Menu Close

മരച്ചീനിക്കൃഷിയുടെ വിശദവിവരം

മരച്ചീനി വെറും കിഴങ്ങായിരുന്ന കാലം പോയി. നാട്ടിലെ ജനകീയമായ ഭക്ഷണം എന്ന നിലയില്‍ മാത്രമല്ല ഇന്ന് മരച്ചീനിയുടെ പ്രസക്തി. ഇതില്‍നിന്നുള്ള മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ക്ക് ലോകമെമ്പാടും വിപണിയുണ്ട്. അതിനാല്‍ മരച്ചീനിക്കൃഷി ശാസ്ത്രീയമായി നടത്തിയാല്‍ അതിനു ഗുണമുണ്ട്. വെരും പച്ചമരച്ചീനിയായി വിറ്റുകളയാത വിവിധ ഉല്പന്നങ്ങളാക്കിമാറ്റിയാല്‍ ആദായവും കൂടും.

മരച്ചീനിക്ക് പല പേരുകള്‍
തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് മരച്ചീനി അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നാണ് പേര്. മരച്ചീനിയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.

മരച്ചീനി വന്ന വഴി
ബ്രസീലാണ് മരച്ചീനിയുടെ ജന്മദേശം. പത്തൊമ്പതാം നൂറ്റാണ്ടോടെ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലേക്ക് ഇത് കൊണ്ടുവന്നത്. എന്നാല്‍ മരച്ചീനി വ്യാപകമായത് 1940 ഓടെ ഒന്നാംലോക മഹായുദ്ധകാലത്താണ്. അന്ന് ബര്‍മ്മയില്‍നിന്നുള്ള അരിയാണ് പ്രധാനമായും നമ്മള്‍ ആഹരിച്ചിരുന്നത്. യുദ്ധകാലത്ത് അരിവരവ് നിലയ്ക്കുകയുെ ക്ഷാമം ബാധിക്കുകയും ചെയ്തതോടെ ആഹാരത്തിനായി മരച്ചീനിക്കൃഷി വ്യാപകമാക്കുകയായിരുന്നു. ആദ്യകാലത്ത് ദരിദ്രരുടെ ഭക്ഷണം എന്ന പേരുദോഷം ഉണ്ടായിരുന്ന മരച്ചീനി കേരളസംസ്ഥാന രൂപീകരണശേഷം സംസ്ഥാനത്തിലെമ്പാടും ജനപ്രിയമായി. ഇന്ന് ചെറുവീടുകള്‍ മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ ഇഷ്ടവിഭവങ്ങള്‍ മരച്ചീനികൊണ്ട് നിര്‍മ്മിക്കുന്നു.

മരച്ചീനിക്കു പറ്റിയ മണ്ണ്
വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ള മണ്ണാണ് മരച്ചീനിക്കൃഷിക്ക് അനുയോജ്യം. വെട്ടുകല്‍മണ്ണായാലും മണല്‍കലര്‍ന്ന പശിമയുള്ള മണ്ണായാലും അതു നന്നായി വളരും. നട്ട മരച്ചീനിക്കു വേരുപിടിക്കാന്‍ മണ്ണില്‍ അല്‍പം ഈര്‍പ്പം അത്യാവശ്യമാണ്. തുടര്‍ന്ന് കഠിനമായ ചൂടായാലും അതിവര്‍ഷമായാലും അത് ചെറുത്തു നിന്നുകൊള്ളും.

