അറിവുശേഖരം
കര്‍ഷകരുടെ ചോദ്യങ്ങളും അതിനു കാര്‍ഷിക വിദഗ്ദ്ധരോ പരിചയസമ്പന്നരായ കര്‍ഷകരോ നല്‍കുന്ന ഉത്തരങ്ങളും ഇവിടെ സമാഹരിച്ചിരിക്കുന്നു. ഇതിലുള്‍പ്പെടാത്ത കൃഷിസംബന്ധമായ ഏതെങ്കിലും സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചോദിക്കാം.
നെല്ല്
മുണ്ടകന് നിലമൊരുക്കുന്ന സമയത്ത് ചാണകം ഏക്കറിന് 2 ടൺ എന്ന തോതിലോ മണ്ണിരക്കമ്പോസ്റ്റ് ഏക്കറിന് 1 ടൺ എന്ന തോതിലോ ചേർക്കണം. അമ്ലാംശം കൂടുതലുള്ള മണ്ണിൽ ഏക്കറിന് 140 കി.ഗ്രാം എന്ന തോതിൽ കുമ്മായം അടിവളമായി ചേർക്കണം. കുമ്മായം ചേർക്കുമ്പോൾ പാടത്ത് വെള്ളം കെട്ടിനിൽക്കാൻ പാടില്ല. 48 മണിക്കൂറിനുശേഷം വെള്ളംകയറ്റി കഴുകിയിറക്കണം. കുമ്മായമിട്ടശേഷം ഒരാഴ്ചകഴിഞ്ഞുമാത്രമേ രാസവളം ചേർക്കാൻ പാടുള്ളൂ. പ്രാദേശിക പ്രത്യേകതകളുടെയും മണ്ണുപരിശോധനയുടെയും അടിസ്ഥാനത്തിൽ വിദഗ്ദ്ധാഭിപ്രായം സ്വീകരിച്ചാകണം വളപ്രയോഗം.
വിതയ്ക്കുന്നതിന് ഡ്രംസീഡറോ പറിച്ചുനടീലിന് യന്ത്രമോ ഉപയോഗിക്കാം. യന്ത്രമുപയോഗിക്കുന്നിടത്ത് പായ്ഞാറ്റടി തയ്യാറാക്കണം. യന്ത്രനടീൽ, നെല്ല് വീഴാതെ വിളവുകൂട്ടാൻ സഹായിക്കും. വിത്തുമുളപ്പിക്കുന്ന സമയത്ത് സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുന്നത് രോഗനിയന്ത്രണത്തിനു സഹായിക്കും. ഇതിനായി 1 കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ 1 ലിറ്റർ വെള്ളത്തിൽ 12-16 മണിക്കൂർ കുതിർത്തശേഷം സാധാരണപോലെ മുളപ്പിച്ച് വിതയ്ക്കാം.
സെപ്തംബറിൽ നടുകയോ വിതയ്ക്കുകയോ ചെയ്ത പാടങ്ങളിൽ ഈ മാസം മേൽവളം ചേർക്കാം. നട്ട് മൂന്നാഴ്ച കഴിഞ്ഞും വിതച്ച് നാലരയാഴ്ച കഴിഞ്ഞും വളപ്രയോഗം നടത്തണം. ഇതിന് ഒരാഴ്ച മുമ്പ് ഏക്കറിന് 100 കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം. രാസവളപ്രയോഗത്തിനു മുമ്പ് പാടത്തുനിന്നും വെള്ളം വാർത്തുകളയണം. വളപ്രയോഗത്തിനുശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രമേ വെള്ളം കയറ്റാവൂ. നെൽച്ചെടിക്ക് 45 ദിവസം പ്രായമാകുന്നതുവരെ കളശല്യം നിയന്ത്രിക്കണം. ഓലചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരെ പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞ് 7 മുതൽ 10 ദിവസത്തെ ഇടവേളകളിൽ 5 മുതൽ 6 തവണ വരെ ട്രൈക്കോകാർഡുകൾ പാടത്ത് നാട്ടണം. വിതയ്ക്കുന്ന പാടങ്ങളിൽ 25 ദിവസങ്ങൾക്കുശേഷം കാർഡ് വയ്ക്കാം. ഓരോ പ്രാവശ്യവും പുതിയ കാർഡ് തന്നെ വാങ്ങിവയ്ക്കാൻ ശ്രദ്ധിക്കുക.
നെല്ലിലെ കുലവാട്ടം, പോളരോഗം എന്നീ രോഗങ്ങൾക്കെതിരെ സ്യൂഡോമോണാസ് ഫലപ്രദമായി ഉപയോഗിക്കാം. പറിച്ചു നടുന്നതിനുമുമ്പ് ഞാറ് 20 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റർ വെള്ളത്തിൽ തയ്യാറാക്കിയ ലായനിയിൽ മുക്കിയശേഷം നടാം. അല്ലെങ്കിൽ ഈ തോതിൽ തയ്യാറാക്കിയ ലായനി പാടത്ത് തളിച്ച് കൊടുക്കാം. ഇതേ ബാക്ടീരിയൽ കൾച്ചർ 1 കി.ഗ്രാം, 50 കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേർത്തുവെച്ചശേഷം വിതറാവുന്നതാണ്. കുട്ടനാടൻ പാടങ്ങളിലും കോൾപ്പാടങ്ങളിലും വെള്ളം വറ്റിച്ച ശേഷം വിത തുടങ്ങണം.
തെങ്ങ്
തുലാമഴയ്ക്ക് മുമ്പായി തെങ്ങിൻ്റെ ഇടകിളക്കലും മണ്ടവൃത്തിയാക്കലും നടത്തണം. തുലാമഴ പരമാവധി തോട്ടത്തിൽ പിടിച്ചു നിർത്താൻ ചാലുകളിൽ തൊണ്ട് മലർത്തിയടുക്കി മണ്ണിട്ടുമൂടുക, മഴക്കുഴികളെടുക്കുക, തെങ്ങിൻതടത്തിൽ പച്ചിലകൾകൊണ്ട് പുതയിടുക തുടങ്ങിയ മാർഗ്ഗങ്ങൾ അനുവർത്തിക്കാവുന്നതാണ്.
തീരപ്രദേശങ്ങളിലും മണൽപ്രദേശങ്ങളിലും മഴയ്ക്കുമുമ്പ് മണ്ണ് കൂന കൂട്ടാവുന്നതാണ്. ഇത് കളശല്യം കുറയ്ക്കാനും കൂടുതൽ ജലം മണ്ണിലേക്ക് ഊർന്നിറങ്ങാനും സഹായിക്കും. പയർവർഗ്ഗങ്ങൾ. പച്ചക്കറികൾ, വാഴ തുടങ്ങിയവ ഇടവിളയായി കൃഷിചെയ്യാൻ പറ്റിയ സമയമാണിത്. തെങ്ങിൻ്റെ മണ്ട വൃത്തിയാക്കുന്ന അവസരങ്ങളിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിനായി മണലും ഉപ്പും കലർത്തിയിടണം. കൊമ്പൻചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാൻ മെറ്റാറൈസിയം കൾച്ചർ വളക്കുഴികളിൽ ഒരു ക്യൂബിക്കടിക്ക് 80 മില്ലി ലിറ്റർ എന്ന തോതിൽ ചേർത്തുകൊടുക്കണം. പൂങ്കുലചാഴിയെ നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികളായ നിം ബിസിഡിൻ, നീമസാൾ തുടങ്ങിയവ നാല് മില്ലിലിറ്റർ 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും ഫലപ്രദമാണ്.
തവാരണയിൽ പാകി ആറുമാസത്തിനകം മുളക്കാത്ത വിത്തുതേങ്ങ നീക്കം ചെയ്യുക.
സെപ്റ്റംബർ മാസത്തിൽ വളപ്രയോഗം നടത്താത്ത തോട്ടത്തിൽ വളപ്രയോഗം നടത്തുക.
കൂമ്പുചീയലിനുള്ള സാദ്ധ്യത കൂടുതലുള്ള സമയമാണ്. രോഗം വരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലാരംഭത്തിൽ തന്നെ അന്തർവ്യാപന ശേഷിയുള്ള പൊട്ടാസ്യം ഫോസ്ഫണേറ്റ് (അകോമിൻ) എന്ന കുമിൾനാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കിൽ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിനായി തെങ്ങൊന്നിന് 1.5 മി.ലി. അക്കോമിൻ 300 മി.ലി. വെള്ളത്തിൽ ചേർത്ത് കുരുത്തോലയുടെ തൊട്ടടുത്തുള്ള ഓലക്കവിളുകളിൽ മഴയില്ലാത്ത ദിവസങ്ങളിൽ ഒഴിക്കണം. കൂമ്പുചീയൽ ബാധിച്ച തെങ്ങുകളിൽ കേടുവന്ന ഭാഗം വെട്ടിമാറ്റി ബോർഡോക്കുഴമ്പ് തേയ്ക്കുക.
കമുക്
കളനിയന്ത്രണത്തിനും തുലാമഴ മണ്ണിലേക്കിറക്കുന്നതിനും കൊത്തുകിള നടത്തുക. സെപ്തംബറിൽ വളപ്രയോഗം നടത്തിയില്ലെങ്കിൽ കവുങ്ങിനു ചുറ്റും 0.75-1.0 മീറ്റർ അകലത്തിൽ 15-20 സെ.മീ. ആഴത്തിൽ എടുത്ത തടങ്ങളിൽ വളപ്രയോഗം നടത്തുക. വേരുപടലം മുകളിൽ കാണുന്നുണ്ടെങ്കിൽ മണ്ണിട്ടു കൊടുക്കുക. വേപ്പിൻപിണ്ണാക്ക് 2 കി.ഗ്രാം എന്ന തോതിൽ ചേർത്തുകൊടുക്കാം.
കുരുമുളക്
നടീൽവസ്തുക്കൾ ശേഖരിക്കുന്നതിനായുള്ള മാതൃവള്ളികൾ തെരഞ്ഞെടുക്കുക. ഇളംകൊടികൾക്ക് തണൽ ക്രമീകരിച്ചു നൽകുക. കളനിയന്ത്രണവും പുതയീടിലും നടത്തണം. പൊള്ളുവണ്ടിൻ്റെ ശല്യംകാണുന്ന പ്രദേശങ്ങളിൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കുക.
ഇഞ്ചി, മഞ്ഞൾ
നല്ല വിളവ് ലഭിക്കുന്നതിനായി കളയെടുപ്പും മണ്ണുകൂട്ടി കൊടുക്കലും തുടരാം. വിത്തെടുക്കുന്നതിനായി രോഗരഹിതവും ആരോഗ്യവുമുള്ള ചെടികൾ നിൽക്കുന്ന തടങ്ങൾ തെരഞ്ഞെടുക്കുക. ഇഞ്ചിയുടെ മൂടുചീയൽ കണ്ടാൽ അവ പിഴുതുമാറ്റി ബോർഡോമിശ്രിതം ഒഴിച്ചുകൊടുക്കുക. മഞ്ഞളിൻ്റെ രോഗങ്ങൾക്കെതിരെയും ബോർഡോമിശ്രിതം ഫലപ്രദമാണ്.
ഏലം
ഏലത്തിന്റെ വിളവെടുപ്പുകാലമാണ്. പറിച്ചെടുത്ത കായ്കൾ നന്നായി ഉണക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കുക.
വാഴ
നേന്ത്രൻ നനകൃഷി തുടരാം. കീടരോഗബാധയില്ലാത്ത നല്ല കുല തരുന്ന മാതൃവാഴയിലെ കന്നുകളാണ് വേണ്ടത്. 3-4 മാസം പ്രായമുള്ള ആരോഗ്യമുള്ള സൂചിക്കന്നുകൾ വേണം തെരഞ്ഞെടുക്കാൻ. വിളവെടുത്ത് 10 ദിവസത്തിനുള്ളിൽ കന്നുകൾ ഇളക്കിമാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറയ്ക്കാൻ സഹായിക്കും. കന്നുകളുടെ മുകൾഭാഗം 15-20 സെ.മീറ്റർ നീളത്തിൽ മുറിച്ചുനീക്കണം. ചാണകവെള്ളവും ചാരവും കലർന്ന ലായനിയിൽ വാഴക്കന്നുകൾ നന്നായി മുക്കിയശേഷം മൂന്നുനാലു ദിവസം വെയിൽ നേരിട്ടു തട്ടാത്തവിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചയോളം ഇവ തണലിൽത്തന്നെ ഉണക്കി നടാനുപയോഗിക്കാം. വാഴക്കന്നുകൾക്ക് നിമാവിരശല്യം വരാതിരിക്കാൻ ചൂടുവെള്ളത്തിൽ കന്നുകൾ 20 മിനിറ്റ് മുക്കിവയ്ക്കണം. നടുന്നതിന് മുമ്പ് വാഴക്കന്നുകൾ 2% വീര്യമുള്ള (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) സ്യൂഡോമോണാസ് ഫ്ളൂറസൻസ് ലായനിയിൽ മുക്കിവയ്ക്കണം. 50 സെൻ്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ കാൽ മുതൽ അര കി.ഗ്രാം കുമ്മായം ചേർത്ത് പരുവപ്പെടുത്തണം. അടിവളമായി 10കി.ഗ്രാം കാലിവളമോ മണ്ണിരകമ്പോസ്റ്റോ ഒരുകിലോ വേപ്പിൻപിണ്ണാക്കോ ചേർക്കണം. ജൈവവളത്തിൻ്റെ കൂടെ ട്രൈക്കോഡെർമ ചേർക്കുന്നതും നന്ന്. വരികളും ചെടികളും തമ്മിൽ 2 മീറ്റർ ഇടയകലം നൽകണം. ജീവാണുവളമായ പി.ജി.പി.ആർ. മിശ്രിതം 50 ഗ്രാം ഒരു ചുവട്ടിൽ ചേർക്കുന്നതും നല്ലതാണ്.
ഇടവിളയായി ചീര, വെള്ളരി, പയർ, മുളക് എന്നിവ നടാം. വാഴക്കന്ന് നട്ടതിനുശേഷം പച്ചിലവളച്ചെടികളായ ചണമ്പ്, ഡെയിഞ്ച, വൻപയർ തുടങ്ങിയവയുടെ വിത്ത് ഒരു വാഴയ്ക്ക് 20 ഗ്രാമെന്നതോതിൽ വിതയ്ക്കാം. നടുന്ന സമയം 90 ഗ്രാം യൂറിയ, 325 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കണം. നട്ട് ഒരു മാസം കഴിഞ്ഞവയ്ക്ക് ഇവ 65 ഗ്രാം, 250 ഗ്രാം, 100 ഗ്രാം എന്ന തോതിൽ ചേർക്കണം.
പച്ചക്കറികൾ
പച്ചക്കറിയുടെ വിത്തുപാകലും പറിച്ചുനടീലും തുടരാം. സെപ്റ്റംബറിൽ നട്ട പച്ചക്കറികൾക്ക് ആവശ്യമായ വളപ്രയോഗവും ജൈവകീടരോഗനിയന്ത്രണ മാർഗ്ഗങ്ങളും നടത്തുക.
ശീതകാലപച്ചക്കറിക്കൃഷിക്കുള്ള സമയം അടുത്തുവരികയാണ്. നവംബർ-ഡിസംബർ മാസമാണ് ഇത് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം. കാബേജ്, കോളിഫ്ളവർ എന്നിവ വിത്തുപാകിയാണ് നടുന്നതെങ്കിൽ ഈ മാസം പകുതിയോടെയെങ്കിലും പാകണം. ഇവയുടെ വിത്തുകൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിൻ്റെ ജില്ലാകേന്ദ്രങ്ങളിലും, കൃഷിവകുപ്പ് ഫാമുകളിലും നാഷണൽ സീഡ്സ് കോർപ്പറേഷൻ (0491-2566414), (0471-2343974, അഗ്രോ സൂപ്പർ ബസാർ (0471-2471347) എന്നിവിടങ്ങളിലും ലഭിക്കും.
(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)
നെല്ല്
അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുന്ന കാലാവസ്ഥയാണിപ്പോള്‍. ഈ സമയം നെല്ലിൽ ഓലചുരുട്ടിപ്പുഴുവിൻ്റെ ആക്രമണമുണ്ടാകാം. ഒരേക്കർ പാടശേഖരത്തിന് 2 സിസി ട്രൈക്കൊഗ്രമ്മ കാർഡ് എന്ന കണക്കില്‍ ചെറുകഷണങ്ങളാക്കി മുറിച്ച് വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി സ്ഥാപിച്ച് ഓലചുരുട്ടിപ്പുഴുവിനെ തടയാനാകും. ഒന്നോ രണ്ടോ ആഴ്ച ഇടവേളയിൽ ഇത് ആവര്‍ത്തിക്കണം. ഓലചുരുട്ടിപ്പുഴുവിൻ്റെ ആക്രമണം കാണുകയാണെങ്കിൽ 2 ഗ്രാം അസഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുകയും ആവാം. ഓലചുരുട്ടിയുടെയോ തണ്ടുതുരപ്പന്റെയോ ആക്രമണം രൂക്ഷമാവുകയാണെങ്കിൽ, പാടത്തെ വെള്ളം വാർത്തുകളഞ്ഞശേഷം, രണ്ടുകിലോ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് ഒരു ഏക്കറിന് എന്ന നിരക്കിൽ വിതറാവുന്നതാണ്.
മേയ്മാസത്തില്‍ പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെ രണ്ടാം മേൽവളം നൽകേണ്ടതുണ്ട്. കഴിഞ്ഞമാസം നട്ട പാടങ്ങളിൽ ചിനപ്പു പൊ ട്ടുന്ന സമയത്ത് ആദ്യ മേൽവളപ്രയോഗം നടത്തണം. വളം നൽകുന്നതിന് ഒരുദിവസം മുമ്പ് പാടത്തുനിന്ന് വെള്ളം വാർത്തുകളയണം. വളം വിതറിയ ശേഷം കുറഞ്ഞത് 12 മണിക്കൂർ കഴിഞ്ഞശേഷം പാടത്തേക്ക് വെള്ളംകയറ്റാം. വെള്ളക്കെട്ടുള്ള പാടങ്ങളിൽ യൂറിയ ലായനിയാക്കി ഇലകളിൽ തളിച്ചുകൊടുക്കാം. ഇതിനായി 10 ലി. വെള്ളത്തിൽ അര കിലോഗ്രാം പുതിയ യൂറിയ കലക്കി തയ്യാറാക്കിയ ലായനി തളിക്കണം. പോളരോഗം സ്ഥിരമായി കാണുന്ന സ്ഥലമാണെങ്കില്‍ ആകെ നിർദ്ദേശിച്ചിട്ടുള്ളതിൻ്റെ പകുതിഭാഗം പൊട്ടാഷ് കൂടി ചേർത്തുകൊടുക്കണം. വളപ്രയോഗത്തിനു മുൻപ് കളയെടുപ്പ് നടത്താന്‍ മറക്കരുത്.
കീടരോഗങ്ങൾക്കെതിരെ സംയോജിത നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കണം. നട്ട പാടങ്ങളിൽ, പ്രത്യേകിച്ച് വൈകി നട്ട പാടങ്ങളിൽ ഗാളീച്ചയുടെ ഉപദ്രവമുണ്ടാവാം. ഞാറ്റടി മുതൽ കതിർവരെയുള്ള ഏതു പ്രായത്തിലും അതുണ്ടാവും. ഞാറിൽ കീടബാധയുണ്ടായാൽ ചെടിയുടെ ചുവടുഭാഗം വീർത്തിരിക്കുന്നതായും കൂടുതൽ ചിനപ്പു പൊട്ടുന്നതായും കാണാം. അതു കഴിഞ്ഞാൽ നാമ്പിലയ്ക്ക് പകരം വെള്ളക്കൂമ്പ് അല്ലെങ്കിൽ തിരിയുടെ ആകൃതിയിൽ പൊള്ളയായ കുഴലുകൾ കാണും. വയലിൽ വിളക്കുകെണി സ്ഥാപിക്കുന്നത് ഗാളീച്ചയെ ഒരുപരിധിവരെ ആകർഷിച്ചു നശിപ്പിക്കും. ഓലചുരുട്ടി, തണ്ടുതുരപ്പൻ, ശലഭങ്ങൾ, മുഞ്ഞ, ചാഴി എന്നിവയേയും വിളക്കുകെണി ആകർഷിച്ചു നശിപ്പിക്കാം. കുഴൽപ്പുഴുവിൻ്റെ ആക്രമണം കാണുന്നെങ്കിൽ വെള്ളം വാർത്തു കളയണം.
ചിനപ്പു പൊട്ടുന്നതുമുതൽ അടിക്കണപ്പരുവം വരെ പോളരോഗത്തിനു സാദ്ധ്യതയുണ്ട്. ഇതിനെതിരെ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം.
പൊക്കാളിപ്പാടങ്ങളിൽ രണ്ടാംവാരത്തോടെ പറിച്ചുനടീൽ നടത്തണം. പറിച്ചുനടുന്നതിനു മുമ്പായി ഏക്കറിന് 200 കി.ഗ്രാം കുമ്മായം ചേർക്കണം. വിതകഴിഞ്ഞ കുട്ടനാടൻപാടങ്ങളിൽ നെല്ലിന് 14-22 ദിവസം പ്രായമാകുന്നതുവരെ കളനിയന്ത്രണം മുടങ്ങരുത്. ജൂൺ അവസാനം വിതകഴിഞ്ഞ പാടങ്ങളിൽ 10-15 ദിവസത്തിനുശേഷം അടിവളവും ജൂൺ ആദ്യവാരം വിതകഴിഞ്ഞ പാടങ്ങളിൽ 30-35 ദിവസത്തിനുശേഷം മേൽവളവും പ്രയോഗിക്കണം.
നെല്ല് കരക്കൃഷി ചെയ്ത സ്ഥലങ്ങളിൽ വളപ്രയോഗം നടത്തണം. നട്ട് 2-3 ആഴ്ചയിലും 5-6 ആഴ്ചയിലും കളയെടുപ്പ് തുടരണം. ചിതൽശല്യത്തിന് മെറ്റാറൈസിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം.
തെങ്ങ്
മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾരോഗങ്ങളാണ് ചെന്നീരൊലിപ്പ്, കൂമ്പുചീയൽ എന്നിവ. ചെന്നീരൊലിപ്പുള്ള തെങ്ങുകളിൽ തടിയിൽനിന്ന് ചെറുതായി കടുത്ത തവിട്ടുനിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതായി കാണാം. ഇത്തരം തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിൻപിണ്ണാക്ക് ചേർക്കണം. കറയൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോർഡോക്കുഴമ്പോ തേയ്ക്കുക. രണ്ടുദിവസത്തിനുശേഷം കോൾടാർ പുരട്ടാം. പുതിയ കൂമ്പ് വരുന്നതുവരെ മഴ കൊള്ളാതെ സംരക്ഷിക്കണം. കാറ്റുവീഴ്ച ബാധിച്ച തെങ്ങിൻതോട്ടങ്ങളിൽ കൂമ്പുചീയൽരോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിൻ്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തിമാറ്റി തീയിട്ടു നശിപ്പിക്കുക. പിന്നീട് ബോർഡോകുഴമ്പ് പുരട്ടി വെള്ളമിറങ്ങാത്തവിധം മൺചട്ടികൊണ്ടു മൂടിവയ്ക്കുക. കൂടാതെ, ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തെങ്ങോലകളിൽ തളിച്ചുകൊടുക്കുകയും വേണം. വർഷത്തിൽ 10 തേങ്ങയിലും കുറവുലഭിക്കുന്ന തെങ്ങുകളും സാരമായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനുശേഷം രോഗപ്രതിരോധശേഷിയും അത്യുല്പാദനശേഷിയുമുള്ള ഇനങ്ങള്‍ നടണം.
മഴസമയത്ത് തെങ്ങിൻതൈകൾ നടാവുന്നതാണ്. അംഗീകൃത നഴ്സറികളിൽനിന്ന് നല്ല ഗുണമേൻമയുള്ള ഇനം നടാനായി തിരഞ്ഞെടുക്കുക. തൈകൾ നടുന്നതിന് സ്ഥലത്തെ മണ്ണിൻ്റെ ഘടന അനുസരിച്ച് കുഴിയുടെ വലിപ്പം തീരുമാനിക്കുക. മണൽ പ്രദേശത്ത് 75സെ.മീ X 75സെ.മീ X 75 സെ.മീ, വെട്ടുകല്‍പ്രദേശത്ത് 1.2മീ x 1.2 മീ x 1.2 മീ, മറ്റ് സ്ഥലങ്ങളിൽ 1 മീ x 1 മീ x 1 മീ എന്നിങ്ങനെ വലിപ്പത്തിലാണ് കുഴിയെടുക്കേണ്ടത്. അതിന്റെ മുക്കാൽഭാഗത്തോളം മേൽമണ്ണും ഉണക്കച്ചാണകവും കലർത്തിയ മിശ്രിതം നിറച്ചിട്ട്, കുഴിയുടെ നടുക്ക് പിള്ളക്കുഴിയെടുത്ത് തെങ്ങിൻതൈ നടാവുന്നതാണ്.
തെങ്ങിന് കഴിഞ്ഞമാസം വളം നല്‍കാത്തവര്‍ ഈ മാസം നല്‍കണം. മഴയെ ആശ്രയിച്ചുള്ള തോട്ടങ്ങളിൽ യൂറിയ, രാജ്ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ശരാശരിയില്‍ യഥാക്രമം 250-350 ഗ്രാം, 350-600 ഗ്രാം, 400-650 ഗ്രാം വീതവും ജലസേചിതകൃഷിയുള്ള തോട്ടങ്ങളിൽ 200-270 ഗ്രാം, 275-500 ഗ്രാം, 275-500 ഗ്രാം എന്നിങ്ങനെയും നല്‍കണം.
കുരുമുളക്
വേരുപിടിപ്പിച്ച കുരുമുളകുവള്ളികൾ ഈ മാസവും നടാവുന്നതാണ്. കഴിഞ്ഞ മാസം നട്ട് വളർന്നുവരുന്ന വള്ളികൾ താങ്ങുകാലിനോട് ചേർത്തുകെട്ടുകയും പടർത്തുകയും വേണം. കുരുമുളക് തോട്ടങ്ങളിൽ വെള്ളം കെട്ടിനില്‍ക്കാൻ അനുവദിക്കരുത്. നടുന്നതിൻ്റെ കൂടെ ചാണകവും വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമ മിശ്രിതവും മണ്ണിൽ ഇട്ടുകൊടുക്കാവുന്നതാണ്. കുരുമുളകിന്റെ കൊടിത്തലകൾ ഇളകി വീണിട്ടുള്ളവ പിടിച്ചുകെട്ടണം. നിലവിലുള്ള കൊടികൾക്ക് രാസവളപ്രയോഗം തുടരാം.
തണൽ കൂടിയാൽ പൊള്ളുവണ്ടിൻ്റെ ആക്രമണവും കുമിൾരോഗങ്ങളും കൂടും. തന്മൂലം കായ്പിടുത്തം കുറയും. അതുകൊണ്ട് താങ്ങുമരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റി കഴിയുന്നത്ര സൂര്യപ്രകാശം കൊടിയിൽ പതിക്കാനുള്ള സൗകര്യമൊരുക്കണം. കുരുമുളകുതോട്ടങ്ങളിൽ ദ്രുതവാട്ടത്തിനെതിരെ മുൻകരുതലുകൾ എടുക്കണം. ദ്രുതവാട്ടം വന്ന് ഉണങ്ങിയതും കേടുവന്നതുമായ വള്ളികൾ മുറിച്ചുമാറ്റി തീയിട്ടുനശിപ്പിക്കണം. ദ്രുതവാട്ടത്തിനെതിരെ ട്രൈക്കോഡെർമ്മ എന്ന കുമിളിന്റെ കൾച്ചർ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. ഒരു കിലോഗ്രാം ട്രൈക്കോഡെർമ്മ 10 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ ചേർത്ത് നല്ല തണലുള്ളതും വെള്ളം കയറാത്തതുമായ സ്ഥലത്ത് കൂട്ടിക്കലർത്തി രണ്ടാഴ്ച്ചയിടുക. ഇടയ്ക്ക് ഇളക്കികൊടുക്കുകയും ചെറിയ ഈർപ്പം നിലനിർത്താൻ വെള്ളം തളിയ്ക്കുകയും വേണം. ഈ മിശ്രിതം കുരുമുളകുചെടിയുടെ ചുവട്ടിൽ ചേർത്തുകൊടുത്താൽ വാട്ടരോഗം വരാതിരിക്കാന്‍ ഒരു പരിധിവരെ സഹായിക്കും. അല്ലെങ്കിൽ സ്യൂഡോമോണാസ് ഒരു കിലോഗ്രാം 20 കിലോഗ്രാം ചാണകപ്പൊടിയുമായി കൂട്ടിക്കലർത്തി ഇട്ടുകൊടുക്കുന്നതും രോഗം നിയന്ത്രിക്കാൻ സഹായിക്കും.
ഇഞ്ചി, മഞ്ഞൾ
വളപ്രയോഗം, കളയെടുപ്പ്, നീർവാർച്ചയ്ക്കുള്ള ക്രമീകരണം, വാരം പിടിപ്പിക്കൽ, പുതയിടൽ മുതലായവ ചെയ്യണം. അവസാനത്തെ വളപ്രയോഗം നടത്താനും സമയമായി. നട്ട് 90 ദിവസം കഴിഞ്ഞ് ഇഞ്ചിക്ക് സെൻ്റൊന്നിന് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും മഞ്ഞളിന് 250 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും നൽകണം.
ഗ്രാമ്പൂ, ജാതി
വളപ്രയോഗം തുടരാം. തോട്ടങ്ങളിൽ നീർവാർച്ചയും കളനിയന്ത്രണവും ഉറപ്പുവരുത്തുക. കുമിൾരോഗം കണ്ടാൽ ബോർഡോമിശ്രിതം പ്രയോഗിക്കാം. കൂടാതെ ട്രൈക്കോഡെർമയും ഉപയോഗിക്കാവുന്നതാണ്.
വാഴ
വാഴയിൽ പിണ്ടിപ്പുഴുവിൻ്റെ ആക്രമണം തടയുന്നതിനായി പ്രതിരോധ നടപടികൾ സ്വീകരിക്കണം. വണ്ടുകൾ ചെടിയുടെ അവശിഷ്ടഭാഗങ്ങളിലും അഴുകിയവസ്തുക്കളിലുമാണ് ഒളിച്ചിരിക്കുന്നത്. ഇവയുടെ ആക്രമണം തടയുന്നതിന് ആദ്യമായി ചെയ്യേണ്ടത് കൃഷിയിടം വൃത്തിയാക്കി സൂക്ഷിക്കുകയാണ്. വാഴയുടെ ഉണങ്ങിയ ഇലകൾ നീക്കംചെയ്യണം. വേപ്പിൻസത്തടങ്ങിയ കീടനാശിനികൾ (1% അസാഡിറാക്റ്റിൻ) 4 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വാഴയുടെ തടഭാഗത്തും ഇലക്കവിളുകളിലും തളിക്കുന്നത് നല്ലതാണ്. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി, ഒരു ലിറ്റർ വെളളത്തിലെന്ന തോതിൽ കലക്കി ഇലക്കവിളിൽ ഒഴിക്കുക.
നേന്ത്രവാഴയ്ക്ക് ചിലയിടങ്ങളിൽ ബാക്ടീരിയമൂലമുണ്ടാകുന്ന മാണം അഴുകൽ രോഗം കാണുന്നുണ്ട്. ഇതുമൂലം ഇലകൾ മഞ്ഞളിക്കുകയും കൈകൾ ഒടിയുകയും ക്രമേണ കടയോടെ വാഴ മറിഞ്ഞുവീഴുകയും ചെയ്യും. മാണം ചീഞ്ഞ് അഴുകിയതായും കാണാം. മണ്ണിലൂടെയാണ് ഈ രോഗം പകരുന്നത് എന്നതുകൊണ്ട് ഇതിനെ നിയന്ത്രിക്കുന്നതിനായി നീർവാർച്ച ഉറപ്പുവരുത്തണം. ബ്ലീച്ചിംഗ് പൗഡർ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ വാഴയൊന്നിന് 5 ലിറ്റർ എന്ന കണക്കിന് ഒഴിച്ചു കൊടുക്കണം.
ഒരു മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയ, 250 ഗ്രാം രാജ്ഫോസ്, 100 ഗ്രാം പൊട്ടാഷ് എന്നിവ നൽകുക. 2 മാസം കഴിഞ്ഞവയ്ക്ക് 65 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും നൽകണം. നട്ട് 2 മാസമായ പാളയൻകോടന് ചുവടൊന്നിന് 110, 500, 335 ഗ്രാം വീതം യൂറിയ, രാജ്ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കാം. വെള്ളം കെട്ടിനില്‍ക്കരുത്. കളകൾ ചെത്തി ചുവട്ടിൽ മണ്ണിട്ടു മൂടണം. ഇലകരിച്ചിൽ കാണുന്നുണ്ടെങ്കിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കണം. തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണത്തിനെതിരെ ജാഗ്രത പുലർത്ത ണം. മൈക്രോന്യൂട്രിയൻ്റ് കുറവ് കാണുകയാണെങ്കിൽ കൃഷിവിദഗ്ദ്ധരുടെ ശുപാർശകൾ പാലിക്കുക.
മാവ്
കഴിഞ്ഞ മാസം നട്ട ഒട്ടുതൈകളുടെ ഒട്ടിച്ച ഭാഗത്തിനു താഴെ മുളയ്ക്കുന്ന ചിനപ്പുകൾ നീക്കം ചെയ്യണം. ചില്ലയുണക്കം കാണുന്ന മാവുകളുടെ കേടുവന്ന ഭാഗത്തിന് താഴെവെച്ചുമുറിച്ച് മുറിപ്പാടിൽ ബോർഡോക്കുഴമ്പ് തേയ്ക്കുക.
കിഴങ്ങുവർഗങ്ങൾ
രണ്ടുമാസം പ്രായമായ മരച്ചീനിക്ക് കളകൾ നീക്കി ജൈവവളം ചേർത്ത് മണ്ണ് കൂനകളിൽ കൂട്ടാം. ചേനക്കും കാച്ചിലിനും ചേമ്പിനും വളപ്രയോഗം നടത്താം.
പച്ചക്കറികള്‍
ഈ സമയം പച്ചക്കറികളിൽ ആമവണ്ടിനെ കാണാനിടയുണ്ട്. പുഴുബാധിച്ച ഇലകൾ മുറിച്ചുമാറ്റിയതിനു ശേഷം 2% വീര്യമുളള വേപ്പെണ്ണ എമൾഷൻ തളിക്കുക. പച്ചക്കറികളിൽ ഇലപ്പേനിന്റെയും മണ്ഡരിയുടെയും ആക്രമണം നിയന്ത്രിക്കാൻ ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് തളിക്കുക.
(അവലംബം: കേരള കാര്‍ഷിക സർവ്വകലാശാല, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)
- തെങ്ങ്
തെങ്ങിന് ഒന്നാംവട്ട രാസവളപ്രയോഗത്തിനുള്ള സമയമാണിപ്പോള്‍. മഴയെ ആശ്രയിച്ച് ശരാശരി - നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളില്‍ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350, 350-600, 400-650 ഗ്രാം വീതവും ജലസേചിത കൃഷിയുള്ള തോട്ടങ്ങളിൽ ഇവ യഥാക്രമം 200-270, 275-500. 275-500 ഗ്രാമും നൽകണം. സങ്കരഇനങ്ങൾക്കും അത്യുത്പാദനശേഷിയുള്ളവയ്ക്കും മഴയെ ആശ്രയിച്ച് കൃഷി നടത്തുന്നവയ്ക്ക് 350, 500, 650 ഗ്രാം വീതവും ജലസേചിതകൃഷി നടത്തുന്ന തോട്ടങ്ങളിൽ 650, 800, 1200 ഗ്രാം വീതവും ഈ വളങ്ങൾ നൽകണം.
ഈർപ്പസംരക്ഷണത്തിന് തടത്തിലോ തെങ്ങുകളുടെ വരികൾക്കിടയിൽ ചാലുകളെടുത്തോ തൊണ്ടുമൂടാം. 5-6 മീറ്റർ ഇടവിട്ട് ഒരുമീറ്റർവീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതിൽ ചപ്പുചവറുകൾ നിറയ്ക്കണം.
മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു കുമിൾരോഗമാണ് കൂമ്പു ചീയൽ. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായം കുറഞ്ഞ തെങ്ങുകളിലാണ് കൂടുതലായും കാണുന്നത്. തൈകളുടെ കൂമ്പോല മഞ്ഞ നിറമാവുകയും കടഭാഗത്തുവച്ച് തന്നെ ഒടിഞ്ഞുതൂങ്ങുകയും ചെയ്യും. ഓലകളുടെ കടഭാഗവും 2 യിലെ മൃദുകോശങ്ങളും അഴുകി ദുർഗന്ധം വമിക്കും. അഴുകൽ തടിയിലേക്ക് വ്യാപിക്കുന്നതോടെ മറ്റ് ഓലകളും ഒടിഞ്ഞു തൂങ്ങും. പ്രാരംഭത്തിൽ തന്നെ ഈ രോഗം കണ്ടുപിടിച്ചില്ലെങ്കിൽ തെങ്ങ് നശിച്ചുപോകും. രോഗം ആരംഭിക്കുമ്പോൾ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ ചെത്തിമാറ്റി ബോർഡോകുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴയിൽനിന്നു സംരക്ഷിക്കാന്‍ ആ ഭാഗം പോളിത്തീൻഷീറ്റുകൊണ്ട് പൊതിഞ്ഞുകെട്ടണം. രോഗം ബാധിച്ച തെങ്ങിൽനിന്ന് നീക്കംചെയ്ത ഭാഗങ്ങൾ കത്തിച്ചുകളയണം. രോഗം ബാധിച്ച തെങ്ങിനും ചുറ്റിനുള്ളവയ്ക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടുക്കണം.
വിത്തുതേങ്ങ പാകലും പുതിയ തൈനടീലും ഈ മാസവും തുടരാവുന്നതാണ്.
- നെല്ല്
വിരിപ്പൂകൃഷിയില്‍ നടീൽ തുടരാവുന്നതാണ്. കഴിഞ്ഞമാസം പൊടിഞാറ്റടി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ ഞാറുകൾ പറിച്ചുനടാൻ പാകമായിരിക്കും.
ചേറ്റുവിത
പറിച്ചുനടാൻ സാഹചര്യമില്ലാത്ത സ്ഥലങ്ങളിൽ മഴ ലഭിച്ച് കണ്ടം ചെളിപ്പരുവമാകുമ്പോഴാണ് വിരിപ്പിൽ ചേറ്റുവിത നടത്തേണ്ടത്. ചെളിപരുവത്തിലാക്കിയ കണ്ടങ്ങളിൽ വെള്ളം വാർത്തശേഷം മുളപ്പിച്ച വിത്ത് വിതയ്ക്കണം.
മുളപ്പിക്കുവാനെടുക്കുന്ന വിത്ത് സ്യൂഡോമോണാസ് ലായനിയിൽ മുക്കിയശേഷം വിതയ്ക്കുന്നത് കുമിൾ, ബാക്ടീരിയ ഇവമൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ പ്രതിരോധശേഷിയുണ്ടാക്കും. ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് കൾച്ചർ എന്ന തോതിൽ വിത്ത് കുതിർക്കുന്ന വെള്ളത്തിൽ കലർത്തണം. എന്നിട്ട് 12 മണിക്കൂർ സാധാരണ വിത്തുനനയ്ക്കുന്ന രീതിയിൽ കുതിരാനിടണം. അതിനുശേഷം വെള്ളം വാർത്തുകളഞ്ഞ് മുളപൊട്ടാൻ നനഞ്ഞ ചാക്കിൽ കെട്ടിവയ്ക്കാവുന്നതാണ്.
ചേറ്റുവിതയിൽ കളനിയന്ത്രണത്തിന് വിതച്ച് 3-5 ദിവസത്തിനുള്ളിൽ സോഫിറ്റ് എന്ന കളനാശിനി 6 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വെള്ളം ഒഴിവാക്കിയ കണ്ടത്തിലേക്ക് തളിച്ചുകൊടുക്കണം. 48 മണിക്കൂറിന് ശേഷം വീണ്ടും കണ്ടത്തിൽ വെള്ളം കയറ്റുകയും വേണം.
പൊടിഞാറ്റടി
ഞാറിന് മഞ്ഞളിപ്പും പുഷ്ടിക്കുറവും കണ്ടാൽ, പറിക്കുന്നതിന് 10 ദിവസം മുമ്പ് 100 ച. മീറ്ററിന് (2 1/2 സെൻ്റിന്) ഒരു കിലോഗ്രാം എന്ന തോതിൽ യൂറിയ ചേർ ത്തുകൊടുക്കാവുന്നതാണ്. ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങൾ 18-21 ദി വസത്തിനുള്ളിലും മദ്ധ്യകാലമൂപ്പുള്ളവ 21-25 ദിവസത്തിനുള്ളിലും ദീർഘകാല മൂപ്പുള്ളവ 35-45 ദിവസത്തിനുള്ളിലും പറിച്ചുനടണം. പറിച്ചുനടുന്ന പാടങ്ങളിൽ ഞാറ്റടി ഇനിയും തയ്യാറാക്കിയിട്ടില്ലെങ്കിൽ ചേറുഞാറ്റടിയോ പായ് ഞാറ്റടിയോ തയാറാക്കാം.
ചേറുഞാറ്റടി
വിരിപ്പിൽ നടുന്നതിന് ചേറുമണ്ണിൽ ഞാറ്റടി തയ്യാറാക്കാം. നല്ല സൂര്യപ്രകാശവും ജലപരിപാലനസൗകര്യവുമുള്ള വളക്കൂറുമുള്ള സ്ഥലം ഞാറ്റടിക്കായി തിരഞ്ഞെടുക്കണം. ഒന്ന് -ഒന്നരമീറ്റർ വീതിയും 5-10 സെ.മീ. ഉയരവുമുള്ള ഞാറ്റടിത്തടങ്ങൾ തയ്യാറാക്കണം. ഒരു ച.മീറ്ററിന് ഒരു കിലോഗ്രാം വീതം ഉണക്കിപ്പൊടിച്ച ചാണകമോ കമ്പോസ്റ്റോ ചേർക്കാം. നല്ല തുടമുള്ളതും 80 ശതമാനമെങ്കിലും അങ്കുരണശേഷിയുള്ളതുമായ 25 കിലോ വിത്ത് 10 സെൻ്റിൽ പാകിയാൽ ഒരേക്കറിൽ പറിച്ചുനടാൻ ആവശ്യത്തിനുള്ള ആരോഗ്യമുള്ള ഞാറ് കിട്ടും. 50 ഗ്രാം സ്യൂഡോമോണാസ് 2കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി 2 ദിവസം ചേർത്തുവച്ചശേഷം മണ്ണിൽ ഇളക്കിച്ചേർത്തുകൊടുക്കണം. വിത്ത് തുല്യമായി വീഴത്തക്കവിധം പാകി വിത്ത് മൂടത്തക്കവിധം മീതെ പൊടിമണ്ണോ മണലോ വിതറണം.
