പറഞ്ഞുവരുമ്പോള്‍ ഇഞ്ചിയുടെ സ്വന്തക്കാരനാണ് മഞ്ഞള്‍. പുരാതനകാലം മുതല്‍ നമ്മള്‍ മഞ്ഞളിന്റെ ഗുണം മനസിലാക്കിയിരുന്നു. സൗന്ദര്യവര്‍ദ്ധനവിനും അണുനാശനത്തിനും പാചകത്തിനും വസ്ത്രങ്ങള്‍ക്കു നിറം കൊടുക്കാനും ഒരുപോലെ മഞ്ഞള്‍ ഉപയോഗിക്കുന്നു. ആയുര്‍വേദമരുന്നുകൂട്ടുകളിലെ ഒരു പ്രധാനചേരുവയും മഞ്ഞളാണ്. ഇന്ത്യയിലും വിദേശത്തും വിറ്റഴിയാന്‍ എളുപ്പമാണ്.
ചൂടുള്ള കാലാവസ്ഥയും ഈർപ്പമുള്ള അന്തരീക്ഷവും ധാരാളം മഴയുമുള്ള സ്ഥലങ്ങളിലാണ് മഞ്ഞള്‍ സമൃദ്ധമായി വളരുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് ഉത്തമം. തനിവിളയായും ഇടവിളയായും മിശ്രിതവിളയായും മഞ്ഞൾ കൃഷി ചെയ്യുന്നു.
മഞ്ഞളിലെ പ്രധാന ഇനങ്ങൾ
നാടന്‍
തെക്കൂർപെട്ട, സുഗന്ധം, ഈറോഡ് ലോക്കൽ
വികസിപ്പിച്ചെടുത്തത്
സുവർണ, സുഗുണ, സുദർശന, ഐ.ഐ. എസ്.ആർ. പ്രഭ, പ്രതിഭ, ആലപ്പി സുപ്രീം, കേദാരം
കേരള കാർഷികസർവകലാശാലയുടെ സംഭാവനകള്‍
കാന്തി, ശോഭ, സോന, വർണ്ണ
വിത്തുണ്ടാക്കുന്ന രീതി
മഞ്ഞളില്‍ നടാനായി ഉപയോഗിക്കുന്നത് മുകുളങ്ങളോടു കൂടിയ പ്രകന്ദങ്ങളുടെ ഭാഗമാണ്. നല്ല വിളവിന് വിത്ത് പ്രത്യേകമായ രീതിയില്‍ വിത്ത് സംഭരിക്കേണ്ടതുണ്ട്. അതിനായി സ്ഥലത്തിന്റെ ഊഷ്മാവ് 22-25 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണം. ഊഷ്മാവ് 28 ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ മഞ്ഞൾ നിർജ്ജലീകരിച്ച് കനം കുറഞ്ഞ് ആരോഗ്യമില്ലാത്തതായിത്തീരും. നല്ല ബീജാങ്കുരണശേഷി ഉറപ്പുവരുത്തുന്നതിന് തണലുള്ള സ്ഥലത്ത് കുഴിയെടുത്ത് മഞ്ഞള്‍ സൂക്ഷിക്കണം. നല്ല മുഴുത്തതും രോഗബാധയില്ലാത്തതുമായ വിത്ത് നോക്കിവേണം തിരഞ്ഞെടുക്കുവാൻ. സ്യൂഡോമൊണാസ് (20 ഗ്രാം, 1 ലിറ്റർ വെള്ളത്തിൽ) ലായനിയിൽ 30 മിനിറ്റ് മുക്കിയശേഷം വിത്ത് തണലത്തുണക്കുക. ചാണകവും ചെളിയും കൊണ്ട് മെഴുകിയ കുഴികളിൽ ഇവ സൂക്ഷിച്ചുവയ്ക്കാം. കുഴിയുടെ അടിയിൽ 5 സെ.മീ കനത്തിൽ മണലോ അല്ലെങ്കിൽ അറക്കപൊടിയോ വിതറുക. അതിനുമുകളിൽ ഒരടി കനത്തിൽ വിത്തുമഞ്ഞൾ അടുക്കുക. അതിനുമുകളിൽ 5 സെ.മീ കനത്തിൽ മണൽ പരത്തുക. കുഴി നിറയുന്നതുവരെ പല നിരകളായി മഞ്ഞളും മണലും ഒന്നിടവിട്ട് അടുക്കിവച്ചതിനുശേഷം വായുസഞ്ചാരത്തിനായി കുഴിയുടെ മുകൾഭാഗത്ത് 10 സെ.മീ സ്ഥലം ഒഴിച്ചിടണം. കുഴി മരപ്പലക ഉപയോഗിച്ച് മൂടിയിടാം. രോഗങ്ങളുടെയും കീടാണുക്കളുടെയും അളവ് കുറയ്ക്കുന്നതിനു വേണ്ടി സംഭരിച്ചു വച്ചിരിക്കുന്ന മഞ്ഞൾ മാസത്തിലൊരിക്കൽ തുറന്നു പരിശോധിച്ച് കേടായതും അഴുകിയതുമായ മഞ്ഞൾ കണ്ടാല്‍ എടുത്തുകളയണം.