മരച്ചീനിയിനങ്ങള്‍
ഒരു കാലത്ത് നിരവധി മരച്ചീനിയിനങ്ങള്‍ നമ്മുടെ നാട്ടില്‍ കൃഷിചെയ്തിരുന്നു. പുല്ലാനിക്കപ്പ, ആമ്പക്കാടന്‍, കോട്ടയം ചുള്ളിക്കപ്പ, മുളമൂടന്‍, മിച്ചറുകപ്പ, വങ്കാള, മുട്ടവിയ്ക്ക, സിലോണ്‍, ഏത്തക്കപ്പ, പച്ചറൊട്ടി, വെള്ളറൊട്ടി, പതിനെട്ട്, കട്ടന്‍ കപ്പ, എം-4, പാലുവെള്ള, പീച്ചിവെള്ള, പരിപ്പിലപ്പന്‍, ആനമറവന്‍ തുടങ്ങിയവ അതില്‍പ്പെടുന്നു. മൂപ്പിലും ഉയരത്തിലും നിറത്തിലും സ്വാദിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയിരുന്നവയാണ് ഇവ. ഇതില്‍പ്പലതും ഇന്നില്ല. ചുരുക്കം സ്ഥലങ്ങളില്‍ പുല്ലാനി, ആമ്പക്കാടന്‍, കോട്ടയം ചുള്ളി, മിച്ചറുകപ്പ, എം-4 എന്നിവയും അപൂര്‍വ്വമായി പതിനെട്ട്, കട്ടന്‍കപ്പ എന്നിവയും കൃഷി ചെയ്യുന്നതായിക്കാണുന്നു. സിലോണ്‍ കപ്പ എന്ന പേരിലറിയപ്പെടുന്ന എം-4 (മലയന്‍) വിളവിലും സ്വാദിലും മുന്‍പന്തിയിലാണ്. ശാഖകളില്ലാതെ ഉയരത്തില്‍ വളരുന്നതും 12 മാസത്തോളം മൂപ്പുള്ളതുമായ ഇതില്‍ എലിശല്യം കൂടുതലാണ്. റൊട്ടിക്കപ്പ ചുട്ടുതിന്നാന്‍ വിശേഷപ്പെട്ടതാണ്. ഏത്തക്കപ്പയ്ക്ക് പുഴുങ്ങിയ ഏത്തപ്പഴത്തിന്‍റെ നിറമാണ്. പതിനെട്ട്, കട്ടന്‍കപ്പ എന്നിവ വാട്ടുകപ്പയ്ക്ക് ഒന്നാന്തരമാണ്.
തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധയിനം മരച്ചീനിയിനങ്ങളാണ് ഇന്ന് കേരളത്തില്‍ വ്യാപകമായി കൃഷിചെയ്തുവരുന്നത്. മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധശക്തിയുള്ള ഇനമാണ് എച്ച്- 97. ഇടത്തരം പൊക്കത്തില്‍ ശിഖരങ്ങള്‍ പൊട്ടിവളരുന്ന ഇതിന് പത്തുമാസം വിളദൈര്‍ഘ്യമാണുള്ളത്. 30 ശതമാനം സ്റ്റാര്‍ച്ച് ഇതിലുണ്ട്. എച്ച്.-165 എട്ടുമാസം മാത്രം വിളവുമൂപ്പുള്ളതാണ്. ശിഖരങ്ങളില്ലാതെ പൊക്കത്തില്‍ വളരും. ഇതിനും മൊസേക്ക് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പക്ഷേ പാചകഗുണം കുറവായാണ് കാണുന്നത്. ഇടത്തരം ഇട പൊട്ടിവളരുന്ന മറ്റൊരിനമാണ് എച്ച്.-226. 10 മാസം വിളദൈര്‍ഘ്യമുള്ള ഇത് ഹെക്ടറിന് 35 ടണ്‍ വിളവ് തരും. വിറ്റാമിന്‍ എ.യുടെ അളവ് കൂടുതലുള്ള ഇനമാണ് ശ്രീ വിശാഖമെന്നറിയപ്പെടുന്ന എച്ച്.-1687. ഇതിന്റെയും വിളദൈര്‍ഘ്യം പത്ത് മാസമാണ്. ഇടത്തരം പൊക്കത്തില്‍ ശിഖരം പൊട്ടിവളരുന്നതാണിത്. ഇതേ പോലെത്തന്നെ വളരുന്ന ശ്രീസഹ്യ എന്ന എച്ച്.-2304 ഇനത്തിന്റെ പ്രത്യേകത ഇതിന് മൊസേക്ക് രോഗം, കീടങ്ങള്‍ എന്നിവയ്ക്കെതിരെ നല്ല പ്രതിരോധ ശേഷിയുണ്ട് എന്നതാണ്. ഇതിന്റെ ഉത്പാദനശേഷി ഹെക്ടറിന് 40 ടണ്ണാണ്. വെറും ഏഴര മാസം കൊണ്ട് വിളയുന്ന നല്ല പാചകഗുണം കാണിക്കുന്ന ശ്രീപ്രകാശും (എച്ച്. 857) ശ്രീകാര്യം കേന്ദ്രകിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ ഉല്പന്നമാണ്. വരള്‍ച്ചയ്ക്കെതിരെ നല്ല സഹനശക്തിയും ഇലപ്പുള്ളിരോഗത്തിനെതിരെ പ്രതിരോധശക്തിയും കാണിക്കുന്നയിനമായ ഇതിനും ഹെക്ടറിന് 40 ടണ്‍ വിളവ് ലഭിക്കും. 40 ശതമാനത്തില്‍ കൂടുതല്‍ അന്നജം അടങ്ങിയിരിക്കുന്ന ശ്രീഹര്‍ഷയെന്നയിനത്തിന് മൂപ്പ് 10 മാസമാണ്. ഹെക്ടറിന് 60 ടണ്‍ ആണിതിന്റെ വിളവ്.
ഹെക്ടറിന് 55-58 ടണ്‍ വിളവ് തരുന്ന ഏഴ് മാസം കൊണ്ട് മൂക്കുന്ന ശ്രീജയ, അത്ര തന്നെ മൂപ്പുള്ള ശ്രീവിജയ, പാചകഗുണം കൂടിയ ഉയര്‍ന്ന തോതില്‍ അന്നജം അടങ്ങിയിരിക്കുന്ന പത്തുമാസം വിളവുമൂപ്പുള്ള ശ്രീരേഖ, ഓണാട്ടുകര പ്രദേശങ്ങള്‍ക്കു യോജിച്ച ഹ്രസ്വകാലയിനമായ നിധി, കുട്ടനാട്ടിലെ തെങ്ങിന്റെ ഇടവിളയായി ഉപയോഗിക്കാവുന്ന ഹെക്ടറിന് 55 ടണ്‍ വിളവുലഭിക്കുന്ന കല്പക എന്നിവയും പ്രധാനയിനങ്ങളാണ്. തെക്കന്‍മേഖലയ്ക്ക് അനുയോജ്യമായ വെള്ളായണി ഹ്രസ്വ വെറും 155-180 ദിവസം മാത്രം വിളകാലയളവുള്ളതാണ്. ഇതില്‍നിന്ന് ഹെക്ടറിന് 44 ടണ്‍ വിളവ് ലഭിക്കും.
തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല (കോയമ്പത്തൂര്‍) വികസിപ്പിച്ച അത്യുത്പാദന ശേഷിയുള്ള ഇനങ്ങളായ കോ-1, കോ-2, എം.വി.ഡി. 1 എന്നിവയും കേരളത്തില്‍ ധാരാളമായി കൃഷിചെയ്തുവരുന്നു.