മുളപ്പിച്ച വിത്ത് ചതുരശ്ര മീറ്ററിന് 0.4-0.6 കി.ഗ്രാം എന്ന തോതിലാണ് വിതറി കൊടുക്കേണ്ടത്. പച്ചില കൊണ്ട് പുതയിടണം. 3-4 ദിവസം 2 നേരം പൂവാളി ഉപയോഗിച്ച് ചെറുതായി നനച്ചുകൊടുക്കണം. നാലാംദിവസം പുത നീക്കി ചാലുകളിൽ വെള്ളം നിറയ്ക്കണം. ഏകദേശം 12 ദിവസം കൊണ്ട് ഞാറ് പറിച്ചു നടാൻ പാകമാകും. ഞാറ് പായ്പോലെ ചുരുട്ടിയെടുക്കുന്നതിന് 6-12 മണിക്കൂർ മുമ്പ് വെള്ളം വാർത്തുകളയണം. പിന്നീട് ചെറു കഷ്ണങ്ങളാക്കി ഞാറ്റടി ട്രേയിൽ വച്ചുകൊടുക്കണം. ഒരു ഏക്കറിലേക്ക് ഒരു സെൻ്റ് പായ് ഞാറ്റടി മതിയാകും.
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ നന്നായി മഴ കിട്ടി ഈർപ്പമുണ്ടെങ്കിൽ ഇടയിളക്കി കളകൾ നീക്കംചെയ്ത് ചിനപ്പ് പൊട്ടുന്ന അവസരത്തിൽ യൂറിയ നൽകുക. ബാക്കി യൂറിയയും പൊട്ടാഷും അടിക്കണപരുവത്തിന് പത്തു ദിവസം മുൻപ് നൽകിയാൽ മതി.
രണ്ടാംകൃഷിയിറക്കുന്ന കുട്ടനാടൻ പാടങ്ങളിലും നടീൽ തുടരാം. പൊക്കാളി നിലങ്ങളിൽ കൂനകൂട്ടി വിത്തിടൽ ഈ മാസം പൂർത്തിയാക്കണം.
- കമുക്
കമുകിനെ ബാധിക്കുന്ന മഹാളി രോഗത്തിനെതിരെ മുൻകരുതൽ വേണം. അതിനായി, മഴയ്ക്കുമുമ്പ് ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചു കൊടുക്കണം.
- കുരുമുളക്
കാലവർഷം ആരംഭിക്കുന്നതോടെ തോട്ടങ്ങളിൽ വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ നടാം. ധാരാളം വേരുകളോടുകൂടിയ നല്ല വളർച്ചയെത്തിയ വള്ളികൾ നടാനായി ഉപയോഗിക്കണം. മൂന്നുവർഷത്തിനു മുകളിൽ പ്രായമുള്ള കൊടികൾക്ക് യൂറിയ, റോക്ക്ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൊടിയൊന്നിന് 50, 150, 125 ഗ്രാം വീതം ചേർക്കണം. ഒരു വർഷം പ്രായമായവയ്ക്ക് ഇവ 15, 50, 40 ഗ്രാം വീതവും രണ്ടു വർഷമായ കൊടികൾക്ക് 25, 75, 60 ഗ്രാം വീതവും കൊടിയൊന്നിന് ചേർക്കണം.
കുരുമുളകിൽ ദ്രുതവാട്ടരോഗം കാണാനിടയുണ്ട്. രണ്ട് കിലോ ട്രൈക്കോഡെർമ, 90 കിലോ ചാണകപ്പൊടിയും, 10 കിലോ വേപ്പിൻപിണ്ണാക്കുമായി കൂട്ടിക്കലർത്തി ആവശ്യത്തിന് ഈർപ്പം നിലനിൽക്കത്തക്കവണ്ണം രണ്ടാഴ്ച്ചത്തേയ്ക്കു വയ്ക്കുക. ഈ മിശ്രിതത്തിൽ നിന്ന് 2.5 കിലോ വീതം ഓരോ കുരുമുളകുചെടിക്ക് ചുവട്ടിലും ഇട്ടുകൊടുക്കുക.
കുരുമുളകുവള്ളികൾ നടുന്ന സമയമാണ്. താങ്ങുമരത്തിൽനിന്ന് 15 സെ.മീ അകലത്തിൽ വടക്കുവശത്തായി അരമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയെടുക്കുക. കുഴിയൊന്നിന് അഞ്ച് കിലോഗ്രാം എന്ന തോതിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ മേൽമണ്ണുമായി കലർത്തി കുഴിനിറക്കണം. വേരുപിടിപ്പിച്ച രണ്ടോ മൂന്നോ വള്ളികൾ ഓരോ കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണുറപ്പിക്കുന്നത് വെള്ളം കെട്ടിനിൽക്കാതിരിക്കാൻ സഹായിക്കും.
- ഇഞ്ചി
ഇഞ്ചിക്ക് രണ്ടാംവളപ്രയോഗം നടത്താനുള്ള സമയമാണിത്. ഒരു സെൻ്റിലേക്ക് 350 ഗ്രാം യൂറിയ നട്ട് 40 ദിവസം കഴിഞ്ഞും 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നട്ട് 90 ദിവസം കഴിഞ്ഞും നൽകണം. വളം ചേർത്ത് പുതയിട്ടതിനു ശേഷം വാരങ്ങൾ മൂടണം.
- മഞ്ഞൾ
മഞ്ഞളിനും രണ്ടാം വളപ്രയോഗം നടത്താവുന്നതാണ്. യൂറിയ 250 ഗ്രാം വീതം നട്ട് 40, 90 ദിവസങ്ങളിലും 500 ഗ്രാം പൊട്ടാഷ് നട്ട് 90-ാം ദിവസവും നൽകണം. വളം ചേർത്ത് പുതയിട്ടതിനു ശേഷം വാരങ്ങൾ മൂടണം.
- ഏലം
ഒന്നാം തവാരണയിൽനിന്ന് ഏലത്തൈകൾ രണ്ടാം തവാരണയിലേക്ക് പറിച്ചുനടാം. രണ്ടാം തവാരണയിലും പോളിത്തീൻ ബാഗുകളിലും ഉത്പാദിപ്പിക്കുന്ന പ്രായമായ ഏലത്തൈകൾ തോട്ടത്തിലേക്ക് നടാനായി നീക്കാം.
- വാഴ
മഴയെ ആശ്രയിച്ചുള്ള വാഴകൃഷി തുടരാം.
നേന്ത്രൻവാഴയ്ക്ക് കുലച്ചയുടനെ ചുവടൊന്നിന് 65 ഗ്രാം വീതം യൂറിയ ചേർക്കണം. അഞ്ചാംമാസം മുതൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചോളണം. പിണ്ടിപ്പുഴുവിനെതിരെ ബ്യൂവേറിയാപ്രയോഗം ഫലപ്രദമാണ്. ഇതിനായി വാഴത്തട ഒന്ന് ഒന്നരയടി നീളത്തിൽ മുറിച്ചു നെടുകേപിളർന്ന് 10 ഗ്രാം ബ്യൂവേറിയ പൊടി വിതറി തോട്ടങ്ങളിൽ അങ്ങിങ്ങായി വയ്ക്കുക. 40 വാഴകൾക്ക് ഒരു കുമിൾ പ്രയോഗിച്ച വാഴത്തട വയ്ക്കണം. ഓരോ ആഴ്ച കൂടുമ്പോഴും പുതിയ വാഴത്തട വയ്ക്കുക. ബ്യൂവേറിയ കൾച്ചറിനായി സംസ്ഥാന ബയോ കൺട്രോൾ ലാബുമായി ബന്ധപ്പെടുക. (ഫോണ്‍: 0487 2374605) CTCRIയുടെ നന്മയും ഉപയോഗിക്കാവുന്നതാണ്.
നട്ട് രണ്ടുമാസം പ്രായമായ പാളയൻകോടന് ചുവടൊന്നിന് 110, 500, 335 ഗ്രാം യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളം എന്നിവ ചേർക്കാം.
വാഴയിൽ ഇലപ്പുളളി രോഗം കാണാൻ സാധ്യതയുണ്ട്. രോഗംബാധിച്ച ഇലകൾ നീക്കം ചെയ്തതിനുശേഷം ഈ രോഗം നിയന്ത്രിക്കുന്നതിനായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക.
മഴക്കാലത്തിനുമുമ്പ് ഒരുശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിയ്ക്കുന്നതും വെള്ളം വാർന്നു പോകാനുള്ള ചാലുകൾ എടുക്കുന്നതും രോഗം വരാതിരിക്കാൻ സഹായിക്കും.
- ജാതി, ഗ്രാമ്പൂ
പുതുകൃഷിക്ക് കുഴികളെടുത്ത് തൈനടീൽ തുടരാം. വളപ്രയോഗം കഴിഞ്ഞമാസം നടത്തിയില്ലെങ്കിൽ ഇപ്പോള്‍ നടത്തണം.
ജാതിയിൽ വരുന്ന വിവിധ രോഗങ്ങളെ തടയുന്നതിനും ചെറുക്കുന്നതിനും മുൻകരുതലായി സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കുക. അല്ലെങ്കിൽ 1% വീര്യമുള്ള ബോർഡോ മിശ്രിതം കലക്കി തളിക്കുക.
- മാവ്
പുതിയ ഒട്ടുതൈകൾ നടുന്നതിന് ഈ മാസം അനുയോജ്യമാണ്. 10 വർഷത്തിനുമേൽ പ്രായമായ മരങ്ങൾക്ക് ആവശ്യമായതിന്റെ പകുതി രാസവളം 500 ഗ്രാം യൂറിയ, 900 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 750 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർക്കുക. 3-5, 6-7, 8-10 വർഷം പ്രായമുള്ളവയ്ക്ക് യഥാ ക്രമം 100, 250, 400ഗ്രാം യൂറിയ: 90, 425, 360 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 100, 200, 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർക്കുക.
- കിഴങ്ങു വർഗങ്ങൾ
കളനീക്കലും മേൽവളപ്രയോഗവും തുടരാം.
- അടുക്കളത്തോട്ടം
മഴക്കാലപച്ചക്കറിക്കൃഷി തുടരാം. വിത്തുപാകി പറിച്ചുനടൽ കനത്ത മഴ കഴിഞ്ഞ് മതി. മുളച്ച തൈകൾക്ക് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിക്കുന്നത് മഴക്കാലത്ത് കുമിൾ രോഗങ്ങൾക്കെതിരെ ഫലപ്രദമാണ്. മഴവെള്ളം ഒലിച്ചു പോകാൻ തടങ്ങളിൽ ചാലുകീറാനും നീർവാർച്ചാ സൗകര്യങ്ങളൊരുക്കാനും ശ്രദ്ധിക്കണം.
(വിവരം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കാര്‍ഷികസര്‍വ്വകലാശാല)
ചൂട് കൂടിനില്‍ക്കുന്ന മാസമാണ് മേയ്. അതിനനുസരിച്ചുള്ള കരുതല്‍ കൃഷിക്കുമാത്രമല്ല കര്‍ഷകര്‍ക്കും ആവശ്യമാണ്. കടുത്ത വെയിലിലുള്ള പണികള്‍ പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച്, പകൽ 12 മുതൽ 3 വരെയുളള സമയത്ത്. രാസകീടനാശിനികൾ ഒരു കാരണവശാലും ഈ സമയത്ത് പ്രയോഗിക്കരുത്.
വിവിധ വിളകൾക്കുള്ള പ്രത്യേക ശുപാർശകൾ
- തെങ്ങ്
വേനൽമഴ കിട്ടിത്തുടങ്ങിയാൽ തെങ്ങിൻതൈ നട്ടുതുടങ്ങാവുന്നതാണ്. തവാരണകളിൽ തയ്യാറാക്കിയ തൈകളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേകശ്രദ്ധ ആവശ്യമാണ്. 9 മുതൽ 12 മാസം വരെ പ്രായമായ നല്ല ആരോഗ്യമുള്ളതും രോഗബാധയില്ലാത്തതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. ഒൻപതുമാസം പ്രായമായ തെങ്ങിൻതൈകളിൽ ചുരുങ്ങിയത് നാല് ഓലകളെങ്കിലും ഉണ്ടായിരിക്കണം. നേരത്തെ മുളച്ചതും നേരത്തെ ഓലക്കാൽ വിരിഞ്ഞതുമായ തൈകൾവേണം നടാൻ തിരഞ്ഞെടുക്കേണ്ടത്. ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികൾ വേണം എടുക്കാൻ. മൂന്നിലൊന്നാഴത്തിൽ വളക്കൂറുള്ള മേൽമണ്ണ് കൊണ്ട് കൂനകൂട്ടിയതിനു ശേഷം കൂനയുടെ നടുവിൽ കുഴിയെടുത്ത് തൈകൾ നടാം. നടുമ്പോൾ തൊണ്ടുമാത്രം മണ്ണിനടിയിലായാൽ മതി. മഴക്കാലത്തിനുമുമ്പ് ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കുന്നതുവഴി കൂമ്പുചീയൽ, ഓലചീയൽ എന്നീ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.അന്തരീക്ഷത്തില്‍ ചൂടുകൂടിയതിനാൽ തെങ്ങിൽ വെളളീച്ചയെ കാണാൻ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കാനായി 2% വീര്യമുളള വേപ്പെണ്ണ എമൾഷൻ തയ്യാറാക്കിയതിലേക്ക് 20 ഗ്രാം ലെക്കാനിസീലിയം എന്ന മിത്രകുമിൾ ചേർത്ത് നന്നായി കലക്കി ഇലകളുടെ അടിവശത്ത് പതിയത്തക്കവിധം തളിച്ചുകൊടുക്കുക. തെങ്ങിന്റെ കൂമ്പുചീയൽ, ഓലചീയൽ തുടങ്ങിയ രോഗങ്ങൾ വരാതിരിക്കുവാനുള്ള പ്രതിരോധ നടപടികൾ ഈ മാസംതന്നെ ആരംഭിക്കണം. മണ്ട വൃത്തിയാക്കിയതിനുശേഷം 1% വീര്യമുള്ള ബോർഡോമിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിക്കണം.
- കമുക്
കമുകിൻതോട്ടങ്ങളിൽ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായമിടണം. ഒരുമരത്തിന് 500 ഗ്രാം എന്ന തോതിൽ കുമ്മായം ചേർത്തുകൊടുക്കണം. മണൽപ്രദേശങ്ങളിൽ വേരുതീനിപ്പുഴുക്കളുടെ ശല്യം രൂക്ഷമായി ഉണ്ടാകുകയാണെങ്കിൽ വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുത്താൽ മതിയാകും. കമുകിൻ തടികളിൽ, പ്രത്യേകിച്ച് സൂര്യപ്രകാശം നേരിട്ട് തട്ടുന്ന സ്ഥലങ്ങളിൽ കുമ്മായം പൂശണം. കണികാജലസേചന രീതി ( 15-20 ലിറ്റർ / ഒരു ദിവസം കമുകൊന്നിന്) അവലംബിക്കുക. കമുകിൻതടങ്ങളിൽ കരിയിലയും മറ്റും ഉപയോഗിച്ച് പുതയിടുക. കമുകിൻതൈകൾക്ക് തണൽ കൊടുക്കേണ്ടതാണ്. - നെല്ല്
നെല്‍പ്പാടങ്ങളിൽ ജലം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വൈകിവിതച്ച പാടങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. അതേസമയം, പാടത്തെപ്പോഴും വെള്ളം കെട്ടിനിർത്തുന്ന ജലസേചനരീതി ഒഴിവാക്കുന്നതാണുത്തമം. നട്ട് ഒരാഴ്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിർത്തുകയും പിന്നീട് തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുമ്പോള്‍ മാത്രം അടുത്ത നന നൽകുകയും ചെയ്യുന്ന രീതിയാണ് അഭികാമ്യം. എന്നാൽ മണ്ണ് വരണ്ടുണങ്ങുവാൻ അനുവദിക്കരുത്.
നെല്ലിൽ കതിർനിരക്കുന്ന സമയത്തുണ്ടാകുന്ന വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കും. സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/1ലിറ്റർ വെള്ളം), ബോറോൺ (2 ഗ്രാം/1 ലിറ്റർ വെള്ളം), സാലിസിലിക് അസിഡ് (50 മില്ലിഗ്രാം/1ലിറ്റർ വെള്ളം) എന്നിവയിൽ ഏതെങ്കിലുമൊന്നു തളിച്ചുകൊടുക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായകമാണ്
മൂന്നാംവിളയായി നെല്ല് കൃഷിചെയ്യുമ്പോൾ കഴിയുന്നതും ഹ്രസ്വകാല ഇനങ്ങൾ മാത്രം ഉപയോഗിക്കുക. രാസവളം നൽകുമ്പോൾ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ വളം അടിവളമായി നൽകുക. വരൾച്ചയെ പ്രതിരോധിക്കാനായി നെൽച്ചെടിയിൽ ഒരു ശതമാനം PPFM ലായനി ചിനപ്പുപൊട്ടുന്ന സമയത്തും തളിച്ചു കൊടുക്കണം.
തമിഴ്നാട് കാർഷിക സർവ്വകലാശാലയുടെ പരിചരണ മുറയാണ് PPFM (പിങ്ക് പിഗ്മെന്റ് ഫാക്കുൽറ്റേറ്റീവ് മേത്തിലൊട്രാപ്) എന്ന മിത്ര ബാക്ടീരിയ ഉപയോഗിച്ചുള്ള രീതി. വരൾച്ചയുടെ ആഘാതം കുറക്കുന്നതിന് ഇതുസഹായകമാണ്. നെല്ല്, പച്ചക്കറികൾ എന്നിവക്കാണ് ഇതു പ്രധാനമായും ഉപയോഗിക്കുക. ചെടികളുടെ ഇലകളിൽ കാണുന്ന മേത്തിലൊബാക്ടീരിയം വേർതിരിച്ചെടുത്താണ് PPFM ഉണ്ടാക്കുന്നത്. നെല്ലിൽ ഏക്കറിന് ഒരു ലിറ്റർ PPFM 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചുതളിക്കുന്നത് വരൾച്ചയെ അതിജീവിക്കാൻ സഹായിക്കും. അതിരാവിലെയോ വൈകുന്നേരമോ മാത്രമേ ഇതു തളിക്കാൻ പാടുള്ളൂ. ഇതിനോടൊപ്പം കീട-കളനാശിനികൾ ചേർക്കാൻ പാടില്ല.
നെല്ലിൽ മുഞ്ഞബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിളക്കുകെണികൾ ഉപയോഗിക്കാം. ഇതുവരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളിൽ നടീൽ അകലം/വിതയ്ക്കാനുള്ള വിത്തിന്റെ അളവ് കൃത്യമായി പാലിക്കുക. കീടബാധ രൂക്ഷമായാൽ ബുപ്രൊഫെസിൽ (2മില്ലി/ലി), ഇമിഡാക്ലോപ്രിഡ് (3 മില്ലി/10ലി), തൈയാമീതോക്സാം (2 ഗ്രാം/10ലി) എന്നിവയിലേതെങ്കിലും തളിക്കാം.
ബാക്റ്റീരിയൽ ഇലകരിച്ചിൽ
ബാക്റ്റീരിയൽ ഇലകരിച്ചിലിനെയും മറ്റു കുമിൾരോഗങ്ങളെയും ചെറുക്കാനായി 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം പച്ചചാണകം കലക്കി അതിന്റെ തെളിയെടുത്ത ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തുതളിക്കുക. - മാവ്
ഒട്ടുമാവിൻതൈകളുടെ കൊമ്പുകളിൽച്ചിലത് പെട്ടെന്നുണങ്ങി കരിഞ്ഞുപോകുന്നതായി ഈ സമയത്ത് പലയിടങ്ങളിലും കണ്ടുവരുന്നു. കൊമ്പുണക്കം കൊണ്ടാണിത്. രോഗഹേതു ഒരു കുമിളാണ്. ഉണക്ക് എവിടംവരെയായോ അതിനു തൊട്ടുതാഴെവച്ച് മൂർച്ചയുള്ള കത്തികൊണ്ട് കൊമ്പ് മുറിച്ചുമാറ്റണം. അതിനുശേഷം ബോർഡോക്കുഴമ്പ് പുരട്ടുകയും 1% വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചുകൊടുക്കുകയും ചെയ്യണം.
പുഴുവില്ലാത്ത മാമ്പഴം കിട്ടാനായി ഒരു ബക്കറ്റ് തിളച്ച വെള്ളവും മുക്കാൽ ബക്കറ്റ് സാധാരണവെള്ളവും കൂട്ടിച്ചേർത്തതിൽ ലിറ്ററിന് 1 ഗ്രാം വീതം കറിയുപ്പ് ചേർത്തശേഷം മാമ്പഴം പെറുക്കിയിട്ട് 15 മിനിട്ടുനേരം വെക്കണം. അതിനുശേഷം മാങ്ങ പുറത്തെടുത്ത് വെള്ളത്തിൽ കഴുകിത്തുടച്ചതിനുശേഷം പാക്കുചെയ്യുകയോ, പഴുപ്പിക്കാൻ വെയ്ക്കുകയോ ചെയ്താൽ മതിയാവും. - വാഴ
ചൂടുകൂടിയ അന്തരീക്ഷസ്ഥിതി തുടരുന്നതുകാരണം വാഴയിൽ മണ്ഡരി രോഗം കാണാൻ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാനായി 3 ഗ്രാം വെറ്റബിൾ സൾഫർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിത്തളിക്കുക. വാഴകൾക്ക് താങ്ങുകാലുകൾ നൽകുക.
കാറ്റിന്റെ വേഗത കൂടുന്നതിനാൽ വാഴകൾക്ക് താങ്ങുകാലുകൾ കൊടുക്കേണ്ടതാണ്. വാഴയിൽ ഇലപ്പുളളിരോഗം കാണാൻ സാധ്യതയുണ്ട്. ഈ രോഗം നിയന്ത്രിക്കുന്നതിനായി 20 ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റർ വെളളത്തിൽച്ചേർത്ത് കുളിർക്കെതളിക്കുക. കുറുനാമ്പുബാധിച്ച വാഴകൾ എത്രയുംവേഗം മൂടോടെ പിഴുതെടുത്ത് കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. വാഴപ്പേനുകളാണ് ഈ വൈറസ് രോഗത്തെ പരത്തുന്നത്. മറ്റു വാഴകളിൽ പകരാതിരിക്കാനായി ഇവയുടെ നിയന്ത്രണം അനിവാര്യമാണ്. മഴക്കാലാരംഭത്തോടെ വാഴകളിൽ വരാറുള്ള ഇലപ്പുള്ളിരോഗം ഒഴിവാക്കാനായി 1-2% വീര്യമുള്ള സ്യൂഡോമോണാസ് അല്ലെങ്കിൽ ബോർഡോമിശ്രിതം തളിക്കുന്നതു നന്നായിരിക്കും. പിണ്ടിപ്പുഴുവിൻ്റെ ആക്രമണം ഉണ്ടാകാതിരിക്കാനായി തോട്ടത്തിലെ മണ്ണുകുഴച്ച് കുഴമ്പാക്കി വാഴയുടെ തടയിൽപ്പുരട്ടണം. മെറ്റാറൈസിയം കുമിൾപ്പൊടി വാഴക്കവിളിൽ വിതറിക്കൊടുക്കുന്നത് അവയുടെ ജൈവനിയന്ത്രണത്തിനു നല്ലതാണ്. വാഴത്തോട്ടത്തിൽ വാഴത്തടകൾ രണ്ടായി മുറിച്ച് അതിൽ ബ്യൂവേറിയ എന്ന മിത്രകുമിൾ വിതറി കെണിയൊരുക്കിയും കീടത്തെ നിയന്ത്രിക്കാം. - വഴുതന
ഉയർന്ന താപനില തുടരുന്നതിനാൽ വഴുതനയിൽ വെള്ളീച്ചയുടെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇതു നിയന്ത്രിക്കുന്നതിനായി രണ്ടു ശതമാനം വീര്യമുള്ള വേപ്പണ്ണ വെളുത്തുളളി എമൾഷൻ തളിക്കുക. അല്ലെങ്കിൽ ലെക്കാനീസീലിയം ലെക്കാനീ എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പത്തു ദിവസം ഇടവിട്ട് തളിക്കുക. - കുരുമുളക്
ഒരാഴ്ച ഇടവിട്ടുളള ജലസേചനം തുടരുക. തടങ്ങളിൽ പുതയിടൽ തുടങ്ങിയവ അനുവർത്തിക്കുക. ചെറിയ കൊടികൾക്ക് തണൽ നൽകേണ്ടതാണ്. കണികാജലസേചനരീതി കഴിയുന്നതും അവലംബിക്കുക. കടുത്ത വരൾച്ച അനുഭവപ്പെടുന്ന മേഖലയിൽ ചെടികളിൽ ഇടയ്ക്ക് വെളളം തളിച്ചുകൊടുക്കുന്നത് നന്നായിരിക്കും - ജാതി
ജാതിയിൽ ജലദൗർലഭ്യത്തിൻ്റെ ആദ്യലക്ഷണമായ കായചുരുങ്ങൽ, കായവാടിവീഴല്‍ എന്നീ ലക്ഷണങ്ങൾ കാണുന്ന ഘട്ടത്തിൽ ജലസേചനം അത്യന്താപേക്ഷിതമാണ്. ജാതിയുടെ ചുവട്ടിൽ പുതയിടൽ നിർബന്ധമായും അനുവർത്തിക്കുക. സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ) തളിച്ചുകൊടുക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു.
വേനൽക്കാലത്തു ജാതിയിലുണ്ടാകുന്ന പ്രധാന രോഗങ്ങൾ കായകൊഴിച്ചിലും കൊമ്പുണക്കവും കരിംപ്പൂപ്പുരോഗവുമാണ്. അവയ്ക്കായുളള സംയോജിത നിയന്ത്രണമാർഗ്ഗങ്ങൾ താഴെപ്പറയുന്നവയാണ്. രോഗംബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുകയും ഉണങ്ങിയ കൊമ്പുകൾ വെട്ടിനശിപ്പിക്കുകയും ചെയ്ത് തോട്ടത്തിൽ മുഴുവനായും ശുചിത്വം പാലിക്കുക. ജാതിയിൽ കായപിടുത്തം കൂട്ടുന്നതിനും കായകൊഴിച്ചിൽ തടയുന്നതിനും കുമിൾരോഗബാധ നിയന്ത്രിക്കുന്നതിനും സ്യൂഡോമോണാസ് ഫ്ളൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കായ്പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക. 20 ഗ്രാം ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയുടെ തെളിയിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തുതളിയ്ക്കുന്നത് കൂടുതൽ ഫലപ്രദമാണ്. പൊട്ടാഷുകുറവിൻ്റെ ലക്ഷണം കാണിക്കുന്ന മരങ്ങളിൽ കൃത്യമായി വളപ്രയോഗം നടത്തുക. കരിംപ്പൂപ്പുരോഗങ്ങൾ കാണുന്ന ഇലകളിൽ കഞ്ഞിവെള്ളം തളിക്കുക. - കശുമാവ്
വിളവെടുപ്പ് തുടരാം. വിത്തണ്ടി ഉണക്കി സംരക്ഷിക്കണം. നഴ്‌സറിയിൽ ഒട്ടുതൈകളിലെ ഒട്ടുഭാഗത്തിനു താഴെയുള്ള ചിനപ്പുകൾ അടർത്തിക്കളയണം. പുതിയ ഇടവിളകൾക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടരാം. ഗ്രാഫ്റ്റിംഗ് തൈകൾ നടാനുള്ള കുഴികൾ എടുക്കാം. പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ വിത്തണ്ടി പാകാം. - പാവൽ/പടവലം
കായീച്ചയെ നിയന്ത്രിക്കുന്നതിനായി കായപൊതിഞ്ഞിടുകയും, കെണി (ഫിറമോൺ/ പഴക്കെണി) ഉപയോഗിക്കുകയും ചെയ്യാം. - വെണ്ട
ഇലചുരുട്ടി പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് രക്ഷിക്കുക. വെർട്ടിസീലി യം 5 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുക. കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക.
(അവലംബം: കേരള കാര്‍ഷികസര്‍വ്വകലാശാല)
രണ്ടാം വിള കഴിഞ്ഞ നെൽപ്പാടങ്ങളിൽ നിലക്കടലകൃഷി ചെയ്തുനോക്കാവുന്നതാണ്. തെങ്ങിൻ തോപ്പുകളിലും മരച്ചീനിത്തോട്ടങ്ങളിലും ഇടവിളയായും ഇതു കൃഷി ചെയ്യാം. മഴയെ ആശ്രയിച്ചുള്ള കൃഷി മേയ്-ജൂൺ മുതൽ സെപ്റ്റംബർ - ഒക്ടോബർ വരെയാണ്. ജലസേചനസൊകര്യമുള്ളവര്‍ക്ക് ജനുവരി മുതൽ മേയ് വരെയും കൃഷിചെയ്യാം.
നടുന്ന രീതി
200 ഗ്രാം റൈസോബിയം കൾച്ചറിൽ പുരട്ടിയശേഷം തണലിലുണക്കിയെടുത്ത വിത്ത് ഉടൻനടുകയാണ് വേണ്ടത്.
ഇടയകലം : 15X15 cm
മുഴുവൻ ജൈവവളവും (കാലിവളം/കമ്പോസ്റ്റ്: 8 കി./സെന്റ്) രാസവളവും(N:P2O5: K2O 87:1665: 501 ഗ്രാം/ സെന്റ്) അടിവളമായി നൽകി മണ്ണിൽ നല്ലവണ്ണം ഉഴുതുചേർക്കണം. പൂവിടുന്ന സമയത്ത് കുമ്മായം(1-3 കിലോ/ സെന്റ്) ഇട്ട് മണ്ണ് ചെറുതായി ഇളക്കേണ്ടതാണ്.
മുളച്ച് 10-15 ദിവസത്തിനുശേഷം കളയെടുത്ത് മണ്ണിളക്കുക. വീണ്ടും കുമ്മായം ചേർത്ത് മണ്ണ് ഇളക്കണം.
അനുയോജ്യമായ മണ്ണ്
മണൽ കലർന്ന മണ്ണ്
ശ്രദ്ധിക്കുക
വിതച്ച് 45ദിവസത്തിനുശേഷം മണ്ണിളക്കരുത്.
വിളവെടുപ്പ്
ഇലകൾ മഞ്ഞളിച്ച് ഉണങ്ങാൻ തുടങ്ങുന്നതും തൊണ്ടിനകത്തുള്ള വിത്തിന്റെ പുറംതൊലി തവിട്ടു നിറമാകുന്നതും കപ്പലണ്ടി വിളവെടുപ്പിനു പാകമായതിന്റെ ലക്ഷണങ്ങളാണ്.
വിത്തും തോതും
തനിവിള: 100 കി/ഹെക്ടര്‍
ഇടവിള
തെങ്ങിൻ തോപ്പ്: 80 കി/ഹെക്ടര്‍
മരച്ചീനിപ്പാടം: 40-50 കി/ഹെക്ടര്‍
കപ്പലണ്ടി: പ്രധാന ഇനങ്ങള്‍
TMV-2
തമിഴ്നാട്ടിലെ തിണ്ടിവനം എണ്ണക്കുരു ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഇനം.
ഇതില്‍ കപ്പലണ്ടി കുലകളായിയുണ്ടാകും.
വിളക്കാലം: 110 ദിവസം. മഴയെ ആശ്രയിച്ചും ജലസേചിതവിളയായും കൃഷി ചെയ്യാവുന്നത്.
വിളവ് : 1200-1600 കിലോ/ഹെക്ടർ. തോടുപൊളിച്ചാൽ 77% വിത്ത് ഉണ്ടാകും
എണ്ണയുടെ അളവ് : 49%
TMV-7
തിണ്ടിവനം എണ്ണക്കുരു ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത മറ്റൊരിനം.
കുലകളായി ഉണ്ടാകും.
വിളക്കാലം:110 ദിവസം. മഴയെ ആശ്രയിച്ചും ജലസേചിതവിളയായും കൃഷിചെയ്യാവുന്നത്. വിളവ് : 1200-1900 കിലോ /ഹെക്ടർ. തോടുപൊളിച്ചാൽ 74% വിത്തുണ്ടാകും.
എണ്ണയുടെ അളവ് : 49.6%
TG-3
വെള്ളായണി കാർഷികകോളേജ് വികസിപ്പിച്ചെടുത്ത ഇനം.
ഇതില്‍ കപ്പലണ്ടി കുലകളായിയുണ്ടാകും. അധികം പടരില്ല.
വിളക്കാലം: 100-110 ദിവസം. ഇടവിളയായും മിശ്രവിളയായും കൃഷിചെയ്യാൻ അനുയോജ്യം.
വിളവ് : 2880Kg/ഹെക്ടർ
ഇടത്തരം വലിപ്പമുള്ള ചാരനിറത്തിലുള്ള വിത്തുകൾ.
TG-14
വെള്ളായണി കാർഷികകോളേജ് വികസിപ്പിച്ചെടുത്ത ഇനം.
കുലകളായിയുണ്ടാകുന്ന, അധികം പടരാത്ത ഇനം
വിളക്കാലം: 105-115 ദിവസം. ഇടവിളയായും മിശ്രവിളയായും കൃഷിചെയ്യാൻ അനുയോജ്യം.
വിളവ്: 3136Kg/ഹെക്ടര്‍.
ഇടത്തരം വലിപ്പമുള്ള ചാര റോസ് നിറത്തിലുള്ള വിത്തുകള്‍.
സ്നിഗ്ധ
വെള്ളായണി കാർഷികകോളേജ് വികസിപ്പിച്ചെടുത്ത ഇനം.
കുലയായി വിളവുതരുന്നതും നേരത്തെ പാകമാകുന്നതുമായ ഇനം. സംയോജിത ബ്രീഡിങ്ങ് വഴി വികസിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ വരണ്ട കാലാവസ്ഥയ്ക്ക് യോജിച്ചത്.
വിളവ്: 2458 കിലോ/ഹെക്ടര്‍
സ്പാനിഷ് ഇംപ്രൂവ്ഡ്
കുലയായി വിളവുതരുന്ന ഇനം.
വിളക്കാലം: 100-110 ദിവസം.
വിളവ് : 2873കിലോ/ഹെക്ടർ.
ഇടത്തരം വലിപ്പത്തിലുള്ള ചാരനിറത്തിലുള്ള വിത്തുകള്‍.
അധികം പടരാത്ത ഇനം
സ്നേഹ
കുലയായി വിളവുതരുന്നതും നേരത്തെ പാകമാകുന്നതുമായ ഇനം.
സംയോജിത ബ്രീഡിങ്ങ് വഴി വികസിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ വരണ്ട കാലാവസ്ഥയ്ക്ക് യോജിച്ച ഇനം.
വിളവ്: 2400 കിലോ/ഹെക്ടര്‍
വിത്താണ് കൃഷിയുടെ അടിസ്ഥാനം. വിതച്ചതേ കൊയ്യൂ എന്ന് പഴമക്കാര്‍ പറയുന്നത് വിത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ്. ജനിതകശുദ്ധിയും ഉല്പാദനക്ഷമതയും ഒത്തുചേര്‍ന്നവയാകണം വിത്ത്.
പച്ചക്കറിവിത്തുല്പാദനവും നല്ല വരുമാനമാര്‍ഗമാണ്. നല്ല വിത്ത് ഉണ്ടായാല്‍ മാത്രം പോരാ, അതു സൂക്ഷിച്ചുവച്ച് നടുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ശ്രദ്ധ ആവശ്യമാണ്. അങ്ങനെ ചെയ്താല്‍ ഗുണമേന്മയുള്ള വിത്തുകള്‍ നിര്‍മ്മിക്കാനാകും. വാണിജ്യാടിസ്ഥാനത്തിലുള്ള വിത്തുല്പാദനത്തിന് മൂന്നുഘട്ടങ്ങളാണുള്ളത്.
- വിത്തുല്പാദനം
- വിത്തുസംസ്ക്കരണം
- വിത്തുസംഭരണം.
വിത്തുല്പാദനം
കേരളത്തിൽ പച്ചക്കറിവിത്തുകള്‍ ഉല്പാദിപ്പിക്കാന്‍ പൊതുവെ നല്ല സമയം സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ്. മികച്ച വിത്തുലഭിക്കാന്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കുനോക്കാം. - വിത്തെടുക്കുന്ന വിളയുടെ പ്രത്യേകതകള്‍, അവയെ ബാധിക്കുന്ന രോഗകീടബാധകള്‍, അവയുടെ നിയന്ത്രണമാര്‍ഗങ്ങള്‍ ഇവയെക്കുറിച്ചൊക്കെ നല്ല ധാരണ ഉല്പാദകനുണ്ടായിരിക്കണം.
- വിത്തുല്പാദനത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലം നല്ല സൂര്യപ്രകാശം ലഭിക്കുന്നതായിരിക്കണം. നീർവാർച്ചയും വളക്കൂറും ഉള്ളതായിരിക്കണം. മണ്ണിലൂടെ പകരുന്ന രോഗകീടങ്ങളിൽനിന്ന് വിമുക്തമായിരിക്കുകയും വേണം.
- വിത്തുല്പാദനത്തിന് ഉപയോഗിക്കുന്ന വിത്ത് വിശ്വാസയോഗ്യമായ സ്ഥലത്തുനിന്ന് വാങ്ങിയതായിരിക്കണം.
- ഒരേ ജനുസ്സിൽപ്പെടുന്ന വ്യത്യസ്തയിനങ്ങൾ തമ്മിൽ വേണ്ടത്ര സുരക്ഷിതമായ അകലം പാലിച്ചിരിക്കണം.
- രോഗം ബാധിച്ച തൈകള്‍ തുടക്കത്തില്‍ത്തന്നെ പറിച്ചുനശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൃഷിത്തോട്ടത്തിലെ കളകൾ നശിപ്പിച്ച് ശുചിത്വം പാലിച്ചാല്‍ നല്ലയളവുവരെ രോഗങ്ങൾ ഒഴിവാക്കാം. തൈയില്‍ ഏതെങ്കിലും ഭാഗത്ത് കീടങ്ങളുടെ മുട്ടകളെയോ പുഴുക്കളെയോ കണ്ടാല്‍ അവ ശേഖരിച്ച് നശിപ്പിച്ചുകളയണം.
- വിത്തിനായി നടുന്ന ചെടികളില്‍ കായവരുമ്പോള്‍ ആദ്യത്തെ ഒന്നോ രണ്ടോ തവണ മൂപ്പെത്തുന്നതിനുമുമ്പായി ആ കായ്കൾ വിളവെടുക്കാവുന്നതാണ്.
- മൂപ്പെത്താതെ പഴുത്തതോ ഉണങ്ങിയതോ ആയ കായ്കളും അവസാനത്തെ വിളവെടുപ്പില്‍ ലഭിക്കുന്ന വലിപ്പംകുറഞ്ഞ കായ്കളും വിത്തിനായി ഉപയോഗിക്കരുത്.
- മണ്ണിൽ നൈട്രജന്റെ ആധിക്യം രോഗകീടബാധകൾ വർദ്ധിപ്പിക്കുമെന്നതിനാൽ പച്ചക്കറിവിത്തുൽപാദനത്തിൽ യൂറിയ, ഫാക്ടംഫോസ്, അമോണിയം സൾഫേറ്റ് എന്നിവയുടെ പ്രയോഗം അമിതമാകാതെ ക്രമീകരിക്കണം. എന്നാൽ കായ്കളുടെ വളർച്ചാഘട്ടങ്ങളിൽ ആവശ്യമെങ്കിൽ നൈട്രജന്‍, പൊട്ടാസ്യം എന്നിവ വളമായി നൽകാം. ആവശ്യാനുസരണം ജലസേചനവും രോഗകീടനിയന്ത്രണ മാർഗ്ഗങ്ങളും കൈകൊള്ളണം.
വിത്ത് സംസ്ക്കരണം
മൂത്തുണങ്ങിയതോ പഴുത്തതോ ആയ കായ്കളിൽനിന്ന് വിത്തെടുത്ത് വേണ്ടവിധത്തിലുണക്കി അതിൽനിന്ന് നല്ല വിത്തുമാത്രം തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ശരിയായ വിത്തുസംസ്ക്കരണം.
കേരളത്തിന്റെ പ്രത്യേകകാലാവസ്ഥയില്‍ വർദ്ധിച്ച ചൂടും അന്തരീക്ഷത്തിലെ ജലാംശവും സാധാരണമാണ്. ഇതുമൂലം പലവിധരോഗങ്ങളും കീടങ്ങളും വിത്തിനെ ബാധിക്കാനിടയുണ്ട്. വിത്തിൻ്റെ അങ്കുരണശേഷിയും തുടർന്നുള്ള വളർച്ചയും ഗണ്യമായി കുറയാം. അതിനാൽ വിത്തുസംസ്കരിക്കുന്നതിലും വിത്ത് സൂക്ഷിച്ചുവയ്ക്കുന്നതിലും പ്രത്യേകശ്രദ്ധ ആവശ്യമാണ്. - പച്ചക്കറിവിത്തുകള്‍ പൊതുവേ 6% മുതല്‍ 8% വരെ ജലാംശം നിലനില്ക്കത്തക്കവിധത്തിലാണ് ഉണക്കിയെടുക്കേണ്ടത്. കൂടുതൽ ചൂടിൽ കുറച്ചുനേരം ഉണക്കുന്നതിനേക്കാൾ നല്ലത് കുറഞ്ഞ ചൂടിൽ കൂടുതൽസമയം ഉണക്കുന്നതാണ്. ഉച്ചയ്ക്ക് 12 മണിമുതൽ 3 മണിവരെയുള്ള ശക്തിയായ വെയിലത്ത് വിത്തുണക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് സിമൻ്റുതറയിലിട്ട് ഒരി ക്കലും ഉണക്കരുത്. ചാണകം മെഴുകിയ നിലത്തോ ചാക്ക്, പനമ്പ് ഇവയിലേതിലെങ്കിലും നിരത്തിയോ ഇടയ്ക്കിടയ്ക്കിളക്കി വിത്തുണക്കുന്നതാണ് അഭികാമ്യം.
- വിത്തുകള്‍ വൃത്തിയോടെ സൂക്ഷിക്കണം. കേടുവന്നതും ചെറുതുമായ ഒഴിവാക്കണം.
വിത്ത് സംഭരണം - വിത്തിനോടൊപ്പം മണ്ണും കല്ലും ചെടിയുടെയും കായ്കളുടെയും അവശിഷ്ടങ്ങളും മോശമായ വിത്തുകളും ഉണ്ടാകാറുണ്ട്. അവ പാറ്റിമാറ്റിയതിനുശേഷം വേണം വിത്തുസൂക്ഷിക്കാൻ.
- അന്തഃരീക്ഷത്തിലെ ഊഷ്മാവ്, ജലാംശം, വിത്തിലെ ജലാംശം എന്നിവ സൂക്ഷിച്ചുവയ്ക്കുന്ന സമയത്ത് വിത്തിന്റെ അങ്കുരണശേഷിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കുറഞ്ഞ ഊഷ്മാവും ഈർപ്പം കുറഞ്ഞ അന്തരീക്ഷവുമാണ് കൂടുതൽ കാലം വിത്തുസൂക്ഷിക്കാൻ നല്ലത്. കാലവർഷക്കാലത്ത് സൂക്ഷിച്ചുവെക്കുന്ന വിത്തിലും കായ്കളിലും പലതരം പൂപ്പലു കളും കീടങ്ങളും കടന്നുകൂടാറുണ്ട്.
