സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടാവശ്യത്തിന് കുരുമുളക് ലഭിക്കാനുള്ള എളുപ്പവഴിയാണ് ‘കുറ്റിക്കുരുമുളക്’ (ബുഷ് പെപ്പർ). ചെടിച്ചട്ടികൾ, പഴയ ബക്കറ്റ്, പ്ലാസ്റ്റിക് ബക്കറ്റ്, ചാക്കുകൾ, വീഞ്ഞപ്പെട്ടികൾ ഇവയിലെല്ലാം കുരുമുളക് നടാം.
വീട്ടിൽ സൗകര്യപ്രദമായി എവിടെയും വെക്കാം. വീട്ടമ്മമാർ കുറച്ച് താത്പര്യമെടുത്താൽ, കുറ്റിക്കുരുമുളക് തൈകൾ വീട്ടിൽതന്നെ തയ്യാറാക്കാം. തൈകൾ നട്ടുപരിചരിച്ചാൽ ആദ്യ കൊല്ലംതന്നെ നല്ലവണ്ണം കായ്ച്ചുതുടങ്ങും.
ഒരു ചെടിയിൽനിന്ന് കുറഞ്ഞത് 250 ഗ്രാം മുളകെങ്കിലും കിട്ടും. നന്നായി കായ്പിടുത്തമുള്ള കുരുമുളക് ചെടിയുടെ പ്രധാന തണ്ടിൽനിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വശിഖരങ്ങൾ മൂന്നുമുതൽ അഞ്ചുവരെ മുട്ടോടുകൂടി മുറിച്ചെടുത്ത് അതിലെ ഇലകൾ ഞെട്ടൽപ്പം നിർത്തി മുറിക്കണം.
നന്നായി വിളവേകുന്നതും 8-10 വർഷത്തോളം മൂപ്പുള്ളതുമായ മാതൃകൊടിയിൽനിന്ന് ഒരുവർഷം പ്രായമായ ശിഖരങ്ങളാണ് മുറിച്ചെടുത്ത് വേരോട്ടമുണ്ടാക്കാൻ നടേണ്ടത്.
നല്ല, വിസ്താരമേറിയ ഉദ്ദേശം 45 സെന്റീമീറ്റർ ഉയരവും 30 സെന്റീമീറ്റർ വ്യാസവുമുള്ള ചെടിച്ചട്ടിയുടെ അടിഭാഗത്ത് ദ്വാരമിട്ട് ചരൽ, ഓട്ടുകഷ്ണം ഇവ നിരത്തിയിടണം. ശരിയായ നീർവാർച്ച കിട്ടാനിതുവഴി പറ്റും. 2:1:1 എന്നയനുപാതത്തിൽ മണ്ണ്, മണൽ, ചാണകപ്പൊടി ഇവ കലർത്തിയ മിശ്രിതം ചട്ടിയിൽ നിറയ്ക്കണം.
ഇങ്ങനെ നടീൽമിശ്രിതം, നിറച്ചുവെച്ച ചട്ടിയിൽ പാർശ്വശിഖരങ്ങൾ നടാം. നഴ്സറിയിൽനിന്നും പോളിബാഗിൽ നട്ടിരിക്കുന്ന ബുഷ് പെപ്പർ നടീൽ തൈകൾ ലഭിക്കും.
ഇതു വാങ്ങി ചട്ടിയുടെ നടുഭാഗത്തിറക്കിവെച്ച് കവർ ബ്ലേഡിനാൽ മുറിച്ചുനീക്കി നല്ല ബലത്തിൽ ചട്ടിയിൽ നടണം. സ്വന്തമായി നമ്മുടെ വീട്ടുപറമ്പിൽതന്നെ കുറ്റിക്കുരുമുളക് തൈകൾ തയ്യാറാക്കുമ്പോൾ വേരുപിടിക്കാനൽപ്പം അമാന്തമുണ്ടാവാറുണ്ട്. ഇതിന് പരിഹാരമായി പാർശ്വശിഖരങ്ങൾ മുറിച്ചയുടനെ വേരുപിടിക്കുന്ന ഹോർമോണിൽ മുക്കി നട്ടാൽമതി.
ഹോർമോൺ ലായനിയിലോ ഹോർമോൺ പൊടിയിലോ പാർശ്വശിഖരത്തിന്റെ ചുവട് മുക്കി നടണം. ഇൻഡോർ ബ്യൂട്ടറിക്കാസിഡ്, സെറാഡിക്സ് ബി-2, കെരാഡിക്സ്, റൂട്ടെക്സ് എന്നീ പേരിലെല്ലാം വേരുപിടിത്തഹോർമോൺ ലഭ്യവുമാണ്. അഗ്രോവെറ്റ് പുറത്തിറക്കുന്ന അപ്പിക്കാറൂട്ടെക്സും പ്രചാരത്തിലുണ്ട്. 45 സെക്കൻഡ് നേരം ലായനിയിൽ കമ്പു മുക്കിയിട്ടാണ് നടേണ്ടത്.
ചെടിച്ചട്ടിയിൽ വേരുവന്നതിനുശേഷം മൂന്നു മാസത്തിലൊരിക്കൽ കാലിവളം 50 ഗ്രാം വീതം മണ്ണിലിളക്കി ചേർക്കണം. മണ്ണിരവളം ചേർക്കുന്നതു നല്ലതാണ്. മാസത്തിലൊരിക്കൽ എൻ.പി.കെ.: 10:4:4 രാസവളമിശ്രിതം, 20 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ചുവട്ടിൽ ഒഴിച്ചിളക്കുന്നത് നല്ലതാണ്. എന്നാൽ, രാസവളം ഏറെ നൽകാൻ പാടില്ല. ഇനി രാസവളം ഒഴിവാക്കുന്നവർ സ്യൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ട്രൈക്കോഡെർമ-വേപ്പിൻപ്പിണ്ണാക്ക് മിശ്രിതം ഇടയ്ക്ക് ചേർക്കുന്നതും നല്ലതാണ്.
ചെടി വളർന്നുവരുന്നതിനനുസരിച്ച് വശത്തേക്ക് വളരുന്ന ശാഖകൾ, മുറിച്ചു നേരെനിർത്തി, കുറ്റിരൂപത്തിൽ (ബുഷ്) നിലനിർത്താൻ ശ്രദ്ധിക്കണം. വീട്ടാവശ്യം നിറവേറ്റാൻ 3-4 ചെടിച്ചട്ടിയിൽ കുറ്റിക്കുരുമുളക് നട്ടാൽ മതി. ചെടിച്ചട്ടിയിൽ നല്ല നിറം തേയ്ച്ചാൽ വീടിനുമുകളിലും ഉദ്യാനത്തിലും കുറ്റിക്കുരുമുളക് നല്ല ഭംഗിയായിരിക്കും.