നടുന്ന സമയം
പ്രധാനമായും രണ്ടുസമയത്താണ് മരച്ചീനി നടാറുള്ളത്. ഒന്ന്, മഴക്കാലത്തിന്റെ ആരംഭത്തോടുകൂടി ഏപ്രില്‍-മേയ് മാസത്തില്‍. ഇതിനെ കുംഭക്കപ്പ എന്നു വിളിക്കുന്നു. രണ്ട്, തുലാവര്‍ഷാരംഭത്തോടു കൂടി സെപ്റ്റംബര്‍, ഒക്ടോബര്‍മാസങ്ങളില്‍. ഇതിനെ തുലാക്കപ്പ എന്നുവിളിക്കുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ നട്ടാല്‍ കൃഷിക്ക് കാലവര്‍ഷവും തുലാവര്‍ഷവും ലഭ്യമാകും. മണ്ണില്‍ നനവുണ്ടെങ്കില്‍ ഫെബ്രുവരിയില്‍ തന്നെ മരച്ചീനിക്കമ്പു നട്ടുതുടങ്ങാം. എന്നാല്‍ മഴ പെയ്യാന്‍ താമസിച്ചാല്‍ വെള്ളമൊഴിച്ചു കൊടുക്കേണ്ടിവരും. രണ്ടു മഴക്കാലത്തെ കാര്യമായി പ്രയോജനപ്പെടുത്തുന്നതിനാല്‍ ഏപ്രില്‍-മേയില്‍ നടുന്നതാണ് നല്ലത്. ഒന്നാം വിള മാത്രം നെല്ലുകൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കൊയ്തതിനുശേഷം തുലാമാസത്തോടുകൂടി നട്ട് ആറേഴുമാസം മൂപ്പായാല്‍ മേടമാസത്തില്‍ പറിച്ചു വില്‍ക്കാറുണ്ട്. എന്നാല്‍ വേനല്‍മഴ അധികമായി പാടത്ത് വെള്ളം കേറാനിടയായാല്‍ വേഗത്തില്‍ പറിച്ചു വില്‍ക്കേണ്ടിവരും. നനസൗകര്യമുണ്ടെങ്കില്‍ മറ്റു മാസങ്ങളിലും കൃഷിയിറക്കാം.