- 6% മുതല്‍ 8% മാത്രം ജലാംശം നിലനില്ക്കുന്ന വിധത്തിൽ ഉണക്കിയെടുത്ത വിത്ത് കട്ടിയുള്ള (700 ഗേജ്) പോളിത്തീൻ ഉറകളിലോ പ്ളാസ്റ്റിക് പാത്രങ്ങളിലോ വായു കടക്കാത്തവിധം സൂക്ഷിക്കാം. ഒരു കി.ഗ്രാം വിത്തിന് 2.5 ഗ്രാം കാപ്റ്റാൻ, 2.5% തിറാം ചേർത്ത് വായുകടക്കാതെ അടച്ചുവെച്ചാൽ വിത്ത് കേടുകൂടാതിരിക്കും. എയർ കണ്ടീഷൻ ചെയ്ത മുറികളിൽ കട്ടിയുള്ള പ്ളാസ്റ്റിക് കവറുകളിലാക്കിവച്ചാല്‍ വിത്തുകൾ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാം.
- വിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുവേണ്ടി വിത്തുചാക്കുകളിൽ ലേബലൊട്ടിച്ച്, ടാഗിട്ട് സീൽ ചെയ്യേണ്ടത് സീഡ് ആക്ട് പ്രകാരം നിർബന്ധമാണ്. വിൽപ്പനയ്ക്കുള്ള ഫൗണ്ടേഷൻ വിത്തിലും സാക്ഷ്യപ്പെടുത്തിയ വിത്തിലും ശുദ്ധമായ വിത്തിന്റെ അളവ്, അങ്കുരണശേഷി, മണൽത്തരികൾ, മൺകട്ടകൾ എന്നിവയുടെ അളവ് മറ്റ് വിളകളുടെയും കളകളുടെയും വിത്ത് എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്. ഫൗണ്ടേഷൻ വിത്തിലും സാക്ഷ്യപ്പെടുത്തിയ വിത്തിലും ഉണ്ടാകേണ്ട ശുദ്ധമായ വിത്തിന്റെ ഏറ്റവും കുറഞ്ഞ അളവും അങ്കുരണശേഷിയും പരമാവധി ഉണ്ടാകാവുന്ന കലർപ്പുള്ള വിത്തും മറ്റും ഓരോ വിളകളിലും നിഷ്കർഷിച്ചിട്ടുണ്ട്.
(അവലംബം: വിളപരിപാലന ശുപാര്‍ശകള്‍ 2017, കേരള കാർഷികസര്‍വ്വകലാശാല)
മരച്ചീനി വെറും കിഴങ്ങായിരുന്ന കാലം പോയി. നാട്ടിലെ ജനകീയമായ ഭക്ഷണം എന്ന നിലയില്‍ മാത്രമല്ല ഇന്ന് മരച്ചീനിയുടെ പ്രസക്തി. ഇതില്‍നിന്നുള്ള മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ക്ക് ലോകമെമ്പാടും വിപണിയുണ്ട്. അതിനാല്‍ മരച്ചീനിക്കൃഷി ശാസ്ത്രീയമായി നടത്തിയാല്‍ അതിനു ഗുണമുണ്ട്. വെരും പച്ചമരച്ചീനിയായി വിറ്റുകളയാത വിവിധ ഉല്പന്നങ്ങളാക്കിമാറ്റിയാല്‍ ആദായവും കൂടും.
മരച്ചീനിക്ക് പല പേരുകള്‍
തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് മരച്ചീനി അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നാണ് പേര്. മരച്ചീനിയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.
മരച്ചീനി വന്ന വഴി
ബ്രസീലാണ് മരച്ചീനിയുടെ ജന്മദേശം. പത്തൊമ്പതാം നൂറ്റാണ്ടോടെ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലേക്ക് ഇത് കൊണ്ടുവന്നത്. എന്നാല്‍ മരച്ചീനി വ്യാപകമായത് 1940 ഓടെ ഒന്നാംലോക മഹായുദ്ധകാലത്താണ്. അന്ന് ബര്‍മ്മയില്‍നിന്നുള്ള അരിയാണ് പ്രധാനമായും നമ്മള്‍ ആഹരിച്ചിരുന്നത്. യുദ്ധകാലത്ത് അരിവരവ് നിലയ്ക്കുകയുെ ക്ഷാമം ബാധിക്കുകയും ചെയ്തതോടെ ആഹാരത്തിനായി മരച്ചീനിക്കൃഷി വ്യാപകമാക്കുകയായിരുന്നു. ആദ്യകാലത്ത് ദരിദ്രരുടെ ഭക്ഷണം എന്ന പേരുദോഷം ഉണ്ടായിരുന്ന മരച്ചീനി കേരളസംസ്ഥാന രൂപീകരണശേഷം സംസ്ഥാനത്തിലെമ്പാടും ജനപ്രിയമായി. ഇന്ന് ചെറുവീടുകള്‍ മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ ഇഷ്ടവിഭവങ്ങള്‍ മരച്ചീനികൊണ്ട് നിര്‍മ്മിക്കുന്നു.
മരച്ചീനിക്കു പറ്റിയ മണ്ണ്
വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ള മണ്ണാണ് മരച്ചീനിക്കൃഷിക്ക് അനുയോജ്യം. വെട്ടുകല്‍മണ്ണായാലും മണല്‍കലര്‍ന്ന പശിമയുള്ള മണ്ണായാലും അതു നന്നായി വളരും. നട്ട മരച്ചീനിക്കു വേരുപിടിക്കാന്‍ മണ്ണില്‍ അല്‍പം ഈര്‍പ്പം അത്യാവശ്യമാണ്. തുടര്‍ന്ന് കഠിനമായ ചൂടായാലും അതിവര്‍ഷമായാലും അത് ചെറുത്തു നിന്നുകൊള്ളും.
മരച്ചീനിയിനങ്ങള്‍
ഒരു കാലത്ത് നിരവധി മരച്ചീനിയിനങ്ങള്‍ നമ്മുടെ നാട്ടില്‍ കൃഷിചെയ്തിരുന്നു. പുല്ലാനിക്കപ്പ, ആമ്പക്കാടന്‍, കോട്ടയം ചുള്ളിക്കപ്പ, മുളമൂടന്‍, മിച്ചറുകപ്പ, വങ്കാള, മുട്ടവിയ്ക്ക, സിലോണ്‍, ഏത്തക്കപ്പ, പച്ചറൊട്ടി, വെള്ളറൊട്ടി, പതിനെട്ട്, കട്ടന്‍ കപ്പ, എം-4, പാലുവെള്ള, പീച്ചിവെള്ള, പരിപ്പിലപ്പന്‍, ആനമറവന്‍ തുടങ്ങിയവ അതില്‍പ്പെടുന്നു. മൂപ്പിലും ഉയരത്തിലും നിറത്തിലും സ്വാദിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയിരുന്നവയാണ് ഇവ. ഇതില്‍പ്പലതും ഇന്നില്ല. ചുരുക്കം സ്ഥലങ്ങളില്‍ പുല്ലാനി, ആമ്പക്കാടന്‍, കോട്ടയം ചുള്ളി, മിച്ചറുകപ്പ, എം-4 എന്നിവയും അപൂര്‍വ്വമായി പതിനെട്ട്, കട്ടന്‍കപ്പ എന്നിവയും കൃഷി ചെയ്യുന്നതായിക്കാണുന്നു. സിലോണ്‍ കപ്പ എന്ന പേരിലറിയപ്പെടുന്ന എം-4 (മലയന്‍) വിളവിലും സ്വാദിലും മുന്‍പന്തിയിലാണ്. ശാഖകളില്ലാതെ ഉയരത്തില്‍ വളരുന്നതും 12 മാസത്തോളം മൂപ്പുള്ളതുമായ ഇതില്‍ എലിശല്യം കൂടുതലാണ്. റൊട്ടിക്കപ്പ ചുട്ടുതിന്നാന്‍ വിശേഷപ്പെട്ടതാണ്. ഏത്തക്കപ്പയ്ക്ക് പുഴുങ്ങിയ ഏത്തപ്പഴത്തിന്‍റെ നിറമാണ്. പതിനെട്ട്, കട്ടന്‍കപ്പ എന്നിവ വാട്ടുകപ്പയ്ക്ക് ഒന്നാന്തരമാണ്.
തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധയിനം മരച്ചീനിയിനങ്ങളാണ് ഇന്ന് കേരളത്തില്‍ വ്യാപകമായി കൃഷിചെയ്തുവരുന്നത്. മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധശക്തിയുള്ള ഇനമാണ് എച്ച്- 97. ഇടത്തരം പൊക്കത്തില്‍ ശിഖരങ്ങള്‍ പൊട്ടിവളരുന്ന ഇതിന് പത്തുമാസം വിളദൈര്‍ഘ്യമാണുള്ളത്. 30 ശതമാനം സ്റ്റാര്‍ച്ച് ഇതിലുണ്ട്. എച്ച്.-165 എട്ടുമാസം മാത്രം വിളവുമൂപ്പുള്ളതാണ്. ശിഖരങ്ങളില്ലാതെ പൊക്കത്തില്‍ വളരും. ഇതിനും മൊസേക്ക് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പക്ഷേ പാചകഗുണം കുറവായാണ് കാണുന്നത്. ഇടത്തരം ഇട പൊട്ടിവളരുന്ന മറ്റൊരിനമാണ് എച്ച്.-226. 10 മാസം വിളദൈര്‍ഘ്യമുള്ള ഇത് ഹെക്ടറിന് 35 ടണ്‍ വിളവ് തരും. വിറ്റാമിന്‍ എ.യുടെ അളവ് കൂടുതലുള്ള ഇനമാണ് ശ്രീ വിശാഖമെന്നറിയപ്പെടുന്ന എച്ച്.-1687. ഇതിന്റെയും വിളദൈര്‍ഘ്യം പത്ത് മാസമാണ്. ഇടത്തരം പൊക്കത്തില്‍ ശിഖരം പൊട്ടിവളരുന്നതാണിത്. ഇതേ പോലെത്തന്നെ വളരുന്ന ശ്രീസഹ്യ എന്ന എച്ച്.-2304 ഇനത്തിന്റെ പ്രത്യേകത ഇതിന് മൊസേക്ക് രോഗം, കീടങ്ങള്‍ എന്നിവയ്ക്കെതിരെ നല്ല പ്രതിരോധ ശേഷിയുണ്ട് എന്നതാണ്. ഇതിന്റെ ഉത്പാദനശേഷി ഹെക്ടറിന് 40 ടണ്ണാണ്. വെറും ഏഴര മാസം കൊണ്ട് വിളയുന്ന നല്ല പാചകഗുണം കാണിക്കുന്ന ശ്രീപ്രകാശും (എച്ച്. 857) ശ്രീകാര്യം കേന്ദ്രകിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ ഉല്പന്നമാണ്. വരള്‍ച്ചയ്ക്കെതിരെ നല്ല സഹനശക്തിയും ഇലപ്പുള്ളിരോഗത്തിനെതിരെ പ്രതിരോധശക്തിയും കാണിക്കുന്നയിനമായ ഇതിനും ഹെക്ടറിന് 40 ടണ്‍ വിളവ് ലഭിക്കും. 40 ശതമാനത്തില്‍ കൂടുതല്‍ അന്നജം അടങ്ങിയിരിക്കുന്ന ശ്രീഹര്‍ഷയെന്നയിനത്തിന് മൂപ്പ് 10 മാസമാണ്. ഹെക്ടറിന് 60 ടണ്‍ ആണിതിന്റെ വിളവ്.
ഹെക്ടറിന് 55-58 ടണ്‍ വിളവ് തരുന്ന ഏഴ് മാസം കൊണ്ട് മൂക്കുന്ന ശ്രീജയ, അത്ര തന്നെ മൂപ്പുള്ള ശ്രീവിജയ, പാചകഗുണം കൂടിയ ഉയര്‍ന്ന തോതില്‍ അന്നജം അടങ്ങിയിരിക്കുന്ന പത്തുമാസം വിളവുമൂപ്പുള്ള ശ്രീരേഖ, ഓണാട്ടുകര പ്രദേശങ്ങള്‍ക്കു യോജിച്ച ഹ്രസ്വകാലയിനമായ നിധി, കുട്ടനാട്ടിലെ തെങ്ങിന്റെ ഇടവിളയായി ഉപയോഗിക്കാവുന്ന ഹെക്ടറിന് 55 ടണ്‍ വിളവുലഭിക്കുന്ന കല്പക എന്നിവയും പ്രധാനയിനങ്ങളാണ്. തെക്കന്‍മേഖലയ്ക്ക് അനുയോജ്യമായ വെള്ളായണി ഹ്രസ്വ വെറും 155-180 ദിവസം മാത്രം വിളകാലയളവുള്ളതാണ്. ഇതില്‍നിന്ന് ഹെക്ടറിന് 44 ടണ്‍ വിളവ് ലഭിക്കും.
തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല (കോയമ്പത്തൂര്‍) വികസിപ്പിച്ച അത്യുത്പാദന ശേഷിയുള്ള ഇനങ്ങളായ കോ-1, കോ-2, എം.വി.ഡി. 1 എന്നിവയും കേരളത്തില്‍ ധാരാളമായി കൃഷിചെയ്തുവരുന്നു.
നടുന്ന സമയം
പ്രധാനമായും രണ്ടുസമയത്താണ് മരച്ചീനി നടാറുള്ളത്. ഒന്ന്, മഴക്കാലത്തിന്റെ ആരംഭത്തോടുകൂടി ഏപ്രില്‍-മേയ് മാസത്തില്‍. ഇതിനെ കുംഭക്കപ്പ എന്നു വിളിക്കുന്നു. രണ്ട്, തുലാവര്‍ഷാരംഭത്തോടു കൂടി സെപ്റ്റംബര്‍, ഒക്ടോബര്‍മാസങ്ങളില്‍. ഇതിനെ തുലാക്കപ്പ എന്നുവിളിക്കുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ നട്ടാല്‍ കൃഷിക്ക് കാലവര്‍ഷവും തുലാവര്‍ഷവും ലഭ്യമാകും. മണ്ണില്‍ നനവുണ്ടെങ്കില്‍ ഫെബ്രുവരിയില്‍ തന്നെ മരച്ചീനിക്കമ്പു നട്ടുതുടങ്ങാം. എന്നാല്‍ മഴ പെയ്യാന്‍ താമസിച്ചാല്‍ വെള്ളമൊഴിച്ചു കൊടുക്കേണ്ടിവരും. രണ്ടു മഴക്കാലത്തെ കാര്യമായി പ്രയോജനപ്പെടുത്തുന്നതിനാല്‍ ഏപ്രില്‍-മേയില്‍ നടുന്നതാണ് നല്ലത്. ഒന്നാം വിള മാത്രം നെല്ലുകൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കൊയ്തതിനുശേഷം തുലാമാസത്തോടുകൂടി നട്ട് ആറേഴുമാസം മൂപ്പായാല്‍ മേടമാസത്തില്‍ പറിച്ചു വില്‍ക്കാറുണ്ട്. എന്നാല്‍ വേനല്‍മഴ അധികമായി പാടത്ത് വെള്ളം കേറാനിടയായാല്‍ വേഗത്തില്‍ പറിച്ചു വില്‍ക്കേണ്ടിവരും. നനസൗകര്യമുണ്ടെങ്കില്‍ മറ്റു മാസങ്ങളിലും കൃഷിയിറക്കാം.
നടുന്ന രീതി
രോഗ-കീട വിമുക്തമായ തോട്ടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന തണ്ടുകള്‍ മുറിച്ച് നട്ടാണ് മരച്ചീനി കൃഷിചെയ്യുന്നത്. തണ്ടിന്റെ ചുവട്ടില്‍ നിന്നുള്ള 15 സെന്റിമീറ്റര്‍ ഭാഗവും മുകള്‍ഭാഗത്തെ മൂപ്പുകുറഞ്ഞ ഇളംഭാഗം 30 സെന്റിമീറ്റര്‍ ഭാഗവും നടാന്‍ പറ്റിയതല്ല. ഇതിനിടയില്‍ വരുന്ന കൊമ്പിന്റെ ഭാഗം 20 സെന്റിമീറ്റര്‍ നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് കൊമ്പു കുത്തേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് ഏകദേശം 2000 കമ്പുകള്‍ വേണ്ടിവരും.
വിളവെടുപ്പിന് ശേഷം പറമ്പില്‍ നിന്ന് ശേഖരിക്കുന്ന കമ്പുകള്‍ മരത്തിന്റെയോ മറ്റോ തണലില്‍ കുത്തനെ ചാരി നിര്‍ത്തി സംരക്ഷിക്കണം. കമ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ല വായു സഞ്ചാരം അത്യാവശ്യമാണ്.
നടുന്നതിന് മുമ്പ് കമ്പില്‍ കീടങ്ങളോ ചെതുമ്പലുകളോ വന്നാല്‍ ജൈവരീതിയില്‍ വേപ്പെണ്ണയധിഷ്ഠിത കീടനാശിനിയോ ജൈവകീടനാശിനിയോ തളിക്കാം.
നടീല്‍രീതി
ആദ്യമായി കൃഷിസ്ഥലം നന്നായി കളകള്‍ മാറ്റി വൃത്തിയാക്കിയതിന് ശേഷം ആഴത്തില്‍ രണ്ടുമൂന്നുതവണ കിളച്ചുമറിക്കണം. കമ്പുകള്‍ മണ്ണുകൂനകൂട്ടിയോ വാരമെടുത്തോ ചെറിയ കുഴിയിലോ നടാവുന്നതാണ്. നടുമ്പോള്‍ നെടുംതല അടിയിലേക്കാക്കി നടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിന്റെ ഘടനയും സ്വഭാവവും മനസ്സിലാക്കി മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാത്ത തരത്തിലും അടിത്തണ്ട് ചീയാത്ത രീതിയിലുമാണ് കൂനയൊരുക്കേണ്ടത്. കുഴികളിലാണ് നടുന്നതെങ്കില്‍ നട്ടതിന് ശേഷം തൂമ്പ് വന്നുതുടങ്ങിയാല്‍ വളംചേര്‍ത്തുമൂടി കൂനകൂട്ടിക്കൊടുക്കണം. കൂനകളില്‍ നടുന്നതാണ് മരച്ചീനിക്ക് ഉത്തമമെന്നു പറയപ്പെടുന്നു.
ഒരു കൂനയ്ക്ക് ഒരു കിലോഗ്രാം കാലിവളം, 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിങ്ങനെ അല്പം കുമ്മായവും വിതറി ചേര്‍ത്ത് അടിവളം കൊടുക്കാം. ബ്യുവേറിയ ബാസിയാനയെന്ന മിത്ര ജീവാണു വളം 10 ശതമാനം വീര്യത്തില്‍ തണ്ടില്‍ തളിക്കാം. കൂനകള്‍ തമ്മിലും കമ്പുകള്‍ തമ്മിലും കുറഞ്ഞത് 90 സെന്റിമീറ്റര്‍ വരെയെങ്കിലും അകലം അത്യാവശ്യമാണ്. ശിഖരങ്ങളില്ലാതെ വളരുന്ന പൊക്കംവെക്കുന്ന ഇനങ്ങള്‍ക്ക് 70 സെന്റിമീറ്റര്‍ അകലം മതിയാകും. കമ്പുകള്‍ നട്ട് 10-12 ദിവസത്തിനകം കിളിര്‍ത്തുവരും. 15 ദിവസമായിട്ടും കിളിര്‍ക്കാത്ത കമ്പുകള്‍ മാറ്റി അല്പം നീളം കൂടിയ (ഇരട്ടിനീളം) കമ്പ് നട്ടുകൊടുക്കണം.
വളപ്രയോഗം
പണ്ട് മരച്ചീനിക്ക് വളംചേര്‍ക്കലൊന്നും പ്രത്യേകമായി ഉണ്ടായിരുന്നില്ല. ഇപ്പോള്‍, പുതിയയിനങ്ങളും കൂടുതല്‍ ശാസ്ത്രീയകൃഷിരീതികളും വന്നതോടെ വളപ്രയോഗത്തിലും മാറ്റംവന്നിട്ടുണ്ട്. ഒരു കൂനയ്ക്ക് ഒരു കി. ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്തു നടുന്നത് നല്ലതാണ്. പുറമേ നൈട്രജന്‍-ഫോസ്ഫറസ്- പൊട്ടാസ്യം (NPK) വളങ്ങളും ചേര്‍ക്കാം. എം-4 ഇനത്തിനും മറ്റു നാടനിനങ്ങള്‍ക്കും ഹെക്ടറിന് 50:50:50 എന്ന അനുപാതത്തില്‍ ഈ വളങ്ങള്‍ കിട്ടാനായി 110 കിലോ യൂറിയ, 250 കിലോ മസൂറിഫോസ്, 85 കിലോ പൊട്ടാഷ് എന്നിവ ചേര്‍ക്കേണ്ടതാണ്. ഉല്‍പ്പാദനശേഷി കൂടിയ ഹൈബ്രിഡ് ഇനങ്ങള്‍ക്ക് ഇതിലധികവും വേണം. മസൂറിഫോസ് കമ്പു നടുമ്പോള്‍ കൊടുക്കണം. യൂറിയയും പൊട്ടാഷും മൂന്നാക്കി ഭാഗിച്ച് നടുമ്പോഴും നട്ട് രണ്ടുമാസം കഴിഞ്ഞും മൂന്നുമാസം കഴിഞ്ഞും എന്ന രീതിയില്‍ കൊടുക്കണം. ആറേഴുമാസം മൂപ്പുള്ള മരച്ചീനി നടുമ്പോള്‍, പ്രത്യേകിച്ചും കൊയ്ത്തുകഴിഞ്ഞ പാടത്ത്, അടിവളമായി മുഴുവന്‍ ഫോസ്ഫറസും പകുതിവീതം യൂറിയയും പൊട്ടാഷും നല്‍കി ബാക്കിപ്പകുതി നട്ട് 45 ദിവസത്തിനുശേഷം ഇടയിളക്കി ചെത്തിക്കോരുമ്പോള്‍ കൊടുക്കണം.
ജൈവകൃഷിയില്‍ ചാണകവും കോഴിവളവും സെന്റിന് 30 കിലോഗ്രാം എന്ന തോതില്‍ കൊടുക്കാം. അത് ഒരു ചുവടിന് ഏകദേശം അര കിലോഗ്രാം വരും. 15 ദിവസത്തിനും ഒരു മാസത്തിനും ഇടയിലാണ് വളം കൊടുക്കേണ്ടത്. കാലിവളവും കോഴിവളവും ചാണകപ്പാലില്‍ കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചതും ചേര്‍ത്തതിനുശേഷം നന്നായി നനകൊടുത്ത് മണ്ണ് കയറ്റി മൂടണം. ആദ്യത്തെ വളം കൊടുക്കലിനും മണ്ണ് കയറ്റലിനും ശേഷം പിന്നീട് ഒന്നരമാസത്തിനും 2 മാസത്തിനും ഇടയിലായും പിന്നീട് മൂന്ന് മാസത്തിനകവുമാണ് വളപ്രയോഗം നടത്തേണ്ടത്.
ഒരുമാസമാകുമ്പോള്‍ ഓരോ കമ്പിലും എതിര്‍വശത്തേക്കു വളരുന്ന രണ്ടു മുളകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ അടര്‍ത്തിക്കളയേണ്ടതാണ്. നട്ട് മൂന്നുമാസം വരെയെങ്കിലും കളകേറാതെ ചെത്തിക്കോരി കൂനകെട്ടി സംരക്ഷിക്കണം. കളകള്‍ ഒഴിവാക്കലും ഇടയിളക്കലും മണ്ണുകയറ്റലും കൃത്യമായ ഇടവേളകളില്‍ ചെയ്തുകൊടുക്കണം.
വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള മരച്ചീനിയുടെ ശേഷിയെപ്പറ്റി നേരത്തേ പറഞ്ഞല്ലോ. മരച്ചീനിക്ക് പൊതുവേ നന കൊടുക്കുന്ന പതിവില്ല. എന്നാല്‍, നനച്ചുവളര്‍ത്തുന്ന മരച്ചീനിയില്‍നിന്ന് നനയ്ക്കാതെ വളര്‍ത്തുന്നതിനേക്കാള്‍ രണ്ടിരട്ടി വരെ വിളവുകിട്ടന്നതായി പറയപ്പെടുന്നു. ഓരോ കൂനയും നനയ്ക്കുകയാണെങ്കില്‍ മാസത്തിലൊരിക്കലും ഒന്നിടവിട്ട കൂനകളാണ് നനയ്ക്കുന്നതെങ്കില്‍ 20 ദിവസത്തിലൊരിക്കലും നനച്ചാല്‍ മതിയാകും.
ഇടവിളകള്‍
മരച്ചീനിക്ക് ഇടവിളയായി കൃഷി നടത്തുന്നത് കൂടുതല്‍ ആദായം തരും. 90x90 സെ.മീ. അകലത്തില്‍ നട്ട സ്ഥലങ്ങളില്‍ ഇടവിളയായി കപ്പലണ്ടി കൃഷിചെയ്യാം. വില്പനയ്ക്ക് സൗകര്യമുണ്ടോയെന്ന് അന്വേഷിച്ചുചെയ്യണം. വരികള്‍ തമ്മില്‍ 30 സെ.മീറ്ററും നിരകളില്‍ 20 സെ.മീറ്ററും വിട്ട് മേയ്-ജൂണ്‍ മാസത്തോടുകൂടിയാണ് കപ്പലണ്ടിവിത്ത് പാകേണ്ടത്. പയറും ഉഴുന്നും തുവരയും മരച്ചീനിക്കിടയില്‍ നടാവുന്നതാണ്. പയറാണെങ്കില്‍ പടര്‍ന്നു കേറാത്തയിനം കുറ്റിപ്പയറാണ് നല്ലത്. പയറില്‍ നിന്ന് ആദായം മാത്രമല്ല, മണ്ണിന് നൈട്രജനും ലഭിക്കും.
വിളപരിപാലനം
മരച്ചീനിയെ പ്രധാനമായു ബാധിക്കുന്ന വൈറസുരോഗമാണ് മൊസൈക്ക് രോഗം. ഇലയുടെ ആകൃതിയും വലിപ്പവും നഷ്ടപ്പെട്ട് മഞ്ഞനിറത്തിലായി ചുരുണ്ടു നശിച്ചുപോവുകയും വിളവിനെ ബാധിക്കുകയും ചെയ്യുന്നതാണ് ഈ രോഗം. മൊസൈക്ക് രോഗത്തെച്ചെറുക്കാന്‍ തുടക്കം മുകലേ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. രോഗബാധയേല്‍ക്കാത്ത തോട്ടങ്ങളില്‍ നിന്നുള്ള കമ്പുകള്‍ മാത്രം ഉപയോഗിക്കുക. മൊസൈക്ക് രോഗബാധയെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ നടുക. ഇതിലൂടെ 70 ശതമാനം വരെ രോഗബാധ കുറയ്ക്കാന്‍ കഴിയും. മൊസൈക് രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അതു പരത്തുന്ന വെള്ളീച്ചയെ ആദ്യംതന്നെ ഏതെങ്കിലും കീടനാശിനി തളിച്ചു നശിപ്പിച്ചാല്‍ രോഗവ്യാപനം തടയാനാകും.
ചെമ്പേന്‍, ചെതുമ്പലുകള്‍, ബാക്ടീരിയല്‍ ബ്ലൈറ്റ്, ഇലപ്പുള്ളിരോഗം എന്നിവയാണ് മരച്ചീനിയെ ബാധിക്കുന്ന മറ്റു രോഗങ്ങള്‍. കമ്പ് നടുന്നതിനുമുമ്പ് മണ്‍കൂനയില്‍ ആവശ്യത്തിന് വേപ്പിന്‍പിണ്ണാക്ക് പൊടിച്ചുചേര്‍ത്താല്‍ നട്ടയുടനെയുള്ള ചിതലിന്റെ ശല്യം ഇല്ലാതാക്കാം.
മരച്ചീനിയുടെ പ്രധാനശത്രു പെരുച്ചാഴിയോ എലിവർഗ്ഗത്തിൽപ്പെട്ട മറ്റു ജീവികളോ ആണ്. സ്വാദും കഴമ്പുമുള്ള എം-4 ഇനത്തില്‍ എലിയുടെ ഉപദ്രവം കൂടുതലായാണ് കണ്ടുവരുന്നത്. വിവിധ മാര്‍ഗങ്ങളുപയോഗിച്ച് എലിയെ നശിപ്പിക്കുകയേ ഇതിനു പ്രതിവിധിയുള്ളൂ. ചില പ്രദേശങ്ങളിലുള്ള പന്നിശല്യം അല്ലാതെ വേറെ ജീവിശല്യങ്ങളൊന്നുമില്ല.
വിളവെടുപ്പ്
നട്ട് 9-10 മാസമാകുമ്പോഴാണ് സാധാരണയായി മരച്ചീനിയുടെ വിളവെടുക്കുന്നത്. വിളവുമൂപ് കുറഞ്ഞ ഇനങ്ങള്‍ 7-8 മാസം കൊണ്ട് വിളവെടുക്കാം. നാടന്‍ ഇനങ്ങള്‍ ഹെക്ടറിന് 20 ടണ്‍ മാത്രം വിളവ് ലഭിക്കുമ്പോള്‍ സങ്കരയിനങ്ങളില്‍ 50 ടണ്ണിന് മുകളില്‍ വിളവ് ലഭിക്കുന്നു എം-4 ഇനം 12 മാസമാകുമ്പോള്‍ പറിക്കുന്നതാണ് വിളവധികം കിട്ടാന്‍ നല്ലത്. ഈ ഇനത്തില്‍ ഹെക്ടറിന് 10-15 ടണ്‍ പച്ചമരച്ചീനി കിട്ടും. പുതിയ ഹൈബ്രിഡ് ഇനമായ ശ്രീഹര്‍ഷയ്ക്ക് ഹെക്ടറിന് 40-50 ടണ്‍ വിളവുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിളവെടുക്കുംമുമ്പ് മണ്‍കൂനകള്‍ ഒന്ന് നനച്ചുകൊടുത്താല്‍ ചീനി പിഴുതെടുക്കുന്ന ജോലി എളുപ്പമാവും.
ഒരിക്കല്‍ക്കൂടിപ്പറയുന്നു, വെറും പച്ചമരച്ചീനി വില്‍ക്കുന്ന പഴയരീതിക്കു മാറ്റം വരണം. എത്രയോ മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ മരച്ചീനിയില്‍നിന്ന് ഉണ്ടാക്കാനാകും. വാട്ടുകപ്പ മുതല്‍ സ്റ്റാര്‍ച്ച് വരെ നീളുന്ന ആ നിര മനസ്സിലാക്കി പണിയെടുത്താല്‍ കര്‍ഷകരുടെ ജീവിതം മാറും.
തെങ്ങ് - നന മുടക്കരുത്
മഴക്കാലമാകുന്നതുവരെ തെങ്ങിനുള്ള നന തുടരണം. നല്ലവണ്ണം വേനൽമഴ കിട്ടിക്കഴിഞ്ഞാൽ തടംതുറന്ന് 1 കി.ഗ്രാം കുമ്മായം ചേർത്തുകൊടുക്കണം. തെങ്ങിൻതൈകൾ നടാൻ കുഴി തയാറാക്കാനുള്ള സമയമാണിത്. ഇടവിളകൾക്കും തടമെടുക്കാം.
തെങ്ങോലപ്പുഴുവിൻ്റെ ആക്രമണം കാണുന്നുവെങ്കിൽ കീടാക്രമണം ഗുരുതരമായുള്ള ഓലകൾ വെട്ടിനീക്കി കത്തിച്ചുകളയുക. കൃഷി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പാരസൈറ്റ് ബ്രീഡിങ്ങ് കേന്ദ്രങ്ങളില്‍നിന്ന് എതിർപ്രാണികളെയെത്തിച്ച് വൻതോതിൽ തുറന്നുവിട്ട് തെങ്ങോലപുഴുക്കളെ നശിപ്പിക്കാന്‍ കഴിയും.
മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളിൽ അസാഡിറാക്‌ടിൻ അടങ്ങിയ ജൈവകീടനാശിനി 4 മി. ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കണം. മോടിന്റെ പുറത്തും ഇതളുകൾക്കു ചുറ്റിലുമായി മച്ചിങ്ങകളുടെയും 4-5 മാസം പ്രായമുള്ള ഇളംതേങ്ങകളുടെയും പുറത്ത് കീടനാശിനി തളിക്കാൻ ശ്രദ്ധിക്കണം.
കൊമ്പൻചെല്ലിയുടെ ആക്രമണത്തിന് മുൻകരുതലെന്ന നിലയിൽ തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളിൽ പാറ്റാഗുളിക 10 ഗ്രാം (4 എണ്ണം) വച്ച് മണൽകൊണ്ട് മൂടുകയോ വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം) തുല്യയളവിൽ മണലുമായി ചേർത്തിടുകയോ ചെയ്യുക.
ചെമ്പന്‍ചെല്ലികളെ പിടികൂടാനായി തെങ്ങിന്റെ കവിളുകളില്‍ മടക്കുവല മടക്കിവയ്ക്കാവുന്നതാണ്.
വെള്ളീച്ചയെ മഞ്ഞക്കെണി വച്ച് നിയന്ത്രിക്കണം. ഓലക്കാലുകളുടെ അടിയില്‍ വീഴത്തക്കവണ്ണം വേപ്പധിഷ്ഠിത കീടനാശിനി പ്രയോഗിച്ചും വെള്ളീച്ചകളെ തളയ്ക്കാം.
ചെന്നീരൊലിപ്പു രോഗം കാണുന്ന ഭാഗങ്ങളിലെ പുറംതൊലി മൂർച്ചയുള്ള ഉളികൊണ്ട് ചെത്തിമാറ്റിയശേഷം മുറിപ്പാടുകളിൽ 5 മി.ലി. കാലിക്‌സിൻ 100 മി.ലി. വെള്ളത്തിൽ എന്ന തോതിൽ കലക്കി പുരട്ടുക.
തടിയോടുചേർത്ത് പുതയിടരുത്. അകലമിട്ട് കനത്തില്‍ പുതയ്ക്കണം.
നെല്ല് -വിരിപ്പൂകൃഷിയുടെ സമയം
വിരിപ്പൂകൃഷിയില്‍ പൊടിവിതയും പറിച്ചുനടീലും ചെയ്യാറുണ്ട്. പൊടിവിതയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യമഴ ലഭിക്കുമ്പോള്‍ത്തന്നെ നിലങ്ങളില്‍ ഏക്കറൊന്നിന് 120 കി.ഗ്രാം കുമ്മായം വിതറി കട്ടകളുടച്ച് നല്ലവണ്ണം ഉഴുത് പാകപ്പെടുത്തിയെടുക്കണം. കട്ടകൾ നന്നായിയുടയ്ക്കാൻ റോട്ടവേറ്റർ ഉപയോഗിച്ചുവേണം അവസാനത്തെ ഉഴവുനടത്താന്‍. രണ്ടു പൂട്ടലുകൾക്കിടയിൽ ചെറിയ ഒരിടവേള കൊടുക്കുന്നത് കളനിയന്ത്രണത്തിനും രോഗനിയന്ത്രണത്തിനും സഹായിക്കും. അടിവളമായി ഏക്കറൊന്നിന് 2 ടൺ ജൈവവളം ചേർക്കണം. പറിച്ചുനടുന്ന പാടങ്ങളിൽ കാലവർഷത്തിനുമുമ്പു ലഭിക്കുന്ന ആദ്യമഴയോടുകൂടി പച്ചിലവളച്ചെടികളായ ഡെയിഞ്ച, സെസ്ബാനിയ, ചണമ്പ് എന്നിവ വളർത്തിയാൽ കൃഷിക്കാവശ്യമായ ജൈവവളം ലഭിക്കും. ഏക്കറൊന്നിന് 8 കിലോ വിത്ത് വേണ്ടിവരും.
പാടങ്ങളിൽ വിതയ്ക്കുന്നതിന് ഏക്കറൊന്നിന് 32-40 കി.ഗ്രാം വിത്തും നുരിയിടുന്നതിന് 35 കി.ഗ്രാമും വേണ്ടിവരും. വിത്തുവിതയ്ക്കുന്ന പാടങ്ങളിൽ സീഡ് ഡ്രിൽ ഉപയോഗിക്കുന്നതാണ് ഉത്തമം. എങ്കില്‍, കൃത്യയകലത്തിൽ വരിവരിയായി വിത്തിടാനാകും. ആവശ്യമായിവരുന്ന വിത്തിന്റെ അളവും നെല്‍ച്ചെടികളുടെ എണ്ണം ക്രമീകരിക്കാനായി പിന്നീട് പറിച്ചുനിരത്തുന്ന ചെലവും കുറയ്ക്കാനാകും. കൃത്യമായ അകലം സൂക്ഷിക്കുന്നതിനാല്‍ കീടരോഗബാധകളും കുറഞ്ഞുകിട്ടും.
എല്ലാ നെല്ലിനങ്ങളും പൊടിവിതയ്ക്ക് അനുയോജ്യമല്ല. അതു ശ്രദ്ധിക്കേണ്ടതുണ്ട്. പൊടിവിത നടത്തി ആദ്യത്തെ നാലാഴ്ച മഴ ഇല്ലാതിരിക്കുന്നതാണ് നല്ലത്. അത് ഞാറിനെ കരുത്തുറ്റതാക്കും. ഇടയ്ക്കു മഴ പെയ്താല്‍ കരുത്തുകുറയുകയും കള പെരുകുകയും ചെയ്യാം.
വാഴ -മണ്ഡരിയെ സൂക്ഷിക്കണം
മണ്ഡരിയെ നിയന്ത്രിക്കാന്‍ മരുന്ന് സ്പ്രേചെയ്യുമ്പോള്‍ അത് ഇലയുടെ അടിവശത്തും കൂമ്പിലും കവിളുകളിലും വീഴുന്നുവെന്ന് ഉറപ്പാക്കണം. ചുവടുഭാഗത്തുള്ള മണ്ണില്‍നിന്നു മുകളിലേക്കുവേണം സ്പ്രേ ചെയ്യാന്‍. താഴേക്കുവീണ മണ്ഡരി രക്ഷപെടാതിരിക്കാനാണിത്. വെര്‍ട്ടിലീസിയം മണ്ഡരിക്കു പറ്റിയ ജൈവമരുന്നാണ്. വെയില്‍ ആറിയതിനുശേഷം വെറ്റിങ് ഏജന്റ് ചേര്‍ത്ത് സ്പ്രേ ചെയ്യുക. അക്കാര്‍സൈഡുകളില്‍ ഏതെങ്കിലുമൊന്ന് രാസമരുന്നായും ഉപയോഗിക്കാം. ഫലപ്രദമാണെന്ന് ഉറപ്പുവരുത്തി മാത്രം മണ്ഡരിക്കുള്ള മരുന്ന് പ്രയോഗിക്കുക.
ആവശ്യമില്ലാത്ത കന്നുകൾ നശിപ്പിച്ചുകളയണം. വാഴയ്ക്കു താങ്ങുകൊടുക്കണം. പുതിയ കന്നുകൾ നട്ടുതുടങ്ങുന്ന സമയം കൂടിയാണിത്. നന മഴയുടെ പോക്കുവരവിനനുസരിച്ച് ക്രമീകരിക്കണം.
മാവ് -നന വിളവ് കൂട്ടും
നന തുടരാവുന്നതാണ്. മാങ്ങ വലിപ്പം വയ്ക്കുന്ന സമയത്ത് ജലസേചനം നൽകുന്നത് വിളവ് വർദ്ധിപ്പിക്കും.
കായീച്ചനിയന്ത്രണത്തിനുള്ള ഫെറമോണ്‍കെണി മാവില്‍നിന്ന് അല്പമകലെയായി ഇരുവശത്തും ഓരോന്നുവീതമെങ്കിലും സ്ഥാപിക്കുക.
തുള്ളലിനം പ്രാണികളെ നിയന്ത്രിക്കാന്‍ വിളക്കുകെണി വയ്ക്കണം.
ചെറിയ മാങ്ങയുടെ ചുണ്ടുഭാഗത്ത് മഞ്ഞനിറം വന്ന് പൊട്ടലുണ്ടായി പൊഴിയുന്നത് ബോറോണിന്റെ കുറവ് കൊണ്ടാണ്. ഇതിന് ബോറിക് ആസിഡ് 20 ഗ്രാം ഒരു ലി. വെള്ളത്തില്‍ എന്ന അളവില്‍ കലക്കി സ്പ്രേ ചെയ്യുക.
കുരുമുളക് - താങ്ങുകാലുകള്‍ വേണം
മഴ കിട്ടിയാൽ താങ്ങുകാലുകൾ നട്ടു തുടങ്ങാം. വിസ്താരം കുറഞ്ഞതും 30 മുതൽ 40 സെ. മീ ആഴമുള്ളതുമായ കുഴികൾ നിശ്ചിത അകലത്തിലെടുത്ത് അതിൽ താങ്ങുകാലുകൾ ഇറക്കിവെച്ച് മണ്ണിട്ട് നന്നായിയുറപ്പിക്കണം. ശക്തിയായ വെയിൽ തട്ടുന്ന സ്‌ഥലമാണെങ്കിൽ താങ്ങുകാലുകൾ പൊതിഞ്ഞുകെട്ടേണ്ടിവരും. ഈ മാസം കാലുകളുടെ ചുവട്ടിൽനിന്ന് 15 സെ. മീ അകലം വിട്ട് വടക്കുഭാഗത്തായി 50 X50 x 50 സെ. മീ വലിപ്പമുള്ള കുഴികളെടുത്ത് മേൽമണ്ണും കാലിവളവും ചേർത്തിടണം.
തോട്ടത്തിലെ രോഗം ബാധിച്ച കുരുമുളകുചെടികൾ പറിച്ചുമാറ്റി നശിപ്പിക്കണം.
നിലവിലുള്ള കൊടികൾക്ക് ഒരു മൂടിന് 500 ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം.
കൈതച്ചക്ക -കന്നെടുക്കാം
വിളവെടുപ്പ് തുടരാം. പുതിയ നടീലിനുള്ള കന്നുശേഖരണം ആരംഭിക്കാം. കീടരോഗവിമുക്തമായ ആരോഗ്യമുള്ള ചെടികളിൽനിന്ന് നടാനുള്ള കന്ന് ശേഖരി ക്കണം. മഴ തുടങ്ങുന്നതോടെ പുരയിടം കളകളും കട്ടകളും മാറ്റിയുഴുതിടണം.
കമുക് - വളമിടണം
ജലസേചനം തുടരാം. മഴ ലഭിച്ചാലുടൻ അരക്കിലോ കുമ്മായവും 25 കിലോ ജൈവവളവും വീതം ഓരോ തടത്തിലും ചേർത്തുകൊടുക്കാം. നാടൻ കവുങ്ങിന് 100 ഗ്രാം യൂറിയ, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 120 ഗ്രാം പൊട്ടാഷ് വളം, ഉത്പാദന ശേഷി കൂടിയയിനങ്ങൾക്ക് മേൽപ്പറഞ്ഞവ യഥാക്രമം 165, 150, 175 ഗ്രാം വീതം. 1 വർഷം പ്രായമായവയ്ക്ക് ഈ അളവിന്റെ മൂന്നിലൊന്നും രണ്ടു വർഷമായതിന് മൂന്നിൽ രണ്ടും ചേർക്കണം. മൂപ്പെത്താത്ത അടക്ക കൊഴിച്ചിലിനെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ 1-2 ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് ഫ്ളൂറസൻസ് ഉപയോഗിക്കാം.
കശുമാവ് - തൈ നടാന്‍ തയ്യാറാവുക
വിളവെടുപ്പ് തുടരാം. പുതിയ തോട്ടം പിടിപ്പിക്കാനുള്ള സ്ഥലം ഒരുക്കുക. കാർഷിക സർവ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നല്ലയിനം ഒട്ടുതൈകൾ ലഭ്യമാണ്.
