വെള്ളം ഏറ്റവുമധികം സൂക്ഷിക്കേണ്ട മാസങ്ങളിലൊന്നാണ് മാര്‍ച്ച്. കുറച്ചുവെള്ളം കൊണ്ട് പരമാവധി കൃഷി എന്നതാണ് പുതിയകൃഷിരീതി. അതേസമയം, ഓരോ വിളയ്ക്കും ആവശ്യമുള്ള വെള്ളം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. വൈക്കോലോ മറ്റേതെങ്കിലും ഉണങ്ങിയ വസ്തുക്കളോകൊണ്ട് പുതയിടുന്നത് വെള്ളത്തിന്റെ ഉപഭോഗം വളരെ കുറയ്ക്കും. മണ്ണിന്റെ ഗുണം, ഈർപ്പം നിലനിർത്താനുള്ള കഴിവ്, വെള്ളത്തിൻ്റെ ലഭ്യത എന്നിവ കണക്കിലെടുത്തുവേണം പുതയിട്ടതിനുശേഷം നനച്ചുകൊടുക്കാന്‍.
നെല്ല്
പുഞ്ചക്കൃഷിയില്‍ ഈ സമയത്ത് നനയിലും കീടനിയന്ത്രണത്തിലും നല്ല ശ്രദ്ധവേണം.നട്ട് മൂന്നാഴ്‌ച കഴിഞ്ഞാണ് പുഞ്ചക്കൃഷിയില്‍ ആദ്യത്തെ മേൽവളം നൽകേണ്ടത്.
ഇടത്തരം മൂപ്പുള്ള ഇനങ്ങൾ വൈകിയാണ് വിതച്ചതെങ്കില്‍ 55-60 ദിവസം കഴിയുമ്പോള്‍ ഏക്കറിന് 20 കി.ഗ്രാം യൂറിയ, 15 കി.ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം.
ബ്ലൈറ്റ്/ബ്ലാസ്റ്റ് രോഗങ്ങളെ ചെറുക്കാന്‍ ഒരുലിറ്റർ വെള്ളത്തിന് 20 ഗ്രാം സ്യൂഡോമോണാസ് ലായനി എന്നകണക്കിന് കലക്കി തളിച്ചുകൊടുക്കാം.
നെല്ലിലെ മുഞ്ഞയെ നിയന്ത്രിക്കാൻ അക്രമണം കൂടുതലുള്ള ഭാഗത്ത് പത്ത് ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം തയാമെതോക്സാം അല്ലെങ്കിൽ 3 മില്ലി ഇമിഡാക്ലോപ്രിഡ് കലക്കി തളിച്ചുകൊടുക്കുക.
തണ്ടുതുരപ്പൻ പുഴുവിനെതിരെ ട്രൈക്കോകാർഡുകൾ ഉപയോഗിക്കാം.
പോളരോഗം, കുലവാട്ടം, മുതലായ കുമിൾരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെങ്കില്‍ 1 ലിറ്റർ വെള്ളത്തിൽ സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം എന്ന തോതിലുണ്ടാക്കിയ ലായനി പാടത്തു തളിക്കുകയോ ഇതേ 1 കി.ഗ്രാം ബാക്ടീരിയൽകൾച്ചർ 50 കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേർത്തുവച്ച ശേഷം വിതറുകയോ ചെയ്യാം.
മുണ്ടകൻവിത്ത് ഈർപ്പംതട്ടാതെ ഉണക്കിവേണം സൂക്ഷിക്കാന്‍. ശരിക്കുണങ്ങിയ വിത്തിന്റെ പരുവം എന്നാല്‍, പൊട്ടിച്ചുനോക്കുമ്പോള്‍ നടുവിൽ സൂചിക്കനത്തിൽമാത്രം വെളുപ്പ് അവശേഷിക്കുന്നതരം പാകമാണ്.