നടുന്ന ഭൂമി, കാലാവസ്ഥ, വിത്ത് എന്നിവയനുസരിച്ച് മഞ്ഞളിന്റെ വലിപ്പവും തൂക്കവും വ്യത്യാസപ്പെടും. വലിപ്പത്തിന് ആനുപാതികമായാണ് വിളവ്. കൂടുതൽ വിളവ് ലഭിക്കുന്നതിനുവേണ്ടി വിത്തുമഞ്ഞൾ 20-25 ഗ്രാം തൂക്കമുള്ള ഒന്നോ രണ്ടോ മുകുളങ്ങളോടു കൂടിയ കഷണങ്ങളാക്കുന്നു. പൊതുവേ ഹെക്ടറിന് 2000-2500 കി.ഗ്രാം മഞ്ഞളാണ് ഉപയോഗിക്കേണ്ടത്.
ഏകമുകുള പ്രജനനരീതി വഴി നടീൽവസ്തുവിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. മഞ്ഞൾ 5 ഗ്രാം തൂക്കവും ഒരു മുളയും കിട്ടുന്ന രീതിയിൽ കഷണങ്ങളാക്കി കുമിൾനാശിനിയിൽ മുക്കിയശേഷം പ്രോട്രേകളിൽ നടണം. പഴകിയ ചകിരിച്ചോർ, ചാണകപ്പൊടി/മണ്ണിര കമ്പോസ്റ്റ് എന്നിവ 3:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. ഈ മിശ്രിതത്തിൽ ഒരു കി.ഗ്രാമിന് 10 ഗ്രാം എന്ന നിരക്കിൽ ട്രൈക്കോഡർമ ചേർക്കണം. നട്ടതിനുശേഷം 30-40 ദിവസം വരെ തണലിൽ വച്ച് പരിചരിക്കണം. ആവശ്യാനുസരണം നനയ്ക്കണം. പിന്നീട് കാലവർഷാരംഭത്തിൽ തന്നെ നാലില പരുവത്തിൽ ഇവയെ കൃഷിയിടത്തിലേക്ക് മാറ്റി നടാം.
നടുന്ന വിധം
മഞ്ഞള്‍ നടാനായി നിലമൊരുക്കേണ്ടത് ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ്. ഒന്നോ രണ്ടോ നല്ല മഴ ലഭിച്ചശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ മഞ്ഞൾ നടാം. അമ്ലത കൂടുതലുള്ള മണ്ണിൽ കുമ്മായം അഥവാ ഡോളോമൈറ്റ് ഒരു ഹെക്ടറിന് 1000 കിലോ എന്ന തോതിൽ വിതറി നിലം ഉഴുവുന്നത് നല്ലതാണ്. 3×1.2 മീറ്റർ അള വിൽ 25 സെ.മീ പൊക്കത്തിൽ 40 സെ.മീ അകലത്തിൽ തയ്യാറാക്കിയിട്ടുള്ള വാരങ്ങളിൽ 25×25 സെ.മീ അകലത്തിൽ ചെറിയ കുഴികളെടുക്കുക. 25 ഗ്രാം വീതമുള്ള പ്രകന്ദങ്ങൾ മുകളിലേക്ക് മുളവരത്തക്കവിധം നടണം. മാതൃപ്രകന്ദങ്ങലും ലഘുപ്രകന്ദങ്ങളും ഏകമുകുള പ്രജനനരീതി വഴി പ്രോട്രേയിൽ വളർത്തിയ തൈകളും നടാൻ ഉപയോഗിക്കാം.
വളം
ഹെക്ടറൊന്നിന് 40 ടൺ എന്ന തോതിൽ കന്നുകാലിവളമോ കമ്പോസ്റ്റോ നിലമൊരുക്കുന്ന സമയത്ത് അടിവളമായി ചേർക്കണം. നട്ടതിനുശേഷം വിതറി കൊടുക്കുകയുമാവാം. പാക്യജനകം:ഭാവകം:ക്ഷാരം എന്നിവ ഹെക്ടറിന് 30:30:60 കി.ഗ്രാം എന്ന അനുപാതത്തില്‍ നല്‍കണം. ഒരു ഹെക്ടറിന് അടിവളമായി 150 കിലോ മസ്സൂറിഫോസ്, 50 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും കൊടുക്കേണ്ടതാണ്. നട്ട് ഒരു മാസം കഴിയുമ്പോൾ 43 കിലോഗ്രാം യൂറിയയും, രണ്ടു മാസം കഴിയുമ്പോൾ വീണ്ടും 22 കിലോഗ്രാം യൂറിയയും 50 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകേണ്ടതാണ്.