ഏലം - തൈനടാനുള്ള കുഴിയെടുക്കാം
തൈനടീലിനുള്ള കുഴികൾ എടുക്കുന്നത് തുടരാം. എടുത്ത കുഴികളിൽ ജൈവവളങ്ങളും മേൽമണ്ണും ഇട്ടുമൂടണം.
ജാതി- വിളവെടുക്കാം
വിളവെടുപ്പ് തുടരാം. മഴ ലഭിക്കുന്നതുവരെ നന തുടരണം. തലമുടിരോഗം വ്യാപകമായി കാണുന്നു. നിയന്ത്രിച്ചില്ലെങ്കില്‍ ചെടി പട്ടുപോകാന്‍ സാധ്യതയുണ്ട്. മുടിഭാഗം പൂര്‍ണമായി പറിച്ചെടുത്ത് നശിപ്പിക്കുക.
ഗ്രാമ്പൂ - നന തുടരുക
നനയും വിളവെടുപ്പും തുടരണം.
ചേന - വളംചേര്‍ക്കുക
കുംഭച്ചേനയ്ക്ക് ആദ്യവളമായി ചുവടൊന്നിന് 10 ഗ്രാം യൂറിയയും 20 ഗ്രാം രാജ്‌ഫോസും 10 ഗ്രാം പൊട്ടാഷും വിത്തുനട്ട് ഒന്നര മാസമാകുമ്പോൾ ചേർത്തു കൊടുക്കുക. ഒപ്പം മണ്ണണച്ചു കൊടുക്കുകയും വേണം.
കാച്ചിൽ -നടാനുള്ള സമയം
മഴ കിട്ടിയാലുടൻ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, 1-1.25 കി.ഗ്രാം ജൈവവളം ചേർത്ത് മേൽമണ്ണ് കൊണ്ട് മുക്കാൽ ഭാഗം മൂടുക. ചാണകപ്പാലിൽ മുക്കിയെടുത്ത കഷണങ്ങൾ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി പുതയിടണം. നല്ലയിനം കാച്ചിൽ വിത്തുകൾക്ക് കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ കേന്ദ്ര വുമായി ബന്ധപ്പെടാം. ഫോൺ -0471-2598551
പച്ചക്കറികള്‍- കണിവെള്ളരിയുടെ വിളവെടുപ്പുകാലം
വേനൽപച്ചക്കറികൾക്ക് നിർബന്ധമായും ജലസേചനം നൽകുക. പടരുന്ന പ്രായത്തിലുള്ള വെള്ളരിവിളകൾക്ക് സെൻ്റിന് 160-320 ഗ്രാം യൂറിയ നൽകുക. വളം ചെടികൾക്കുചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുന്നതോടൊപ്പം കളകൾ നീക്കുകയും ഇളകിയ മണ്ണ് ചുവട്ടിൽ കൂട്ടുകയും നനയ്ക്കുകയും ചെയ്യണം. ഇടയ്ക്കിടെ പച്ചച്ചാണകം കലക്കിയൊഴിക്കുന്നതും നല്ലതാണ്. വിളവെടുത്ത ചീര യിൽ 10 ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിച്ചാൽ കൂടുതൽ വിളവെടുക്കാം. കണിവെള്ളരിയുടെ വിളവെടുപ്പ് ഈ മാസം പകു തിയോടെ തുടങ്ങാം.
(കേരളകര്‍ഷകന്‍ മാസിക)
പറഞ്ഞുവരുമ്പോള്‍ ഇഞ്ചിയുടെ സ്വന്തക്കാരനാണ് മഞ്ഞള്‍. പുരാതനകാലം മുതല്‍ നമ്മള്‍ മഞ്ഞളിന്റെ ഗുണം മനസിലാക്കിയിരുന്നു. സൗന്ദര്യവര്‍ദ്ധനവിനും അണുനാശനത്തിനും പാചകത്തിനും വസ്ത്രങ്ങള്‍ക്കു നിറം കൊടുക്കാനും ഒരുപോലെ മഞ്ഞള്‍ ഉപയോഗിക്കുന്നു. ആയുര്‍വേദമരുന്നുകൂട്ടുകളിലെ ഒരു പ്രധാനചേരുവയും മഞ്ഞളാണ്. ഇന്ത്യയിലും വിദേശത്തും വിറ്റഴിയാന്‍ എളുപ്പമാണ്.
ചൂടുള്ള കാലാവസ്ഥയും ഈർപ്പമുള്ള അന്തരീക്ഷവും ധാരാളം മഴയുമുള്ള സ്ഥലങ്ങളിലാണ് മഞ്ഞള്‍ സമൃദ്ധമായി വളരുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് ഉത്തമം. തനിവിളയായും ഇടവിളയായും മിശ്രിതവിളയായും മഞ്ഞൾ കൃഷി ചെയ്യുന്നു.
മഞ്ഞളിലെ പ്രധാന ഇനങ്ങൾ
നാടന്‍
തെക്കൂർപെട്ട, സുഗന്ധം, ഈറോഡ് ലോക്കൽ
വികസിപ്പിച്ചെടുത്തത്
സുവർണ, സുഗുണ, സുദർശന, ഐ.ഐ. എസ്.ആർ. പ്രഭ, പ്രതിഭ, ആലപ്പി സുപ്രീം, കേദാരം
കേരള കാർഷികസർവകലാശാലയുടെ സംഭാവനകള്‍
കാന്തി, ശോഭ, സോന, വർണ്ണ
വിത്തുണ്ടാക്കുന്ന രീതി
മഞ്ഞളില്‍ നടാനായി ഉപയോഗിക്കുന്നത് മുകുളങ്ങളോടു കൂടിയ പ്രകന്ദങ്ങളുടെ ഭാഗമാണ്. നല്ല വിളവിന് വിത്ത് പ്രത്യേകമായ രീതിയില്‍ വിത്ത് സംഭരിക്കേണ്ടതുണ്ട്. അതിനായി സ്ഥലത്തിന്റെ ഊഷ്മാവ് 22-25 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണം. ഊഷ്മാവ് 28 ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ മഞ്ഞൾ നിർജ്ജലീകരിച്ച് കനം കുറഞ്ഞ് ആരോഗ്യമില്ലാത്തതായിത്തീരും. നല്ല ബീജാങ്കുരണശേഷി ഉറപ്പുവരുത്തുന്നതിന് തണലുള്ള സ്ഥലത്ത് കുഴിയെടുത്ത് മഞ്ഞള്‍ സൂക്ഷിക്കണം. നല്ല മുഴുത്തതും രോഗബാധയില്ലാത്തതുമായ വിത്ത് നോക്കിവേണം തിരഞ്ഞെടുക്കുവാൻ. സ്യൂഡോമൊണാസ് (20 ഗ്രാം, 1 ലിറ്റർ വെള്ളത്തിൽ) ലായനിയിൽ 30 മിനിറ്റ് മുക്കിയശേഷം വിത്ത് തണലത്തുണക്കുക. ചാണകവും ചെളിയും കൊണ്ട് മെഴുകിയ കുഴികളിൽ ഇവ സൂക്ഷിച്ചുവയ്ക്കാം. കുഴിയുടെ അടിയിൽ 5 സെ.മീ കനത്തിൽ മണലോ അല്ലെങ്കിൽ അറക്കപൊടിയോ വിതറുക. അതിനുമുകളിൽ ഒരടി കനത്തിൽ വിത്തുമഞ്ഞൾ അടുക്കുക. അതിനുമുകളിൽ 5 സെ.മീ കനത്തിൽ മണൽ പരത്തുക. കുഴി നിറയുന്നതുവരെ പല നിരകളായി മഞ്ഞളും മണലും ഒന്നിടവിട്ട് അടുക്കിവച്ചതിനുശേഷം വായുസഞ്ചാരത്തിനായി കുഴിയുടെ മുകൾഭാഗത്ത് 10 സെ.മീ സ്ഥലം ഒഴിച്ചിടണം. കുഴി മരപ്പലക ഉപയോഗിച്ച് മൂടിയിടാം. രോഗങ്ങളുടെയും കീടാണുക്കളുടെയും അളവ് കുറയ്ക്കുന്നതിനു വേണ്ടി സംഭരിച്ചു വച്ചിരിക്കുന്ന മഞ്ഞൾ മാസത്തിലൊരിക്കൽ തുറന്നു പരിശോധിച്ച് കേടായതും അഴുകിയതുമായ മഞ്ഞൾ കണ്ടാല്‍ എടുത്തുകളയണം.
നടുന്ന ഭൂമി, കാലാവസ്ഥ, വിത്ത് എന്നിവയനുസരിച്ച് മഞ്ഞളിന്റെ വലിപ്പവും തൂക്കവും വ്യത്യാസപ്പെടും. വലിപ്പത്തിന് ആനുപാതികമായാണ് വിളവ്. കൂടുതൽ വിളവ് ലഭിക്കുന്നതിനുവേണ്ടി വിത്തുമഞ്ഞൾ 20-25 ഗ്രാം തൂക്കമുള്ള ഒന്നോ രണ്ടോ മുകുളങ്ങളോടു കൂടിയ കഷണങ്ങളാക്കുന്നു. പൊതുവേ ഹെക്ടറിന് 2000-2500 കി.ഗ്രാം മഞ്ഞളാണ് ഉപയോഗിക്കേണ്ടത്.
ഏകമുകുള പ്രജനനരീതി വഴി നടീൽവസ്തുവിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. മഞ്ഞൾ 5 ഗ്രാം തൂക്കവും ഒരു മുളയും കിട്ടുന്ന രീതിയിൽ കഷണങ്ങളാക്കി കുമിൾനാശിനിയിൽ മുക്കിയശേഷം പ്രോട്രേകളിൽ നടണം. പഴകിയ ചകിരിച്ചോർ, ചാണകപ്പൊടി/മണ്ണിര കമ്പോസ്റ്റ് എന്നിവ 3:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. ഈ മിശ്രിതത്തിൽ ഒരു കി.ഗ്രാമിന് 10 ഗ്രാം എന്ന നിരക്കിൽ ട്രൈക്കോഡർമ ചേർക്കണം. നട്ടതിനുശേഷം 30-40 ദിവസം വരെ തണലിൽ വച്ച് പരിചരിക്കണം. ആവശ്യാനുസരണം നനയ്ക്കണം. പിന്നീട് കാലവർഷാരംഭത്തിൽ തന്നെ നാലില പരുവത്തിൽ ഇവയെ കൃഷിയിടത്തിലേക്ക് മാറ്റി നടാം.
നടുന്ന വിധം
മഞ്ഞള്‍ നടാനായി നിലമൊരുക്കേണ്ടത് ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ്. ഒന്നോ രണ്ടോ നല്ല മഴ ലഭിച്ചശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ മഞ്ഞൾ നടാം. അമ്ലത കൂടുതലുള്ള മണ്ണിൽ കുമ്മായം അഥവാ ഡോളോമൈറ്റ് ഒരു ഹെക്ടറിന് 1000 കിലോ എന്ന തോതിൽ വിതറി നിലം ഉഴുവുന്നത് നല്ലതാണ്. 3x1.2 മീറ്റർ അള വിൽ 25 സെ.മീ പൊക്കത്തിൽ 40 സെ.മീ അകലത്തിൽ തയ്യാറാക്കിയിട്ടുള്ള വാരങ്ങളിൽ 25x25 സെ.മീ അകലത്തിൽ ചെറിയ കുഴികളെടുക്കുക. 25 ഗ്രാം വീതമുള്ള പ്രകന്ദങ്ങൾ മുകളിലേക്ക് മുളവരത്തക്കവിധം നടണം. മാതൃപ്രകന്ദങ്ങലും ലഘുപ്രകന്ദങ്ങളും ഏകമുകുള പ്രജനനരീതി വഴി പ്രോട്രേയിൽ വളർത്തിയ തൈകളും നടാൻ ഉപയോഗിക്കാം.
വളം
ഹെക്ടറൊന്നിന് 40 ടൺ എന്ന തോതിൽ കന്നുകാലിവളമോ കമ്പോസ്റ്റോ നിലമൊരുക്കുന്ന സമയത്ത് അടിവളമായി ചേർക്കണം. നട്ടതിനുശേഷം വിതറി കൊടുക്കുകയുമാവാം. പാക്യജനകം:ഭാവകം:ക്ഷാരം എന്നിവ ഹെക്ടറിന് 30:30:60 കി.ഗ്രാം എന്ന അനുപാതത്തില്‍ നല്‍കണം. ഒരു ഹെക്ടറിന് അടിവളമായി 150 കിലോ മസ്സൂറിഫോസ്, 50 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും കൊടുക്കേണ്ടതാണ്. നട്ട് ഒരു മാസം കഴിയുമ്പോൾ 43 കിലോഗ്രാം യൂറിയയും, രണ്ടു മാസം കഴിയുമ്പോൾ വീണ്ടും 22 കിലോഗ്രാം യൂറിയയും 50 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകേണ്ടതാണ്.
പുതയിടീൽ
നട്ടയുടന്‍തന്നെ പച്ചിലകൊണ്ട് നല്ലവണ്ണം പുതയിടണം. ഒരു ഹെക്ടറിന് 15 ടൺ പച്ചില വേണ്ടി വരും. 50 ദിവസത്തിനുശേഷം വീണ്ടും ഒരിക്കൽകൂടി 15 ടൺ പച്ചിലകൊണ്ട് പുതയിടണം.
നട്ടശേഷം 2, 4, 5 മാസങ്ങളില്‍ കളയെടുപ്പ് നടത്തണം. 2 മാസം കഴിഞ്ഞ് കളയെടുത്തതിനുശേഷം നിർബ്ബന്ധമായും മണ്ണ് കൂട്ടിക്കൊടുക്കേണ്ടതുണ്ട്.
കാര്യമായ രോഗങ്ങളോ കീടങ്ങളോ മഞ്ഞളിനെ ബാധിക്കാറില്ല. തണ്ടുതുര പ്പന്റെ ആക്രമണത്തിനെതിരെ ക്വിനാൽഫോസ് 0.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്. ഇലകളെ ബാധിക്കുന്ന കുമിൾ രോഗങ്ങൾക്കെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ 0.2 ശതമാനം വീര്യമുള്ള മാങ്കോസെബോ തളിച്ചാൽ മതി. മൂടുചീയലോ വാട്ടമോ കാണുന്നുണ്ടെങ്കിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മണ്ണ് കുതിർക്കേ തളിക്കേണ്ടതാണ്.
വിളവെടുപ്പ്
ഇനത്തെ ആശ്രയിച്ചാണ് വിളവെടുപ്പിന്റെ സമയം. ജനുവരി മുതൽ മാർച്ച് വരെയുള്ള സമയമാണ് വിളവെടുപ്പുകാലം. മൂപ്പുകുറഞ്ഞ ഇനങ്ങൾ 7-8 മാസമാകുമ്പോഴും, മദ്ധ്യകാലമൂപ്പുള്ളവ 8-9 മാസമാകുമ്പോഴും ദീർഘകാലമൂപ്പുള്ള ഇനങ്ങൾ 9-10 മാസമാകുമ്പോഴും വിളവെടുക്കാം.
സംസ്കരണം
മഞ്ഞൾ വിളവെടുത്തു മണ്ണും വേരും നീക്കി രണ്ടു മൂന്ന് ദിവസത്തിനകം സംസ്കരിച്ചെടുക്കണം. ഈ സമയപരിധി ഉൽപ്പനത്തിൻ്റെ ഗുണമേന്മയിൽ വളരെ പ്രധാനമാണ്. മാതൃപ്രകന്ദങ്ങളും ലഘുപ്രകന്ദങ്ങളും വെവ്വേറെ വേവിക്കണം. GI/MS പാനുകളിലാണ് (1 മീ x 0.62 മീ x 0.48 മീ) മഞ്ഞൾ തിളപ്പിക്കേണ്ടത്. ഇതിൽ വെള്ളമെടുക്കുക. കഴുകി വൃത്തിയാക്കിയ മഞ്ഞൾ GI/MS ഷീറ്റ് കൊണ്ടുണ്ടാക്കിയ അരിപ്പയിൽ (0.9 മീ x 0.55 മീ x 0.4 മീ) ഇടുക. അരിപ്പ MS പാനുകളിൽ എടുത്ത വെള്ളത്തിൽ താഴ്ത്തിവെച്ച് മഞ്ഞൾ തിളപ്പിച്ച് മൃദുവാക്കുക. അരിപ്പയോടെ മഞ്ഞൾ പുറത്തെടുത്തു വെള്ളം വാർന്നുപോകാൻ വയ്ക്കണം. ഒരു ഈർക്കിൽകൊണ്ട് കുത്തി നോക്കിയാൽ തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കണം. ഈ പരുവമായാൽ വേവ് പാകമായി എന്ന് അനുമാനിക്കാം. പനമ്പിലോ, തറയിലോ നിരത്തി ഉണക്കിയെടുക്കണം. ഉണങ്ങിയ മഞ്ഞൾ പോളിഷിംഗ്ചെയ്തു ഭംഗിയാക്കുന്നു. കൈകൊണ്ടും യന്ത്രമുപയോഗിച്ചും ചാക്കിൽകെട്ടി കാൽകൊണ്ട് ചവിട്ടിമെതിച്ചും മിനുസപ്പെടുത്താം.
(അവലംബം:തോട്ട സുഗന്ധവിളവിഭാഗം, കാര്‍ഷികകോളേജ്, വെള്ളായണി, തിരുവനന്തപുരം)
വെള്ളം ഏറ്റവുമധികം സൂക്ഷിക്കേണ്ട മാസങ്ങളിലൊന്നാണ് മാര്‍ച്ച്. കുറച്ചുവെള്ളം കൊണ്ട് പരമാവധി കൃഷി എന്നതാണ് പുതിയകൃഷിരീതി. അതേസമയം, ഓരോ വിളയ്ക്കും ആവശ്യമുള്ള വെള്ളം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. വൈക്കോലോ മറ്റേതെങ്കിലും ഉണങ്ങിയ വസ്തുക്കളോകൊണ്ട് പുതയിടുന്നത് വെള്ളത്തിന്റെ ഉപഭോഗം വളരെ കുറയ്ക്കും. മണ്ണിന്റെ ഗുണം, ഈർപ്പം നിലനിർത്താനുള്ള കഴിവ്, വെള്ളത്തിൻ്റെ ലഭ്യത എന്നിവ കണക്കിലെടുത്തുവേണം പുതയിട്ടതിനുശേഷം നനച്ചുകൊടുക്കാന്‍.
നെല്ല്
പുഞ്ചക്കൃഷിയില്‍ ഈ സമയത്ത് നനയിലും കീടനിയന്ത്രണത്തിലും നല്ല ശ്രദ്ധവേണം.നട്ട് മൂന്നാഴ്‌ച കഴിഞ്ഞാണ് പുഞ്ചക്കൃഷിയില്‍ ആദ്യത്തെ മേൽവളം നൽകേണ്ടത്.
ഇടത്തരം മൂപ്പുള്ള ഇനങ്ങൾ വൈകിയാണ് വിതച്ചതെങ്കില്‍ 55-60 ദിവസം കഴിയുമ്പോള്‍ ഏക്കറിന് 20 കി.ഗ്രാം യൂറിയ, 15 കി.ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം.
ബ്ലൈറ്റ്/ബ്ലാസ്റ്റ് രോഗങ്ങളെ ചെറുക്കാന്‍ ഒരുലിറ്റർ വെള്ളത്തിന് 20 ഗ്രാം സ്യൂഡോമോണാസ് ലായനി എന്നകണക്കിന് കലക്കി തളിച്ചുകൊടുക്കാം.
നെല്ലിലെ മുഞ്ഞയെ നിയന്ത്രിക്കാൻ അക്രമണം കൂടുതലുള്ള ഭാഗത്ത് പത്ത് ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം തയാമെതോക്സാം അല്ലെങ്കിൽ 3 മില്ലി ഇമിഡാക്ലോപ്രിഡ് കലക്കി തളിച്ചുകൊടുക്കുക.
തണ്ടുതുരപ്പൻ പുഴുവിനെതിരെ ട്രൈക്കോകാർഡുകൾ ഉപയോഗിക്കാം.
പോളരോഗം, കുലവാട്ടം, മുതലായ കുമിൾരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെങ്കില്‍ 1 ലിറ്റർ വെള്ളത്തിൽ സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം എന്ന തോതിലുണ്ടാക്കിയ ലായനി പാടത്തു തളിക്കുകയോ ഇതേ 1 കി.ഗ്രാം ബാക്ടീരിയൽകൾച്ചർ 50 കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേർത്തുവച്ച ശേഷം വിതറുകയോ ചെയ്യാം.
മുണ്ടകൻവിത്ത് ഈർപ്പംതട്ടാതെ ഉണക്കിവേണം സൂക്ഷിക്കാന്‍. ശരിക്കുണങ്ങിയ വിത്തിന്റെ പരുവം എന്നാല്‍, പൊട്ടിച്ചുനോക്കുമ്പോള്‍ നടുവിൽ സൂചിക്കനത്തിൽമാത്രം വെളുപ്പ് അവശേഷിക്കുന്നതരം പാകമാണ്.
തെങ്ങ്
മാര്‍ച്ചിലും തെങ്ങിനു നന തുടരണം. കായൽ വരമ്പുകളിലുള്ള തെങ്ങിന് മണലിട്ടുകൊടുക്കാം. ആ തെങ്ങുകളുടെ ചുവട്ടിൽ ചെളിയുമിടണം.
ചെന്നീരൊലിപ്പുരോഗം കാണുകയാണെങ്കിൽ രോഗം ബാധിച്ച ഭാഗങ്ങൾ ചെത്തി മാറ്റി കത്തിച്ചുകളയണം. മുറിപാടുകളിൽ 100 മില്ലി വെള്ളത്തിൽ കോൺടാഫ് 5 മി.ഗ്രാം കലക്കി തേച്ചുകൊടുക്കുക. അല്ലെങ്കിൽ 25 ലിറ്റർ വെള്ളത്തിൽ കോൺഡാഫ് 25 മി. ലി. കലക്കി തെങ്ങിൻചുവട്ടിലൊഴിച്ച് മണ്ണുകുതിർക്കുക. ഒരു വർഷം ഒരു തെങ്ങിന് 3-5 കി.ഗ്രാം വേപ്പിൻപിണ്ണാക്ക് എന്ന തോതിൽ ഇടുന്നതും നല്ലതാണ്. നല്ല ജൈവവളമെന്നതിനു പുറമെ കീടാക്രമണം കുറയ്ക്കാനും വേപ്പിൻ പിണ്ണാക്കിനു കഴിയും.
തെങ്ങോലപ്പുഴുവിൻ്റെ ശല്യം കാണുകയാണെങ്കില്‍ അത് അധികമായിക്കാണുന്ന വെട്ടിയിട്ട് കത്തിച്ചുകളയണം. കീടബാധ ശ്രദ്ധയിൽപ്പെട്ടാലുടൻ തെങ്ങോലപ്പുഴുവിൻ്റെ വിവിധ ദശകളെ ബാധിക്കുന്ന എതിർപ്രാണികളെ വൻതോതിൽ തുറന്നുവിട്ട് തെങ്ങോലപ്പുഴുവിനെ നശിപ്പിക്കാവുന്നതാണ്. കീടനാശിനിപ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ തുറന്നു വിടണം. കൃഷിവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പരാദപ്രാണി വളർത്തൽ കേന്ദ്രങ്ങളിൽ നിന്ന് എതിർപ്രാണികളെ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
തെക്കന്‍വെയിലിനെ ചെറുക്കാന്‍ ചെറിയ തെങ്ങിന്‍തൈകളിലും അവയുടെ കടഭാഗത്തും മെടഞ്ഞ തെങ്ങോല കൊണ്ട് തണൽ നൽകണം.
കൊമ്പൻചെല്ലികൾ മുട്ടയിടുന്ന സമയമാണിത്. ചാണകക്കുഴി/ വളക്കുഴി എന്നിവിടങ്ങളിലാണ് കൂടുതലായി മുട്ടയിടുന്നത്. കൊമ്പൻചെല്ലികൾക്കെതിരെ പ്രതിരോധംതീർക്കാന്‍ തെങ്ങിന്‍മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളിൽ പാറ്റാഗുളിക 10 ഗ്രാം (4 എണ്ണം) വെച്ച് മണൽകൊണ്ട് മൂടുകയോ വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം) തു ല്യയളവിൽ മണലുമായി ചേർത്ത് ഇടുകയോ ചെയ്യണം. മെറ്റാറൈസിയം 750 മി.ലിറ്റർ വെള്ളത്തിൽ 250 ഗ്രാം കുമിൾപ്പൊടി കലക്കി ആവശ്യാനുസരണം വളക്കുഴിയിൽ ഒഴിച്ചുകൊടുക്കുകയുമാവാം.
കൊമ്പൻചെല്ലിയുടെ ആക്രമണമുളള തെങ്ങുകളിൽനിന്ന് ചെല്ലിക്കോൽ കൊണ്ടുകുത്തി കീടങ്ങളെ നിയന്ത്രിക്കാവുന്നതാണ്.
മെയ്മാസംവരെ വിത്തുതേങ്ങ സംഭരിക്കാവുന്ന സമയമാണ്.
വാഴ
വാഴയ്ക്കും നന തുടരണം.
ഏത്തവാഴത്തോട്ടത്തില്‍ പുതയിട്ടുകൊടുത്ത് നല്ലരീതിയില്‍ വെള്ളം ലാഭിക്കാം. 5 മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയ, 100ഗ്രാം മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെടിയൊന്നിന് നൽകുക. കുല പുറത്തുവന്ന ഉടനെയും ഇതേ തോതിൽ വളപ്രയോഗം നടത്തണം. വാഴയ്ക്ക് താങ്ങ് കൊടുക്കണം.
പിണ്ടിപ്പുഴു അഥവാ തടതുരപ്പന്‍പുഴുവിനെ ഗൗനിക്കണം. തോട്ടം വൃത്തിയായി സൂക്ഷിക്കുക. പുറംഭാഗത്തുള്ള വാഴത്തടകൾ അഞ്ചാംമാസം മുതൽ അടർത്തിക്കളയണം. വാഴത്തടയ്ക്കുചുറ്റും ചെളി പൂശുന്നത് തടതുരപ്പനെതിരെ ഫലപ്രദമായ രീതിയാണ്. കീടാക്രമണം വന്നുകഴിഞ്ഞെങ്കിൽ 3 ശതമാനം വീര്യത്തില്‍ (30 മില്ലി/ലിറ്റർ) വേപ്പെണ്ണ എമൽഷൻ ചെളിക്കൂട്ടുമായി ചേർത്തുവേണം തടിയിൽ പുരട്ടാന്‍.
തടതുരപ്പനെതിരേ വേപ്പ് അധിഷ്ഠിത കീടനാശിനികൾ വാഴക്കവിളുകളിൽ ഒഴിച്ചുകൊടുക്കുകയുമാവാം. കുലവെട്ടിയ ശേഷമുള്ള വാഴത്തട രണ്ടടി നീളത്തിൽ മുറിച്ച് നെടുകെ പിളർന്ന് വാഴത്തോട്ടങ്ങളിൽ അവിടവിടെയായി വയ്ക്കുക. വാഴ അഞ്ചുമാസം പ്രായമാകുമ്പോഴാണ് ഇതുചെയ്യേണ്ടത്. വണ്ടുകൾ ഇവയ്ക്കുള്ളിൽ കൂടിയിരിക്കുന്നതു കാണാം. ഇവയെ ശേഖരിച്ച് നശിപ്പിക്കണം.
പച്ചക്കറി
പച്ചക്കറികൃഷിക്കായി തെരഞ്ഞെടുക്കുന്നത് നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമായിരിക്കണം. ഭാഗികമായി തണൽവീഴുന്ന സ്ഥലങ്ങളിൽ അത്തരം തണൽ ഇഷ്ടപ്പെടുന്ന തരം പച്ചക്കറികൾ വേണം നടാൻ. ചേന, ചേമ്പ്, സാമ്പാർ ചീര, ചെക്കുർമാനീസ് ഇവയൊക്കെ അതിനുപറ്റിയതാണ്. പ്രത്യേകതരം രോഗങ്ങള്‍, കീടങ്ങള്‍ ഇവയുടെ നിരന്തരഭീഷണിയുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാൻ കഴിവുള്ള ഇനങ്ങൾ തിരഞ്ഞെടുത്ത് കൃഷിചെയ്യണം.
വഴുതന: പുസപർപ്പിൾ, സൂര്യ, ശ്വേത, നീലിമ, ഹരിത എന്നീ ഇനങ്ങൾക്ക് ബാക്ടീരിയൽ വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ കഴിയും.
വെണ്ട: സുസ്ഥിര, അരുണ, അർക്ക അഭയ് എന്നിവക്ക് ഇലമഞ്ഞളിപ്പ്, മൊസേക്ക്/നരപ്പൻ രോഗത്തെ ചെറുക്കാനും കഴിയും.
തക്കാളി: ശക്തി, അനഘ, മുക്തി എന്നീ ഇനങ്ങൾക്ക് ബാക്ടീരിയൽ വാട്ടരോഗത്തെ ചെറുക്കാൻ കഴിയും.
മിക്ക പച്ചക്കറിവിളകളിലും പ്രതിരോധശേഷിയുള്ള ഇനങ്ങൾ സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പച്ചക്കറികളിൽ മണ്ഡരി, ഇലപ്പേൻ, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ മൂലമുള്ള കുരുടിപ്പ് രോഗം കാണാൻ ഏറെ സാധ്യതയുള്ള സമയമാണിത്. ഒരു ലിറ്റർ വെളളത്തിൽ 20 ഗ്രാം ലെക്കാനിസീലിയം ലയിപ്പിച്ചുതളിക്കുക. അല്ലെങ്കിൽ വേപ്പെണ്ണയടങ്ങുന്ന കീടനാശിനികൾ പത്തുദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം.
ജൈവകൃഷിയാണ് അനുവര്‍ത്തിക്കുന്നതെങ്കില്‍ പുറത്തുനിന്ന് വളംവാങ്ങുന്നരീതി നല്ല പണച്ചെലവുണ്ടാക്കും. വിളാവശിഷ്ടങ്ങള്‍, പച്ചിലകള്‍ എന്നിവ ഉപയോഗിച്ച് സ്വന്തമായുണ്ടാക്കുന്ന കമ്പോസ്റ്റ് ഉപയോഗിക്കുന്നതാണ് ആദായകരം. ചുറ്റുപാടുമുള്ള ജൈവമാലിന്യങ്ങളുപയോഗിച്ച് അവിടെത്തന്നെ ആവശ്യമായ വളമുണ്ടാക്കുകയാണ് ഉത്തമമായ ജൈവകൃഷിരീതി. ലാഭം മാത്രമല്ല ഇതിനു കാരണം. പുറംലോകത്തുനിന്നുവാങ്ങുന്ന ജൈവവളത്തിന്റെ വിശ്വസനീയത, അതിലൂടെ കടന്നുവരാവുന്ന രോഗ-രാസവസ്തു സാധ്യതകള്‍ ഇവയൊക്കെ ഒഴിവാക്കാന്‍ അത് ആവശ്യമാണ്.
ചേന
ചേനയുടെ നടീൽ തുടരാം. കഴിഞ്ഞമാസം നട്ട വിത്തുകൾ ഉണങ്ങിയിട്ടുണ്ടെങ്കിൽ അവമാറ്റി പകരം വിത്ത് നടണം. തടങ്ങളിൽ കരിയിലപ്പുത നൽകണം. കഴിയുമെങ്കിൽ 2-3 നന കൊടുക്കാം.
കുരുമുളക്
കിളിഞ്ഞിൽ/ നാടൻ മുരിക്ക്/പെരുമരം തുടങ്ങിയ താങ്ങുമരങ്ങളുടെ കൊമ്പുകൾ മുറിച്ച് താങ്ങുകാലുകൾ ശേഖരിക്കുന്ന പണിയും നനയും തുടരണം. കൊടിത്തലകൾ മുറിച്ചെടുത്ത് വേരുപിടിപ്പിക്കാൻ തവാരണകളിൽ പാകാവുന്നതാണ്.
കേടുപോക്കലിനും പുതുകൃഷിക്കും വേണ്ടി തൈനടീലിനുള്ള കുഴികൾ എടുക്കുന്നത് മാര്‍ച്ചുമാസത്തിലും തുടരാം. എടുത്ത കുഴികളിൽ ജൈവവളങ്ങളും മേൽമണ്ണമിട്ട് മൂടണം. തവാരണ നനയ്ക്കാവുന്നതാണ്.
മാവ്
മാവിന്‍തൈകൾക്ക് ആഴ്ചയിൽ രണ്ടു നന ആവശ്യമാണ്. വളർന്ന മാവിന് കണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാൽ ആഴ്ചയിൽ ഒരു തവണ നന നല്ലതാണ്. കായീച്ചയെ തുരത്താൻ മാവ് പൂത്തുതുടങ്ങുമ്പോൾ തന്നെ മീഥൈൽ യൂജിനോൾ കെണി 25 സെൻ്റിന് ഒരു കെണി എന്ന തോതിൽ സ്ഥാപിക്കാവുന്നതാണ്. ഇത് കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ ഗവേഷണകേന്ദ്രങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഇഞ്ചി/മഞ്ഞൾ
ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ നിലമൊരുക്കുന്നതോടൊപ്പം 160 കിലോ ജൈവവളം അടിവളമായി നൽകണം. അമ്ലാംശം ഉള്ള മണ്ണിൽ നടുന്നതിന് രണ്ടാഴ്ച്ച മുമ്പ് 1-3 കിലോ കുമ്മായം/ ഡോളമൈറ്റ് നൽകാം. തെങ്ങിന് ഇടവിളയായി ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാവുന്നതാണ്.
ഇഞ്ചിവിത്ത് ഒരേക്കറിന് 600 കിലോയും മഞ്ഞൾവിത്ത് 800-1000 കിലോയും നടുന്നതിന് ആവശ്യമാണ്. ആവശ്യമുള്ള നീളത്തിൽ 1 മീറ്റർ വീതിയിലും 25 സെ.മീറ്റർ ഉയരത്തിലും വാരമെടുത്ത് തടമൊരുക്കാം. 4-5 സെ.മീ ആഴമുള്ള ചെറിയ കുഴികളിൽ വിത്ത് 20-25 സെ.മീ അകലത്തിൽ നടാം. തടങ്ങൾ തമ്മിൽ 40 സെ.മീ അകലം പാലിക്കണം. ഇഞ്ചിക്ക് വെള്ളക്കെട്ട് പാടില്ലാത്തതിനാൽ ഓരോ 25 തടങ്ങൾക്കും ഒരു ചാല് എന്ന തോതിൽ വെള്ളമൊഴുകി പോകുന്നതിന് സൗകര്യമൊരുക്കണം.
ഏലം
വിളവെടുപ്പ് തീരുന്ന സമയമാണിത്. പോളീബാഗ് നഴ്സറിക്കുള്ളിൽ ആവശ്യാനുസരണം നനയ്ക്കണം. കേടുപോക്കലിനും പുതുകൃഷിക്കും വേണ്ട തൈകൾ നടുന്നതിനുള്ള കുഴികൾ എടുക്കണം. നിലവിലുള്ള തോട്ടങ്ങളിൽ നന, പുതയിടീൽ, മണ്ണിടീൽ, നീർച്ചാലുകൾ വൃത്തിയാക്കൽ എന്നിവ ചെയ്യുക.
കമുക്
കമുകിൻ്റെ രണ്ടാംഘട്ട വളപ്രയോഗം മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ്. മൂന്നുവർഷം പ്രായമായ കമുകൊന്നിന് 108 ഗ്രാം, 111 ഗ്രാം, 117 ഗ്രാം എന്ന അളവിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം നൽകാം. ജലസേചനം തുടരണം.
എള്ള്
സസ്യസംരക്ഷണ നടപടികൾ ആവശ്യാനുസരണം നടത്തുക. 15 - 20 ദിവസം ഇടവിട്ട് ജലസേചനം ചെയ്യണം.
മരച്ചീനി
കുംഭക്കപ്പയ്ക്ക് മഴ കിട്ടുന്നില്ലെങ്കിൽ നനച്ചുകൊടുക്കണം.
ജാതി/ഗ്രാമ്പു
വിളവെടുപ്പ് തുടരുന്ന സമയമാണ് മാര്‍ച്ച്. മഴ ലഭിക്കുന്നതുവരെ 5 ദിവസത്തിലൊരിക്കൽ നന്നായി നനയ്ക്കണം. ചുവട്ടിൽ പുതയിടുക. കനത്ത വെയിലുണ്ടെങ്കിൽ തണൽ നൽകണം. എന്നാൽ തണലധികമായാൽ കായ്പിടുത്തം കുറയും.
കശുമാവ്
കശുമാവിൻതോട്ടത്തിലെ മുഴുവൻ കളകളും ചെത്തിപ്പറിച്ച് തടങ്ങളിൽ പുതയിട്ടുകൊടുക്കണം. വേനല്‍ക്കാലത്ത് തോട്ടത്തിനുചുറ്റും ഫയർബെൽറ്റ് ഉണ്ടാക്കാന്‍മറക്കരുത്. തോട്ടത്തിനുചുറ്റുപാടും അഞ്ചുമീറ്ററോളം വീതിയിൽ കരിയിലകളും ചപ്പുചവറുകളും നീക്കംചെയ്ത് തീപടരാനുള്ള സാധ്യത ഒഴിവാക്കുന്നതിനെയാണ് ഫയർബെൽറ്റ് എന്നുപറയുന്നത്. വേനല്‍ തീരുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഫയര്‍ബെല്‍റ്റ് തൂത്തുവൃത്തിയാക്കുന്നത് തോട്ടത്തിലേക്ക് തീ പടരുന്നത് തടയും.
വൈകിപ്പൂക്കുന്ന കശുമാവിനങ്ങളിൽ തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പിൻസത്തടങ്ങിയ ജൈവകീടനാശിനികൾ തളിച്ചുകൊടുക്കണം. ഈ സമയത്ത് തടിതുരപ്പൻപുഴുവിന്റെ ആക്രമണവും വരാം. പുറമെ കാണുന്ന വേരിലും തടിയുടെ ചുവട്ടിലുമാണ് ഇതിന്റെ ഉപദ്രവം. പുഴുവുള്ള ഭാഗത്ത് സുഷിരമുണ്ടാകും. അതിലൂടെ ചണ്ടി പുറത്തേക്ക് വരും. ഇതാണ് തടിതുപ്പനെ അറിയാനുള്ള ലക്ഷണം. സുഷിരം കാണുന്ന ഭാഗം ചെത്തിയാൽ പുഴു തുരന്നുപോയ വഴി കാണാം. മൂർച്ചയുള്ള ഉളികൊണ്ട് സുഷിരം വൃത്തിയാക്കി പുഴുവിനെ പുറത്തെടുത്ത് കൊ ല്ലുക. എന്നിട്ട് മുറിവില്‍ വേപ്പെണ്ണ തേച്ച് കെട്ടിവയ്ക്കണം. രണ്ടാഴ്ച കൂടുമ്പോൾ തടിതുരപ്പനെത്തിയിട്ടുണ്ടോ എന്നുനോക്കുന്നത് നല്ലതാണ്. ആക്രമണം തുടര്‍ന്നാല്‍ കശുമാവുണങ്ങിപ്പോകാൻ സാധ്യതയുണ്ട്.
കശുമാവില്‍ വിളവെടുപ്പിന്റെ കാലമാണിത്. വിത്തിനുള്ള അണ്ടിശേഖരണവും ഇതോടൊപ്പം തുടരാം. അത്യുത്പാദനശേഷിയുള്ള ഇനങ്ങളിൽ നിന്ന് ഒട്ടുകമ്പ് ശേഖരിച്ച് ഒട്ടുതൈ ഉണ്ടാക്കുകയും ചെയ്യാം.
കേരളത്തില്‍ ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം പലപ്പോഴും പൊറുതിമുട്ടിക്കുന്ന അവസ്ഥയിലേക്ക് കര്‍ഷകരെ കൊണ്ടുപോകാറുണ്ട്. ചെമ്പന്‍ചെല്ലി പ്രതിരോധത്തിന്റെ മാര്‍ഗങ്ങളെക്കൊണ്ട് ഓരോ കര്‍ഷകരും അറിഞ്ഞിരിക്കേണ്ടതാണ്.
ചെമ്പന്‍ചെല്ലി
റിങ്കോഫൊറസ് ഫെറുഗിനിയെസ് (Rhynchophorus ferrugineus) എന്നാണ് ചെമ്പന്‍ചെല്ലിയുടെ ശാസ്ത്രനാമം. പറക്കാൻകഴിവുള്ള വണ്ടിന്റെ ഇനത്തിൽപ്പെട്ട ഒരു ഷഡ്പദമാണ് ഇത്. അരക്കേഷ്യ കുടുംബത്തിൽപ്പെട്ട തെങ്ങ്, ഈന്തപ്പന, എണ്ണപ്പന തുടങ്ങിയ കൃഷികളെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന കീടങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചവയാണ്. ഇക്വഡോറിലും ആഫ്രിക്കയുടെ ചിലപ്രദേശങ്ങളിലും ചെമ്പൻ ചെല്ലിയുടെ ലാർവകൾ വിശിഷ്ടഭക്ഷണമാണ്. തെങ്ങുപോലെ നാരുകളുള്ള മരങ്ങളുടെ തടിതുളച്ച് നീര് കുടിക്കുകയും തടിക്കുള്ളിൽ മുട്ടയിട്ട് വംശവർധന നടത്തുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. തൈത്തെങ്ങുകൾ മുതൽ 20 വയസ്സുവരെയുള്ള തെങ്ങുകളെയാണ് ഇതു ബാധിക്കുന്നത്.
ലക്ഷണങ്ങള്‍
തെങ്ങിന്റെ തടിയിൽ മണ്ടയോടടുത്ത് ദ്വാരങ്ങൾ വീണ് അതിലൂടെ തവിട്ടുകലർന്ന ബ്രൗൺ നിറത്തിൽ ഒരുദ്രാവകം ഒലിച്ചിറങ്ങുന്നതാണ് ചെമ്പന്‍ചെല്ലി ആക്രമണത്തിന്റെ ആദ്യലക്ഷണം. കൂമ്പോലകളും ഇടയോലകളും വാടിപ്പോവുക, തെങ്ങിന്റെ നാരുകൾ കൊണ്ടുള്ള കൂടുകൾ മണ്ടയിലെ ദ്വാരകത്തിനടുത്തുകാണുക, ഓലമടലിന്റെ അടിവശം അകാരണമായി പിളരുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. തവിട്ടുദ്രാവകമൊലിക്കുന്നതിന് തെങ്ങിനുണ്ടാകുന്ന ചെന്നീരൊലിപ്പുമായി സാമ്യം കണ്ടേക്കാം. പക്ഷേ ചെന്നീരൊലിപ്പ് തെങ്ങിന്റെ മണ്ടയ്ക്കടുത്ത ഭാഗത്തുനിന്നല്ല മുരടിൽനിന്ന് രണ്ടടി മുകളിലായാണ് കാണപ്പെടുക എന്ന വ്യത്യാസമുണ്ട്. ചെമ്പൻചെല്ലിയുടെ ദ്വാരങ്ങൾ അധികവും തെങ്ങിന്റെ നാരുകൾ ദൃഢമാകാത്ത ഭാഗത്താണ് കാണുക. ദ്വാരത്തിനടുത്ത് ചെവിയോർത്താൽ ചെല്ലി തെങ്ങിൻ കാമ്പ് കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോൾ കേൾക്കാം. രൂക്ഷമായ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ തെങ്ങിന്റെ മണ്ടതന്നെ ചിലപ്പോൾ ഒടിഞ്ഞുതൂങ്ങാനും സാധ്യതയുണ്ട്.