തെങ്ങ്
മാര്‍ച്ചിലും തെങ്ങിനു നന തുടരണം. കായൽ വരമ്പുകളിലുള്ള തെങ്ങിന് മണലിട്ടുകൊടുക്കാം. ആ തെങ്ങുകളുടെ ചുവട്ടിൽ ചെളിയുമിടണം.
ചെന്നീരൊലിപ്പുരോഗം കാണുകയാണെങ്കിൽ രോഗം ബാധിച്ച ഭാഗങ്ങൾ ചെത്തി മാറ്റി കത്തിച്ചുകളയണം. മുറിപാടുകളിൽ 100 മില്ലി വെള്ളത്തിൽ കോൺടാഫ് 5 മി.ഗ്രാം കലക്കി തേച്ചുകൊടുക്കുക. അല്ലെങ്കിൽ 25 ലിറ്റർ വെള്ളത്തിൽ കോൺഡാഫ് 25 മി. ലി. കലക്കി തെങ്ങിൻചുവട്ടിലൊഴിച്ച് മണ്ണുകുതിർക്കുക. ഒരു വർഷം ഒരു തെങ്ങിന് 3-5 കി.ഗ്രാം വേപ്പിൻപിണ്ണാക്ക് എന്ന തോതിൽ ഇടുന്നതും നല്ലതാണ്. നല്ല ജൈവവളമെന്നതിനു പുറമെ കീടാക്രമണം കുറയ്ക്കാനും വേപ്പിൻ പിണ്ണാക്കിനു കഴിയും.
തെങ്ങോലപ്പുഴുവിൻ്റെ ശല്യം കാണുകയാണെങ്കില്‍ അത് അധികമായിക്കാണുന്ന വെട്ടിയിട്ട് കത്തിച്ചുകളയണം. കീടബാധ ശ്രദ്ധയിൽപ്പെട്ടാലുടൻ തെങ്ങോലപ്പുഴുവിൻ്റെ വിവിധ ദശകളെ ബാധിക്കുന്ന എതിർപ്രാണികളെ വൻതോതിൽ തുറന്നുവിട്ട് തെങ്ങോലപ്പുഴുവിനെ നശിപ്പിക്കാവുന്നതാണ്. കീടനാശിനിപ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ തുറന്നു വിടണം. കൃഷിവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പരാദപ്രാണി വളർത്തൽ കേന്ദ്രങ്ങളിൽ നിന്ന് എതിർപ്രാണികളെ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
തെക്കന്‍വെയിലിനെ ചെറുക്കാന്‍ ചെറിയ തെങ്ങിന്‍തൈകളിലും അവയുടെ കടഭാഗത്തും മെടഞ്ഞ തെങ്ങോല കൊണ്ട് തണൽ നൽകണം.
കൊമ്പൻചെല്ലികൾ മുട്ടയിടുന്ന സമയമാണിത്. ചാണകക്കുഴി/ വളക്കുഴി എന്നിവിടങ്ങളിലാണ് കൂടുതലായി മുട്ടയിടുന്നത്. കൊമ്പൻചെല്ലികൾക്കെതിരെ പ്രതിരോധംതീർക്കാന്‍ തെങ്ങിന്‍മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളിൽ പാറ്റാഗുളിക 10 ഗ്രാം (4 എണ്ണം) വെച്ച് മണൽകൊണ്ട് മൂടുകയോ വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം) തു ല്യയളവിൽ മണലുമായി ചേർത്ത് ഇടുകയോ ചെയ്യണം. മെറ്റാറൈസിയം 750 മി.ലിറ്റർ വെള്ളത്തിൽ 250 ഗ്രാം കുമിൾപ്പൊടി കലക്കി ആവശ്യാനുസരണം വളക്കുഴിയിൽ ഒഴിച്ചുകൊടുക്കുകയുമാവാം.