നടുന്ന രീതി
രോഗ-കീട വിമുക്തമായ തോട്ടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന തണ്ടുകള്‍ മുറിച്ച് നട്ടാണ് മരച്ചീനി കൃഷിചെയ്യുന്നത്. തണ്ടിന്റെ ചുവട്ടില്‍ നിന്നുള്ള 15 സെന്റിമീറ്റര്‍ ഭാഗവും മുകള്‍ഭാഗത്തെ മൂപ്പുകുറഞ്ഞ ഇളംഭാഗം 30 സെന്റിമീറ്റര്‍ ഭാഗവും നടാന്‍ പറ്റിയതല്ല. ഇതിനിടയില്‍ വരുന്ന കൊമ്പിന്റെ ഭാഗം 20 സെന്റിമീറ്റര്‍ നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് കൊമ്പു കുത്തേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് ഏകദേശം 2000 കമ്പുകള്‍ വേണ്ടിവരും.
വിളവെടുപ്പിന് ശേഷം പറമ്പില്‍ നിന്ന് ശേഖരിക്കുന്ന കമ്പുകള്‍ മരത്തിന്റെയോ മറ്റോ തണലില്‍ കുത്തനെ ചാരി നിര്‍ത്തി സംരക്ഷിക്കണം. കമ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ല വായു സഞ്ചാരം അത്യാവശ്യമാണ്.
നടുന്നതിന് മുമ്പ് കമ്പില്‍ കീടങ്ങളോ ചെതുമ്പലുകളോ വന്നാല്‍ ജൈവരീതിയില്‍ വേപ്പെണ്ണയധിഷ്ഠിത കീടനാശിനിയോ ജൈവകീടനാശിനിയോ തളിക്കാം.

നടീല്‍രീതി
ആദ്യമായി കൃഷിസ്ഥലം നന്നായി കളകള്‍ മാറ്റി വൃത്തിയാക്കിയതിന് ശേഷം ആഴത്തില്‍ രണ്ടുമൂന്നുതവണ കിളച്ചുമറിക്കണം. കമ്പുകള്‍ മണ്ണുകൂനകൂട്ടിയോ വാരമെടുത്തോ ചെറിയ കുഴിയിലോ നടാവുന്നതാണ്. നടുമ്പോള്‍ നെടുംതല അടിയിലേക്കാക്കി നടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിന്റെ ഘടനയും സ്വഭാവവും മനസ്സിലാക്കി മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാത്ത തരത്തിലും അടിത്തണ്ട് ചീയാത്ത രീതിയിലുമാണ് കൂനയൊരുക്കേണ്ടത്. കുഴികളിലാണ് നടുന്നതെങ്കില്‍ നട്ടതിന് ശേഷം തൂമ്പ് വന്നുതുടങ്ങിയാല്‍ വളംചേര്‍ത്തുമൂടി കൂനകൂട്ടിക്കൊടുക്കണം. കൂനകളില്‍ നടുന്നതാണ് മരച്ചീനിക്ക് ഉത്തമമെന്നു പറയപ്പെടുന്നു.