തടയാനുള്ള മാര്‍ഗങ്ങള്‍
പതിവായി തോട്ടം സന്ദർശിക്കുകയും ആരംഭദശയിൽ തന്നെ കീടബാധ കണ്ടെത്തുകയും വേണം.
പച്ചമടലുകൾ വെട്ടുമ്പോൾ ഒരു മീറ്റർ മടൽ നിർത്തി വെട്ടുക.
തെങ്ങിൽ മുറിവുണ്ടാകാതെ നോക്കുക.
മണ്ടചീയൽ/ഓലചീയൽ യഥാസമയം നിയന്ത്രിക്കുക.
കൊമ്പൻചെല്ലിക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് ചെമ്പൻചെല്ലിയേയും അകറ്റി നിർത്താൻ സഹായമാകും.
ചെമ്പൻചെല്ലി ബാധിച്ച തെങ്ങുകൾക്ക് ഇമിഡാക്ലോപ്രിഡ് (Imidachlorprid) 1 മി.ലി 1 ലിറ്റർ വെള്ളത്തിൽക്കലക്കി ചെല്ലിബാധയേറ്റ ഭാഗത്തുകൂടി ഒഴിച്ചുകൊടുക്കുക.
ഓലക്കവിളുകളിൽ കൂടിയാണ് ചെല്ലി ബാധിച്ചതെങ്കിൽ പുഴുക്കൾ തടിയിലുണ്ടാക്കിയ ദ്വാരങ്ങൾ സിമൻറോ മണ്ണോ ഉപയോഗിച്ച് അടക്കുക. ഏറ്റവും മുകളിലുള്ള ദ്വാരത്തിൽ കൂടി കീടനാശിനി ലായനി തെങ്ങിൻതടിക്കകത്തേക്ക് ഒഴിച്ചുകൊടുക്കണം.
വീണ്ടും ലക്ഷണം കണ്ടാൽ ഒന്നു കൂടി ആവർത്തിക്കണം.
ഒരു പ്രദേശത്തെ കേരകർഷകരൊന്നാകെ വിചാരിച്ചാല്‍ മികച്ച ഒരു പ്രതിരോധമാർഗമാണ് ഫിറമോൺകെണി. വളരെ ഫലപ്രഥമായ ജൈവമിത്ര കീടനിയന്ത്രണമാണിത്. ഒറിക്ടാ ലൂർ, ആർ.ബി. ലൂർ എന്നിങ്ങനെ കമ്പോളത്തിൽ കിട്ടുന്ന ഫിറമോണുകൾ കുറഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകർഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടർ തെങ്ങിൻതോപ്പിലേക്ക് ഇത്തരം രണ്ടു കെണികൾ ധാരാളമാണ്. കാർബറിൽ എന്ന കീടനാശിനി ഒരുഗ്രാം അഞ്ചു ലിറ്റർവെള്ളത്തിൽ കലക്കിത്തളിച്ചും രാസകൃഷിയിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കാവുന്നതാണ്.
അരമീറ്റർ നീളമുള്ള മുറിച്ചിട്ട തെങ്ങിൻ തലപ്പുകൾ കൊണ്ടും ചെമ്പൻചെല്ലിയെ പ്രതിരോധിക്കാം. അവ നെടുകെപിളർത്തി അതിൽ യീസ്സ്, അസറ്റിക് ആസിഡ്, എന്നിവയും പുളിപ്പിച്ച കള്ളും തൂവി ചെമ്പൻ ചെല്ലിയെ ആകർഷിച്ച് നശിപ്പിക്കാം.
കുരുമുളകിന്റെ ചരിത്രം
പ്രാചീനകാലം മുതല്‍ കേരളത്തിന്റെ കുരുമുളക് തേടി ലോകവ്യാപാരികള്‍ നമ്മുടെ സമുദ്രതീരത്തുവന്നിരുന്നു. അവരതുകൊണ്ടുപോയി വിറ്റ് വന്‍ലാഭം നേടി. അവരാണ് കുരുമുളകിനു കറുത്ത പൊന്ന് എന്ന പേരുകൊടുത്തത്. ആറായിരം വര്‍ഷം മുമ്പു മുതലേ പാശ്ചാത്യര്‍ കുരുമുളക് ഉപയോഗിക്കുന്നതായി രേഖകളുണ്ട്. ഇവിടെനിന്ന് കുരുമുളക് കൊണ്ടുപോകുന്ന കച്ചവടക്കാര്‍ പ്രഭവകേന്ദ്രം പുറത്തുപറയാതിരുന്നതിനാല്‍ ഇത് നൂറ്റാണ്ടുകളോളം പശ്ചാത്യര്‍ക്ക് വിസ്മയമായി നിന്നു. സുഗന്ധവ്യജ്ഞനമായും ഔഷധമായും പ്രാര്‍ത്ഥനാവസ്തുവായുമൊക്കെ അവര്‍ കുരുമുളക് ഉപയോഗിച്ചുവന്നു. പിന്നീട് ലോകസഞ്ചാരികളുടെ വെളിപ്പെടുത്തലിലൂടെയാണ് കുരുമുളകിന്റെ ജന്മദേശം കേരളമാണെന്ന് അവരറിയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവില്‍ പോര്‍ട്ടുഗീസുകാര്‍ എത്തിയതോടെ കളി മാറി. അവര്‍ കുരുമുളക് മാത്രമല്ല മുളകുകൊടിയും ഇവിടെനിന്നു കടത്തി. അങ്ങനെ ലോകത്തിന്റെ പലയിടങ്ങളില്‍ കുരുമുളക് വളര്‍ന്നു. ഇന്ന് ഈ കൃഷിയില്‍ വിയറ്റ്നാമും ഇന്തോനേഷ്യയും ബ്രസീലുമൊക്കെ കേരളത്തിനു വെല്ലുവിളിയായി മാരിയിരിക്കുന്നു. എന്നിരുന്നാലും കുരുമുളകിന്റെ ഉത്ഭവസ്ഥലം എന്ന നിലയില്‍ മലബാര്‍ കുരുമുളകിന് ഒരു മൂല്യമുണ്ട്. അതു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ നമുക്കിനിയും കുരുമുളകില്‍നിന്നു പൊന്നുണ്ടാക്കാന്‍ കഴിയും.
കുരുമുളകിനു ചേരുന്ന മണ്ണും കാലാവസ്ഥയും
നീണ്ട മഴ ലഭിക്കുന്ന, ശരാശരിയിലും ഉയർന്ന താപനിലയുള്ളതും ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിലാണ് കുരുമുളക് നന്നായി വളരുന്നത്.
ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളാണ് ഇതിനു പറ്റിയത്. 10°C - 40°C ചൂടും ചെടിയുടെ വിവിധ വളർച്ചാഘട്ടത്തിൽ ലഭിക്കേണ്ട മഴയുമാണ് കുരുമുളകിൻ്റെ വിളവിനെ നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങള്‍. വളക്കൂറുള്ള നല്ല നീർവാർച്ചയുള്ള മണ്ണിലാണ് കുരുമുളകിനു പറ്റിയത്.
ഇനങ്ങൾ
കേരള കാർഷിക സർവകലാശാലയുടെ പന്നിയൂർ 1, പന്നിയൂർ 2, പന്നിയൂർ 3, പന്നിയൂർ 4, പന്നിയൂർ 5, പന്നിയൂർ 6, പന്നിയൂർ 7, പന്നിയൂർ 8, പന്നിയൂർ 9, പന്നി യൂർ 10, വിജയ്, ഐ.ഐ.എസ്.ആർ. ഇനങ്ങളായ ശ്രീകര, ശുഭകര, പഞ്ചമി, പൗർണമി, ഗിരിമുണ്ട, ശക്തി, തേവം, മലബാർ എക്‌സൽ തുടങ്ങിയ മികച്ച ഇനങ്ങളും കരിമുണ്ട്, നീലമുണ്ടി, കൊറ്റനാടൻ, കുതിരവാലി, ബാലൻകോട്ട, കല്ലുവള്ളി തുടങ്ങിയ നാടൻ ഇനങ്ങളുമുണ്ട്.
നടീൽ വസ്‌തു
മാതൃസസ്യത്തിൽനിന്ന് വള്ളി മുറിച്ചുനടുന്നതാണ് കുരുമുളക് വളര്‍ത്തലിന്റെ രീതി. നല്ല വളർച്ചയുള്ള, ഉയർന്ന വിളവ് നൽകുന്ന, പരമാവധി നീളമുള്ള തിരികളുള്ള, കീടരോഗബാധയില്ലാത്തതുമായ മാത്യസസ്യങ്ങളില്‍നിന്നുവേണം വള്ളിയെടുക്കാന്‍. 5-12 വർഷം പ്രായമുള്ളവയായില്‍നിന്ന് വള്ളിയെടുക്കുന്നതാണ് ഉത്തമം. കൊടിയുടെ ചുവട്ടിൽ നിന്നുണ്ടാകുന്ന ചെന്തലകൾ മണ്ണിൽ തട്ടി വേര് വരാതിരിക്കുന്നതിന് താങ്ങിനോട് ചേർത്ത് ചുറ്റിക്കെട്ടി വയ്ക്കണം. ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ഇവ മുറിച്ചെടുക്കാം. നടുവിലെ മൂന്നിലൊന്ന് ഭാഗമാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. ഇളം തലപ്പും കൂടുതൽ മൂത്ത കടഭാഗവും ഒഴിവാക്കണം. രണ്ടോ മൂന്നോ മുട്ടുകളുള്ള കഷ്ണങ്ങളായി മുറിച്ചു ഇലഞെട്ട് തണ്ടിൽ നിൽക്കത്തക്കവിധം ഇലകൾ മുറിച്ചുമാറ്റണം. ഈ തണ്ടുകൾ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ കൂടകളിൽ നടാം. രണ്ടു ഭാഗം ഫലഭൂയിഷ്ഠിയുള്ള മേൽമണ്ണ്, ഒരു ഭാഗം പൂഴിമണൽ, ഒരു ഭാഗം ചാണകപ്പൊടി എന്ന തോതിൽ ചേർത്ത മിശ്രിതമാണ് കൂടകൾ നിറക്കേണ്ടത്.
അൻപത് സെ.മീ നീളവും വീതിയും അത്ര തന്നെ ആഴവുമുള്ള കുഴികളിലാണ് കുരുമുളക് നടുന്നത്. താങ്ങുകാലുകളിൽ നിന്ന് 30 സെ.മീ അകലത്തിലായിരിക്കണം കുഴികൾ എടുക്കേണ്ടത്. വീട്ടുമുറ്റത്തുള്ള തെങ്ങ്, കവുങ്ങ് എന്നീ മരങ്ങൾക്കു ചുവട്ടിൽ കൊടികൾ നടുമ്പോൾ തെങ്ങിൻ്റെ കടയ്ക്കൽ നിന്ന് 1.5 മീറ്റർ അകലത്തിലും കവുങ്ങിൻ ചുവട്ടിൽ നിന്ന് 1 മീറ്റർ അകലത്തിലും വേണം കുഴികളെടുക്കാൻ. ഈ കുഴിയിൽ വള്ളിത്തലകൾ നട്ടശേഷം വൃക്ഷത്തിൻ്റെ തടിയിൽ എത്താനുള്ള നീളം ആകുന്നതു വരെ വള്ളികളെ ചെറിയ കമ്പിൽ പടർത്തണം.
നടുന്ന വിധം
കുഴികൾ ജൈവവളവും മേൽമണ്ണും ചേർത്തു മൂടണം. കുഴിയിൽ 5 കിലോ കാലിവളവും 50 ഗ്രാം ട്രൈക്കോഡർമയും ചേർക്കണം. കുഴിയുടെ നടുവിലായി കുരു മുളക് നടാം. കൂടകളിൽ വേരുപിടിപ്പിച്ചിട്ടുള്ള കമ്പുകൾ നടാൻ കൂട സൂക്ഷിച്ച് കീറി മാറ്റണം. കൂടയിലെ മണ്ണിളകാതെ ഒരു കുഴിയിൽ വേരുപിടിപ്പിച്ച രണ്ടു കമ്പുകൾ വീതം നടാം. വള്ളികൾ വളരുന്നതിനനുസരിച്ച് തണ്ടുകൾ താങ്ങിനോട് ചേർത്ത് കെട്ടി വയ്ക്കാറുണ്ട്. അത് കുരുമുളക് വള്ളിയുടെ മുട്ടുകൾ താങ്ങ് വൃക്ഷത്തിൽ പടർന്ന് കയറാൻ സഹായിക്കുന്നു. ഈ മുട്ടുകളിൽനിന്ന് പുതിയ കിളിർപ്പുകൾ ഉണ്ടായി ചെടി വളരുന്നു. തൈകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത് അഴുകി ജൈവ വളമാകാനും ഈർപ്പം നിലനിർത്താനും സഹായിക്കും.
താങ്ങുകൾ
വള്ളിച്ചെടിയായ കുരുമുളകിന് താങ്ങായി തെങ്ങ്, കമുക് പോലെയുള്ള വൃക്ഷങ്ങളോ താങ്ങുകാലുകളോ ഉണ്ടായിരിക്കണം. കുരുമുളകുവള്ളികൾ നടുന്നതിനു മുൻപേ തന്നെ താങ്ങുമരങ്ങൾ നട്ടുപിടിപ്പിക്കണം. ഏപ്രിൽ - മെയ് മാസങ്ങളിൽ പുതുമഴ പെയ്യുന്നതോടെ താങ്ങുമരങ്ങള്‍ നടാം. സമതലത്തിൽ 3x3 മീറ്ററും ചെരിവുള്ള സ്ഥലങ്ങളിൽ 4x2 മീറ്ററും അകലത്തിൽ വേണം താങ്ങുമരങ്ങൾ നടാൻ.
വളപ്രയോഗം
കുരുമുളകുവള്ളികൾക്കുള്ള വളപ്രയോഗം ചെടിയിൽനിന്ന് 30-40 സെൻ്റിമീറ്റർ അകലത്തിലും 10 - 15 സെൻ്റിമീറ്റർ ആഴത്തിലുമുള്ള തടങ്ങളിലാണ് ചെയ്യേണ്ടത്. തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കുമ്പോൾ തന്നെ ഒരു ചെടിക്കു പ്രതിവർഷം 10 കി.ഗ്രാം കാലിവളം/കമ്പോസ്റ്റ്/ പച്ചിലകൾ എന്ന തോതിൽച്ചേർത്ത് ചെറുതായി മണ്ണിട്ടുമൂടുക. ഒന്നിടവിട്ട വർഷങ്ങളിൽ, ഏപ്രിൽ -മെയ് മാസങ്ങളിൽ, വേനൽമഴ ലഭിക്കുന്നതോടെ, വള്ളിക്ക് 500 ഗ്രാം എന്ന തോതിൽ കുമ്മായം ഇടുന്നതു അഭികാമ്യമാണ്.
10 കി.ഗ്രാം ചാണകം + 500 ഗ്രാം വേപ്പിൻ പിണ്ണാക്ക് + 500 ഗ്രാം ചാരം + 2 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ് എന്നിവയോടൊപ്പം 20 ഗ്രാം അസോസ്പൈറില്ലവും ഫോസ്ഫറസ് സോലൂബിലൈസിംഗ് ബാക്റ്റീരിയയും കൂടിച്ചേർത്തുനൽകുക. PGPR കൺസോർഷ്യ (50 ഗ്രാം) പ്രയോഗിക്കുന്നത് വളർച്ച ത്വരിതപ്പെടുത്തുവാനും രോഗത്തെ നിയന്ത്രിക്കുവാനും സഹായിക്കും.
മൂന്നുവർഷവും അതിൽക്കൂടുതലും പ്രായമുള്ള കുരുമുളകിന് പ്രതിവർഷം ഒരു കൊടിക്ക് 50:50:150 ഗ്രാം NPK യാണ് ശുപാർശ. ഒരു ചെടിക്കു 108 ഗ്രാം യൂറിയ, 250 ഗ്രാം മസ്സൂറിഫോസ്, 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ പ്രതിവർഷം കൊടുക്കേണ്ടതാണ്. വളങ്ങൾ രണ്ടുതവണകളായി പ്രയോഗിക്കാം. ആദ്യത്തേത് മെയ്-ജൂൺ മാസങ്ങളിലും രണ്ടാമത്തേത് ഓഗസ്റ്റ്-സെപ്റ്റംബറിലും. നട്ട് ഒരുവർഷം പ്രായമായ ചെടികൾക്ക് ശുപാർശയുടെ മൂന്നിലൊന്നു ഭാഗവും രണ്ടുവർഷം പ്രായമുള്ള ചെടികൾക്ക് ശുപാർശയുടെ രണ്ടിലൊന്നു ഭാഗവും, മൂന്നാംവർഷം മുതൽ മുഴുവൻ ശുപാർശയും നൽകണം.
കുരുമുളകുകൃഷിയിൽ സിങ്കിൻ്റെ അഭാവമുള്ള പ്രദേശങ്ങളിൽ വിളവും ഗുണവും വർദ്ധിപ്പിക്കുന്നതിന് കുരുമുളക് പൂവിടുമ്പോഴും കായ്പിടിക്കുമ്പോഴും ഒരു ഹെക്ടറിന് 6 കിലോ സിങ്ക് സൾഫേറ്റ് എന്ന കണക്കിൽ മണ്ണിൽ നൽകുകയോ പത്രപോഷണം വഴി (ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം എന്ന തോതില്‍) നൽകുകയോ ചെയ്യണം. മൊളിബ്‌ഡിനം അഭാവമുള്ള പ്രദേശങ്ങളിൽ ഒരു ഹെക്ടറിന് 1 കിലോ എന്ന കണക്കിൽ മൊളിബ്‌ഡിനം കൊടുക്കാവുന്നതാണ്.
ജലസേചനം
തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ചെടികൾക്ക് 8-10 ദിവസങ്ങളിലൊരിക്കൽ ചെടി ഒന്നിന് 100 ലിറ്റർ എന്ന തോതിൽ നനച്ചു കൊടുക്കണം. നവംബർ-ഡിസംബർ മുതൽ ഏപ്രിൽ-മെയ് വരെയുള്ള കാലത്താണ് നനയുടെ ആവശ്യം. കൊടിക്ക് ചുറ്റും 75 സെ.മി വ്യാസത്തിൽ എടുത്ത തടങ്ങളിലാണ് വെള്ളം നൽകേണ്ടത്. കൂടാതെ ഉണങ്ങിയ ഇലകളോ മറ്റോ ഉപയോഗിച്ച് തടത്തിൽ പുതയിടുന്നതും നല്ലതാണ്.
വള്ളിത്തല കെട്ടൽ
തണ്ടുകൾ വളർന്ന് നീളംവച്ചുതുടങ്ങുമ്പോൾ അവ താങ്ങുകാലുകളോടു ചേർത്തുവച്ച് കെട്ടിക്കൊടുക്കണം. ബലം കുറഞ്ഞതും എളുപ്പം ദ്രവിച്ചുപോകുന്നതുമായ നാരുകളായിരിക്കണം ഇതിനായി ഉപയോഗിക്കുന്നത്.
തൈകൾ പൊതിഞ്ഞു കെട്ടൽ
നേരിട്ട് വെയിൽതട്ടുന്ന സ്ഥലങ്ങളിൽ, ആദ്യത്തെ ഒന്നുരണ്ടുവർഷം വേനൽക്കാലം ആകുമ്പോൾ ഇളംതണ്ടുകൾക്ക് പൊള്ളൽ ഏൽക്കാതിരിക്കാൻ തെങ്ങോലയോ മറ്റോ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടണം.
രോഗങ്ങള്‍
മഴക്കാലത്ത് കുരുമുളകുകൃഷിയില്‍ കൂടുതല്‍ കരുതല്‍വേണം. പുതിയ തൈകൾക്കും കായ്ച്ചുകൊണ്ടിരിക്കുന്ന വള്ളികൾക്കും അസുഖംവരാനുള്ള സാധ്യതയേറെയാണ്. മഴക്കാലത്താണ് ദ്രുതവാട്ടം കൂടുതലായി കണ്ടുവരുന്നത്. ചെടിയെ പൂർണമായും നശിപ്പിക്കാൻ ശക്തിയുള്ളതാണ് ദ്രുതവാട്ടമുണ്ടാക്കുന്ന കുമിളുകൾ. സ്യൂഡോമോണാസ്, ട്രൈക്കോഡെർമ എന്നിവ 15 ദിവസം ഇടവിട്ട് ചെടികളുടെ ഇലകളിലും അടിഭാഗത്തും തളിച്ചുകൊടുക്കണം. അസുഖംവന്ന ചെടികൾ പറിച്ചെടുത്തു നശിപ്പിക്കുന്നതാണു നല്ലത്.
ഇലപ്പുള്ളിരോഗവും മഴക്കാലത്തു പതിവാണ്. ഇലകൾ മഞ്ഞനിറമായി അതിനകത്തു കറുത്തപൊട്ടുകൾ രൂപപ്പെട്ടും. ക്രമേണ തിരികളെല്ലാം കൊഴിഞ്ഞുപോകും. രോഗലക്ഷണം കണ്ടാലുടൻതന്നെ ഒരുശതമാനം വീര്യമുള്ള ബോർഡോമിശ്രിതം 30 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കണം.
പൊള്ളുവണ്ടിന്റെ ആക്രമണമുണ്ടാകുന്നതും മഴക്കാലത്താണ്. പെൺവണ്ടുകൾ തിരികളിൽ മുട്ടയിടും. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കൾ തിരികളിലെ മണികൾ തുളച്ചുകയറി ഉൾക്കാമ്പ് തിന്നുതീർക്കും. വേപ്പെണ്ണകൊണ്ടുള്ള കീടനാശിനിയായ നീം ഗോൾഡ് മൂന്നാഴ്ച ഇടവിട്ട് അടിച്ചുകൊടുക്കാം. ഇലയുടെ അടിവശത്തും തിരികളിലുമെല്ലാം ഇതു തളിക്കണം.
പുതുതായി തളിർക്കുന്ന കാണ്ഡങ്ങളെ തിന്നുതീർക്കുന്ന തണ്ടുതുരപ്പനും മഴക്കാലത്തുണ്ടാകുന്ന മറ്റൊരു ശല്യമാണ്. മുകുളങ്ങൾ കരിഞ്ഞു ചെടിയുടെ വളർച്ച മുരടിച്ചുപോകും. സ്യൂഡോമോണാസ് ലായനി 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം. രോഗം പടർത്താൻ സാധ്യതയുള്ള കളകൾ, ചെടികൾ എന്നിവ നീക്കം ചെയ്യാൻ മറന്നുപോകരുത്. കുരുമുളകിനടുത്ത് തക്കാളി, വെള്ളരി, ചേമ്പ്, വാഴ എന്നിവ കൃഷി ചെയ്താൽ വൈറസ് രോഗം വരാൻ സാധ്യതയേറെയാണ്. സൂക്ഷ്മമൂലകമായ സിങ്കിന്റെ അഭാവമുണ്ടെങ്കിൽ ഇല കുരുടിച്ചുപോകും. സിങ്ക് സൾഫേറ്റ് 30 ഗ്രാം ഒരു ചെടിക്കു നൽകിയാൽ ഈ അസുഖം മാറും.
വിളവെടുപ്പ്
നല്ലതുപോലെ പരിചരണം ലഭിക്കുന്ന കുരുമുളകുകൊടിയിൽ നിന്ന് നട്ട് മൂന്നാംവർഷം മുതൽ വിളവുലഭിക്കുന്നു. ശരാശരി 25 വർഷം വരെ നല്ലരീതിയിൽ വിളവ് ലഭിക്കാറുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സാധാരണ വിളവെടുപ്പുകാലം. പറിച്ചെടുക്കുന്ന കുരുമുളകുകുലകൾ കൂട്ടിയിട്ട് ഒരു ദിവസം ചാക്കുകൊണ്ട് മൂടിയിടുന്നു. പിന്നീട് മെതിച്ച് മുളകുമണികൾ വേർതിരിക്കുന്നു. ഇങ്ങനെ വേർതിരിക്കുന്ന കുരുമുളക് വൃത്തിയുള്ള സ്ഥലത്തുനിരത്തി വെയിലിൽ ഉണക്കിയെടുക്കുന്നു. ഇങ്ങനെ 3-5 ദിവസം നല്ലതുപോലെ ഉണക്കിയ കുരുമുളകിന് നല്ല കറുത്ത നിറമായിരിക്കും. ഉണക്കിയ മുളക് ഈർപ്പം തട്ടാതെ സൂക്ഷിച്ചു വയ്ക്കണം. ഒരു കൊടിയില്‍നിന്ന് ശരാശരി 3 കിലോ പച്ച കുരുമുളകും 1 കിലോ ഉണങ്ങിയ കുരുമുളകും ലഭിക്കും.
(അവലംബം: തോട്ട സുഗന്ധവിളവിഭാഗം, കാര്‍ഷികകോളേജ്, വെള്ളായണി, തിരുവനന്തപുരം)
ചൂടും വരള്‍ച്ചയും നാളുതോറും കൂടിവരുന്ന സ്ഥിതിയാണ്. ഇതിനിടയില്‍ എങ്ങനെ കൃഷിചെയ്യും എന്നു സങ്കടപ്പെടരുത്. വേനലിലും കൃഷിയാകാം. കുറച്ച് ജാഗ്രത മാത്രം മതി. അനാവശ്യമായ വെള്ളത്തിന്റെ ഉപയോഗം കുറച്ചും തണലുണ്ടാക്കിയും നമുക്ക് ഉണക്കുകാലത്തും നല്ല വിളവുണ്ടാക്കാം. അതെങ്ങനെയെന്നാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നത്.
പൊതുവായി ശ്രദ്ധിക്കേണ്ടവ
പകൽ 12 മുതൽ 3 വരെയുള്ള സമയത്ത് കൃഷിപ്പണിയിലേര്‍പ്പെടുന്നത് പരമാവധി ഒഴിവാക്കണം.
നല്ല വെയിലുള്ള സമയത്ത് രാസകീടനാശിനികൾ ഒരു കാരണവശാലും പ്രയോഗിക്കരുത്.
ഉണക്കുസമയം നനയില്ലാത്ത സമയത്ത് രാസവളം, കോഴിവളം തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.
വെള്ളത്തിന്റെ ഉപയോഗം
തിരിനന (Wick Irrigation)
വീട്ടുവളപ്പിലും കുറച്ചുഭൂമിയിലും കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമായ രീതിയാണിത്. വെള്ളത്തിന്റെ ഉപഭോഗം പരമാവധി കുറയ്ക്കാം. നല്ല വിളവും നേടാം. ട്ടുപ്പാവിലെ കൃഷിക്കും അടുക്കളതോട്ടത്തിനും ഈ രീതി വളരെ ഗുണകരമാണ്.
വെള്ളം നിറച്ച ഒരു പൈപ്പിനുമുകളില്‍ ഗ്രോബാഗ് വയ്ക്കുന്നു. ഒരു തിരിയെടുത്ത് അതിന്റെ ഒരു ഭാഗം പൈപ്പിലെ വെള്ളത്തിലും ബാക്കിഭാഗം ഗ്രോബാഗിന്റ ചുവട്ടില്‍ക്കൂടി നടീല്‍മിശ്രിതത്തിനകത്തേക്കും കടത്തിവയ്ക്കുന്നു. ഇനി ചെടി നട്ടാല്‍ ആവശ്യാനുസരണം വെള്ളം തിരി വഴി താഴെയുള്ള പൈപ്പില്‍നിന്ന് നടീല്‍മിശ്രിതം വലിച്ചെടുക്കും. പൈപ്പിലെ വെള്ളം കുറയുന്നതിനനുസരിച്ച് ഒഴിച്ചുകൊടുക്കണം.
തുള്ളിനന (Drip Irrigation)
ഒരു ചെടിക്കു വേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിർണ്ണയിച്ച്, അത്രയും വെള്ളം മാത്രം തുള്ളിയായി, കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ നൽകുന്ന രീതിയാണ് തുള്ളിനന. കണികാജലസേചനം എന്നും ഇതിനെ വിളിക്കാറുണ്ട്. വെള്ളത്തില്‍ക്കലര്‍ത്തി വളവും ഇങ്ങനെ നല്‍കാനാകും. ഇതുചെയ്താല്‍ വെള്ളംനനയുമായ ബന്ധപ്പെട്ട ജോലി ഒഴിവാക്കാം. അമിതമായ ജലയുപയോഗം ഒഴിവാക്കാം. മികച്ച വിളവും കിട്ടും. കളകളുടെ വളര്‍ച്ച നല്ല പരിധിവരെ കുറയ്ക്കാം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ വേറെയുമുണ്ട്.
ജൈവപുതപ്പ്
മണ്ണിനു കുളിരുപകരനുള്ള നല്ല ഉപാധിയാണ് ജൈവപ്പുതപ്പ്. മണ്ണിലെ ജലാംശം ആവിയായിപ്പോകുന്നത് തൊണ്ണൂറു ശതമാനത്തോളം കുറയ്ക്കാന്‍ ജൈവപ്പുതപ്പ് കൊണ്ട് കഴിയും. കളകളുടെ വളര്‍ച്ച തടയാനും ഇത് നല്ല ഉപാധിയാണ്. വെള്ളത്തിന്റെ ഉപയോഗം വളരെക്കുറയും. പച്ചിലവളച്ചെടികളോ വൻപയർ, ചെറുപയർ, മുതിര, ഉഴുന്ന് തുടങ്ങിയ പയറുവർഗ്ഗവിളകളോ നട്ട് മണ്ണിനെപ്പുതപ്പിക്കുംവിധം പടര്‍ത്തി ജൈവപ്പുതപ്പുണ്ടാക്കാം. മണ്ണില്‍ വളക്കൂറുണ്ടാകാനും വെയിലിന്റെ കാഠിന്യം കുറച്ച് വളക്കൂറുള്ള മണ്ണുണ്ടാകാന്‍ ഇതുവഴി കഴിയും.
പുതയിടീല്‍
ഭൂമിക്ക് ഒരു പുതപ്പ് പോലെ പ്രവര്‍ത്തിക്കുന്നതാണ് പുതയിടല്‍. ഉണങ്ങിയ തെങ്ങോലകൾ, തൊണ്ട്, വിളയവശിഷ്ടങ്ങൾ പുതയിടീലിന് പറ്റിയവയാണ്.
തൊണ്ടടടുക്കല്‍ എല്ലാ ദീർഘകാലവിളകൾക്കും ഏറെ അനുയോജ്യമാണ്. ചാലുകൾ കീറി മൂന്നോ നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവച്ച് മണ്ണിട്ടുമൂടുകയും ഏറ്റവും മുകളിലെ അടുക്ക് കമഴ്ത്തിവച്ച് അടുക്കുകുകയും ചെയ്യുന്ന രീതിയാണിത്. വർഷങ്ങളോളം ഇതിൻ്റെ പ്രയോജനം നില നിൽക്കും. മണ്ണിലുള്ള ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ തൊണ്ടടുക്കല്‍ സഹായിക്കുന്നു.
ജൈവാവശിഷ്ടങ്ങൾ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധപ്രശ്നങ്ങൾക്കും ഇടയാക്കും. ചപ്പുചവറുകൾ പുതയിടീലിനായി മാത്രം ഉപയോഗിക്കണം.
ജൈവപ്പുതപ്പിനൊപ്പം പുതയിടീല്‍കൂടി നടത്തിയാല്‍ വളരെ നല്ലതാണ്. കിളിർത്തു വരുന്ന ചെടികള്‍ പിന്നീട് ഒരു ആവരണമായി നിലവിലുള്ള പുതയ്ക്കൊപ്പം വളർന്നുകൊളളും.
പി.പി.എഫ്.എം (PPFM) ജീവാണു ലായനി
വേനലിനെ ചെറുക്കാനുള്ള ഫലപ്രദമായ ഒരു ബാക്ടീരിയൽ ജീവാണുലായനി തമിഴ്‌നാട് കാർഷികസർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പി.പി.എഫ്.എം (Pigmented Facultative Methylotrophic Bacteria) എന്നാണ് ഇതിന്റെ പേര്. ഇവയ്ക്ക് സൂക്ഷ്മാണുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ഹോർമോണുകള്‍ ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. ഇത് ഒരു ലിറ്റർ വെളളത്തിൽ ഒരു മില്ലിലിറ്റർ എന്ന തോതില്‍ക്കലർത്തി ഇലകളിൽ തളിക്കുകയാണ് ചെയ്യുന്നത്. നെല്ല് ഉൾപ്പെടെയുളള വിളകളുടെ നിർണ്ണായക വളർച്ചാഘട്ടങ്ങളിലും പൂവിടുന്ന സമയത്തും പിപിഎഫ്എം ഫലപ്രദമായി പ്രയോഗിക്കാവുന്നതാണ്. രണ്ടാഴ്ചത്തെ ഇടവേളകളിൽ ഇത് ഇലകളിൽ തളിക്കാം. വൈകുന്നേരങ്ങളിൽ തളിക്കാന്‍ പറ്റിയ സമയം. നല്ല വരണ്ട കാലാവസ്ഥയാണെങ്കിൽ ഒരു ലിറ്റർ വെളളത്തിൽ 20 മില്ലി വരെ ചേര്‍ക്കാവുന്നതാണ്. മറ്റു രാസവളങ്ങളോ കീടനാശിനികളോ ഇതോടൊപ്പം പ്രയോഗിക്കാൻ പാടില്ല. രൂക്ഷമായ വരൾച്ചമൂലം വെള്ളം കിട്ടാത്ത സമയത്ത് ഈ ലായനി നെല്ലിന് പ്രതിരോധം നൽകും.
ചാണകസ്ലറി
വരൾച്ചാപ്രതിരോധത്തിന് ഏറ്റവും ഉത്തമമാണ് ചാണകസ്ലറി. ചാണകവും ശർക്കരയും ചേർത്താണ് ഈ കൂട്ട് നിർമ്മിക്കുന്നത്. 40 കിലോഗ്രാം ചാണകവും 4 ലിറ്റർ കഞ്ഞിവെള്ളവും 2 കിലോഗ്രാം ശർക്കരയും നന്നായിക്കലർത്തി ഒരു ചണച്ചാക്കിൽ നിറച്ച് 250 ലിറ്റർ കപ്പാസിറ്റിയുളള ബാരലിൽ മുക്കാൽഭാഗം വെള്ളം നിറച്ച് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വിധത്തിൽ തൂക്കിയിടുക. 48 മണിക്കൂർ പുളിപ്പിച്ചശേഷം ലയിച്ച ലായനി അരിച്ചെടുത്ത് 10 ശതമാനം വീര്യത്തിൽ ചെടികളിൽ തളിക്കാനായി ഉപയോഗിക്കാവുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിന് 20 ഗ്രാം എന്നയളവില്‍ സ്യൂഡോമോണാസ് കൂടി ഇതോടൊപ്പം കലർത്തി പ്രയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാണ്.
ചാണകസ്ലറി വളരെ നേർപ്പിച്ച് ഇലകളിൽ തളിക്കാവുന്നതാണ്. 48 മണിക്കൂർ പുളിപ്പിച്ചും ഇത് ഉപയോഗിക്കാറുണ്ട്.
മൈക്കോറൈസ (കുമിൾ വേര്)
കുമിൾവേര് (fungus root) വരൾച്ചാപ്രതിരോധത്തിന് അത്യുത്തമമാണ്. ചെടികളുടെ വേരും കുമിളും തമ്മിലുളള ഒരു സഹവർത്തിത്വമാണിത്. ചെടികളുടെ വേരിനുചുറ്റും ഇവ ഒരു ആവരണമായി വളരുകയും സൂക്ഷ്മമായ നാരുകൾ വേരിനകത്തേക്കും മണ്ണിനടിയിലേക്കും നീണ്ടുവളരുകയും ചെയ്യും. ആഴത്തിൽ വളരുന്ന കുമിൾവേരുകൾ ഭൂമിക്കടിയിൽ നിന്നും ജലം ആഗിരണം ചെയ്ത് ചെടിയെ വരൾച്ചയിൽനിന്ന് ഒരു പരിധിവരെ രക്ഷിച്ചെടുക്കും. വിത്തിടുന്നതിനു മുൻപ് ഒരു നുള്ള് വാം കൾച്ചർ കുഴികളിലിട്ടശേഷം അതിനുമുകളിൽ വിത്ത് /തൈകൾ നടുകയാണ് ചെയ്യുന്നത്.
ഇൻഷുറൻസ്
ഉപജീവനത്തിനായി കൃഷിയിലേര്‍പ്പെടുന്നവര്‍ വേനലിനെ അതിജീവിക്കാന്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സ് പരിരക്ഷയെയും ആശ്രയിക്കേണ്ടതാണ്. വരൾച്ച ഉൾപ്പെടെയുളള പ്രകൃതിക്ഷോഭങ്ങൾ കാരണം സംഭവിക്കുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി സംസ്ഥാനസർക്കാരിന്റെ കാർഷിക വിള ഇൻഷ്വറൻസ് പദ്ധതി നിലവിലുണ്ട്. കർഷകസമൂഹത്തിന്റെ വരുമാനഭദ്രത ഉറപ്പാക്കുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്തി മുഴുവൻ കാർഷികവിളകളെയും ഇൻഷുർ ചെയ്യണം.
വേനല്‍ക്കാലത്തെ പച്ചക്കറി പരിപാലനം
പച്ചക്കറികളിൽ നീരൂറ്റികുടിക്കുന്ന കീടങ്ങളായ വെള്ളീച്ച, മീലിമുട്ട, ഇലപ്പേൻ എന്നിവയുടെ ആക്രമണം ചൂട് കൂടുന്നതോടെ രൂക്ഷമാകും. തോട്ടങ്ങളിൽ മഞ്ഞക്കെണികൾ സ്ഥാപിച്ചും ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-വെളുത്തുളളി എമൽഷൻ തളിച്ചും ഇവയെ നിയന്ത്രിക്കാം.
പച്ചക്കറിവിളകളിൽ ജലസേചനം ആവശ്യത്തിനുമാത്രം നൽകണം.
രാവിലെയോ വൈകുന്നേരങ്ങളിലോ മാത്രം വെള്ളം നനയ്ക്കുക.
ചെടികളിൽ തളിക്കുന്നതിനുപകരം ചുവട്ടിൽ മാത്രം നൽകുന്നത് ജലനഷ്ടം കുറയ്ക്കും.
പി.പി.എഫ്.എം., നേര്‍പ്പിച്ച ചാണകസ്ലറി എന്നിവ പച്ചക്കറികൾക്ക് നൽകാവുന്നതാണ്.
നെല്ല്
വേനൽ സമയത്ത് നെൽകൃഷിയിൽ മുഞ്ഞയുടെ ആക്രമണം വ്യാപകമാകാതെ ശ്രദ്ധിക്കണം. നൈട്രജന്റെ അമിതവളപ്രയോഗവും അടുപ്പിച്ചുളള നടീലും ഒഴിവാക്കേണ്ടതാണ്. ഉമ, ആതിര, ഐശ്വര്യ എന്നിവ മുഞ്ഞക്കെതിരെ പ്രതിരോധശേഷിയുളള ഇനങ്ങളാണ്.
പറിച്ചു നടന്ന സമയത്ത് 1.5 സെ.മീ. ഉയരത്തിൽ മാത്രം വെളളം കെട്ടിനിർത്തിയാൽ മതിയാകും
ക്രമേണ ജലനിരപ്പ് ഉയർത്തി പരമാവധി ചിനപ്പ് പൊട്ടുന്ന സമയത്ത് 5 സെ.മീ. വരെ എത്തിക്കുക.
ലായകരൂപത്തിലുള്ള സിലിക്കൺ വളങ്ങൾ ഒരു ലിറ്റർ വെളളത്തിൽ 5 ഗ്രാം എന്ന തോതിൽ തളിക്കുന്നത് നല്ലതാണ്.
ജലദൗർലഭ്യമുളള മേഖലയിൽ തുടർച്ചയായി വെള്ളം കെട്ടിനിർത്തുന്നതിനു പകരം വെള്ളം വറ്റി രണ്ടു ദിവസത്തിനകം ജലനിരപ്പ് നിലനിർത്തിയാൽ മതിയാകും.
വിളവെടുക്കുന്നതിന് രണ്ടാഴ്ച മുമ്പ് വെള്ളം ഇറക്കി വിടണം.
കളകൾ പൂർണ്ണമായി നിയന്ത്രിക്കണം.
പുഞ്ചപ്പാടങ്ങളിൽ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള ഇനം മാത്രം കൃഷിയിറക്കുക.
വാഴ
നനവ് ആവിയായിപ്പോകുന്നത് ഒഴിവാക്കാനായി പഴുത്തതും കരിഞ്ഞതുമായ ഇലകൾ മുറിച്ചുമാറ്റുക.
ജൈവപ്പുതപ്പും പുതയിടീലും നടത്താം.
തുള്ളിനനയാണ് ഫലപ്രദം.
വാഴക്കന്ന് നടുന്നതിനുമുമ്പ് 50 ഗ്രാം മൈക്കോറൈസ കൾച്ചർ കുഴികളിൽ ഇട്ടശേഷം നടുക.
നീരൂറ്റികുടിക്കുന്ന കീടങ്ങളുടെ ആക്രമണം തടയുന്നതിനായി വേപ്പെണ്ണ വെളുത്തുളളി എമൽഷനും ജൈവകീടനാശിനിയായ വെർട്ടിസീലിയവും (ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ) കീടബാധ കണ്ടാലുടനെ തളിക്കേണ്ടതാണ്.
തോട്ടവിളകൾ
തെങ്ങിന്റെ കാര്യത്തിൽ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനും വിളയിൽ നിന്നുളള ആദായത്തിനും തുള്ളിനന ഏറെ പ്രയോജനകരമാണ്.
തെങ്ങിനും കമുകിനും തടങ്ങളിൽ പുതയിടീൽ അനിവാര്യം
തെങ്ങിന്റെ ഓല അടക്കമുളള അവശിഷ്ടങ്ങൾ, പയറുവർഗ്ഗത്തിൽപ്പെട്ട വിളകളുടെ അവശിഷ്ടങ്ങൾ എന്നിവ പുതയായിടുന്നതിന് യോജിച്ചവയാണ്. മണ്ണിലെ നൈട്രജൻ, പൊട്ടാഷ് എന്നിവയുടെ അളവ് കൂട്ടുന്നതിന് ഇതു സഹായിക്കുകയും അടുത്ത വിളയ്ക്കുകൂടി ഇതിൻ്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
ഏറ്റവും താഴത്തെ 3-5 ഓലകൾ മുറിച്ചുമാറ്റി ബാഷ്പീകരണ നഷ്ടം കുറയ്ക്കുക.
പച്ചിലവളച്ചെടികൾ തടങ്ങളിൽ ആവരണവിളയായി വളർത്തുക.
ദീർഘകാലം ജലം സംഭരിച്ചുവയ്ക്കാൻ തൊണ്ടടുക്കൽ പ്രയോജനകരമായിരിക്കും. തെങ്ങിനു ചുറ്റും അരമീറ്റർ വീതിയിലും താഴ്ചയിലും ചാലുകൾ കീറി മൂന്നോ, നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവച്ച് മണ്ണിട്ടുമൂടുകയും ഏറ്റവും മുകളിലെ അടുക്ക് കമഴ്ത്തിവച്ച് പൂർത്തിയാക്കുകയും ചെയ്യാം. വർഷങ്ങളോളം ഇതിൻ്റെ പ്രയോജനം നില നിൽക്കും.
