ക് എവിടംവരെയായോ അതിനു തൊട്ടുതാഴെവച്ച് മൂർച്ചയുള്ള കത്തികൊണ്ട് കൊമ്പ് മുറിച്ചുമാറ്റണം. അതിനുശേഷം ബോർഡോക്കുഴമ്പ് പുരട്ടുകയും 1% വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചുകൊടുക്കുകയും ചെയ്യണം.
പുഴുവില്ലാത്ത മാമ്പഴം കിട്ടാനായി ഒരു ബക്കറ്റ് തിളച്ച വെള്ളവും മുക്കാൽ ബക്കറ്റ് സാധാരണവെള്ളവും കൂട്ടിച്ചേർത്തതിൽ ലിറ്ററിന് 1 ഗ്രാം വീതം കറിയുപ്പ് ചേർത്തശേഷം മാമ്പഴം പെറുക്കിയിട്ട് 15 മിനിട്ടുനേരം വെക്കണം. അതിനുശേഷം മാങ്ങ പുറത്തെടുത്ത് വെള്ളത്തിൽ കഴുകിത്തുടച്ചതിനുശേഷം പാക്കുചെയ്യുകയോ, പഴുപ്പിക്കാൻ വെയ്ക്കുകയോ ചെയ്താൽ മതിയാവും. - വാഴ
ചൂടുകൂടിയ അന്തരീക്ഷസ്ഥിതി തുടരുന്നതുകാരണം വാഴയിൽ മണ്ഡരി രോഗം കാണാൻ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാനായി 3 ഗ്രാം വെറ്റബിൾ സൾഫർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിത്തളിക്കുക. വാഴകൾക്ക് താങ്ങുകാലുകൾ നൽകുക.
കാറ്റിന്റെ വേഗത കൂടുന്നതിനാൽ വാഴകൾക്ക് താങ്ങുകാലുകൾ കൊടുക്കേണ്ടതാണ്. വാഴയിൽ ഇലപ്പുളളിരോഗം കാണാൻ സാധ്യതയുണ്ട്. ഈ രോഗം നിയന്ത്രിക്കുന്നതിനായി 20 ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റർ വെളളത്തിൽച്ചേർത്ത് കുളിർക്കെതളിക്കുക. കുറുനാമ്പുബാധിച്ച വാഴകൾ എത്രയുംവേഗം മൂടോടെ പിഴുതെടുത്ത് കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. വാഴപ്പേനുകളാണ് ഈ വൈറസ് രോഗത്തെ പരത്തുന്നത്. മറ്റു വാഴകളിൽ പകരാതിരിക്കാനായി ഇവയുടെ നിയന്ത്രണം അനിവാര്യമാണ്. മഴക്കാലാരംഭത്തോടെ വാഴകളിൽ വരാറുള്ള ഇലപ്പുള്ളിരോഗം ഒഴിവാക്കാനായി 1-2% വീര്യമുള്ള സ്യൂഡോമോണാസ് അല്ലെങ്കിൽ ബോർഡോമിശ്രിതം തളിക്കുന്നതു നന്നായിരിക്കും. പിണ്ടിപ്പുഴുവിൻ്റെ ആക്രമണം ഉണ്ടാകാതിരിക്കാനായി തോട്ടത്തിലെ മണ്ണുകുഴച്ച് കുഴമ്പാക്കി വാഴയുടെ തടയിൽപ്പുരട്ടണം. മെറ്റാറൈസിയം കുമിൾപ്പൊടി വാഴക്കവിളിൽ വിതറിക്കൊടുക്കുന്നത് അവയുടെ ജൈവനിയന്ത്രണത്തിനു നല്ലതാണ്. വാഴത്തോട്ടത്തിൽ വാഴത്തടകൾ രണ്ടായി മുറിച്ച് അതിൽ ബ്യൂവേറിയ എന്ന മിത്രകുമിൾ വിതറി കെണിയൊരുക്കിയും കീടത്തെ നിയന്ത്രിക്കാം. - വഴുതന
ഉയർന്ന താപനില തുടരുന്നതിനാൽ വഴുതനയിൽ വെള്ളീച്ചയുടെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇതു നിയന്ത്രിക്കുന്നതിനായി രണ്ടു ശതമാനം വീര്യമുള്ള വേപ്പണ്ണ വെളുത്തുളളി എമൾഷൻ തളിക്കുക. അല്ലെങ്കിൽ ലെക്കാനീസീലിയം ലെക്കാനീ എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പത്തു ദിവസം ഇടവിട്ട് തളിക്കുക. - കുരുമുളക്