കൊമ്പൻചെല്ലിയുടെ ആക്രമണമുളള തെങ്ങുകളിൽനിന്ന് ചെല്ലിക്കോൽ കൊണ്ടുകുത്തി കീടങ്ങളെ നിയന്ത്രിക്കാവുന്നതാണ്.
മെയ്മാസംവരെ വിത്തുതേങ്ങ സംഭരിക്കാവുന്ന സമയമാണ്.
വാഴ
വാഴയ്ക്കും നന തുടരണം.
ഏത്തവാഴത്തോട്ടത്തില്‍ പുതയിട്ടുകൊടുത്ത് നല്ലരീതിയില്‍ വെള്ളം ലാഭിക്കാം. 5 മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയ, 100ഗ്രാം മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെടിയൊന്നിന് നൽകുക. കുല പുറത്തുവന്ന ഉടനെയും ഇതേ തോതിൽ വളപ്രയോഗം നടത്തണം. വാഴയ്ക്ക് താങ്ങ് കൊടുക്കണം.
പിണ്ടിപ്പുഴു അഥവാ തടതുരപ്പന്‍പുഴുവിനെ ഗൗനിക്കണം. തോട്ടം വൃത്തിയായി സൂക്ഷിക്കുക. പുറംഭാഗത്തുള്ള വാഴത്തടകൾ അഞ്ചാംമാസം മുതൽ അടർത്തിക്കളയണം. വാഴത്തടയ്ക്കുചുറ്റും ചെളി പൂശുന്നത് തടതുരപ്പനെതിരെ ഫലപ്രദമായ രീതിയാണ്. കീടാക്രമണം വന്നുകഴിഞ്ഞെങ്കിൽ 3 ശതമാനം വീര്യത്തില്‍ (30 മില്ലി/ലിറ്റർ) വേപ്പെണ്ണ എമൽഷൻ ചെളിക്കൂട്ടുമായി ചേർത്തുവേണം തടിയിൽ പുരട്ടാന്‍.
തടതുരപ്പനെതിരേ വേപ്പ് അധിഷ്ഠിത കീടനാശിനികൾ വാഴക്കവിളുകളിൽ ഒഴിച്ചുകൊടുക്കുകയുമാവാം. കുലവെട്ടിയ ശേഷമുള്ള വാഴത്തട രണ്ടടി നീളത്തിൽ മുറിച്ച് നെടുകെ പിളർന്ന് വാഴത്തോട്ടങ്ങളിൽ അവിടവിടെയായി വയ്ക്കുക. വാഴ അഞ്ചുമാസം പ്രായമാകുമ്പോഴാണ് ഇതുചെയ്യേണ്ടത്. വണ്ടുകൾ ഇവയ്ക്കുള്ളിൽ കൂടിയിരിക്കുന്നതു കാണാം. ഇവയെ ശേഖരിച്ച് നശിപ്പിക്കണം.
പച്ചക്കറി
പച്ചക്കറികൃഷിക്കായി തെരഞ്ഞെടുക്കുന്നത് നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമായിരിക്കണം. ഭാഗികമായി തണൽവീഴുന്ന സ്ഥലങ്ങളിൽ അത്തരം തണൽ ഇഷ്ടപ്പെടുന്ന തരം പച്ചക്കറികൾ വേണം നടാൻ. ചേന, ചേമ്പ്, സാമ്പാർ ചീര, ചെക്കുർമാനീസ് ഇവയൊക്കെ അതിനുപറ്റിയതാണ്. പ്രത്യേകതരം രോഗങ്ങള്‍, കീടങ്ങള്‍ ഇവയുടെ നിരന്തരഭീഷണിയുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാൻ കഴിവുള്ള ഇനങ്ങൾ തിരഞ്ഞെടുത്ത് കൃഷിചെയ്യണം.
വഴുതന: പുസപർപ്പിൾ, സൂര്യ, ശ്വേത, നീലിമ, ഹരിത എന്നീ ഇനങ്ങൾക്ക് ബാക്ടീരിയൽ വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ കഴിയും.