പുതയിടീൽ
നട്ടയുടന്‍തന്നെ പച്ചിലകൊണ്ട് നല്ലവണ്ണം പുതയിടണം. ഒരു ഹെക്ടറിന് 15 ടൺ പച്ചില വേണ്ടി വരും. 50 ദിവസത്തിനുശേഷം വീണ്ടും ഒരിക്കൽകൂടി 15 ടൺ പച്ചിലകൊണ്ട് പുതയിടണം.
നട്ടശേഷം 2, 4, 5 മാസങ്ങളില്‍ കളയെടുപ്പ് നടത്തണം. 2 മാസം കഴിഞ്ഞ് കളയെടുത്തതിനുശേഷം നിർബ്ബന്ധമായും മണ്ണ് കൂട്ടിക്കൊടുക്കേണ്ടതുണ്ട്.
കാര്യമായ രോഗങ്ങളോ കീടങ്ങളോ മഞ്ഞളിനെ ബാധിക്കാറില്ല. തണ്ടുതുര പ്പന്റെ ആക്രമണത്തിനെതിരെ ക്വിനാൽഫോസ് 0.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്. ഇലകളെ ബാധിക്കുന്ന കുമിൾ രോഗങ്ങൾക്കെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ 0.2 ശതമാനം വീര്യമുള്ള മാങ്കോസെബോ തളിച്ചാൽ മതി. മൂടുചീയലോ വാട്ടമോ കാണുന്നുണ്ടെങ്കിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മണ്ണ് കുതിർക്കേ തളിക്കേണ്ടതാണ്.
വിളവെടുപ്പ്
ഇനത്തെ ആശ്രയിച്ചാണ് വിളവെടുപ്പിന്റെ സമയം. ജനുവരി മുതൽ മാർച്ച് വരെയുള്ള സമയമാണ് വിളവെടുപ്പുകാലം. മൂപ്പുകുറഞ്ഞ ഇനങ്ങൾ 7-8 മാസമാകുമ്പോഴും, മദ്ധ്യകാലമൂപ്പുള്ളവ 8-9 മാസമാകുമ്പോഴും ദീർഘകാലമൂപ്പുള്ള ഇനങ്ങൾ 9-10 മാസമാകുമ്പോഴും വിളവെടുക്കാം.
സംസ്കരണം
മഞ്ഞൾ വിളവെടുത്തു മണ്ണും വേരും നീക്കി രണ്ടു മൂന്ന് ദിവസത്തിനകം സംസ്കരിച്ചെടുക്കണം. ഈ സമയപരിധി ഉൽപ്പനത്തിൻ്റെ ഗുണമേന്മയിൽ വളരെ പ്രധാനമാണ്. മാതൃപ്രകന്ദങ്ങളും ലഘുപ്രകന്ദങ്ങളും വെവ്വേറെ വേവിക്കണം. GI/MS പാനുകളിലാണ് (1 മീ x 0.62 മീ x 0.48 മീ) മഞ്ഞൾ തിളപ്പിക്കേണ്ടത്. ഇതിൽ വെള്ളമെടുക്കുക. കഴുകി വൃത്തിയാക്കിയ മഞ്ഞൾ GI/MS ഷീറ്റ് കൊണ്ടുണ്ടാക്കിയ അരിപ്പയിൽ (0.9 മീ x 0.55 മീ x 0.4 മീ) ഇടുക. അരിപ്പ MS പാനുകളിൽ എടുത്ത വെള്ളത്തിൽ താഴ്ത്തിവെച്ച് മഞ്ഞൾ തിളപ്പിച്ച് മൃദുവാക്കുക. അരിപ്പയോടെ മഞ്ഞൾ പുറത്തെടുത്തു വെള്ളം വാർന്നുപോകാൻ വയ്ക്കണം. ഒരു ഈർക്കിൽകൊണ്ട് കുത്തി നോക്കിയാൽ തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കണം. ഈ പരുവമായാൽ വേവ് പാകമായി എന്ന് അനുമാനിക്കാം. പനമ്പിലോ, തറയിലോ നിരത്തി ഉണക്കിയെടുക്കണം. ഉണങ്ങിയ മഞ്ഞൾ പോളിഷിംഗ്ചെയ്തു ഭംഗിയാക്കുന്നു. കൈകൊണ്ടും യന്ത്രമുപയോഗിച്ചും ചാക്കിൽകെട്ടി കാൽകൊണ്ട് ചവിട്ടിമെതിച്ചും മിനുസപ്പെടുത്താം.
(അവലംബം:തോട്ട സുഗന്ധവിളവിഭാഗം, കാര്‍ഷികകോളേജ്, വെള്ളായണി, തിരുവനന്തപുരം)