ഒരു കൂനയ്ക്ക് ഒരു കിലോഗ്രാം കാലിവളം, 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിങ്ങനെ അല്പം കുമ്മായവും വിതറി ചേര്‍ത്ത് അടിവളം കൊടുക്കാം. ബ്യുവേറിയ ബാസിയാനയെന്ന മിത്ര ജീവാണു വളം 10 ശതമാനം വീര്യത്തില്‍ തണ്ടില്‍ തളിക്കാം. കൂനകള്‍ തമ്മിലും കമ്പുകള്‍ തമ്മിലും കുറഞ്ഞത് 90 സെന്റിമീറ്റര്‍ വരെയെങ്കിലും അകലം അത്യാവശ്യമാണ്. ശിഖരങ്ങളില്ലാതെ വളരുന്ന പൊക്കംവെക്കുന്ന ഇനങ്ങള്‍ക്ക് 70 സെന്റിമീറ്റര്‍ അകലം മതിയാകും. കമ്പുകള്‍ നട്ട് 10-12 ദിവസത്തിനകം കിളിര്‍ത്തുവരും. 15 ദിവസമായിട്ടും കിളിര്‍ക്കാത്ത കമ്പുകള്‍ മാറ്റി അല്പം നീളം കൂടിയ (ഇരട്ടിനീളം) കമ്പ് നട്ടുകൊടുക്കണം.

വളപ്രയോഗം
പണ്ട് മരച്ചീനിക്ക് വളംചേര്‍ക്കലൊന്നും പ്രത്യേകമായി ഉണ്ടായിരുന്നില്ല. ഇപ്പോള്‍, പുതിയയിനങ്ങളും കൂടുതല്‍ ശാസ്ത്രീയകൃഷിരീതികളും വന്നതോടെ വളപ്രയോഗത്തിലും മാറ്റംവന്നിട്ടുണ്ട്. ഒരു കൂനയ്ക്ക് ഒരു കി. ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്തു നടുന്നത് നല്ലതാണ്. പുറമേ നൈട്രജന്‍-ഫോസ്ഫറസ്- പൊട്ടാസ്യം (NPK) വളങ്ങളും ചേര്‍ക്കാം. എം-4 ഇനത്തിനും മറ്റു നാടനിനങ്ങള്‍ക്കും ഹെക്ടറിന് 50:50:50 എന്ന അനുപാതത്തില്‍ ഈ വളങ്ങള്‍ കിട്ടാനായി 110 കിലോ യൂറിയ, 250 കിലോ മസൂറിഫോസ്, 85 കിലോ പൊട്ടാഷ് എന്നിവ ചേര്‍ക്കേണ്ടതാണ്. ഉല്‍പ്പാദനശേഷി കൂടിയ ഹൈബ്രിഡ് ഇനങ്ങള്‍ക്ക് ഇതിലധികവും വേണം. മസൂറിഫോസ് കമ്പു നടുമ്പോള്‍ കൊടുക്കണം. യൂറിയയും പൊട്ടാഷും മൂന്നാക്കി ഭാഗിച്ച് നടുമ്പോഴും നട്ട് രണ്ടുമാസം കഴിഞ്ഞും മൂന്നുമാസം കഴിഞ്ഞും എന്ന രീതിയില്‍ കൊടുക്കണം. ആറേഴുമാസം മൂപ്പുള്ള മരച്ചീനി നടുമ്പോള്‍, പ്രത്യേകിച്ചും കൊയ്ത്തുകഴിഞ്ഞ പാടത്ത്, അടിവളമായി മുഴുവന്‍ ഫോസ്ഫറസും പകുതിവീതം യൂറിയയും പൊട്ടാഷും നല്‍കി ബാക്കിപ്പകുതി നട്ട് 45 ദിവസത്തിനുശേഷം ഇടയിളക്കി ചെത്തിക്കോരുമ്പോള്‍ കൊടുക്കണം.
ജൈവകൃഷിയില്‍ ചാണകവും കോഴിവളവും സെന്റിന് 30 കിലോഗ്രാം എന്ന തോതില്‍ കൊടുക്കാം. അത് ഒരു ചുവടിന് ഏകദേശം അര കിലോഗ്രാം വരും. 15 ദിവസത്തിനും ഒരു മാസത്തിനും ഇടയിലാണ് വളം കൊടുക്കേണ്ടത്. കാലിവളവും കോഴിവളവും ചാണകപ്പാലില്‍ കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചതും ചേര്‍ത്തതിനുശേഷം നന്നായി നനകൊടുത്ത് മണ്ണ് കയറ്റി മൂടണം. ആദ്യത്തെ വളം കൊടുക്കലിനും മണ്ണ് കയറ്റലിനും ശേഷം പിന്നീട് ഒന്നരമാസത്തിനും 2 മാസത്തിനും ഇടയിലായും പിന്നീട് മൂന്ന് മാസത്തിനകവുമാണ് വളപ്രയോഗം നടത്തേണ്ടത്.
ഒരുമാസമാകുമ്പോള്‍ ഓരോ കമ്പിലും എതിര്‍വശത്തേക്കു വളരുന്ന രണ്ടു മുളകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ അടര്‍ത്തിക്കളയേണ്ടതാണ്. നട്ട് മൂന്നുമാസം വരെയെങ്കിലും കളകേറാതെ ചെത്തിക്കോരി കൂനകെട്ടി സംരക്ഷിക്കണം. കളകള്‍ ഒഴിവാക്കലും ഇടയിളക്കലും മണ്ണുകയറ്റലും കൃത്യമായ ഇടവേളകളില്‍ ചെയ്തുകൊടുക്കണം.
വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള മരച്ചീനിയുടെ ശേഷിയെപ്പറ്റി നേരത്തേ പറഞ്ഞല്ലോ. മരച്ചീനിക്ക് പൊതുവേ നന കൊടുക്കുന്ന പതിവില്ല. എന്നാല്‍, നനച്ചുവളര്‍ത്തുന്ന മരച്ചീനിയില്‍നിന്ന് നനയ്ക്കാതെ വളര്‍ത്തുന്നതിനേക്കാള്‍ രണ്ടിരട്ടി വരെ വിളവുകിട്ടന്നതായി പറയപ്പെടുന്നു. ഓരോ കൂനയും നനയ്ക്കുകയാണെങ്കില്‍ മാസത്തിലൊരിക്കലും ഒന്നിടവിട്ട കൂനകളാണ് നനയ്ക്കുന്നതെങ്കില്‍ 20 ദിവസത്തിലൊരിക്കലും നനച്ചാല്‍ മതിയാകും.