വെണ്ട: സുസ്ഥിര, അരുണ, അർക്ക അഭയ് എന്നിവക്ക് ഇലമഞ്ഞളിപ്പ്, മൊസേക്ക്/നരപ്പൻ രോഗത്തെ ചെറുക്കാനും കഴിയും.
തക്കാളി: ശക്തി, അനഘ, മുക്തി എന്നീ ഇനങ്ങൾക്ക് ബാക്ടീരിയൽ വാട്ടരോഗത്തെ ചെറുക്കാൻ കഴിയും.
മിക്ക പച്ചക്കറിവിളകളിലും പ്രതിരോധശേഷിയുള്ള ഇനങ്ങൾ സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പച്ചക്കറികളിൽ മണ്ഡരി, ഇലപ്പേൻ, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ മൂലമുള്ള കുരുടിപ്പ് രോഗം കാണാൻ ഏറെ സാധ്യതയുള്ള സമയമാണിത്. ഒരു ലിറ്റർ വെളളത്തിൽ 20 ഗ്രാം ലെക്കാനിസീലിയം ലയിപ്പിച്ചുതളിക്കുക. അല്ലെങ്കിൽ വേപ്പെണ്ണയടങ്ങുന്ന കീടനാശിനികൾ പത്തുദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം.
ജൈവകൃഷിയാണ് അനുവര്‍ത്തിക്കുന്നതെങ്കില്‍ പുറത്തുനിന്ന് വളംവാങ്ങുന്നരീതി നല്ല പണച്ചെലവുണ്ടാക്കും. വിളാവശിഷ്ടങ്ങള്‍, പച്ചിലകള്‍ എന്നിവ ഉപയോഗിച്ച് സ്വന്തമായുണ്ടാക്കുന്ന കമ്പോസ്റ്റ് ഉപയോഗിക്കുന്നതാണ് ആദായകരം. ചുറ്റുപാടുമുള്ള ജൈവമാലിന്യങ്ങളുപയോഗിച്ച് അവിടെത്തന്നെ ആവശ്യമായ വളമുണ്ടാക്കുകയാണ് ഉത്തമമായ ജൈവകൃഷിരീതി. ലാഭം മാത്രമല്ല ഇതിനു കാരണം. പുറംലോകത്തുനിന്നുവാങ്ങുന്ന ജൈവവളത്തിന്റെ വിശ്വസനീയത, അതിലൂടെ കടന്നുവരാവുന്ന രോഗ-രാസവസ്തു സാധ്യതകള്‍ ഇവയൊക്കെ ഒഴിവാക്കാന്‍ അത് ആവശ്യമാണ്.
ചേന
ചേനയുടെ നടീൽ തുടരാം. കഴിഞ്ഞമാസം നട്ട വിത്തുകൾ ഉണങ്ങിയിട്ടുണ്ടെങ്കിൽ അവമാറ്റി പകരം വിത്ത് നടണം. തടങ്ങളിൽ കരിയിലപ്പുത നൽകണം. കഴിയുമെങ്കിൽ 2-3 നന കൊടുക്കാം.
കുരുമുളക്
കിളിഞ്ഞിൽ/ നാടൻ മുരിക്ക്/പെരുമരം തുടങ്ങിയ താങ്ങുമരങ്ങളുടെ കൊമ്പുകൾ മുറിച്ച് താങ്ങുകാലുകൾ ശേഖരിക്കുന്ന പണിയും നനയും തുടരണം. കൊടിത്തലകൾ മുറിച്ചെടുത്ത് വേരുപിടിപ്പിക്കാൻ തവാരണകളിൽ പാകാവുന്നതാണ്.
കേടുപോക്കലിനും പുതുകൃഷിക്കും വേണ്ടി തൈനടീലിനുള്ള കുഴികൾ എടുക്കുന്നത് മാര്‍ച്ചുമാസത്തിലും തുടരാം. എടുത്ത കുഴികളിൽ ജൈവവളങ്ങളും മേൽമണ്ണമിട്ട് മൂടണം. തവാരണ നനയ്ക്കാവുന്നതാണ്.