രണ്ടുവർഷം വരെ തണൽക്രമീകരണം ചെയ്തുകൊടുക്കേണ്ടതാണ്.
വേനൽ അധികമായാൽ പ്രായം കുറഞ്ഞ ചെടികൾക്ക് പ്രത്യേക സംരക്ഷണം നൽകേണ്ടതാണ്. തെക്കുപടിഞ്ഞാറൻ വെയിലടിക്കാതിരിക്കാൻ തണൽ നൽകിയാൽ മാത്രം മതി. റബ്ബർ, കുരുമുളക്, തെങ്ങിൻതൈകൾ, മറ്റു വൃക്ഷത്തെകൾ എന്നിവയ്ക്ക് ഈ ശ്രദ്ധ നൽകേണ്ടതാണ്.
വൃക്ഷവിളകളുടെ തൈകൾക്ക് തെങ്ങോലകൾ ഉപയോഗിച്ച് തണൽ കൊടുക്കേണ്ടതാണ്.
വൃക്ഷങ്ങളുടെ തായ്തടിയിൽ കുമ്മായം പൂശുക.
സൾഫേറ്റ് ഓഫ് പൊട്ടാഷ് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം ഇടവിട്ട് വിളകളിൽ തളിയ്ക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കേരളത്തിലെ തീന്‍മേശകളില്‍ പതിവായിക്കാണുന്ന വിഭവങ്ങളാണ് പാവയ്ക്കാ മെഴുക്കുപെരട്ടിയും പാവയ്ക്കാത്തോരനും പാവയ്ക്കാത്തീയലുമൊക്കെ. ഉണക്കിയ പാവയക്കാവറ്റലും ഉപ്പിലിട്ട പാവയ്ക്കയും വേറെ. അതായത് എത്ര കൃഷിചെയ്താലും ആവശ്യക്കാരേറെയുണ്ട്. വളരെ ആദയാകരമാണ് പാവയ്ക്കാകൃഷിയ സ്വന്തമായി മൂല്യവര്‍ദ്ധനം ചെയ്താല്‍ ലാഭമിരിട്ടിക്കും. അങ്ങനെ പാവയ്ക്കാക്കൃഷിക്ക് സാധ്യതകളേറെയാണുള്ളത്.
പാവയ്ക്കാവിശേഷം
വെള്ളരിവര്‍ഗത്തില്‍പ്പെട്ട പ്രധാന പച്ചക്കറികളിലൊന്നാണ് പാവയ്ക്ക. കയ്പ്പക്ക എന്നും വിളിക്കാറുണ്ട്. ഇന്ത്യയാണ് ജന്മദേശം. കറിയായും ജ്യൂസായും കഴിക്കും. പ്രമേഹരോഗികള്‍ക്ക് പാവയ്ക്കയോട് ഒരു പ്രത്യേക പ്രണയം തന്നെയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് ഉത്തമമെന്നു പറയപ്പെടുന്നു. കാത്സ്യം, ഇരുമ്പ് എന്നിവയും പാവയ്ക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി സമൃദ്ധമായുള്ളതിനാല്‍ പാവയ്ക്ക രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. മാത്രമല്ല ഇതിന് ആൻ്റിവൈറൽ ഗുണങ്ങളും ഉണ്ട്. നാരുകൾ അല്ലെങ്കിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റാൻ സഹായിക്കും. ശരീര ഭാരം കുറയ്ക്കുന്നതിനും ഇത് വളരെ നല്ലതാണ്.
ഇനങ്ങൾ
പ്രിയ - നീണ്ട പച്ചനിറത്തിലുള്ള കായ്കളാണ് പ്രിയക്കുള്ളത്. കായുടെ അഗ്രഭാഗത്തിന് വെള്ളനിറമായിരിക്കും.
പ്രിയങ്ക - വെളുത്തു വലിപ്പമുള്ളതും പരന്ന മുള്ളുകളുള്ളതുമായ കായകളാണ് പ്രിയങ്കയുടെ പ്രത്യേകത
പ്രീതി - ഇടത്തരം നീളമുള്ളതും മുള്ളുകൾ ഉള്ളതുമായ പ്രീതിക്ക് വെള്ളനിറമാണ്.
നടീൽ സമയം
ജനുവരി-മാർച്ച് കാലമാണ് വേനല്‍ക്കാലകൃഷിക്ക് പറ്റിയ സമയം. ജൂൺ-ജൂലൈ മാസങ്ങളില്‍ സമതലങ്ങളിലും മാർച്ച്-ജൂൺ മാസങ്ങളില്‍ കുന്നിന്‍പ്രദേശങ്ങളിലും മൺസൂൺ വിളയായും പാവല്‍ കൃഷിചെയ്യാം. മഞ്ഞ് രഹിത അന്തരീക്ഷമാണ് അഭികാമ്യം.
മണ്ണ്
5.5-6.7 pH ഉള്ള നല്ല നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണ് അനുയോജ്യമാണ്.
ജൈവസമ്പുഷ്ടമായ മണലിലും പശിമരാശിമണ്ണിലും പാവല്‍ നന്നായി പിടിക്കും. ചാണകവും കമ്പോസ്റ്റും ചേർന്ന മിശ്രിതം മണ്ണില്‍ കലര്‍ത്തുന്നത് പാവൽ നന്നായി വളരാനും വിളവ് വർധിക്കാനും സഹായിക്കും. 2.0 x 1.5 മീറ്റർ അകലത്തിൽ 30cm x 30cm x 30cm വലിപ്പമുള്ള കുഴികളെടുത്ത് അരയിഞ്ച് ആഴത്തില്‍വേണം വിത്തുനടാന്‍.
നടുന്നതിനുമുൻപ് തടത്തിൽ ഓരോപിടി എല്ലുപൊടിയും ചാണകപ്പൊടിയും ഇട്ട് മണ്ണ് നല്ലതുപോലെ ഇളക്കിക്കൊടുക്കണം.
നടീൽ രീതി
തറയില്‍ നേരിട്ടുമാത്രമല്ല, ഗ്രോബാഗിലും ചാക്കിലും കണ്ടെനറിലും പാവല്‍ നടാവുന്നതാണ്. കേരളത്തിലെ ടെറസുകളില്‍ വ്യാപകമായി പാവല്‍ കൃഷിചെയ്തുവരുന്നു. ചാക്കിലാണെങ്കില്‍ ഒന്നില്‍ 2-3 വിത്തുകൾ നടാം
എപ്പോഴും മണ്ണ് ഈർപ്പമുള്ളതായിരിക്കുന്നത് നല്ലതാണ്. പക്ഷേ നനവ് അധികമായാല്‍ ചീഞ്ഞുപോകാനും സാധ്യതയുണ്ട്.
മുളയ്ക്കാൻ പ്രയാസമുള്ളതാണ് പാവയ്ക്കാവിത്തുകൾ. എന്നാൽ നടുന്നതിനുമുമ്പ് നനഞ്ഞ കോട്ടൻതുണിയിൽ തലേന്നേ പൊതിഞ്ഞു വച്ച് പിറ്റേന്നുനട്ടാല്‍ വിത്തുകള്‍ക്ക് പെട്ടെന്നു മുളപൊട്ടും. കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ തേക്കിലയിലോ വട്ടയിലയിലോ കുമ്പിളുകുത്തി അതില്‍ മണ്ണുനിറച്ചു നട്ടുമുളപ്പിച്ചതിനുശേഷം ഇലയോടുകൂടി നടാനുദ്ദേശിക്കുന്ന സ്ഥലത്തു നടാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ സാധാരണ പ്ലാസ്റ്റിക്കുകവറുകളിൽ മുളപ്പിച്ചു മാറ്റിനടുമ്പോൾ വേരുകൾക്കു സംഭവിക്കുന്ന ക്ഷതം കുറഞ്ഞിരിക്കും.
ഒരു സെന്റിന് 20-25 ഗ്രാം വിത്ത് എന്നതാണ് പാവലിന്റെ കണക്ക്.
പരിപാലനം
വിതച്ച് 2-3 ദിവസത്തിനുള്ളിൽ പാവല്‍വിത്തുകൾ മുളച്ചുതുടങ്ങും. മുളവന്നു 3-4 ആഴ്ചകളെത്തുമ്പോള്‍ ചിനപ്പുപൊട്ടി വരാൻ തുടങ്ങും. അപ്പോള്‍ പ്രൂണിംഗ് ചെയ്യുന്നത് ചെടിയിൽനിന്നു പരമാവധി വിളവ് ലഭിക്കുന്നതിനു നല്ലതാണ്. 2-3 അടി നീളമുള്ള ശാഖകളുടെ തുമ്പ് മുറിച്ചുമാറ്റണം. അവിടെനിന്ന് പാർശ്വശാഖകളുണ്ടാകും. എളുപ്പത്തില്‍ കൂടുതല്‍ പൂക്കളുണ്ടാകുന്നതിന് ഇതു സഹായിക്കും.
വള്ളി വീശി വരുമ്പോൾത്തന്നെ പന്തൽ ഇട്ടുകൊടുക്കണം. അപ്പോള്‍ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം .
5-6 ആഴ്ചകൾക്കുള്ളിൽ പൂക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ആദ്യം ഉണ്ടാകുന്നത് ആൺ പൂക്കൾ ആണ്. പിന്നീടാണ് പെൺ പൂക്കൾ ഉണ്ടാകുക. ധാരാളം പൂക്കളുണ്ടെങ്കിലും കായ്കളുണ്ടാകാതെ കണ്ടാല്‍ അതു പരാഗണം നടക്കാത്തതുകൊണ്ടാകണം. വിവിധതരം പൂച്ചെടികൾ നട്ടുപിടിപ്പിച്ചുകൊണ്ട് തേനീച്ചകളെ ആകര്‍ഷിച്ച് പരാഗണസാധ്യത കൂട്ടുകയാണ് പരിഹാരം.
പൂ പിടിക്കാൻ തുടങ്ങുമ്പോൾ തന്നെ പേപ്പർ കൊണ്ട് മൂടണം. ഇതു കായീച്ചകളിൽ നിന്ന് കായ്കളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ജൈവസ്ലറി ഒഴിച്ച് കൊടുക്കുന്നത് ധാരാളമായി കായ്ഫലം ലഭിക്കുന്നതിന് ഉത്തമമാണ്. ജൈവവളവും നല്‍കാം.
പാവലിനു പടരാന്‍ 6-8 അടി ഉയരത്തിൽ ഒരു താങ്ങ് അല്ലെങ്കിൽ വല ഇട്ടുകൊടുക്കണം.
നട്ട് 3 മാസത്തിനുള്ളിൽ പാവയ്ക്ക പറിക്കാൻ പാകമാകും.
അടുത്തതവണത്തെ നടീലിനുള്ള വിത്തിനായി അതിനായി കണ്ടുവയ്ക്കുന്ന കായ നന്നായി മൂത്തുപഴുക്കുന്നതുവരെ വള്ളിയിൽത്തന്നെ നിര്‍ത്തണം. അതിനുശേഷം പറിച്ച് വിത്തുകളെടുത്ത് അവ കഴുകി, തണലുള്ള സ്ഥലത്തിട്ട് ഉണക്കി വായു കടക്കാത്ത ടിന്നിലോ കവറിലോ സൂക്ഷിച്ചുവയ്ക്കണം.
തേങ്ങയും അടയ്ക്കയും വിത്തെടുക്കാന്‍ പറ്റിയ സമയം.
വിത്തുതേങ്ങ ശേഖരിക്കുന്നത്, വർഷത്തിൽ എൺപതോ അതിൽ കൂടുതലോ തേങ്ങ കിട്ടുന്ന തെങ്ങില്‍നിന്നാകണം. ഏറ്റവും കുറഞ്ഞത് 12 കുലകളെങ്കിലുമുള്ളതും രോഗമില്ലാത്തവയുമായിരിക്കണം. വിത്തിനെടുക്കുന്ന തേങ്ങയിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ മണലിൽ സൂക്ഷിച്ചുവയ്ക്കണം.
വിത്തടക്ക എടുക്കുന്നത് മേന്മയുള്ള അടക്കാമരങ്ങളില്‍ നിന്നായിരിക്കണം. നന്നായി പാകമായ കുലകളിൽനിന്നു വിത്ത് ശേഖരിക്കണം. രണ്ടാമത്തെയും മൂന്നാമത്തെയും കുലകൾ വിത്തടക്കക്ക് നല്ലതാണ്. മോഹിത് നഗർ, സൗത്ത് കാനറ എന്നിവ നല്ലയിനങ്ങളാണ്.
തെങ്ങ്
ഇക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാനപ്രശ്നമാണ് കൂമ്പടപ്പ്. മണ്ണിലെ ബോറോണിന്റെ കുറവാണു പ്രധാന കാരണം. ഓലകൾ ചുരുങ്ങി ചെറുതായി വരിക, ഓലകളുടെ അഗ്രഭാഗം ചീഞ്ഞഴുകുക, ഓലകൾ ശരിയായി വിരിയാതെ കൂടിപ്പിടിച്ചിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തെങ്ങൊന്നിന് 50 ഗ്രാം ബോറാക്സ് വളം വർഷം തോറും രണ്ടുതവണ ചേർക്കുന്നത് തെങ്ങിന്റെ ശരിയായ വളർച്ച വീണ്ടെടുക്കാൻ സഹായിക്കും.
മണ്ഡരിബാധയുള്ള തോട്ടങ്ങളിൽ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം തളിക്കേണ്ടതാണ്. (ഇതുണ്ടാക്കുന്നത് എങ്ങനെ എന്നറിയാന്‍ എന്റെകൃഷി.കോമില്‍ അറിവുശേഖരം സന്ദർശിക്കുക)
ചെമ്പൻചെല്ലിയുടെ ആക്രമണം ബാധിച്ച തെങ്ങുകളുടെ മണ്ട വൃത്തിയാക്കി 1 മില്ലി ഇമിഡാക്ലോപ്രിഡ് 1 ലിറ്റർ വെള്ളത്തിന് എന്ന തോതിൽ കലർത്തി കൂമ്പിൽ ഒഴിച്ചു കൊടുക്കുക.
കവുങ്ങ്
കവുങ്ങിന് നന തുടരണം. കവുങ്ങുകളെ ചൂടില്‍നിന്നു കാക്കാനായി തടയില്‍ കുമ്മായം പൂശുകയോ ഉണക്കോലകള്‍ പൊതിഞ്ഞുകെട്ടുകയോ വേണം.
നെല്ല്
മുണ്ടകന്‍കൊയ്ത്തിന്റെ സമയമാണ്. കൊയ്ത്തിന് ഒരാഴ്ച മുമ്പേ പാടത്തെ വെള്ളം വാര്‍ത്തുകളയണം. കൊയ്ത്ത് കഴിഞ്ഞാല്‍ പാടം ഉഴുതിടണം. അതിനുശേഷം കുറച്ചുനാള്‍ തരിശിടുന്നത് തണ്ടുതുരപ്പന്റം ഉപദ്രവം പുഞ്ചയിലേക്കു പടരാതിരിക്കാന്‍ നല്ലതാണ്.
പച്ചക്കറികള്‍
കൊയ്ത്തുകഴിഞ്ഞ് ഉഴുതിട്ട മണ്ണില്‍ ഈര്‍പ്പവും സൂര്യപ്രകാശവുമുണ്ടെങ്കില്‍ എള്ള്, പയര്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യാവുന്നതാണ്.
വെണ്ട, വെള്ളരിവര്‍ഗവിളകളുടെ വിത്തുകള്‍ നേരിട്ടും മുളക്, വഴുതന, തക്കാളി വിത്തുകള്‍ പാകി കിളിര്‍ത്തശേഷം ഇളക്കിമാറ്റി നട്ടും കൃഷി ചെയ്യാം. തൈകകള്‍ക്ക് കൃത്യമായ തണലും നനവും വേണം. അടിവളമായി ജൈവവളം നല്‍കാം.
വിഷു വിപണി കണക്കാക്കി കൃഷിയിറക്കിയ മത്തൻ, വെള്ളരി, കുമ്പളം, പാവൽ, പടവലം എന്നീ പച്ചക്കറി വിളകളുണ്ടെങ്കില്‍ കൂടുതൽ വിളവിനായി മണ്ണിര കമ്പോസ്റ്റ്, മറ്റ് ജൈവവളങ്ങൾ എന്നിവയുടെ കൂടെ സ്യൂഡോമോണാസ് ചേർത്തു കൊടുക്കാം.
കായീച്ചശല്യം ഉണ്ടാകാതിരിക്കാൻ കേടുവന്ന കായ്‌കൾ നശിപ്പിക്കണം. പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനുള്ള പ്രത്യേകമായ ഫിറമോൺ കെണിയായ ക്യൂല്ലൂർ 6 എണ്ണം ഒരു ഏക്കറിന് എന്ന തോതിൽ വച്ചു കൊടുക്കുക. ഇതിനോടൊപ്പം തുളസി/പഴക്കെണികൾ എന്നിവ വച്ചു കൊടുക്കേണ്ടതാണ്. (കെണികളെക്കുറിച്ച് വിശദമായി എന്റെകൃഷി.കോം അറിവുശേഖരത്തിലുണ്ട്.) എന്നിട്ടും കുറവില്ലെങ്കിൽ മാത്രം രണ്ട് മില്ലി മാലത്തിയോൺ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് അതിൽ 10 ഗ്രാം ശർക്കര കൂടി ചേർത്ത് പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും തളിച്ചു കൊടുക്കണം.
മീലിമുട്ടയുടെ ശല്യം കൂടുതലാകും മുമ്പേ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതിനുവേണ്ടി 5 ഗ്രാം ബാർസോപ്പ് ചെറുതായി അരിഞ്ഞ് ചെറുചൂടു വെള്ളത്തിൽ ലയിപ്പിച്ചശേഷം സാധാരണ ജലത്തിൽ നേർപ്പിച്ച് ചെടികളിൽ തളിക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് ലെക്കാനിസീലിയം ലെക്കാനി എന്ന കുമിൾ പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ച് കൊടുക്കണം. ഇത് ഒരാഴ്‌ച ഇടവിട്ട് പല തവണകളായി തളിച്ചുകൊടുക്കുന്നത് മീലിമുട്ട നിയന്ത്രണത്തിന് സഹായകരമാണ്.
വാഴ
വാഴക്ക് നന തുടരേണ്ടതുണ്ട്. ഉണങ്ങിയ ഇലകൾ വെട്ടിമാറ്റി തോട്ടം വൃത്തിയായി സൂക്ഷിക്കുക. ഒടിഞ്ഞ് തൂങ്ങിയ ഇലകൾ നീക്കം ചെയ്ത് തീയിട്ട് നശിപ്പിക്കുകയും തോട്ടം വൃത്തിയായി സൂക്ഷിക്കുകയും വേണം.
പിണ്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാകാതിരിക്കാനായി തോട്ടത്തിലെ മണ്ണ് കുഴച്ച് കുഴമ്പാക്കി വാഴയുടെ തടയിൽ പുരട്ടണം. മൂന്ന് നാല് മാസം പ്രായമായ ഏത്തവാഴക്ക് 65 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ഒരു വാഴക്ക് എന്ന തോതിൽ നൽകണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ മാത്രമെ വളങ്ങൾ ചേർക്കാവൂ.
മണ്ണുപരിശോധന നടത്തിയാല്‍ വളത്തിന്റെ കൃത്യമായ തോത് അറിയാനാകും. അളവറിഞ്ഞ് വളപ്രയോഗം നടത്തുന്നതാണ് നല്ലത്.
കശുമാവ്
വൈകിപ്പൂക്കുന്ന കശുമാവുതോട്ടങ്ങളിൽ തേയിലക്കൊതുകിനെതിരെ മുൻകരുതലുകൾ എടുക്കണം. മരങ്ങളുടെ ചുവട്ടിൽ തടിതുരപ്പൻപുഴുവിനെ ശ്രദ്ധിക്കുക. ഇലകൾ മഞ്ഞളിക്കുന്നതും കൊമ്പുണങ്ങുന്നതും തടികളിലുണ്ടാകുന്ന ദ്വാരങ്ങളിലൂടെ ചണ്ടി പുറത്തുവരുന്നതും തടിതുരപ്പന്റെ ആക്രമണ ലക്ഷണങ്ങളാണ്. സുഷിരം കാണുന്ന ഭാഗം ചെത്തിയാൽ പുഴു തുരന്നു പോയ വഴി കാണാം. ഈ വഴി പിന്തുടർന്ന് പുഴുവിനെ പുറത്തെടുത്ത് കൊല്ലുക. കീടബാധ ഒഴിവാക്കാൻ തായ്തടിയിൽ തറയിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ കോൾടാറും മണ്ണെണ്ണയും 1 ; 2 അനുപാതത്തിൽ ചേർന്ന മിശ്രിതം അല്ലെങ്കിൽ വേപ്പെണ്ണ (50 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) വർഷത്തിൽ രണ്ടുതവണ (മാർച്ച്- ഏപ്രിൽ, നവംബർ-ഡിസംബർ മാസങ്ങളിൽ) തേച്ചുകൊടുക്കണം. തോട്ടത്തിന് ചുറ്റും ഫയർബെൽറ്റ് ഉണ്ടാക്കേണ്ടതാണ്. കളകൾ നീക്കംചെയ്ത് തടങ്ങളിൽ പുതയിടണം.
കുരുമുളക്
കുരുമുളകിന്റെ വിളവെടുപ്പ് തുടരുന്ന ഘട്ടമാണ്. തിരികൾ കൂട്ടിയിട്ട് ചാക്ക് കൊണ്ടു മൂടിയിട്ടാൽ എളുപ്പം ചവിട്ടിയെടുക്കാം. ഉതിർന്ന മണികൾ 4-5 ദിവസം വെയിലത്തുണക്കി സൂക്ഷിക്കുക. പറിച്ചെടുത്ത കുരുളക് ഏറ്റവും ശുചിയായി സൂക്ഷിക്കണം. യാതൊരുവിധ മാലിന്യങ്ങളും കുരുമുളകില്‍ കലരാനിടയാകരുത്.
ചെറുകൊടികൾക്ക് തണൽ നൽകുക. കൊടിയുടെ ചുവട്ടിൽ പുതയിട്ട് ഉണക്കിന്റെ കാഠിന്യം കുറയ്ക്കുക.
കുരുമുളകിൻ്റെ കൊടിത്തലകൾ മുറിച്ചെടുത്ത് വേര് പിടിപ്പിക്കാനായി തവാരണകളിൽ പാകേണ്ട സമയമാണിത്. നല്ല വിളവ് തരുന്ന ആരോഗ്യമുള്ള തായ്വള്ളികളിൽ നിന്ന് കുറഞ്ഞത് മൂന്നു മുട്ടുകളെങ്കിലുമുള്ള വള്ളികൾ വേണം തൈകൾക്ക് വേണ്ടി ശേഖരിക്കാൻ. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ സ്യൂഡോമോണാസ് ചേർക്കുന്നത് തൈകൾ പെട്ടെന്ന് വളരുന്നതിനും അവയ്ക്ക് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായകരമാണ്.
ജാതി
ജാതിത്തോട്ടങ്ങളിൽ നന ഉറപ്പു വരുത്തേണ്ടതാണ്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചു കൊടുക്കുന്നത് ജാതിയുടെ പൂക്കളും മൂപ്പെത്താത്ത കായ്കളും കൊഴിയുന്നത് നിയന്ത്രിക്കാൻ സഹായിക്കും.
മാവ്
മാവിലെ കായീച്ചയെ നിയന്ത്രിക്കുന്നതിനായി മാവിൻ ചുവട്ടിൽ വീണുകിടക്കുന്ന മാങ്ങകൾ പെറുക്കി നശിപ്പിക്കുക, ബ്യൂവേറിയ എന്ന കുമിൾപ്പൊടി മാവിൻ ചുവട്ടിൽ വിതറി മണ്ണിളക്കി യോജിപ്പിക്കുക. ഫിറമോൺ കെണി കെട്ടിത്തൂക്കുക. ഒരു കെണി ഉപയോഗിച്ച് 3 മുതൽ 4 മാസത്തോളം ആൺ ഈച്ചകളെ ആകർഷിച്ച് നശിപ്പിക്കാൻ സാധിക്കും. ഇതോടൊപ്പം പാളയൻകോടൻ പഴം/തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികൾ (1 മില്ലി മാലത്തിയോൺ ഒരു കിലോ മിശ്രിതത്തിന്) ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഒരേക്കർ മാവിൻ തോട്ടത്തിന് 5 എണ്ണം അല്ലെങ്കിൽ 25 മരങ്ങൾക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തിൽ കായീച്ച കെണികൾ വെച്ചു കൊടുക്കേണ്ടതാണ്.
ഇഞ്ചി
ഇഞ്ചിയുടെ വിളവെടുപ്പും വിത്തിഞ്ചി സംസ്കരണവും സൂക്ഷിപ്പും തുടരാവുന്നതാണ്. വിത്തിനു സൂക്ഷിക്കുന്ന ഇഞ്ചിക്ക് മൃദുചീയല്‍രോഗം വരാതിരിക്കാനായി വിത്തുപചാരം നടത്തി തണലില്‍ ഉണക്കണം.
എള്ള്
മുണ്ടകന്‍കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ മൂന്നാംവിളയായി എള്ള് നടാം. നിലം രണ്ടുമുതല്‍ നാല് വരെ ചാലുഴുത് കളകള്‍നീക്കി കട്ട പൊടിച്ച് നിരപ്പാക്കിയിടാം. അടിവളമായി ഏക്കറിന് രമ്ടു ടണ്‍ കാലിവളം നല്‍കാം. കായംകുളം 1, തിലോത്തമ. സോമ എന്നീ ഇനങ്ങള്‍ ഏക്കറിന് 1.5-5 കി.ഗ്രാം. എന്ന തോതില്‍ മണലുമായി ചേര്‍ത്ത് വിതറണം.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ജൈവ കീടനാശിനിയാണ് ഗോമൂത്ര കാന്താരി മുളക് മിശ്രിതം.
വേണ്ട സാധനങ്ങള്‍
- ഗോമൂത്രം – 1 ലിറ്റര്‍
- കാന്താരിമുളക് – 1 കൈപ്പിടി
- ബാര്‍ സോപ്പ് – 50 ഗ്രാം
- വെള്ളം- 10 ലിറ്റര്‍ (ഗോമൂത്രത്തിന് 10 ഇരട്ടി)
കാന്താരിമുളക് മിക്സിയില്‍ നന്നായി അരച്ചെടുക്കണം. ഒരു ലിറ്റര്‍ ഗോമൂത്രം എടുത്ത് അതില്‍ അരച്ചുവച്ച കാന്താരി ചേര്‍ക്കണം. ഇതിലേക്ക് 60 ഗ്രാം ബാര്‍സോപ്പ് കുറച്ചുവെള്ളത്തില്‍ ലയിപ്പിച്ചത് ചേര്‍ത്തിളക്കിക്കൊടുക്കണം. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് അതില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഇളക്കിയാല്‍ ഗോമൂത്ര കാന്താരി മുളക് മിശ്രിതം തയ്യാറായായി. ഇനിയിത് ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം.
തയ്യാറാക്കിയ അന്നുതന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം. പരമാവധി രണ്ടോ മൂന്നോ ദിവസം വരെ ഉപയോഗിക്കാം.
അതിരാവിലെയോ വൈകിട്ടോ വേണം ഇതു സ്പ്രേ ചെയ്തുകൊടുക്കാന്‍.
ചെടി ഒന്നു നനച്ചശേഷം സ്പ്രേ ചെയ്താല്‍ നന്നായിരിക്കും.
ഏതൊക്കെ കീടങ്ങള്‍ക്കെതിരെ?
മൃദുശരീരികളായ കീടങ്ങള്‍, ചാഴി, പുഴുക്കള്‍ ഇവയ്ക്കെതിരെ ഫലപ്രദം.
പടവലപ്പുഴു , വരയന്‍പുഴു, ഇലപ്പുഴു, കൂടുകെട്ടിപ്പുഴു, പയര്‍ച്ചാഴി , കായ്‌തുരപ്പന്‍പുഴു, ഇലതീനിപ്പുഴുക്കള്‍ തുടങ്ങി പല ഉപദ്രവകാരികളായ കീടങ്ങളെയും തുരത്താം.
നമ്മുടെ പച്ചക്കറികളെ ആക്രമിക്കുന്ന പല കീടങ്ങളെയും അമിതമായ രാസപ്രയോഗമില്ലാതെ ഇല്ലാതാക്കാന്‍ കഴിയുന്ന മാര്‍ഗമാണ് കെണികള്‍. കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന രീതിയാണ് കെണികള്‍ ചെയ്യുന്നത്.
വെള്ളരിവർഗവിളകളായ പടവലം, പാവല്‍ വെള്ളരി, മത്തൻ എന്നിവയുടെ പ്രധാനശത്രുക്കളിലൊന്നായ കായീച്ചകളെ കുടുക്കാന്‍ കെണികള്‍ വളരെ ഫലപ്രദമാണ്. ചെടികൾ നന്നായിവളർന്ന് പൂത്ത് കായപിടിക്കാറാവുമ്പോഴാണ് ഇവയുടെ ശല്യം ആരംഭിക്കുക. പെൺപൂക്കളിൽ കായപിടിച്ചുതുടങ്ങുന്ന സമയത്ത് മുട്ടയിട്ടു പെരുകുന്ന ഇവ കായുടെ നീര് ഊറ്റിക്കുടിച്ച് അവയെ ശുഷ്‌കമാക്കുന്നു. ഒപ്പം, തങ്ങളുടെ മുട്ടകൾ നിക്ഷേപിക്കുകയും ചെയ്യും. പഴം/ ശര്‍ക്കര കെണി, ഫെറമോണ്‍ കെണി തുടങ്ങിയ പല മാര്‍ഗങ്ങളിലേതും ഇവയ്ക്കെതിരേ ഉപയോഗിക്കാം. വെള്ളീച്ച, മുഞ്ഞ എന്നീ കീടങ്ങളെ മഞ്ഞക്കെണി നട്ടും നിയന്ത്രിക്കാം. കേരളത്തിലെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാവുന്ന ഇത്തരം പ്രധാന കെണികളെ നമുക്കു പരിചയപ്പെടാം.
- തുളസിക്കെണി
വേണ്ട സാധനങ്ങള്‍
- തുളസിയില (നന്നായി അരച്ചത്)- ഒുരു പിടി
- ശര്‍ക്കര- 10 ഗ്രാം,
- കാര്‍ബോസള്‍ഫാന്‍ കീടനാശിനി ഒരു നുള്ള് (1 ഗ്രാം)
- വെള്ളം
തയ്യാറാക്കുന്ന വിധം
നന്നായരച്ച തുളസിയിലയുടെ ചാറും കൊത്തും ഒരു ചിരട്ടയിലിടുക. അതിലേക്ക് 10 ഗ്രാം ശര്‍ക്കര പൊടിച്ചതും ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരിയും ചേര്‍ക്കുക. മിശ്രിതം ഉണങ്ങിപ്പോകാതിരിക്കാനായി കുറച്ചു വെള്ളവും ചേര്‍ത്തിളക്കുക. പന്തലിനടിയില്‍ ഉറികള്‍ തയ്യാറാക്കിയതില്‍ ചിരട്ട വയ്ക്കുക.
കായീച്ചകൾ തുളസിയിലച്ചാറ് കഴിച്ച് ചത്തൊടുങ്ങും.
ഇത്തരത്തിലുള്ള കെണികള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധമായും മാറ്റി പുതിയത് വെക്കണം. എങ്കില്‍ മാത്രമേ ഇത് ഫലപ്രദമാവൂ.
- പഴക്കെണി
വേണ്ട സാധനങ്ങള്‍
പാളയംകോടന്‍ പഴം
കാര്‍ബോസള്‍ഫാന്‍ / ഫ്യുഡറാൻ
തയ്യാറാക്കുന്ന വിധം
പാളയംകോടൻ പഴം തൊലികളയാതെ നാലഞ്ചുകഷണമാക്കുക. അതിന്റെ മുറിഭാഗം തരിരൂപത്തിലുളള കീടനാശിനിയിൽ മുക്കിയശേഷം ചിരട്ടകൊണ്ട് ഉറികെട്ടി കായകൾ തൂങ്ങുന്ന നിരപ്പില്‍ തൂക്കിയിടണം. തരി പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം മുകളിലായിരിക്കണം. വിഷംകലര്‍ന്ന പഴത്തിന്റെ നീര് ഊറ്റിക്കുടിച്ച് കായീച്ചകൾ ചത്തൊടുങ്ങും. നാലു തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ടു കെണി എന്ന കണക്കിനു സ്ഥാപിക്കണം.
ഓര്‍ക്കുക
ഈ പഴക്കഷണം പക്ഷികള്‍ കഴിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവയ്ക്ക് പഴം ലഭിക്കാത്ത വിധത്തിൽ നൈലോൺ വല കൊണ്ടു മൂടുന്നത് നന്നായിരിക്കും.
വെള്ളരിവര്‍ഗങ്ങളിലെ കായീച്ചയുടെ ആക്രമണം നിയന്ത്രിക്കാനുത്തമം.
- മഞ്ഞക്കെണി
വേണ്ട സാധനങ്ങള്‍
ഒഴിഞ്ഞ ടിന്‍ / മഞ്ഞനിറത്തിലുള്ള പോളിത്തീന്‍ ഷീറ്റ്
ആവണക്കെണ്ണ/ ഗ്രീസ്
മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് തോട്ടത്തില്‍ വിളകള്‍ക്കരികിലായി കെട്ടിവെയ്ക്കുക. അതിൽ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടിയിടുക. മഞ്ഞനിറം കണ്ട് പൂവാണെന്ന് വിചാരിച്ച് വരുന്ന പ്രാണികൾ ആ വഴുവഴുപ്പില്‍ പറ്റിപ്പിടിച്ചു നശിക്കും.
ഏതെങ്കിലും ഒഴിഞ്ഞ ടിന്നിന്റെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശി ഉണങ്ങിയശേഷം അതില്‍ ആവണക്കെണ്ണ പുരട്ടിയും മഞ്ഞക്കെണി ഉണ്ടാക്കാം. ഇവ തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്മേല്‍ കമിഴ്ത്തി വയ്ക്കുക.
ഓര്‍ക്കുക
മഞ്ഞക്കെണിപോലെ നീലക്കെണിയും ഉപയോഗിക്കാമെങ്കിലും മഞ്ഞക്കെണിയാണ് കൂടുതല്‍ ഫലപ്രദം.
ഉപയോഗം
വെള്ളരിവര്‍ഗ പച്ചക്കറികള്‍, വഴുതനവര്‍ഗച്ചെടികള്‍, വെണ്ട, മരച്ചീനി എന്നിവയില്‍ വൈറസ് രോഗം പരത്തുന്ന വെള്ളീച്ചകളെയും മുഞ്ഞ, പലതരം ഈച്ചകള്‍ എന്നിവയെയും ആകര്‍ഷിച്ച് നശിപ്പിക്കുവാന്‍ മഞ്ഞക്കെണി അനുയോജ്യമാണ്.
- മീൻകെണി
വേണ്ട സാധനങ്ങള്‍
പ്ലാസ്റ്റിക് കൂട്
ഉണക്കമീന്‍ - 5 ഗ്രാം
കാര്‍ബോസള്‍ഫാന്‍ 6 ജി - ഒരു ഗ്രാം
വെള്ളം
തയ്യാറാക്കുന്ന വിധം
പ്ലാസ്റ്റിക് കൂടിനുള്ളില്‍ ഒരു ചിരട്ട ഇറക്കിവയ്ക്കുക. അതില്‍ ഉണക്കമിൻ പൊടിച്ചതിട്ട് അല്പം വെള്ളവും ഒഴിച്ചു നനയ്ക്കുക. ഇതിൽ തരിരൂപത്തിലുള്ള വിഷം കലർത്തുക. കൂടിന്റെ മുകള്‍ഭാഗം കൂട്ടിക്കെട്ടുക. പന്തലില്‍ കെണി തൂക്കിയിട്ട് കൂടിന്റെ ചിരട്ടയ്ക്കു മുകളിലുള്ള ഭാഗങ്ങളില്‍ അവിടവിടെയായി കായീച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്കവിധം ചെറിയ ദ്വാരങ്ങളിടുക. അതിലൂടെക്കയറി വിഷം കലർന്ന വെള്ളം കുടിച്ച് അവ ചാകും.
ഉപയോഗം
വെള്ളരിവര്‍ഗങ്ങളിലെ കായീച്ചകളുടെ ശല്യം കുറയ്ക്കാം.
- തേങ്ങാവെള്ളക്കെണി
തേങ്ങാവെള്ളം
യീസ്റ്റ്- മൂന്ന് തരി
കാര്‍ബോസള്‍ഫാന്‍ - ഒരു നുള്ള്
പച്ച ഓലക്കാല്‍
തയ്യാറാക്കുന്ന വിധം
തേങ്ങാവെള്ളം ശേഖരിച്ച് രണ്ടുദിവസം പുളിപ്പിച്ചതിന് ശേഷം അതിൽ മൂന്നുതരി യീസ്റ്റ് ചേർക്കുക. ചിരട്ടക്കെണിയിൽ ചിരട്ടയുടെ പകുതിഭാഗം മാത്രം ഇത് നിറച്ചതിന് ശേഷം ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി ഇട്ടിളക്കുക. തേങ്ങാവെള്ളത്തിനു മുകളില്‍ ഒരു പച്ച ഓലക്കാല്‍ കഷണം ഇടുക. കെണി പന്തലില്‍ തൂക്കിയിടാം. ഈച്ചകള്‍ ഓലക്കാലില്‍ ഇരുന്ന് വിഷം കലര്‍ന്ന തേങ്ങാവെള്ളം കുടിച്ച് ചാകും.
നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണം.
- കഞ്ഞിവെള്ളക്കെണി
വേണ്ട സാധനങ്ങള്‍
കഞ്ഞിവെള്ളം
ശര്‍ക്കര -10 ഗ്രാം
ഈസ്റ്റ് - നാല് തരി
കാര്‍ബോസള്‍ഫാന്‍ - ഒരു നുള്ള്
ഈസ്റ്റ് - 3/4 തരി.
തയ്യാറാക്കുന്ന വിധം
ഒരു ചിരട്ടയുടെ പകുതിഭാഗം കഞ്ഞിവെള്ളം നിറച്ച് അതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ചതു ചേര്‍ക്കുക. അതിൽ മൂന്നുനാലുതരി യീസ്റ്റും ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരിയും കുടി ചേര്‍ത്തിളക്കുക. കെണി പന്തലില്‍ തൂക്കിയിടുക. വിഷംകലര്‍ന്ന കഞ്ഞിവെള്ളം കുടിക്കുന്നതോടെ ഈച്ചകള്‍ ചാകും
നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണം.
- ശര്‍ക്കരക്കെണി
വേണ്ട സാധനങ്ങള്‍
ശര്‍ക്കര - 10 ഗ്രാം
മാലത്തയോണ്‍ 50 ഇ സി - 4 മി.ലി.
വെള്ളം
തയ്യാറാക്കുന്ന വിധം
10 ഗ്രാം ശര്‍ക്കര ഉരുക്കി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ നാല് മില്ലി ലിറ്റര്‍ മാലത്തയോണ്‍ 50 ഇ സി ചേര്‍ത്ത് ഇളക്കുക. തയാറാക്കിയ ലായനി ചിരട്ടകളിലാക്കി പന്തലില്‍ തൂക്കിയിടുക.
- ഫിറമോൺ കെണി
ഒരു ജീവി തന്റെ എതിർലിംഗത്തിലുള്ളവയെ ആകർഷിച്ച് ഇണചേരാൻ സ്വന്തം ശരീരത്തിൽനിന്ന് പുറപ്പെടുവിക്കുന്ന രാസവസ്തുക്കളാണ് ഫിറമോണുകൾ. ഇതു കൃത്രിമമായി ഉത്പാദിപ്പിച്ച് കെണിയൊരുക്കി പ്രാണികളെ ആകർഷിച്ച് നശിപ്പിക്കാനാകും.
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലും കൃഷി വിജ്ഞാനകേന്ദ്രങ്ങളിലും ഇത്തരം ഫിറമോണ്‍ കെണികള്‍ ലഭിക്കും.
പച്ചക്കറിയെ ആക്രമിക്കുന്ന കായീച്ചയ്ക്കെതിരെ ഫിറമോണ്‍കെണി ഫലപ്രദമായി ഉപയോഗിക്കാം.
കെണിയില്‍ ആണ്‍കായീച്ചകള്‍ ആകര്‍ഷിക്കപ്പെടുന്നതിനാല്‍ പെണ്ണീച്ചകള്‍ഇണചേരുന്നതിനുള്ള സാധ്യത കുറയും. കായീച്ചകളുടെ വംശവര്‍ധനവ് നല്ല രീതിയില്‍ തടയാന്‍ ഇതുവഴി കഴിയും. ഫെറമോണ്‍ കെണികള്‍ ആണ്‍കായീച്ചകളെ മാത്രമാണ് ആകര്‍ഷിച്ചു നശിപ്പിക്കുന്നതെന്നോര്‍ക്കണം. അതോടൊപ്പം പഴക്കെണി, തുളസിക്കെണി, കഞ്ഞിവെള്ളക്കെണി, മീന്‍കെണി എന്നിവയില്‍ ഏതെങ്കിലും കൂടി ഉപയോഗിച്ചാല്‍ പെണ്‍കായീച്ചകളെയും നശിപ്പിക്കുവാനാകും.
- വിളക്കുകെണി
സന്ധ്യക്കുശേഷം പാടവരമ്പുകളില്‍ അരമണിക്കൂര്‍ നേരം പന്തം കൊളുത്തി നിര്‍ത്തി ശത്രുകീടങ്ങളെ ആകര്‍ഷിച്ചു കൊല്ലുന്ന രീതിയാണിത്. കൂടുതല്‍ നേരം വിളക്കുകെണി വച്ചിരുന്നാല്‍ ശത്രുകീടങ്ങളോടൊപ്പം മിത്രകീടങ്ങള്‍ നശിക്കുന്നതിനു കാരണമാകും. സന്ധ്യക്ക് ഏഴു മണിക്ക് വിളക്കുകെണി വയ്ക്കുന്നതാണ് ഉത്തമം. അഞ്ചേക്കറില്‍ ഒരു പന്തം എന്ന കണക്കില്‍ പന്തം കൊളുത്തി വയ്ക്കാവുന്നതാണ്. കൂടാതെ 100 വാട്ട്‌സിന്റെ ഒരു ബള്‍ബ് വൈകിട്ട് ആറു മുതല്‍ 10 വരെ കത്തിച്ചുവയ്ച്ചും കീടങ്ങളെ നിയന്ത്രിക്കാം.
നെല്ലിനെ ആക്രമിക്കുന്ന ചാഴി, തണ്ടുതുരപ്പന്‍പുഴു, പച്ചത്തുള്ളന്‍, ഓലചുരുട്ടിപ്പുഴു, കുഴല്‍പ്പുഴു, മുഞ്ഞ, ഗാളീച്ച തുടങ്ങിയവയുടെ പൂര്‍ണകീടങ്ങളെ ആകർഷിച്ച് നശിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണ് വിളക്കുകെണി.
എന്തുകൊണ്ട് വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം?