ഇടവിളകള്‍
മരച്ചീനിക്ക് ഇടവിളയായി കൃഷി നടത്തുന്നത് കൂടുതല്‍ ആദായം തരും. 90×90 സെ.മീ. അകലത്തില്‍ നട്ട സ്ഥലങ്ങളില്‍ ഇടവിളയായി കപ്പലണ്ടി കൃഷിചെയ്യാം. വില്പനയ്ക്ക് സൗകര്യമുണ്ടോയെന്ന് അന്വേഷിച്ചുചെയ്യണം. വരികള്‍ തമ്മില്‍ 30 സെ.മീറ്ററും നിരകളില്‍ 20 സെ.മീറ്ററും വിട്ട് മേയ്-ജൂണ്‍ മാസത്തോടുകൂടിയാണ് കപ്പലണ്ടിവിത്ത് പാകേണ്ടത്. പയറും ഉഴുന്നും തുവരയും മരച്ചീനി‍ക്കിടയില്‍ നടാവുന്നതാണ്. പയറാണെങ്കില്‍ പടര്‍ന്നു കേറാത്തയിനം കുറ്റിപ്പയറാണ് നല്ലത്. പയറില്‍ നിന്ന് ആദായം മാത്രമല്ല, മണ്ണിന് നൈട്രജനും ലഭിക്കും.