മാവ്
മാവിന്‍തൈകൾക്ക് ആഴ്ചയിൽ രണ്ടു നന ആവശ്യമാണ്. വളർന്ന മാവിന് കണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാൽ ആഴ്ചയിൽ ഒരു തവണ നന നല്ലതാണ്. കായീച്ചയെ തുരത്താൻ മാവ് പൂത്തുതുടങ്ങുമ്പോൾ തന്നെ മീഥൈൽ യൂജിനോൾ കെണി 25 സെൻ്റിന് ഒരു കെണി എന്ന തോതിൽ സ്ഥാപിക്കാവുന്നതാണ്. ഇത് കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ ഗവേഷണകേന്ദ്രങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഇഞ്ചി/മഞ്ഞൾ
ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ നിലമൊരുക്കുന്നതോടൊപ്പം 160 കിലോ ജൈവവളം അടിവളമായി നൽകണം. അമ്ലാംശം ഉള്ള മണ്ണിൽ നടുന്നതിന് രണ്ടാഴ്ച്ച മുമ്പ് 1-3 കിലോ കുമ്മായം/ ഡോളമൈറ്റ് നൽകാം. തെങ്ങിന് ഇടവിളയായി ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാവുന്നതാണ്.
ഇഞ്ചിവിത്ത് ഒരേക്കറിന് 600 കിലോയും മഞ്ഞൾവിത്ത് 800-1000 കിലോയും നടുന്നതിന് ആവശ്യമാണ്. ആവശ്യമുള്ള നീളത്തിൽ 1 മീറ്റർ വീതിയിലും 25 സെ.മീറ്റർ ഉയരത്തിലും വാരമെടുത്ത് തടമൊരുക്കാം. 4-5 സെ.മീ ആഴമുള്ള ചെറിയ കുഴികളിൽ വിത്ത് 20-25 സെ.മീ അകലത്തിൽ നടാം. തടങ്ങൾ തമ്മിൽ 40 സെ.മീ അകലം പാലിക്കണം. ഇഞ്ചിക്ക് വെള്ളക്കെട്ട് പാടില്ലാത്തതിനാൽ ഓരോ 25 തടങ്ങൾക്കും ഒരു ചാല് എന്ന തോതിൽ വെള്ളമൊഴുകി പോകുന്നതിന് സൗകര്യമൊരുക്കണം.
ഏലം
വിളവെടുപ്പ് തീരുന്ന സമയമാണിത്. പോളീബാഗ് നഴ്സറിക്കുള്ളിൽ ആവശ്യാനുസരണം നനയ്ക്കണം. കേടുപോക്കലിനും പുതുകൃഷിക്കും വേണ്ട തൈകൾ നടുന്നതിനുള്ള കുഴികൾ എടുക്കണം. നിലവിലുള്ള തോട്ടങ്ങളിൽ നന, പുതയിടീൽ, മണ്ണിടീൽ, നീർച്ചാലുകൾ വൃത്തിയാക്കൽ എന്നിവ ചെയ്യുക.
കമുക്
കമുകിൻ്റെ രണ്ടാംഘട്ട വളപ്രയോഗം മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ്. മൂന്നുവർഷം പ്രായമായ കമുകൊന്നിന് 108 ഗ്രാം, 111 ഗ്രാം, 117 ഗ്രാം എന്ന അളവിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം നൽകാം. ജലസേചനം തുടരണം.
എള്ള്
സസ്യസംരക്ഷണ നടപടികൾ ആവശ്യാനുസരണം നടത്തുക. 15 – 20 ദിവസം ഇടവിട്ട് ജലസേചനം ചെയ്യണം.