പച്ചക്കറിക്കൃഷി ചെയ്യുന്ന ഓരോരുത്തരും വീട്ടില്‍ നിര്‍ബന്ധമായി കരുതേണ്ട ജൈവകീടനാശിനിയാണ് വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം. വലിയ കഷ്ടപ്പാടില്ലാതെ വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്നതാണിത്.
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനാണ് ഈ മിശ്രിതം ഏറെ ഫലപ്രദം. ഇവയുടെ ആക്രമണം കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്തുന്നു. മാത്രമല്ല ഇവ വൈറസ് രോഗങ്ങളെ പരത്തുകയും ചെയ്യുന്നു.
രാസകീടനാശിനിപ്രയോഗത്തെ അപേക്ഷിച്ച് പണച്ചെലവും അപകടസാധ്യതയും കുറവാണെന്നതാണ് വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതത്തിന്റെ മേന്മ. മിത്രകീടങ്ങളെ ഒരുപരിധിവരെ നിലനിര്‍ത്താനും ഇതുപകരിക്കും.
ഒരു ലിറ്റർ വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതമുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍
1. വെള്ളം - 20+30+900മി.ലി
2. വേപ്പെണ്ണ -20 മി .ലി
3. വെളുത്തുള്ളി -20 ഗ്രാം
4. (മഞ്ഞനിറമുള്ള) ബാർസോപ്- 5 ഗ്രാം
വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം എങ്ങനെ തയ്യാറാക്കാം?
50 മി.ലി. ചൂടുവെള്ളത്തിൽ 5ഗ്രാം ബാർസോപ് ചെറുകഷണങ്ങളാക്കി ലയിപ്പിക്കുക. 20 ഗ്രാം വെളുത്തുള്ളി തൊലികളഞ്ഞ് നല്ലപോലെ അരച്ചെടുത്ത് 30 മി.ലി വെള്ളത്തിൽ ചേർത്ത് ഇളക്കുക. ഈ ലായനി അരിച്ചെടുത്തശേഷം മാറ്റിവെക്കുക. തയ്യാറാക്കിയ സോപ്പുലായനി വേപ്പെണ്ണയിലേക്ക് സാവധാനമൊഴിക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. ഇതിലേക്ക് 900മി ലി വെള്ളം ചേർത്ത് നേർപ്പിച് ഉപയോഗിക്കാം .
ഓര്‍ക്കേണ്ടത്.
ബാര്‍സോപ്പാണ് വേണ്ടത്. ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കണം.
ഉപയോഗം
പച്ചക്കറിവിളകളിലെ നീരൂറ്റികുടുക്കുന്ന കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.
താഴെപ്പറയുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമാണ്.
1. മണ്ടരി
2. ചിത്രകീടം
3. പയർപ്പേൻ
4. പച്ചത്തുള്ളൻ
5. വെള്ളീച്ച
ഈ മിശ്രിതം അരിച്ച് സ്പ്രെയറുപയോഗിച്ച് ചെടികളില്‍ തൂവിക്കൊടുക്കാം. രാവിലെയോ വൈകുന്നേരത്തോ വെയില്‍ ശക്തമല്ലാത്ത സമയത്തു വേണം തളിക്കാന്‍. ചെടിയിലെ ഇലകളുടെ രണ്ടുഭാഗത്തും തളിക്കണം.
കീടം വന്നശേഷം പ്രയോഗിക്കുന്നതിനേക്കാള്‍ വരുംമുമ്പ് ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം. രണ്ടാവ്ചയിലൊരിക്കല്‍ ഈ മിശ്രിതം തളിച്ചുകൊടുത്താല്‍ നല്ലതാണ്.
എന്താണ് പുകയിലക്കഷായം?
മികച്ച ജൈവകീടനിയന്ത്രണ ലായനികളിലൊന്നാണ് പുകയിലക്കഷായം. പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ. ചൈനയിൽ പണ്ടുകാലങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പുകയിലത്തണ്ട് കുത്തിനിർത്തിയശേഷം വെള്ളം കയറ്റിനിറച്ചിട്ട് തണ്ടുതുരപ്പൻ പുഴുക്കളെ നശിപ്പിക്കുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു.
ഇതിന്റെ ആധുനികരൂപമാണ് പുകയിലക്കഷായം.
വേണ്ട സാധനങ്ങള്‍
പുകയില – ഒരു കിലോ
ബാര്‍സോപ്പ് - 100 ഗ്രാം
വെള്ളം - 15 ലിറ്റര്‍
ഉണ്ടാക്കുന്ന വിധം
ഒരു കിലോഗ്രാം പുകയില വാങ്ങി തണ്ടും ഇലയും ഉള്‍പ്പെടെ കൊത്തിയരിയണം. വിലകുറഞ്ഞ രണ്ടാംതരം പുകയില മതി. ഇത് 15 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിരാന്‍ വെയ്ക്കണം.
അടുത്ത ദിവസം ഈ വെള്ളം അരിച്ചെടുത്ത് അതില്‍ 100 ഗ്രാം ബാർസോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുക്കണം. ഇതാണ് പുകയിലക്കഷായം.
ഈ മിശ്രിതം അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കുക.
വീര്യം കൂടിയ പുകയിലകഷായമാണ് വേണ്ടതെങ്കില്‍ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂർ തിളപ്പിച്ചാൽ മതി.
പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർസോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കിയാല്‍ സത്ത് ചെടിയിൽ കുറച്ചുകൂടി നന്നായി പറ്റിയിരിക്കും.
എന്തിനെയൊക്കെ നേരിടാം?
ചാഴി, പുഴു, മുഞ്ഞ, മിലി മൂട്ട, കായ്തുരപ്പന്‍ പുഴു, ഇലപ്പേൻ എന്നിവയ്ക്കെതിരെ ഫലപ്രദമായി പുകയിലക്കഷായം ഉപയോഗിക്കാം.
ഉപയോഗിക്കുന്ന വിധം…
നല്ല വെയിലുള്ളപ്പോഴാണ് പുകയിലക്കഷായം തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം ഊര്‍ജ്ജിതമാകാന്‍ വെയിൽ ആവശ്യമാണ്.
ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുമ്പോൾ കീടബാധയുടെ തീവ്രതയനുസരിച്ച് രണ്ട് മുതല്‍ ഏഴ് ഇരട്ടിവരെ വെള്ളം ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
NB: VFPCK തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സൗകര്യപ്രദമായ പുകയിലക്കഷായക്കൂട്ടുകളും വിപണിയിലുണ്ട്.
ശരിയായരീതിയില്‍ തയ്യാര്‍ചെയ്ത് ശരിയായസമയത്ത് പ്രയോഗിച്ചാല്‍ വളരെ ഫലപ്രദമായ കുമിൾനാശിനിയാണ് ബോർഡോമിശ്രിതം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് സാധാരണയായി ഉപയോഗിക്കുന്നത്. അതാണ് സുരക്ഷിതം.
ബോർഡോമിശ്രിതം തളിക്കുമ്പോള്‍ വേണ്ടത്ര പ്രയോജനം ലഭിക്കാതെപോകുന്നത് തയ്യാര്‍ചെയ്യുന്നതിലെ അപാകം മൂലമാണ്. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തുരിശ്, ചുണ്ണാമ്പ്, വെള്ളം എന്നിവ 1:1:100 എന്ന അനുപാതത്തില്‍ യോജിപ്പിച്ചാണ് തയ്യാര്‍ചെയ്യേണ്ടത്. ഉദാഹരണമായി 10 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം ഉണ്ടാക്കുന്നത് എങ്ങിനെയെന്നുനോക്കാം.
ഇതിനായി 100 ഗ്രാം തുരിശും 100 ഗ്രാം ചുടുകക്ക നീറ്റിയെടുത്ത ചുണ്ണാമ്പും 10 ലിറ്റര്‍ വെള്ളവും വേണം. നൂറു ഗ്രാം തുരിശ് ഒരുതുണിയില്‍ കിഴിപോലെ കെട്ടി തലേദിവസം ഒരു പ്ലാസ്റ്റിക്ബക്കറ്റിലെ അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ തൂക്കിയിട്ട് അലിയിച്ചെടുക്കുക. 100 ഗ്രാം ചുടുകക്ക നീറ്റിയെടുത്ത ചുണ്ണാമ്പ് മറ്റൊരു പ്ലാസ്റ്റിക് ബക്കറ്റിലെ അഞ്ചുലിറ്റര്‍ വെള്ളത്തില്‍കലക്കിയെടുക്കുക. തുരിശു ലായനി ചുണ്ണാമ്പുലായനിയിലേക്ക് ഒഴിച്ചാണ് ബോർഡോ മിശ്രിതം തയ്യാറാക്കേണ്ടത്. ചുണ്ണാമ്പുലായനി തുരിശുലായനിയിലേക്ക് ഒരിക്കലും ഒഴിക്കരുത്. തയ്യാറാക്കുന്ന മിശ്രിതത്തിൽ ചെമ്പിന്റെ അംശം കൂടാൻ പാടില്ല. അതുപോലെ തന്നെ അമ്ലത്തിന്റെ അംശവും കൂടരുത്. ഇത് പരിശോധിയ്ക്കാൻ തയ്യാറാക്കിയ ലായനിയിൽ ഒരു ഇരുമ്പ് കത്തി അൽപ്പസമയം താഴ്ത്തി വയ്ക്കുക. ചെമ്പിന്റെ അംശം കൂടുതലാണങ്കിൽ അത് ഈ കത്തിയിൽ പറ്റിപ്പിടിക്കുന്നതു കാണാം. അൽപം ചുണ്ണാമ്പ് ലായനി കൂടി ചേർത്ത് ചെമ്പിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കിയശേഷം മിശ്രിതം വിളകളിൽ തളിക്കാം.
ബോർഡോമിശ്രിതം തയ്യാറാക്കാൻ പ്ലാസ്റ്റിക്, സിമന്റ്, തടി, കളിമണ്‍ പാത്രങ്ങളാണ് നല്ലത്. ഇരുമ്പുപാത്രങ്ങൾ ഉപയോഗിക്കരുത്.
ബോർഡോ മിശ്രിതം ആവശ്യത്തിനു മാത്രം വേണം തയ്യാറാക്കാൻ. അതായത് പഴകിയത് ഉപയോഗിക്കരുത്. താമസം നേരിടുകയാണെങ്കിങ്കില്‍ ഒരു ലിറ്റര്‍ ബോര്‍ഡോമിശ്രിതത്തിന് ½ ഗ്രാം പഞ്ചസാര ചേര്‍ത്താല്‍ ഒന്നുരണ്ടു ദിവസം ഗുണം കുറയാതെ സുക്ഷിച്ചുവയ്ക്കാം.
ഇലകളിൽ പടർന്നു പിടിക്കുന്നതും ഒട്ടിപ്പിടിയ്ക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുപോലെ മഴക്കാലമല്ലെങ്കിൽ ഒരാഴ്ചവരെ ഇതിന്റെ പ്രവർത്തനം ചെടികളിൽ നീണ്ടു നിൽക്കും.
കുറ്റിപ്പമ്പോ ചവിട്ടുപമ്പോ ഉപയോഗിച്ച് മരുന്നു തളിക്കാം. ഉയരത്തില്‍ മരുന്നു തളിക്കുന്നതിന് സാധാരണ പമ്പുകളില്‍ ഘടിപ്പിക്കാന്‍ പറ്റുന്ന, ഉയരംകൂട്ടാവുന്ന ലാന്‍സുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. മഴസമയത്ത് രണ്ടുമൂന്നു മണിക്കൂര്‍ വെയില്‍ ലഭിച്ചാല്‍ മരുന്നുതളി നടത്താം. തളിക്കുന്ന മരുന്ന് ഇലയില്‍ നന്നായി ഉണങ്ങിപ്പിടിക്കണം. ഇതിനായി സാന്‍ഡോവിറ്റ്, ടെനാക്, ജനറല്‍വെറ്റ് എന്നിവപോലെ സസ്യങ്ങള്‍ക്ക് ഹാനികരമല്ലാത്ത ഏതെങ്കിലും പശ മിശ്രിതത്തില്‍ ചേര്‍ക്കാം.
കേരളത്തില്‍ കണ്ടുവരുന്ന പല കുമിള്‍ രോഗങ്ങള്‍ക്കും (ഉദാ: തേങ്ങിന്റെ മണ്ടചീയല്‍, ഓല അഴുകൽ, റബര്‍തൈകളെ ബാധിക്കുന്ന കുമിള്‍രോഗങ്ങളായ കൂമ്പുചീയല്‍, കൊളറ്റോട്രിക്കം ഇലരോഗം എന്നിവ, കുരുമുളകിന്റെ ദ്രുതവാട്ടം, ഏലത്തിന്റെ അഴുകൽ, കമുകിന്റെ മഹാളി, മഞ്ഞളിന്റെ ഇലകരിച്ചില്‍ തുടങ്ങിയവ) ബോര്‍ഡോ മിശ്രിതം എന്ന കുമിള്‍നാശിനി അത്യുത്തമമാണ്.
ബോര്‍ഡോ കുഴമ്പ്
10% വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് ബോര്‍ഡോ കുഴമ്പ്. റബ്ബറിലും മാവിലും കശുമാവിലും കണ്ടുവരുന്ന പിങ്കുരോഗം, കുരുമുളകിന്റെ വാട്ടരോഗം തെങ്ങിന്റെ ചെന്നീരൊലിപ്പ് എന്നിവക്കെതിരെ ഇതുപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗുണനിലവാരമുള്ള തുരിശും ചുണ്ണാമ്പും ഉപയോഗിച്ച് മിശ്രിതം ഉണ്ടാക്കുക.
കക്ക നീറ്റുന്നതിന് ചൂടുവെള്ളം ഉപയോഗിച്ചാല്‍ നന്നായി നീറിപ്പൊടിഞ്ഞ് നല്ല ചുണ്ണാമ്പ് ലഭിക്കും
മിശ്രിതം ഉണ്ടാക്കി അന്നുതന്നെ ഉപയോഗിക്കണം.
തളിരിലകളുടെ മുകള്‍ഭാഗത്തും അടിഭാഗത്തും നന്നായി വീഴത്തക്കവിധം മരുന്നു തളിക്കണം.
മഴ കൂടുതലുള്ളപ്പോള്‍ കുറഞ്ഞ ഇടവേളകളില്‍ മരുന്നുതളി നടത്തണം.
നെല്ല്, പച്ചക്കറികൾ എന്നീ വിളകൾക്കു ബോർഡോ മിശ്രിതം തളിക്കുന്നത് നല്ലതല്ല. ബോഡോമിശ്രിതത്തെക്കുറിച്ച് നിങ്ങളുടെ കൃഷിഓഫീസറില്‍നിന്ന് സംശയനിവാരണം നടത്തി ഉപയോഗിക്കുന്നതാകും നല്ലത്.
തീറ്റപ്പുല്ലുകൾ/ പച്ചപ്പുല്ലുകള്‍
കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്നവയാണ് പച്ചപ്പുല്ല്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, ജീവകം ബി, ജീവകം എ എന്നിവ പുല്ലുകളിലുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടുതലായിരിക്കും.
തനിവിളയായോ തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായോ പുല്ലുകൃഷി ചെയ്യാം. പാടവരമ്പുകളിലും അതിരുകളിലുമെല്ലാം തീറ്റപ്പുല്ലിന് ഇടം കണ്ടെത്താം.
കേരളത്തിനു പറ്റിയ ഇനങ്ങളും അവയുടെ കൃഷിരീതിയും
1. നേപ്പിയർ പുല്ല് അഥവാ ആനപ്പുല്ല്
ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലിനമാണ് നേപ്പിയർ. കോയമ്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരനേപ്പിയർ പുല്ലിനങ്ങളാണ് സിഒ1, സിഒ2, സിഒ3, സിഒ 4, സിഒ5 എന്നിവ. ഇതിൽ വളരെ വേഗം വളരുന്നതും ഉയർന്ന വിളവുതരുന്നതുമായ സിഒ 3 യാണ് ക്ഷീരകർഷകരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്.
നിലമൊരുക്കൽ
നന്നായി ഉഴുതുമറിച്ച് കളകൾ മാറ്റി, കട്ടകൾ ഉടച്ച്, മണ്ണ് നിരപ്പാക്കണം. അതിനു ശേഷം 60 മുതൽ 75 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം. ഈ ചാലുകളിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടി, 15 സെന്‍റീമീറ്റർ ഉയരത്തിൽ വരമ്പുകളാക്കി മാറ്റുന്നു. ഈ വരമ്പുകളിൽ 50 മുതൽ 75 വരെ സെന്‍റിമീറ്റർ വരെ അകലത്തിലാണ് തണ്ടു നടേണ്ടത്.
നടീൽ വസ്തുക്കൾ
തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് സങ്കരനേപ്പിയർ പുല്ല് വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ഈ പുല്ല് വളരില്ല. കാരണം, സങ്കരനേപ്പിയറിന്റെ വിത്തുകൾ വന്ധ്യമാണ് -നട്ടാലും മുളയ്ക്കില്ല.
മൂന്നുമാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽവസ്തു ശേഖരിക്കേണ്ടത്. ഇളംതല മാറ്റിയതിനുശേഷം രണ്ടു മുട്ടുള്ള കഷണങ്ങളായി മുറിച്ചെടുത്ത തണ്ട്, നിശ്ചിത അകലത്തിൽ ഏതാണ്ട് 45 ഡിഗ്രി ചെരിച്ച്, ഒരു മുട്ടെങ്കിലും മണ്ണിനടിയിൽ പോകത്തക്കവിധം നടണം. വെള്ളക്കെട്ടില്ലാത്ത ഉയർന്ന പ്രദേശങ്ങളിൽ തണ്ട് മണ്ണിൽ കിടത്തി നടാം. ഇങ്ങനെ നടുമ്പോൾ ഒരു മുട്ടുള്ള തണ്ടിൻ കഷണവും ഉപയോഗിക്കാം. മുളച്ചു പൊങ്ങിവരുമ്പോൾ മുട്ടു നീക്കിക്കൊടുക്കണം. ഒരു സെന്റിൽ നടുന്നതിന് ഏകദേശം 100 തണ്ട് കട മതിയാകും.
ജലസേചനം
മഴയില്ലാത്ത അവസരത്തിൽ ആഴ്ചയിലൊരിക്കൽ ജലസേചനം നടത്തണം. മഴക്കാലത്തിനുശേഷം നടുന്ന അവസരത്തിൽ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പുചവറുകൾക്കൊണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
കളനിയന്ത്രണം
ആദ്യത്തെ മാസം ഒന്നുരണ്ടുപ്രാവശ്യം കളകൾ നീക്കം ചെയ്ത് പുല്ലിനു വേണ്ടത്ര വളർച്ച ഉറപ്പുവരുത്തണം. നന്നായി വളർന്നുകഴിഞ്ഞാൽ കളകൾ അമർച്ചചെയ്യാൻ സങ്കരനേപ്പിയറിനു കഴിയുമെന്നതിനാൽ കളകൾ വലിയ പ്രശ്നമാകാറില്ല.
വളപ്രയോഗം
നടുന്നതിനു മുമ്പ് അടിവളമായി ഒരു സെന്‍റിൽ 80 കിലോഗ്രാം കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവയിൽ ഏതെങ്കിലും മണ്ണിൽ ചേർത്തുകൊടുക്കണം. ഇതോടൊപ്പം തൊഴുത്തുകഴുകിയ വെള്ളവും ഗോമൂത്രവും പുല്ലിന്റെ കണ്ടത്തിലേക്ക് ഒഴുക്കിവിടാൻ സൗകര്യമുള്ള സ്ഥലത്ത് മറ്റു വളങ്ങൾ നൽകേണ്ട ആവശ്യമില്ല.
വിളവെടുപ്പ്
നട്ട് 75 – 90 ദിവസം ആകുമ്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വീണ്ടും വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തുനിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷകഗുണം ലഭിക്കുന്നതിനുവേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്റെ ഉറപ്പുകൂടുകയും നീരുകുറയുകയും ചെയ്യുന്നു. തണ്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞുകൊടുത്താൽ തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും.
ഉത്പാദനക്ഷമത
നന്നായി പരിപാലിച്ചാൽ ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും 350 മുതൽ 400 ടണ്‍ വരെ പച്ചപ്പുല്ല് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇനങ്ങളാണ് സിഒ 3, സിഒ 4, സിഒ 5 എന്നിവ. ഒരു പശുവിന് ഒരു ദിവസം 25 മുതൽ 30 കിലോ വരെ പച്ചപ്പുല്ല് ആവശ്യമുണ്ട്. ഉത്പാദനക്ഷമതയുള്ള ഒരു ചെടിയിൽ നിന്ന് ഒരു പ്രാവശ്യം 5-6 കിലോഗ്രാം പച്ചപ്പുല്ല് കിട്ടും. ഒരു ദിവസം 4-5 ചുവട് അരിഞ്ഞെടുത്താൽ ഒരു പശുവിനു വേണ്ട പുല്ലാകും. സാധാരണയായി ഒരു സെന്‍റിൽ ഉദ്ദേശം 100 ചുവട് ഉണ്ടാകും. മൂന്നാഴ്ചത്തേക്കുള്ള പുല്ല്. ഇപ്രകാരം, നല്ല സൂര്യപ്രകാശം കിട്ടുന്ന മൂന്നു സെന്‍റ് സ്ഥലത്ത് സങ്കരനേപ്പിയർ പുല്ല് കൃഷി ചെയ്താൽ ഒരു പശുവിനെ വളർത്താനുള്ള തീറ്റപ്പുല്ല് ലഭിക്കും.
2. ഗിനിപ്പുല്ല്
നമ്മുടെ നാട്ടിലെ എല്ലാത്തരം മണ്ണിനും യോജിച്ചതും കന്നുകാലികൾ ഇഷ്ടപ്പെടുന്ന ഒരു പുല്ലിനമാണ് ഗിനിപ്പുല്ല്. തെങ്ങിൻതോപ്പുകളിൽ ഇടവിളയായും മറ്റു പുല്ലുകളുമായി ഇടകലർത്തിയും ഇതുകൃഷിചെയ്യാം. വേരോടുകൂടിയ കടകൾ ഉപയോഗിച്ചും വിത്തു വിതച്ചും കൃഷി ചെയ്യാൻ കഴിയും. നട്ട് 70-80 ദിവസം കഴിഞ്ഞും പിന്നീട് 40-45 ദിവസം ഇടവിട്ടും വളർച്ചയനുസരിച്ച് പുല്ലരിഞ്ഞെടുക്കാവുന്നതാണ്. ജലസേചനമുണ്ടെങ്കിൽ ഒരു ഹെക്ടറിന് ഏകദേശം 100 ടണ്‍ വരെ വിളവ് ഒരു വർഷം കിട്ടും. തെങ്ങിൻതോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുമ്പോൾ 40-50 ടണ്‍ വരെ പുല്ല് കിട്ടും.
3. പാരാപ്പുല്ല് അഥവാ എരുമപ്പുല്ല്
നല്ല ഈർപ്പവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമാണ് ഇത്തരം പുല്ല്. അതുകൊണ്ടാണ് ഇതിന് എരുമപ്പുല്ലെന്നു പറയുന്നത്. തണ്ടുകൾ മുറിച്ചു നട്ട് ഇവ കൃഷിചെയ്യാം. നട്ടുകഴിഞ്ഞാൽ ഉടൻതന്നെ തറ നനയ്ക്കണം. തറയിൽ പടർന്നു വളരുന്ന ഈ പുല്ലിന്റെ ഉത്പാദനക്ഷമത മറ്റു പുല്ലുകളേക്കാൾ കുറവാണ്.
4. കോംഗോസിഗ്നൽ
എരുമപ്പുല്ലിന്‍റെ വർഗത്തിൽ തന്നെപെട്ടതാണീ പുല്ലെങ്കിലും വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു മാത്രമേ ഇതു വളർത്താവൂ. ഏതുതരം മണ്ണിനും യോജിച്ചതും കന്നുകാലികൾ വളരെ ഇഷ്ടപ്പെടുന്നതുമായ ഒരു പുല്ലിനമാണിത്. വെള്ളം കെട്ടിനിന്നാൽ കോംഗോ പുല്ല് നശിച്ചുപോകമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. എരുമപ്പുല്ലിനെപ്പോലെ തണ്ട് തറയിലൂടെ ഇഴഞ്ഞ് മുട്ടുകളിൽ നിന്ന് മുകളിലേക്കു വളരുന്നു. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും നടാവുന്നതാണ്. വിത്ത് വിതച്ചോ തൈ, തണ്ട് എന്നിവ നട്ടോ പ്രസരണം നടത്താം. ഒരു ഹെക്ടറിൽ നടാൻ ആറു മുതൽ എട്ടു കിലോഗ്രാം വിത്ത് ആവശ്യമാണ്. ഒരു സെന്‍റീമീറ്റർ താഴ്ചയിൽ മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ വേണം വിത്തു വിതയ്ക്കാൻ. 60 ദിവസത്തിനുശേഷവും പിന്നീട് 30-40 ദിവസം ഇടവിട്ടോ വളർച്ചയ്ക്കനുസരിച്ചോ പുല്ല് അരിഞ്ഞെടുക്കാവുന്നതാണ്. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ 80 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. തണ്ടിനെ അപേക്ഷിച്ച് ഇലയുടെ അനുപാതം കൂടുതലുള്ള ഈ പുല്ല്, ഉണക്കിസൂക്ഷിക്കാൻ വളരെ യോജിച്ചതാണ്.
കാലം നോക്കി കൃഷി
ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് സങ്കരനേപ്പിയർ കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുക്കേണ്ടത്. എക്കൽമണ്ണ്, മണൽ കലർന്ന കളിമണ്ണ് എന്നിവയാണ് ഉത്തമമെങ്കിലും ജൈവവളപ്രയോഗം നടത്തിയാൽ മണൽമണ്ണിലും വെട്ടുപ്രദേശങ്ങളിലും സങ്കരനേപ്പിയർ കൃഷി ചെയ്യാം. തരിശായി കിടക്കുന്ന കരപ്പാടങ്ങൾ തീറ്റപ്പുൽകൃഷിക്ക് യോജിച്ചതാണെങ്കിലും മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്തിയില്ലെങ്കിൽ പുല്ലു ചീഞ്ഞു പോകും.
കൃഷിയ്ക്ക് ഏറ്റവും സഹായകരമാണ് സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍, ഫംഗസുകള്‍ എന്നിവ. ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കുാവന്‍ ഇവ സഹായിക്കുന്നു. ജൈവാംശം വിഘടിപ്പിക്കുന്നതിനും മണ്ണിലെ പോഷകങ്ങള്‍ എളുപ്പത്തില്‍ വലിച്ചടുക്കുന്നതിനും ജീവാണുക്കള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം ജീവാണുക്കള്‍ അടങ്ങിയ വളങ്ങളാണ് ജീവാണുവളങ്ങള്‍. അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വലിച്ചെടുക്കുന്നവയോ മണ്ണില്‍നിന്ന് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന അവസ്ഥയിലേക്ക് മാറ്റുകയോ ചെയ്യുന്നവയാണ് ജീവാണുവളങ്ങളിലെ സൂക്ഷ്മജീവികള്‍. ജൈവകൃഷിയില്‍ സൂക്ഷ്മാണുജീവികളുടെ ഉപയോഗം വലിയതോതിലാണ്. പരിസ്ഥിതിക്ക് ഇണങ്ങിയതാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.
മൂലകങ്ങള്‍ കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവാണുവളങ്ങളെ നമുക്ക് നാലായി തിരിക്കാം
- നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ.
ഉദാഹരണം: അസറ്റോബാക്ടര്‍, റൈസോബിയം, അനബീന, അസോസ്പൈറില്ലം. - ഫോസ്ഫറസ് അലിയിച്ച് ആഗിരണം ചെയ്യുന്നവ
ഉദാഹരണം: ബാസില്ലാസ് സ്പീഷിസ് - ഫോസ്ഫറസിന്റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.
ഉദാഹരണം: ആര്‍ബസ്ക്കുലാര്‍ മൈക്കോറൈസ - പൊട്ടാഷ് അലിയിക്കുന്നവ
ഉദാഹരണം: ഫ്രെചൂരിയ - നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ
റൈസോബിയം
പയറുവര്‍ഗചെടികളുടെ വേരുകളിലെ ചെറിയ മുഴകളില്‍ ജീവിക്കുന്ന ഒരു ബാക്ടീരിയമാണ് ഈ റൈസോബിയം.
ഉപയോഗിക്കുന്ന വിധം
5 മുതല്‍ 8 കിലോഗ്രാം പയറുവിത്തിനു 200 ഗ്രാം റൈസോബിയം കലര്‍ന്ന ജീവാണുവളം വേണ്ടിവരും. വിത്തില്‍ റൈസോബിയം പുരട്ടുന്നതിനായി വിത്ത് അല്പം വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലപോലെ എല്ലാഭാഗത്തും എത്തുന്നതുപോലെ കൂട്ടിയോജിപ്പിക്കുക. പിന്നീട് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്കണം. റൈസോബിയം കലര്‍ന്ന വിത്തുകള്‍ രാസവളവുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.
അസോസ് പൈറില്ലം
മണ്ണിലും ചെടിയുടെ വേരുപടത്തിലും വസിക്കുന്ന ബാക്ടീരിയയാണിത്. ഒരു സെന്റിന് 60 ഗ്രാം മുതല്‍ 100 ഗ്രാം വരെ നൈട്രജന്‍ അന്തരീക്ഷത്തില്‍നിന്ന് വലിച്ചെടുത്ത് ഇവ ചെടികള്‍ക്ക് നല്‍കുന്നു. അസോസ് പൈറില്ലം ഉപയോഗിക്കുന്നത് പച്ചക്കറികളുടെ വളര്‍ച്ചയ്ക്കും വിളവര്‍ദ്ധനവിനും സഹായകമാണ്. മറ്റു ജീവാണു വളങ്ങളോടൊപ്പം പ്രത്യേകിച്ച് മൈക്കോറൈസയോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.
ഉപയോഗിക്കുന്ന വിധം
വിത്തില്‍ പുരട്ടിയും തൈകള്‍ പറിച്ചുനടുമ്പോള്‍ ലായനിയാക്കി വേരുമുക്കിയും ജൈവവളത്തോടൊപ്പം മണ്ണില്‍ നേരിട്ടുചേര്‍ത്തും ഇവ ഉപയോഗിക്കാം. 500 ഗ്രാം അസോസ് പൈറില്ലം കള്‍ച്ചര്‍ ഉപയോഗിച്ച് 5 മുതല്‍ 10 വരെ കിലോഗ്രാം വിത്ത് പുരട്ടിയെടുക്കാം. വിത്ത് ഒരു പാത്രത്തില്‍ എടുത്ത് വെള്ളമോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് ഈര്‍പ്പം വരുത്തിയ ശേഷം കള്‍ച്ചറുമായി നല്ലവണ്ണം യോജിപ്പിക്കുക. തുടര്‍ന്ന് അരമണിക്കൂര്‍ തണലത്ത് ഉണക്കിയ ശേഷം ഉടന്‍ വിതയ്ക്കണം.
പറിച്ചു നടുന്ന തൈകളുടെ വേരുകള്‍ അസോസ് പൈറില്ലത്തിന്‍റെ 250 ഗ്രാം കള്‍ച്ചര്‍ 700 മി.ലി. വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ താഴ്ത്തി വയ്ക്കുക. ഇത് വേരുവളര്‍ച്ച വേഗത്തിലാക്കും.
നേരിട്ട് മണ്ണില്‍ ഉപയോഗിക്കുമ്പോള്‍ ഹെക്ടറിന് 2-4 കിലോഗ്രാം കള്‍ച്ചര്‍ വേണം . എല്ലാഭാഗത്തും ഒരുപോലെ ലഭിക്കുന്നതിന് ഒരു ഭാഗം അസോസ് പൈറില്ലം 25 ഭാഗം ഉണക്കിപ്പൊടിച്ച ചാണകമോ കമ്പോസ്റ്റോ മണ്ണിരകമ്പോസ്റ്റോ കൂടെക്കലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതാണ്.
അസറ്റോബാക്ടര്‍
മണ്ണില്‍ സ്വതന്ത്രമായി വസിച്ച് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയയാണ് അസറ്റോബാക്ടര്‍. ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയമാണ് ഇത്. ഒരു ഹെക്ടറില്‍ ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജന്‍ ലഭ്യമാക്കാന്‍ ഈ ബാക്ടീരിയക്കാവും. വിളകളുടെ നൈട്രജന്റെ ആവശ്യകതയുടെ 25-30 ശതമാനം വരെ അസറ്റോബാക്ടര്‍ നിറവേറ്റും. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള സസ്യഹോര്‍മോണുകളും ഇത് ഉല്പാദിപ്പിക്കുന്നു.
ഉപയോഗിക്കുന്ന വിധം
അസോസ് പൈറില്ലം ഉപയോഗിക്കുന്ന അതേരീതിയില്‍ന്നെ പച്ചക്കറി വിളകള്‍ക്ക് നല്‍കാവുന്നതാണ്.
മൈക്കോറൈസ (VAM- Vasicular Arbascular Micorrhiza അഥവാ AMF- Arbascular Micorrhizal Fungi)
എല്ലായിനം പച്ചക്കറികള്‍ക്കും വളരെ അനുയോജ്യമായതും ടോണിക് പോലെ പ്രവര്‍ത്തിക്കുന്നതുമായ ഒരു ഫോസ്ഫറസ് ജീവാണുവളമാണ് മൈക്കോറൈസ. ഇവ ചെടികളില്‍ നിന്ന് ആവശ്യമായ അന്നജം ഉപയോഗിക്കുകയും പകരം ചെടികള്‍ക്ക് മണ്ണില്‍ നിന്ന് ഫോസ്സ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം മുതലായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. കൂടാതെ മൈക്കോറൈസയുടെ തന്തുക്കള്‍ മണ്ണില്‍ ലഭ്യമായ ഈര്‍പ്പത്തെ വലിച്ചെടുത്ത് ചെടിക്ക് നല്‍കുകയും വരള്‍ച്ചയെ പ്രധിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ വേരിനുള്ളില്‍ കടന്ന് ചെടികളില്‍ ആന്തരികമായ മാറ്റങ്ങളുണ്ടാക്കി രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം രോഗഹേതുക്കളായ കുമിളുകള്‍ വേരിനുള്ളില്‍ കടന്ന് കൂടുന്നതിനെ ചെറുക്കുകയും ചെയ്യുന്നു.
പച്ചക്കറിയിനങ്ങളില്‍ മൈക്കോറൈസയുടെ പ്രയോഗം വളര്‍ച്ചയിലും വിളവിലും കാര്യമായ വര്‍ദ്ധനവുണ്ടാക്കുന്നു. പച്ചക്കറിവിളകളില്‍ രോഗഹേതുക്കളായ പിത്തിയം, ഫൈറ്റോഫ്തത്തോറ, റൈസ്ക്ടോണിയ, ഫ്യസേറിയം മുതലായ കുമിളുകളെയും നിമാവിരകളെയും പ്രതിരോധിക്കാന്‍ അനുയോജ്യമാണ്. കത്തിരിവര്‍ഗ്ഗ ചെടികളില്‍ ബാക്ടീരിയ വാട്ടത്തിനെയും മൈക്കോറൈസ പ്രയോഗം ഫലപ്രദമായി നിയന്ത്രിക്കുന്നു.
ഉപയോഗിക്കുന്ന വിധം
ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ തവാരണകളില്‍ വിത്തിടുന്ന വരികളില്‍ മൈക്കോറൈസ പൊടി നേരിയ കനത്തില്‍ വിതറുക. ഇതിനു മുകളിലായി വിത്ത് വരിയിലിടുക. വരിയായി വിത്ത് പാകാത്ത ചീര മുതലായ ഇനങ്ങള്‍ക്ക് തവാരണകളുടെ മുകളിലത്തെ 1 ഇഞ്ച് കനത്തിലുള്ള മണ്ണില്‍ മേല്‍പ്പറഞ്ഞ തോതില്‍ മൈക്കോറൈസ പൊടി വിതറി മണ്ണുമായി സംയോജിപ്പിക്കുക. അതിനുശേഷം വിത്ത് പാകുക. പറിച്ചുനടുമ്പോള്‍ ചെടി ഒന്നിന് 5 ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
ട്രക്കോഡെര്‍മ, സ്യഡോമോണാസ് മുതലായ സൂക്ഷ്മാണുക്കളുമായി മൈക്കോറൈസ സംയോജിച്ച് പ്രവര്‍ത്തിക്കുകയും അതിലൂടെ കൂടുതല്‍ ഫലപ്രദമായ രോഗനിയന്ത്രണം സാദ്ധ്യമാക്കുകയും ചെയ്യും.
എ എം എഫ് കിഴങ്ങുവിളകള്‍ക്ക് അനുയോജ്യമാണ്. ഇവ വിത്ത് കിഴങ്ങ് നടുന്ന സമയത്ത് കിഴങ്ങ് ഒന്നിന് 3-5 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം.
പി ജി പി ആര്‍
പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ
വ്യത്യസ്ഥ സൂക്ഷ്മജീവികളുടെ മിശ്രിതമാണ് പി ജി പി ആര്‍ മിക്സ് 1. ചെടികളുടെ വേരുകളില്‍ കേന്ദ്രീകരിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇവ ചെടികളുടെ വേരുപടലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെടികള്‍ക്കാവശ്യമായ മൂലകങ്ങളും ഹോര്‍മോണുകളും അമിനോഅമ്ലങ്ങളും വിറ്റാമിനുകളും ലഭ്യമാക്കുക വഴി ഇവ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
വിത്ത് പരിചരണം
10 ശതമാനം വീര്യമുള്ള ശര്‍ക്കരലായനി അല്ലെങ്കില്‍ 5 ശതമാനം വീര്യമുള്ള പഞ്ചസാരലായനി 40 ശതമാനം വീര്യമുള്ള തിളപ്പിച്ചാറ്റിയ ഗം അറാബിക് ലായനി അല്ലെങ്കില്‍ കഞ്ഞിവെള്ളം ചേര്‍ന്ന1.25 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ക്കുക. നന്നായി വിത്തുമായി പുരട്ടി തണലത്ത് വിരിച്ച ചണച്ചാക്കില്‍ നിരത്തി ഉണക്കി ഉടനടി പാകണം.
തൈകളുടെ വേര് പരിചരണം
പറിച്ചു നടുന്ന തൈകളുടെ വേര് 2.5 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ത്ത ലായനിയില്‍20 മിനിട്ട് മുക്കി വച്ച ശേഷം നടുക.
മണ്ണില്‍ ചേര്‍ക്കുന്ന വിധം
6 മാസം വരെ പ്രായമുള്ള തൈകള്‍ക്ക് 25 ഭാഗം ഉണക്കിയ കമ്പോസ്റ്റ്/ കാലിവളം/ചാണകത്തില്‍ 1 ഭാഗം എന്ന തോതില്‍ ചേര്‍ത്ത് പി ജി പി ആര്‍ മിക്സ് ചേര്‍ക്കുക. 10 സെന്‍റിലേക്ക്40-80 ഗ്രാം പി ജി പി ആര്‍ മിക്സ് 1 വേണ്ടിവരും . 6 മാസത്തിനുമേല്‍ പ്രായമുള്ള ചെടികള്‍ക്ക് 80-160 ഗ്രാം വരെ പി ജി പി ആര്‍ മിക്സ് 1 വേണം.
- ഫോസ്ഫറസ് ലായക സൂക്ഷ്മാണുവളങ്ങള്‍
പ്രധാനമായും കരപ്രദേശത്ത് അമ്ല-ക്ഷാരഗുണമില്ലാത്തതോ ക്ഷാരഗുണമുള്ളതോ ആയ മണ്ണില്‍ മസ്സൂരിഫോസ്, രാജ്ഫോസ് തുടങ്ങിയ ഫോസ്ഫറസ് വളങ്ങള്‍ചെടികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളും കുമിളുകളും ചേര്‍ന്നവയാണ് ഈ ഇനം വളങ്ങള്‍.
വിത്ത് പരിചരണം
10 കിലോഗ്രാം വിത്തിന് 200 ഗ്രാം ഫോസ്ഫറസ് ലായക സൂക്ഷാമാണു വളം വേണ്ടിവരും. അല്പം കഞ്ഞിവെള്ളം ചേര്‍ത്ത 4500 മി.ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം സൂക്ഷ്മാണു വളം ചേര്‍ത്ത് വിത്തിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ കൂട്ടിയോജിപ്പിക്കുക. ഇത് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്ണം.
തൈകളുടെ വേര് പരിചരണം
10 മുതല്‍ 15 ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണുവളം അതില്‍ പറിച്ചുല നടേണ്ട തൈകളുടെ വേരു ഭാഗം 5 മിനിട്ട് മുക്കി ഉടനടി നടുക.
മണ്ണില്‍ ചേര്‍ക്കുന്ന വിധം
3-5 കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണു വളം നന്നായി പൊടിച്ച 50 കിലോഗ്രാം ഉണക്കിയ കമ്പോസ്റ്റ് / കാലിവളം ചാണകത്തില്‍ ചേര്‍ത്ത് ഒരു ദിവസം തണലത്ത് സൂക്ഷിച്ച് അടുത്ത് ദിവസം അവസാനത്തെ കിളയ്ക്കൊപ്പം മണ്ണില്‍ ചേര്‍ക്കുക
3.ഫോസ്ഫറസിന്റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.
ഫോസ്ഫോബാക്ടീരിയകള്‍ മണ്ണില്‍ ഉള്ള ഫോസ്ഫേറ്റ് നേ ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്ന രൂപത്തിലാക്കി നലാകാന്‍ കഴിയും. വിത്തില്‍ പുരട്ടിയും തൈകളുടെ വേരുകള്‍ മുക്കിയും ചാണകവുമായി കലര്‍ത്തി പറബില്‍ ഇടുകയോ ചെയ്യാം .
- അര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
മണ്ണില്‍ ഫോസ്ഫറസ് വളങ്ങളുടെ ലഭ്യത കൂട്ടുകയും , ചെടികള്‍ താഴചു വളരാന്‍ സഹായിക്കുകയും ചെയ്യുന്ന ഫംഗസ്. വേരിനോട് ചേര്‍ന്ന് വേരിന്റെ ഭാഗമായി മാത്രമേ ഇവ ജീവിക്കുന്നുള്ളു.ഇവ ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷികൂടി നല്‍കുന്നു
4.പൊട്ടാഷ് അലിയിക്കുന്നവ
ഫ്രെച്ചൂറിയ
ഇവ പോട്ടസ്യത്തെ ലയിപ്പിച്ചു ചെടികള്‍ക്ക് നല്കാന്‍ ശേഷിയുള്ള ബാക്ടീരിയ ആണ്.വിളവില്‍ 20%വരെ വര്‍ധനവ് ഉണ്ടാക്കാന്‍ ഇവയ്ക്കു കഴിയും വിത്തില്‍ പുരട്ടിയോ,വേരില്‍ മുക്കിയോ നേരിട്ട് തളിച്ചോ ഇവ ഉപയോഗിക്കാം .
ജീവാനുവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
- പ്രവര്‍ത്തനകാലാവധി കഴിഞ്ഞ ജീവാണുവളങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
- ഒരിക്കലും രാസവളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്
- ഇവ പുരട്ടിയ വിത്തുകളും ചെടിയുടെ വേരും വെയില്‍ കൊള്ളിക്കരുത്
- ജീവാണുക്കളുടെ മികച്ച പ്രവര്‍ത്തനത്തിന് അവയോടൊപ്പം ആവശ്യമായ അളവില്‍ ജൈവവളം ചേര്‍ക്കേണ്ടതാണ്.