വിളപരിപാലനം
മരച്ചീനിയെ പ്രധാനമായു ബാധിക്കുന്ന വൈറസുരോഗമാണ് മൊസൈക്ക് രോഗം. ഇലയുടെ ആകൃതിയും വലിപ്പവും നഷ്ടപ്പെട്ട് മഞ്ഞനിറത്തിലായി ചുരുണ്ടു നശിച്ചുപോവുകയും വിളവിനെ ബാധിക്കുകയും ചെയ്യുന്നതാണ് ഈ രോഗം. മൊസൈക്ക് രോഗത്തെച്ചെറുക്കാന്‍ തുടക്കം മുകലേ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. രോഗബാധയേല്‍ക്കാത്ത തോട്ടങ്ങളില്‍ നിന്നുള്ള കമ്പുകള്‍ മാത്രം ഉപയോഗിക്കുക. മൊസൈക്ക് രോഗബാധയെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ നടുക. ഇതിലൂടെ 70 ശതമാനം വരെ രോഗബാധ കുറയ്ക്കാന്‍ കഴിയും. മൊസൈക് രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അതു പരത്തുന്ന വെള്ളീച്ചയെ ആദ്യംതന്നെ ഏതെങ്കിലും കീടനാശിനി തളിച്ചു നശിപ്പിച്ചാല്‍ രോഗവ്യാപനം തടയാനാകും.
ചെമ്പേന്‍, ചെതുമ്പലുകള്‍, ബാക്ടീരിയല്‍ ബ്ലൈറ്റ്, ഇലപ്പുള്ളിരോഗം എന്നിവയാണ് മരച്ചീനിയെ ബാധിക്കുന്ന മറ്റു രോഗങ്ങള്‍. കമ്പ് നടുന്നതിനുമുമ്പ് മണ്‍കൂനയില്‍ ആവശ്യത്തിന് വേപ്പിന്‍പിണ്ണാക്ക് പൊടിച്ചുചേര്‍ത്താല്‍ നട്ടയുടനെയുള്ള ചിതലിന്റെ ശല്യം ഇല്ലാതാക്കാം.
മരച്ചീനിയുടെ പ്രധാനശത്രു പെരുച്ചാഴിയോ എലിവർഗ്ഗത്തിൽപ്പെട്ട മറ്റു ജീവികളോ ആണ്. സ്വാദും കഴമ്പുമുള്ള എം-4 ഇനത്തില്‍ എലിയുടെ ഉപദ്രവം കൂടുതലായാണ് കണ്ടുവരുന്നത്. വിവിധ മാര്‍ഗങ്ങളുപയോഗിച്ച് എലിയെ നശിപ്പിക്കുകയേ ഇതിനു പ്രതിവിധിയുള്ളൂ. ചില പ്രദേശങ്ങളിലുള്ള പന്നിശല്യം അല്ലാതെ വേറെ ജീവിശല്യങ്ങളൊന്നുമില്ല.

വിളവെടുപ്പ്
നട്ട് 9-10 മാസമാകുമ്പോഴാണ് സാധാരണയായി മരച്ചീനിയുടെ വിളവെടുക്കുന്നത്. വിളവുമൂപ് കുറഞ്ഞ ഇനങ്ങള്‍ 7-8 മാസം കൊണ്ട് വിളവെടുക്കാം. നാടന്‍ ഇനങ്ങള്‍ ഹെക്ടറിന് 20 ടണ്‍ മാത്രം വിളവ് ലഭിക്കുമ്പോള്‍ സങ്കരയിനങ്ങളില്‍ 50 ടണ്ണിന് മുകളില്‍ വിളവ് ലഭിക്കുന്നു എം-4 ഇനം 12 മാസമാകുമ്പോള്‍ പറിക്കുന്നതാണ് വിളവധികം കിട്ടാന്‍ നല്ലത്. ഈ ഇനത്തില്‍ ഹെക്ടറിന് 10-15 ടണ്‍ പച്ചമരച്ചീനി കിട്ടും. പുതിയ ഹൈബ്രിഡ് ഇനമായ ശ്രീഹര്‍ഷയ്ക്ക് ഹെക്ടറിന് 40-50 ടണ്‍ വിളവുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിളവെടുക്കുംമുമ്പ് മണ്‍കൂനകള്‍ ഒന്ന് നനച്ചുകൊടുത്താല്‍ ചീനി പിഴുതെടുക്കുന്ന ജോലി എളുപ്പമാവും.
ഒരിക്കല്‍ക്കൂടിപ്പറയുന്നു, വെറും പച്ചമരച്ചീനി വില്‍ക്കുന്ന പഴയരീതിക്കു മാറ്റം വരണം. എത്രയോ മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ മരച്ചീനിയില്‍നിന്ന് ഉണ്ടാക്കാനാകും. വാട്ടുകപ്പ മുതല്‍ സ്റ്റാര്‍ച്ച് വരെ നീളുന്ന ആ നിര മനസ്സിലാക്കി പണിയെടുത്താല്‍ കര്‍ഷകരുടെ ജീവിതം മാറും.