മരച്ചീനി
കുംഭക്കപ്പയ്ക്ക് മഴ കിട്ടുന്നില്ലെങ്കിൽ നനച്ചുകൊടുക്കണം.
ജാതി/ഗ്രാമ്പു
വിളവെടുപ്പ് തുടരുന്ന സമയമാണ് മാര്‍ച്ച്. മഴ ലഭിക്കുന്നതുവരെ 5 ദിവസത്തിലൊരിക്കൽ നന്നായി നനയ്ക്കണം. ചുവട്ടിൽ പുതയിടുക. കനത്ത വെയിലുണ്ടെങ്കിൽ തണൽ നൽകണം. എന്നാൽ തണലധികമായാൽ കായ്പിടുത്തം കുറയും.
കശുമാവ്
കശുമാവിൻതോട്ടത്തിലെ മുഴുവൻ കളകളും ചെത്തിപ്പറിച്ച് തടങ്ങളിൽ പുതയിട്ടുകൊടുക്കണം. വേനല്‍ക്കാലത്ത് തോട്ടത്തിനുചുറ്റും ഫയർബെൽറ്റ് ഉണ്ടാക്കാന്‍മറക്കരുത്. തോട്ടത്തിനുചുറ്റുപാടും അഞ്ചുമീറ്ററോളം വീതിയിൽ കരിയിലകളും ചപ്പുചവറുകളും നീക്കംചെയ്ത് തീപടരാനുള്ള സാധ്യത ഒഴിവാക്കുന്നതിനെയാണ് ഫയർബെൽറ്റ് എന്നുപറയുന്നത്. വേനല്‍ തീരുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഫയര്‍ബെല്‍റ്റ് തൂത്തുവൃത്തിയാക്കുന്നത് തോട്ടത്തിലേക്ക് തീ പടരുന്നത് തടയും.
വൈകിപ്പൂക്കുന്ന കശുമാവിനങ്ങളിൽ തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പിൻസത്തടങ്ങിയ ജൈവകീടനാശിനികൾ തളിച്ചുകൊടുക്കണം. ഈ സമയത്ത് തടിതുരപ്പൻപുഴുവിന്റെ ആക്രമണവും വരാം. പുറമെ കാണുന്ന വേരിലും തടിയുടെ ചുവട്ടിലുമാണ് ഇതിന്റെ ഉപദ്രവം. പുഴുവുള്ള ഭാഗത്ത് സുഷിരമുണ്ടാകും. അതിലൂടെ ചണ്ടി പുറത്തേക്ക് വരും. ഇതാണ് തടിതുപ്പനെ അറിയാനുള്ള ലക്ഷണം. സുഷിരം കാണുന്ന ഭാഗം ചെത്തിയാൽ പുഴു തുരന്നുപോയ വഴി കാണാം. മൂർച്ചയുള്ള ഉളികൊണ്ട് സുഷിരം വൃത്തിയാക്കി പുഴുവിനെ പുറത്തെടുത്ത് കൊ ല്ലുക. എന്നിട്ട് മുറിവില്‍ വേപ്പെണ്ണ തേച്ച് കെട്ടിവയ്ക്കണം. രണ്ടാഴ്ച കൂടുമ്പോൾ തടിതുരപ്പനെത്തിയിട്ടുണ്ടോ എന്നുനോക്കുന്നത് നല്ലതാണ്. ആക്രമണം തുടര്‍ന്നാല്‍ കശുമാവുണങ്ങിപ്പോകാൻ സാധ്യതയുണ്ട്.
കശുമാവില്‍ വിളവെടുപ്പിന്റെ കാലമാണിത്. വിത്തിനുള്ള അണ്ടിശേഖരണവും ഇതോടൊപ്പം തുടരാം. അത്യുത്പാദനശേഷിയുള്ള ഇനങ്ങളിൽ നിന്ന് ഒട്ടുകമ്പ് ശേഖരിച്ച് ഒട്ടുതൈ ഉണ്ടാക്കുകയും ചെയ്യാം.