ഒരാഴ്ച ഇടവിട്ടുളള ജലസേചനം തുടരുക. തടങ്ങളിൽ പുതയിടൽ തുടങ്ങിയവ അനുവർത്തിക്കുക. ചെറിയ കൊടികൾക്ക് തണൽ നൽകേണ്ടതാണ്. കണികാജലസേചനരീതി കഴിയുന്നതും അവലംബിക്കുക. കടുത്ത വരൾച്ച അനുഭവപ്പെടുന്ന മേഖലയിൽ ചെടികളിൽ ഇടയ്ക്ക് വെളളം തളിച്ചുകൊടുക്കുന്നത് നന്നായിരിക്കും - ജാതി
ജാതിയിൽ ജലദൗർലഭ്യത്തിൻ്റെ ആദ്യലക്ഷണമായ കായചുരുങ്ങൽ, കായവാടിവീഴല് എന്നീ ലക്ഷണങ്ങൾ കാണുന്ന ഘട്ടത്തിൽ ജലസേചനം അത്യന്താപേക്ഷിതമാണ്. ജാതിയുടെ ചുവട്ടിൽ പുതയിടൽ നിർബന്ധമായും അനുവർത്തിക്കുക. സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ) തളിച്ചുകൊടുക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു.
വേനൽക്കാലത്തു ജാതിയിലുണ്ടാകുന്ന പ്രധാന രോഗങ്ങൾ കായകൊഴിച്ചിലും കൊമ്പുണക്കവും കരിംപ്പൂപ്പുരോഗവുമാണ്. അവയ്ക്കായുളള സംയോജിത നിയന്ത്രണമാർഗ്ഗങ്ങൾ താഴെപ്പറയുന്നവയാണ്. രോഗംബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുകയും ഉണങ്ങിയ കൊമ്പുകൾ വെട്ടിനശിപ്പിക്കുകയും ചെയ്ത് തോട്ടത്തിൽ മുഴുവനായും ശുചിത്വം പാലിക്കുക. ജാതിയിൽ കായപിടുത്തം കൂട്ടുന്നതിനും കായകൊഴിച്ചിൽ തടയുന്നതിനും കുമിൾരോഗബാധ നിയന്ത്രിക്കുന്നതിനും സ്യൂഡോമോണാസ് ഫ്ളൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കായ്പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക. 20 ഗ്രാം ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയുടെ തെളിയിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തുതളിയ്ക്കുന്നത് കൂടുതൽ ഫലപ്രദമാണ്. പൊട്ടാഷുകുറവിൻ്റെ ലക്ഷണം കാണിക്കുന്ന മരങ്ങളിൽ കൃത്യമായി വളപ്രയോഗം നടത്തുക. കരിംപ്പൂപ്പുരോഗങ്ങൾ കാണുന്ന ഇലകളിൽ കഞ്ഞിവെള്ളം തളിക്കുക. - കശുമാവ്
വിളവെടുപ്പ് തുടരാം. വിത്തണ്ടി ഉണക്കി സംരക്ഷിക്കണം. നഴ്സറിയിൽ ഒട്ടുതൈകളിലെ ഒട്ടുഭാഗത്തിനു താഴെയുള്ള ചിനപ്പുകൾ അടർത്തിക്കളയണം. പുതിയ ഇടവിളകൾക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടരാം. ഗ്രാഫ്റ്റിംഗ് തൈകൾ നടാനുള്ള കുഴികൾ എടുക്കാം. പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ വിത്തണ്ടി പാകാം. - പാവൽ/പടവലം
കായീച്ചയെ നിയന്ത്രിക്കുന്നതിനായി കായപൊതിഞ്ഞിടുകയും, കെണി (ഫിറമോൺ/ പഴക്കെണി) ഉപയോഗിക്കുകയും ചെയ്യാം. - വെണ്ട
ഇലചുരുട്ടി പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് രക്ഷിക്കുക. വെർട്ടിസീലി യം 5 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുക. കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക.
(അവലംബം: കേരള കാര്‍ഷികസര്‍വ്വകലാശാല)