- മണ്ണില്‍ ഇവ ചേര്‍ക്കുമ്പോള്‍ എപ്പോഴും മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം
- രാസകീടനാശിനികള്‍ പാടില്ല
കേരളത്തില്‍ ഉപയോഗിക്കുന്ന ചെണ്ടുമല്ലിയുടെ നല്ലഭാഗവും തമിഴ്നാട്ടില്‍നിന്നാണ് വരുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ നന്നായി വിളവുണ്ടാക്കാവുന്ന ഒരു കൃഷിയാണിത്. അതുമനസിലാക്കിയ പല കര്‍ഷകക്കൂട്ടായ്മകളും ഇപ്പോള്‍ ചെണ്ടുമല്ലി കൃഷിചെയ്ത് നല്ല ലാഭം ഉണ്ടാക്കുന്നുണ്ട്. അവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
ചെണ്ടുമല്ലി (മാരിഗോൾഡ്) കേരളത്തിൽ പ്രധാനമായും രണ്ട് സീസണുകളിലായാണ് ഇപ്പോള്‍ കൃഷിചെയ്തുവരുന്നത്. ഓണക്കാലത്തും മണ്ഡലകാലത്തും. ഓണത്തിനു വിളവെടുക്കണമെങ്കില്‍ തിരുവോണത്തിന് 80 ദിവസം മുമ്പ് തൈ പറിച്ചു നടേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൃത്യസമയത്ത് വിളവെടുക്കാൻ സാധിക്കൂ. മണ്ഡലകാലത്താണു വിളവെടുക്കേണ്ടതെങ്കില്‍ സെപ്റ്റംബർ അവസാനം വിത്തിടണം. അങ്ങനെയെങ്കില്‍ ഒക്ടോബർ അവസാനം പറിച്ചുനടാനും മണ്ഡലകാലത്തു വിളവെടുക്കാനും കഴിയും.
വിപണനസാധ്യത
അലങ്കാരത്തിനും ആഘോഷങ്ങൾക്കും പൂജയ്ക്കും ചെണ്ടുമല്ലി ചെലവാകും. ഒപ്പം, ഭക്ഷണത്തിൽ ചേർക്കുന്ന സ്വാഭാവികനിറം, സുഗന്ധദ്രവ്യങ്ങള്‍ ഇവുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു. അത്തരം നിര്‍മ്മാതാക്കളെ കണ്ടെത്താനോ നിര്‍മ്മാണയൂണിറ്റുകള്‍ തുടങ്ങാനോ കര്‍ഷകക്കൂട്ടായ്മകള്‍ ശ്രമിച്ചാല്‍ വരുമാനം കൂട്ടാം.
കൃഷിസ്ഥലം
ചെണ്ടുമല്ലിക്ക് പശിമരാശിമണ്ണാണ് ഏറ്റവും അനുയോജ്യം. കൃഷിയിടത്തില്‍ നല്ല വെളിച്ചം അത്യാവശ്യമാണ്. സുലഭമായി വെള്ളവും വേണം.
വിത്തുപാകല്‍
വിത്ത് ട്രേകളില്‍ പാകി തൈകൾ ഉണ്ടാക്കി പറിച്ചു നടുകയാണ് ചെയ്യേണ്ടത്. ഒരു സെന്റിൽ രണ്ട് ഗ്രാം മുതൽ മൂന്ന് ഗ്രാം വരെ വിത്ത് ആവശ്യമാണ്. മണ്ണില്ലാത്ത മാധ്യമത്തിലാകണം വിത്ത് നട്ട് തൈ ഉൽപാദിപ്പിക്കാൻ. കൊക്കോ പീറ്റ്, വെർമിക്കുലൈറ്റ്, പെർലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിൽ പോട്ടിംങ് മിക്സർ തയ്യാറാക്കണം. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വിത്ത് 20 മിനിറ്റ് സ്യൂഡോമോണാസിൽ ഇടുന്നത് നല്ലതാണ്.
തൈ നടല്‍
4 ആഴ്ചയാകുമ്പോൾ ട്രേയിൽ നിന്ന് തൈ പറിച്ചു നടാം. മഴക്കാലത്ത് വാരങ്ങൾ കോരിയും, വേനൽക്കാലത്ത് ചാലുകൾ ആയിട്ട് നിലമൊരുക്കിയുമാണ് കൃഷി ചെയ്യുന്നത്. തൈകൾ പറിച്ചു നടുമ്പോൾ വാരങ്ങൾ തമ്മിൽ 60 സെൻറീമീറ്ററും, ഒരു വാരത്തിൽ ചെടികൾ തമ്മിൽ 40 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കണം.
തൈകൾ പറിച്ചുനടുന്നതിന് മുമ്പ് സ്യൂഡോമോണോസിൽ മുക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ബാക്ടീരിയ മൂലമുള്ള വാട്ടം തടയുകയും ചെയ്യുന്നു.
പരിപാലനം
കൃത്യമായ നന ഈ കൃഷിക്ക് ആവശ്യമാണ്. എന്നാൽ വെള്ളം കെട്ടി നിൽക്കാനും പാടില്ല. രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിലും തണ്ടുകളിലും മറ്റും തളിക്കണം. എല്ലാ ആഴ്ചയും KAU സമ്പൂർണ മൾട്ടി മിക്സർ 5 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും ഇലകൾക്ക് സുരക്ഷയും നൽകുന്നു. നട്ട് മൂന്നാഴ്ച കഴിയുമ്പോൾ തൈകളുടെ അഗ്രഭാഗം മുറിച്ചു കളയണം. ധാരാളം ശാഖകൾ ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്.
10 സെന്റിൽ അടിവളമായി 20 കിലോ കുമ്മായം, 750 കിലോ ജൈവവളം, 15 കിലോ യൂറിയ എന്നിവ നൽകണം.
വിളവെടുക്കല്‍
തൈനട്ട് 45 ദിവസത്തിനുള്ളിൽ മൊട്ട് ഉണ്ടാകും. മൊട്ട് വിരിഞ്ഞശേഷം ഒന്നരമാസത്തോളം വിളവെടുക്കാൻ സാധിക്കും. ഒരു ചെടിയിൽ നിന്ന് 6 മുതൽ 7 തവണ വരെ വിളവെടുക്കാം. ഒരു ചെടിയിൽ 750 ഗ്രാം മുതൽ ഒരു കിലോ വരെ പൂക്കൾ ലഭിക്കും. നാടൻ ഇനങ്ങൾ ആണെങ്കിൽ ഒരു ചെടിയിൽ നിന്ന് 500 ഗ്രാമാണ് ലഭിക്കുന്നത്.
മഴയുള്ളപ്പോൾ വിളവെടുക്കാൻ പാടില്ല. വിളവെടുപ്പ് കഴിഞ്ഞ് ഓരോ ആഴ്ചയിലും 5 ഗ്രാം 19:19: 19 ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കണം. ശാസ്ത്രീയ പരിചരണത്തിലൂടെ ഒരു ഏക്കറിൽ നിന്ന് 5 ടൺ മുതൽ 8 ടൺ വരെ കിട്ടും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ചിലർ തെങ്ങിൻ തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലും പച്ചക്കറികൾക്കിടയിലും ഇടവിളയായും ചെണ്ടുമല്ലി കൃഷി ചെയ്യാറുണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ പാടശേഖരങ്ങളിൽ മാരിഗോൾഡ് കൃഷി ചെയ്യുന്നവരുമുണ്ട് . ഇത്തരം കർഷകർക്ക് കൃഷി വകുപ്പ് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും നൽകാറുണ്ട്. കൃത്യമായ ഇടവേളകളിൽ കളനീക്കം ചെയ്യണം.
ചെണ്ടുമല്ലിയെ ബാധിക്കുന്ന കീടങ്ങള്‍
1. മുഞ്ഞ
കൂട്ടംകൂട്ടമായിരുന്ന് ചെടിയുടെ വളര്‍ന്ന് വരുന്ന അഗ്രഭാഗങ്ങളിലെ നീരൂറ്റിക്കുടിക്കുന്ന കീടമാണ് മുഞ്ഞ. ഇവ ബാധിച്ച ചെടികളുടെ ഉല്‍പ്പാധനക്ഷമത കുറയും.
വേപ്പ് അടങ്ങിയ കീടനാശിനികള്‍ തളിച്ച് മുഞ്ഞയെ തടയാം.
2. വണ്ടുകളും തണ്ടുതുരപ്പന്മാരും
മണ്ണിനോട് ചേര്‍ന്ന ഭാഗത്തുള്ള ഇളംതണ്ടുകളും പുതിയ ഇലകളും ഇവ തിന്നുനശിപ്പിക്കുന്നു.
ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് ഇവയെ നിയന്ത്രിക്കാം.
3. മീലിമുട്ട
ഇലകളിലും തണ്ടുകളിലും കൂട്ടം കൂട്ടമായി പറ്റിപ്പിടിചിരിക്കുന്ന കീടങ്ങളാണ് മീലിമുട്ടകള്‍.
തേന്‍ പോലുള്ള ദ്രാവകം ഇവ പുറപ്പെടുവിക്കുന്നതു മൂലം ഇലകളില്‍ കറുത്ത നിറത്തിലുള്ള ആവരണം രൂപപ്പെടുന്നു. ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.
വേപ്പ് അടങ്ങിയ കീടനാശിനികള്‍ മീലിമുട്ടയെ പ്രതിരോധിക്കാനും നല്ലതാണ്.
5. മണ്ഡരി
പൂവിടുന്ന വേളയിലാണ് മണ്ഡരിയുടെ ആക്രമണം കൂടുതലായും ഉണ്ടാകുന്നത്. ഇവ ഇലകളില്‍ നിന്ന് നീരൂറ്റിക്കുടിക്കുന്നു. മണ്ഡരിബാധിച്ച ഇലകളുടെ പുറം പൊടിപിടിച്ചതു പോലെ കാണാം. നിറവ്യത്യാസവും ഉണ്ടാകും.
ചെണ്ടുമല്ലിയെ ബാധിക്കുന്ന രോഗങ്ങള്‍
മൂടുചീയല്‍
നീര്‍വാര്‍ച്ച കുറവുള്ള മണ്ണില്‍ ഫൈറ്റോഫ്ത്തോറ എന്ന കുമിള്‍ മൂലമുള്ള മൂടുചീയല്‍ ഉണ്ടാകും.
4 ഗ്രാം കോപ്പെര്‍ ഓക്സി ക്ളോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിര്‍ത്താല്‍ മൂടുചീയലിനു പ്രതിവിധിയാകും.
മഴക്കാലം കേരളത്തിന്റെ കൃഷിക്കാലം കൂടിയാണ്. ചില പ്രധാന വിളകളുടെ മഴക്കാലകൃഷിരീതി പരിചയപ്പെടാം.
ചീര
മഴക്കാലം പൊതുവേ ചീരയ്ക്ക് പറ്റിയതല്ല. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമാകും. എന്നാല്‍ പച്ചച്ചീര മഴക്കാലത്തിനും നടാവുന്നതാണ്. നീർവാർച്ചയുള്ള സ്‌ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം. വിത്തു നേരെ വിതയ്‌ക്കുമ്പോഴും വിത്തു പാകുമ്പോഴും പൊടിമണലും അരിപ്പൊടിയും കൂട്ടിക്കലർത്തണം. വിത്തു ചിതറി വീഴാനും ഉറുമ്പു കൊണ്ടുപോവുന്നതു തടയാനുമാണിത്. ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങൾ.
വെണ്ട
കേരളത്തിലെ മഴക്കാലത്തിനു ഏറ്റവും പറ്റിയ പച്ചക്കറിയാണ് വെണ്ട. ജൂൺ–ജൂലൈ സീസണിൽ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും വിളവു തരുന്നത്. മണ്ണിന്റെ ഘടനയനുസരിച്ചു കുഴികളോ ചാലുകളോ എടുത്തും ഗ്രോബാഗിലും വിത്തു നടാം. വാരങ്ങളില്‍ ചെടികള്‍ തമ്മില് 45 സെന്റിമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍മുമ്പ് വെണ്ടവിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്താന്‍ ശ്രദ്ധിക്കണം. നട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെടികള്‍ വളരുന്നതോടെ ചെറിയ തോതില്‍ നനയ്ക്കണം. ജൂണില്‍ മഴ തുടങ്ങുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. ചെടികൾ വളർന്നു വരുന്നതോടെ എത്ര മഴയുണ്ടായാലും ചെറിയ രീതിയിൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ മഴയിൽ ഇവ മരവിച്ചതു പോലെയാകും. മഞ്ഞളിപ്പ് രോഗമാണ് വെണ്ട കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ തീരെ കുറവായിരിക്കും.ചെറിയ തോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവു ലഭിക്കും.
മുളക്
മുളക് മഴക്കാലത്തിനുപറ്റിയ മറ്റൊരു കൃഷിയാണ്. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം.
വെള്ളം കെട്ടിനിന്നാൽ പഴുത്തു പോകും എന്നതിനാൽ വെള്ളം കെട്ടി നിൽക്കാതെ നല്ലരീതിയിൽ തടം കോരി വേണം മുളക് നടാൻ . മാത്രമല്ല ഇനി വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമാണെങ്കിൽ ആ വെള്ളം ഒഴുക്കി കളയാനുള്ള ഒരു സ്ഥലം കൂടി കണ്ടു വയ്ക്കണം. സാധാരണ കറികളിൽ ഉപയോഗിക്കുന്ന മുളകിന് പുറമെ കാന്താരിയും കൃഷി ചെയ്യാം.
വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. വിത്തുകള്‍ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റിനടണം. ചെടികള്‍ തമ്മില് 45 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് അമ്പതാം ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നല്‍കാന്‍ മറക്കരുത്. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം.
വഴുതന
മഴക്കാലത്ത് നന്നായി വിളയുന്ന പച്ചക്കറികളിലൊന്നാണ് വഴുതന. കുറഞ്ഞ ചെലവും നല്ല ആദായവുമുള്ളതുമായ ദീർഘകാല വിളയുമാണ്. ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ രണ്ട് വര്‍ഷം വരെ വിളവെടുക്കാന്‍ കഴിയും. അധികം പരിചരണവും ആവശ്യമില്ല. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്. വിത്തുപാകി പറിച്ചുനടണം. വിത്ത് പാകി 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ തൈകള്‍ മാറ്റിനടാവുന്നതാണ്. ചെടികള്‍ തമ്മില് 60 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്റി മീറ്ററും ഇടയകലം നല്‍കണം. മാറ്റിനട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. നാടന്‍ വഴുതന ഇനങ്ങളും വിപണിയില്‍ ലഭ്യമായ നിരവധി ഇനം വിത്തുകളും വീടുകളിലും കൃഷി ചെയ്യാം. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവയാണു പ്രധാന വളം.
പാവല്‍
മഴക്കാലത്ത് മണ്ണ് കൂനകൂട്ടിയാണ് പാവല്‍ തൈകള്‍ നടേണ്ടത്. പ്രീതി (വെളുപ്പിൽ പച്ചരാശി, നന്നായി മുള്ള്), പ്രിയ (നീളൻ, പതിഞ്ഞ മുള്ള്, കുരു കുറവ്), പ്രിയങ്ക (വെള്ള, കട്ടി കൂടിയത്) എന്നിവയാണു കേരളത്തിൽ പ്രധാനമായും കൃഷിചെയ്‌തുവരുന്നത്. തടമെടുത്തും ചാൽ കീറിയും വിത്തു നടാം. തടങ്ങൾ തമ്മിൽ ആറ് അടി അകലം വേണം. ഒരു തടത്തിൽ 4–5 വിത്തു കുത്താം. തൈ നട്ട് 45ാമത്തെ ദിവസം പൂക്കളുണ്ടാകും. ആദ്യമുണ്ടാകുന്ന പൂക്കള്‍ ആണ്‍പൂക്കളായിരിക്കും. അവ കൊഴിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ജൈവവളമായ ബയോഗ്യാസ് സ്‌ളറി, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ പ്രധാന വളങ്ങൾ. കായീച്ചയാണ് പാവലിന്റെ ഏറ്റവും വലിയ ശത്രു.
പയര്‍
പയർ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ജൂൺ–ജൂലൈ ആണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയർ വിത്ത് നടാൻ.
കിഴങ്ങുകള്‍
കപ്പ, ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, മധുരക്കിഴങ്ങ് എന്നിവയും ഇപ്പോൾ നടാം. ചാലുകീറി അതിൽ ചവറുനിറച്ചു മൂടിയശേഷം കപ്പത്തണ്ട് മുറിച്ചുനടാം. തുറന്ന സ്ഥലങ്ങളിലും വാഴക്കുഴികളിലും കപ്പ നല്ലപോലെ വളരും. ചേനയും ചേമ്പും തെങ്ങിൻ തോട്ടത്തിലും ജാതിത്തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യാം. ചേനയുടെ ചുവട്ടിൽ ചീരയും കൃഷിചെയ്യാം. കശുമാവും മാവും ഉള്ള ജലസേചന സൗകര്യം കുറഞ്ഞ പറമ്പുകളിൽ കാച്ചിൽ നടാം. മുള വന്ന കൂർക്ക വിത്ത് ഇപ്പോൾ മണ്ണിൽ പാകിയാൽ കർക്കടകത്തിലെ കറുത്ത പക്ഷത്തിൽ തണ്ടു മുറിച്ചുനടാം. മണൽ കലർന്ന മണ്ണാണ് കൂർക്ക നടാൻ ഉത്തമം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം.
വെള്ളം കെട്ടി നിൽക്കാത്തതും സൂര്യ പ്രകാശം കിട്ടുന്നതുമായ സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക.
പച്ചക്കറി മണ്ണ് കിളച്ചു നടുന്നത് മഴക്കാലത്തിനു പറ്റിയതല്ല. മണ്ണിൽ തടം കോരി വേണം നാടാൻ.
മണ്ണൊലിപ്പ് തടയാന്‍ തടത്തിനുമുകളിലായി കരിയിലകൾ വാരിയിടണം.
നിലമൊരുക്കുമ്പോള്‍ത്തന്നെ കുമ്മായം ചേര്‍ത്തിളക്കുക.
തടത്തില്‍ അടിവളമായി ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചേര്‍ക്കാം.
പച്ചചാണകം തടത്തില്‍ നേരിട്ടിടരുത്. ഉണക്കിപ്പൊടിച്ച ചാണകം ഇടുക.
രോഗപ്രതിരോധമെന്ന നിലയില്‍ സ്യൂഡോമോണസ് പ്രാരംഭത്തിലെ തന്നെ ഉപയോഗിക്കാം.
സ്യൂഡോമോണസ് വിത്തില്‍ പുരട്ടിയും ചെടികളില്‍ 10 ദിവസത്തിലൊരിക്കല്‍ രണ്ടുശതമാനം വീര്യത്തില്‍ തളിച്ചും ഉപയോഗിക്കാം.
നെല്ല്
വിരിപ്പുകൃഷിക്കായുളള ഞാറ് 4-5ഇലപ്രായത്തില്‍ പറിച്ചുനടാം. സ്യൂഡോമോണാസ് കള്‍ച്ചറിന്റെ ലായനിയില്‍ വേര് അരമണിക്കൂര്‍ കുതിര്‍ത്തുനട്ടാല്‍ പിന്നീട് പോളരോഗം, പോളയഴുകല്‍, ഇലപ്പുളളി രോഗങ്ങള്‍ ഇവ ഉണ്ടാകുന്നത് കുറയ്ക്കാന്‍ കഴിയും. ഇതിന് ഒരു കി.ഗ്രാം വിത്തിന് 20ഗ്രാം സ്യൂഡോമോണാസ് കള്‍ച്ചര്‍ എന്നകണക്കിന് വെളളത്തില്‍ കലക്കി ലായനി ഉണ്ടാക്കാം.
നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ ചിനപ്പുപൊട്ടുന്നതു മുതല്‍ അടിക്കണ പ്രായം വരെ പോളകരിച്ചില്‍ രോഗത്തിനുള്ള സാദ്ധ്യതയുണ്ട്. നൈട്രജന്‍ വളങ്ങളുടെ അമിതമായ ഉപയോഗവും, പൊട്ടാഷ് വളങ്ങളുടെ കുറവും ഈ രോഗത്തിന്റെ തീവ്രത കൂട്ടും. നെല്‍ച്ചെടിയുടെ പുറംപോളകളില്‍ പൊള്ളിയതുപോലുള്ള പാടുകള്‍ കാണുന്നതാണ് പ്രാരംഭ ലക്ഷണം. തുടര്‍ന്ന് ഇത് മുകളിലേക്കുവ്യാപിച്ച് നെല്ലോലകള്‍ അഴുകിപ്പോകുന്നതിന് ഇടയാകും. കുമിള്‍ബാധ മൂലമുാകുന്ന ഈ രോഗം വരാതിരിക്കുന്നതിനുള്ള മുന്‍കരുതലായി സ്യൂഡോമോണാസ് എന്ന ബാക്ടീരിയപ്പൊടി ഒരു കിലോഗ്രാം, 20 കിലോ ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോ മണലുമായി ചേര്‍ത്ത് ഒരേക്കര്‍ സ്ഥലത്തേയ്ക്ക് വിതറിക്കൊടുക്കുക.
തെങ്ങ്
ചെന്നീരൊലിപ്പ്, കൂമ്പു ചീയല്‍ എന്നിവ തെങ്ങിനെ ബാധിക്കുന്ന കുമിള്‍രോഗങ്ങളാണ്. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കണം. കറയൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോര്‍ഡോക്കുഴമ്പ് തേയ്ക്കുക. കാറ്റുവീഴ്ച്ച ബാധിച്ച തെങ്ങിന്‍തോട്ടങ്ങളില്‍ കൂമ്പുചീയല്‍രോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തിമാറ്റി തീയിട്ടുനശിപ്പിക്കുക. പിന്നീട് ബോര്‍ഡോക്കുഴമ്പ് പുരട്ടി വെള്ളം ഇറങ്ങാത്തവിധം മണ്‍ചട്ടികൊണ്ടു മൂടിവയ്ക്കുക. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തെങ്ങോലകളില്‍ തളിച്ചുകൊടുക്കുകയും വേണം. വര്‍ഷത്തില്‍ 10 തേങ്ങയിലും കുറവു ലഭിക്കുന്ന തെങ്ങുകളും സാരമായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനു ശേഷം രോഗപ്രതിരോധശേഷിയും അത്യുല്പാദനശേഷിയുമുള്ള ഇനങ്ങളുടെ തൈകള്‍ നടണം. ഈ രോഗത്തിനു മുന്‍കരുതലായി സുഷിരങ്ങള്‍ ഇട്ട മാങ്കോസെബ് സാഷെ 5 ഗ്രാം/ഒരു പായ്ക്കറ്റില്‍ മൂന്നു വീതം ഒരു തെങ്ങിന്റെ കൂമ്പിനു ചുറ്റും വയ്ക്കുക.
വാഴ
മഴക്കാലത്ത് വാഴക്കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ തോട്ടത്തില്‍ ചാലുകള്‍കീറി നീര്‍വാര്‍ച്ചയ്ക്കുള്ള സൗകര്യമുാക്കണം. വാഴത്തോട്ടത്തിലെ കളകള്‍ നീക്കം ചെയ്ത് കട ചെത്തിക്കൂട്ടണം. വാഴകളില്‍ കാണപ്പെടുന്ന ഇലപ്പുള്ളിരോഗം നിയന്ത്രിക്കാനായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം സാന്‍ഡോവിറ്റ് എന്ന പശ രണ്ടു മില്ലി ഒരു ലിറ്ററിലേക്ക് എന്ന തോതില്‍ കൂട്ടിച്ചേര്‍ത്ത് തളിക്കണം. മാത്രമല്ല, മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ രണ്ടുവശത്തും വീഴുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അല്ലെങ്കില്‍ സ്യൂഡോമോണാസ് എന്ന ബാക്ടീരിയപ്പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിയ്ക്കുന്നതും ഈ രോഗം വരാതിരിക്കാനും നിയന്ത്രിക്കാനും നല്ലതാണ്.
കമുക്
കമുകിന്‍ തോട്ടത്തിലെ നീര്‍വാര്‍ച്ച ഉറപ്പാക്കണം. കമുകിന്‍ തോപ്പുകളില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് മഞ്ഞളിപ്പ്. ഇതിന്റെ കാരണങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മണ്ണിന്റെ നീര്‍വാര്‍ച്ച. ഇടച്ചാലുകളുടെ ആഴം രണ്ട് അടിയിലും കുറയരുത്. മരമൊന്നിന് 500 ഗ്രാം വീതം കുമ്മായം തടത്തില്‍ വിതറി കൊത്തിച്ചേര്‍ക്കണം. പുളിരസം, വെള്ളക്കെട്ട് എന്നിവ തടയുകയും ചിട്ടയായി വളം ചേര്‍ക്കുകയും ചെയ്താല്‍ ചെടിയുടെ ആരോഗ്യം മെച്ചപ്പെടുകയും മഞ്ഞളിപ്പ് കുറയുകയും ചെയ്യും.
ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍ എന്നിവ കമുകിന്‍ തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്താല്‍ ആദായം കൂടും.
കുരുമുളക്
അന്തരീക്ഷ ആര്‍ദ്രത കൂടുന്നതുമൂലം കുരുമുളകില്‍ ദ്രുതവാട്ട രോഗം കാണാനിടയു്. രണ്ട് കിലോ ട്രൈക്കോഡര്‍മ്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍പിണ്ണാക്കുമായി കൂട്ടിക്കലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്കു വയ്ക്കുക. ഈ മിശ്രിതത്തില്‍ നിന്ന് 2.5കിലോ വീതം ഓരോ കുരുമുളകുചെടിക്കു ചുവട്ടിലും ഇട്ടുകൊടുക്കുക.
പച്ചക്കറി
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭമായതിനാല്‍ പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ കലക്കിത്തളിക്കുക. രോഗബാധ രൂക്ഷ മായാല്‍ മാങ്കോസെബ് 3 ഗ്രാം അല്ലെങ്കില്‍ സൈമോക്സാനില്‍ 8% + മാങ്കോസെബ് 64% 3ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിത്തളിക്കാം.
(കടപ്പാട് : കേരള കാര്‍ഷികസര്‍വ്വകലാശാല )
ഒരു നല്ല ജൈവ വളം ആണ് ഫിഷ് അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ് അമിനോ ആസിഡ് (Read this text in english) ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.
മീനും ശ് ര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.
കാന്താരി മുളക് കൃഷി ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും എന്ന് കേള്‍ക്കുമ്പോഴെ വായില്‍ വെള്ളമൂറും. മലയാളി തഴഞ്ഞ കാന്താരിക്കു ഇന്ന് വന്‍ ഡിമാന്‍ഡ് ആണ്. കിലോയ്ക്ക് മുന്നൂറിന് മേലെ ആണ് വില. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നു. വാതരോഗം , അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. കാന്താരി പല നിറങ്ങളില്‍ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരി ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറുണ്ട്.
ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്നും പ്രശ്നമല്ല.നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കാന്താരിവളരും. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടി ആണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട. വേനല്‍ കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. ഒന്ന് പിടിച്ചു കിട്ടിയാല്‍ നാലഞ്ച് വര്‍ഷം വരെ ഒരു കാന്താരിചെടി നിലനില്‍ക്കും.
പച്ചമുളക് വളർന്ന് കിട്ടുന്നതിനേക്കാൾ എളുപ്പം കാന്താരി മുളക് വളർന്ന് കിട്ടും. ചുറ്റുവട്ടങ്ങളിൽ നിന്ന് നല്ല വിത്തുകൾ ശേഖരിക്കുക. സാധാരണ ലഭ്യമായ ചാരം, ചാണകം തുടങ്ങിയ വളങ്ങൾ മാത്രം ഇട്ടു കൊടുത്താൽ തന്നെ നന്നായി വളർന്നു കിട്ടും. ഇനി കാര്യാമായ വളപ്രയോഗം നടത്തിയില്ലെങ്കിൽ തന്നെ കാന്താരി മുളക് നന്നായി ഉണ്ടാവാറുണ്ട്. കാന്താരി മുളക് കൊളെസ്ട്രോൾ കുറയ്ക്കും എന്നറിഞ്ഞതിൽ പിന്നെ ഇത് വിപണിയിൽ താരമാണ്. കാന്താരി വീട്ടിൽ തന്നെ നട്ടു വളർത്തിയാൽ ഉത്തമമാണ്. പണ്ട് പക്ഷികള്‍ മുഖാന്തിരം കാന്താരി ചെടി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പാകുമ്പോള്‍ വിത്തുകള്‍ അധികം താഴെ പോകാതെ ശ്രദ്ധിക്കുക. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ നല്‍കാം.കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം.
2:1:1 എന്ന പ്രൊപ്പോഷനിൽ മണ്ണ്, ചാണകം, ചകിരിച്ചോറ് അല്ലെങ്കിൽ ആറ്റുമണൽ, മിക്സ് ചെയ്യുക. ഇതിൽ ട്രൈക്കോഡെര്മ വിതറി (ചെറിയൊരു നനവിൽ ) മൂന്നാലു ദിവസം ഇടുക. മൂടിയിട്ടാൽ ട്രൈക്കോഡെർമ പെട്ടെന്ന് multiply ചെയ്യും. ട്രൈക്കോഡെര്മ മണ്ണിനെ ശുദ്ധിയാക്കും. ഇങ്ങനെ മിക്സ് ചെയ്ത മണ്ണിലേക്ക് ഒരു grow ബാഗിന് 100gm എല്ലുപൊടി, 100gm വേപ്പിൻപിണ്ണാക്ക് എന്ന കണക്കിൽ 100 ഗ്രോ ബാഗിലേക്കു 10കിലോ വീതം എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും മിക്സ് ചെയ്തു നിറക്കുക. നല്ലൊരു പോട്ടിങ് മിക്സ് ഉണ്ടാക്കാൻ മണ്ണ്, ചാണകം, ചകിരിച്ചോറ് (അല്ലെങ്കിൽ ആറ്റുമണൽ ) എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെര്മ എന്നിവയാണ് വേണ്ടത്. ഈ പോട്ടിങ് മിക്സിലേക്കു ചെടി നട്ടുകഴിഞ്ഞാൽ പിന്നെ നെൽവളം ഒരുമാസമെങ്കിലും കഴിഞ്ഞേ ചെയ്യാവൂ. അതും വളരെ കുറഞ്ഞ അളവിൽ.
പെട്ടെന്ന് കട്ടപിടിക്കുന്ന മണ്ണാണെങ്കിൽ ചകിരിചോറിനൊപ്പം ആറ്റുമണൽ നിർബന്ധമായും ചേർക്കണം. ഒരു കൃഷി കഴിഞ്ഞാൽ പിന്നെ ആ ഗ്രൊ ബാഗിലെ മണ്ണ് വിരിച്ചിട്ടു ഉണക്കണം പിന്നെ അതിനു ശേഷം ആവശ്യത്തിനുള്ള വളം മിക്സ് ചെയ്തു പുതിയ പോട്ടിങ് മിക്സ് ആയി ഉപയോഗിക്കാം. തൈകൾ വളർന്നു തുടങ്ങിക്കഴിഞ്ഞാൽ സ്യൂഡോമോണസും ബിവേറിയയും മാറി മാറി ഉപയോഗിക്കുകയാണെങ്കിൽ ഒരു വിധം കീടങ്ങളെ അകറ്റാം.
പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ?
ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക് എന്ന് നാം മനസിലാക്കിയിരിക്കണം . മാത്റവുമല്ല നമുക്ക് ഏറ്റവും അടുത്തുള്ള പല ചരക്ക് കടയിൽനിന്നും ലഭിക്കുന്നതുമാണ്.
എന്തിനാണ് പുളിപ്പിക്കുന്നത് ?
ഒരുചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാൻ പറ്റില്ലല്ലോ ദ്രാവക രൂപത്തിലുള്ളതാണ് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷമാണുക്കൾ കോടിക്കണക്കിന് ഉണ്ടാവുകയും എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാകുകയുമില്ല .
എങ്ങിനെ പുളിപ്പിക്കാം?
കടല പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം എന്നാൽ എന്നാൽ പൊതുവെ ഉപയോഗിക്കുന്ന രണ്ട് രീതികൾ നമുക്ക് പരിചയപ്പെടാം
പിണ്ണാക്ക് പുളിപ്പിച്ചത്
കപ്പലണ്ടി പിണ്ണാക്ക് -1kg
ശർക്കര-250g
ശുദ്ധജലം -25 ലിറ്റർ
ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത് )
ജൈവ സ്ലറി
കപ്പലണ്ടി പിണ്ണാക്ക് -1kg
വേപ്പിൻ പിണ്ണാക്ക്-1kg
പച്ച ചാണകം -1kg
ശർക്കര-500g
ശുദ്ധജലം -25ലിറ്റർ
ഒരു ബക്കറ്റിൽ പിണ്ണാക്ക്, ശർക്കര, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് ദുര്ഗ്ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യുന്നു. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത്)
എന്തിനാണ് തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത്?
പുളിപ്പിച്ച കടല പിണ്ണാക്ക് കലക്കി ഒഴിക്കുമ്പോൾ ചെടിച്ചുവട്ടില്‍ മട്ടോടുകൂടിതങ്ങി നമ്മൾ വളർത്തിയെടുത്ത അനേകം സൂക്ഷമാണുക്കൾ നശിക്കുന്നതിന് കാരണമാകും മാത്രമല്ല മണ്ണിന്റെ മുകളിലും ഉൾഭാഗങ്ങളിലും ഒരു പാട കെട്ടി നിന്ന് വേരുകൾക്ക് ആവിശ്യമായ വായു സഞ്ചാരം ലഭിക്കാതയും വരും അതുകൊണ്ട് തെളിനീർ ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച് കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്
തെളിനീർഊറ്റി ബാക്കി വരുന്ന ചണ്ടി (മട്ട്) എന്തു ചെയ്യണം.
തെളിനീർ ഊറ്റി ഒഴിച്ച് ബാക്കി വരുന്ന ചണ്ടി യില്‍ ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം. ബാക്കിയാകുന്ന മട്ട് വലിയ ചെടികളുടെ ചുവട്ടില്‍ ഒരടിയകലത്തിൽ മണ്ണ് മാറ്റി ഇട്ടു കൈകൊണ്ട് മണ്ണും ചണ്ടിയും നന്നായി ഇളക്കി യോജിപ്പിച്ച് മൂടാം.
പുളിപ്പിക്കാതെ കടല പിണ്ണാക്ക് ഉപയോഗിച്ച് കൂടെ?
ഉപയോഗിക്കാം .കടല പിണ്ണാക്ക് നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കരുത്, ഉറുമ്പുകള്‍ അത് കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട് മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുക്കാം. ചെടികളുടെ ഇനം വലുപ്പം എന്നിവ അനുസരിച്ച് ഇരുപത് ഗ്രാം മുതൽ അമ്പത് ഗ്രാം വരെ ഒരുതവണ കൊടുക്കാം. പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിക്കൂന്ന അളവ് ചെടിയുടെ ഇനം വലുപ്പം അനുസരിച്ച് ഒരു കപ്പ് മുതൽ അഞ്ചു കപ്പു വരെ ഒഴിക്കാം.
ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ് (Pseudomonas). ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും. ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ Pseudomonas വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ സ്യുഡോമോണസിനെ നമുക്ക് പ്രയോജനപ്പെടുത്താം.
Pseudomonas ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്. ഒരു കിലോ ഏകദേശം 50-60 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില. വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം. സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. Pseudomonas ഉപയോഗിക്കുമ്പോള്‍ രാസവളങ്ങളും കീട നാശിനികളും ഒഴിവാക്കണം.
ഉപയോഗം – വിത്ത് പാകുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടത്തിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.
രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രക്ഷിക്കാം.
തൈകള്‍ പറിച്ചു നടുമ്പോള്‍ – ഇരുപതു ഗ്രാം Pseudomonas ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളുടെ വേരുകള്‍ മുക്കി വെക്കാം, അര മണിക്കൂര്‍ കഴിഞ്ഞു തൈകള്‍ നടാം. ചെടികളുടെ വളര്‍ച്ചയുടെ സമയത്തും Pseudomonas ഉപയോഗിക്കാം, മേല്‍പ്പറഞ്ഞ അളവില്‍ കലക്കി ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം, ഇലകളില്‍ തളിച്ച് കൊടുക്കാം
മണ്ണില്‍ സുലഭമായ ഫോസ്ഫറസിനെ ലയിപ്പിച്ച് വിളകള്‍ക്ക് ധാരാളമായി ലഭ്യമാക്കുന്ന സൂക്ഷ്മാണുവളമാണ് വാം (VAM - വെസിക്കുലര്‍ അര്‍ബസ്ക്കുലര്‍ മൈക്കോറൈസ് )
ഉപയോഗം , ഗുണം
ചെടികൾ പെട്ടെന്ന് പിടിച്ചുകിട്ടുന്നതിനും വളരുന്നതിനും വാം പ്രയോഗം സഹായിക്കും. വാം ഉപയോഗം മിക്ക വിളകളുടെയും ഉല്‍പാദനം 10 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. മരച്ചീനിയുടെ ഉല്‍പാദം 20 ശതമാനത്തോളം കൂട്ടും. വാം ജീവാണുവളമായി ഉപയോഗിച്ചാല്‍ രാസവളങ്ങളുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കാം. മരച്ചീനിക്കു പുറമെ പച്ചക്കറി, കുരുമുളക്, ഇഞ്ചി, പൈനാപ്പിള്‍, വാഴ, മാവ്, ജാതി, തുടങ്ങിയ വിളകള്‍ക്കെല്ലാം വാം ഉപയോഗിക്കാം. ഗ്രോബാഗുകള്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ മണ്ണു മിശ്രിതത്തോടൊപ്പം വാം ചേര്‍ത്തുകൊടുക്കാം.
ചെടികള്‍ക്ക് ഉപദ്രവകാരികളായ ചില ശത്രുകുമിളുകള്‍, നിമാവിരകള്‍ എന്നിയ്ക്കെതിരെ പ്രതിരോധ ശേഷി പകര്‍ന്നും വാം വിളകളെ സഹായിക്കുന്നു. മണ്ണില്‍ ജലം പിടിച്ചുനിര്‍ത്തുന്നതോടൊപ്പം ജലത്തിന്റെ ആഗിരണശേഷിയും വര്‍ദ്ധിപ്പിക്കുന്നു. പരിധിവരെ വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും ചെടികള്‍ക്ക് പകരും. മണ്ണിന്റെ ഘടനയും ഫലപുഷ്ടിയും മെച്ചപ്പെടുത്തും. വെര്‍മി കബോസ്റ്റിനൊപ്പമോ ജൈവവളങ്ങള്‍ക്കൊപ്പമോ കലര്‍ത്തിയും വാം ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട അളവ്
ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ചേര്‍ക്കുമ്പോള്‍ മണ്ണ് മിശ്രിതത്തോടൊപ്പം 10 കിലോഗ്രാമിന് 30-50 ഗ്രാം വാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കണം. മണ്ണിനു മുകളില്‍ വാം നേര്‍ത്ത പാളിയായി വിതറിയശേഷം വിത്തു പാകണം. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടണം. വിത്തിടുമ്പോള്‍ ആദ്യം വാം ഇട്ടതിനുശേഷം വിത്തിടുക. മുളച്ചുവരുന്നവേരുകള്‍ വാം കള്‍ച്ചറിലൂടെ കടന്നുപോകുമ്പോള്‍ വേരുകളില്‍ വാം വളരുന്നു. കിഴങ്ങുവര്‍ഗ വിളകളില്‍ അഞ്ചുഗ്രാം, പച്ചക്കറി വിളകളില്‍ അഞ്ചുഗ്രാം, വാഴയില്‍ 25 ഗ്രാം എന്ന അളവില്‍ വാം ഉപയോഗിക്കാം. പച്ചക്കറി വിത്തുകള്‍ നടുമ്പോള്‍ ചുവടൊന്നിന് അഞ്ചുഗ്രാം മൈക്കോറൈസയും ചേര്‍ത്തുകൊടുക്കാം. മൈക്കോറൈസ നല്‍കി 20 ദിവസത്തിനു ശേഷം മാത്രമെ രാസകുമിള്‍ നാശിനികള്‍ പ്രയോഗിക്കാന്‍ പാടുള്ളു.
സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടാവശ്യത്തിന് കുരുമുളക് ലഭിക്കാനുള്ള എളുപ്പവഴിയാണ് 'കുറ്റിക്കുരുമുളക്' (ബുഷ് പെപ്പർ). ചെടിച്ചട്ടികൾ, പഴയ ബക്കറ്റ്, പ്ലാസ്റ്റിക് ബക്കറ്റ്, ചാക്കുകൾ, വീഞ്ഞപ്പെട്ടികൾ ഇവയിലെല്ലാം കുരുമുളക് നടാം.
വീട്ടിൽ സൗകര്യപ്രദമായി എവിടെയും വെക്കാം. വീട്ടമ്മമാർ കുറച്ച് താത്പര്യമെടുത്താൽ, കുറ്റിക്കുരുമുളക് തൈകൾ വീട്ടിൽതന്നെ തയ്യാറാക്കാം. തൈകൾ നട്ടുപരിചരിച്ചാൽ ആദ്യ കൊല്ലംതന്നെ നല്ലവണ്ണം കായ്ച്ചുതുടങ്ങും.
ഒരു ചെടിയിൽനിന്ന് കുറഞ്ഞത് 250 ഗ്രാം മുളകെങ്കിലും കിട്ടും. നന്നായി കായ്പിടുത്തമുള്ള കുരുമുളക് ചെടിയുടെ പ്രധാന തണ്ടിൽനിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വശിഖരങ്ങൾ മൂന്നുമുതൽ അഞ്ചുവരെ മുട്ടോടുകൂടി മുറിച്ചെടുത്ത് അതിലെ ഇലകൾ ഞെട്ടൽപ്പം നിർത്തി മുറിക്കണം.
നന്നായി വിളവേകുന്നതും 8-10 വർഷത്തോളം മൂപ്പുള്ളതുമായ മാതൃകൊടിയിൽനിന്ന് ഒരുവർഷം പ്രായമായ ശിഖരങ്ങളാണ് മുറിച്ചെടുത്ത് വേരോട്ടമുണ്ടാക്കാൻ നടേണ്ടത്.
നല്ല, വിസ്താരമേറിയ ഉദ്ദേശം 45 സെന്റീമീറ്റർ ഉയരവും 30 സെന്റീമീറ്റർ വ്യാസവുമുള്ള ചെടിച്ചട്ടിയുടെ അടിഭാഗത്ത് ദ്വാരമിട്ട് ചരൽ, ഓട്ടുകഷ്ണം ഇവ നിരത്തിയിടണം. ശരിയായ നീർവാർച്ച കിട്ടാനിതുവഴി പറ്റും. 2:1:1 എന്നയനുപാതത്തിൽ മണ്ണ്, മണൽ, ചാണകപ്പൊടി ഇവ കലർത്തിയ മിശ്രിതം ചട്ടിയിൽ നിറയ്ക്കണം.
ഇങ്ങനെ നടീൽമിശ്രിതം, നിറച്ചുവെച്ച ചട്ടിയിൽ പാർശ്വശിഖരങ്ങൾ നടാം. നഴ്സറിയിൽനിന്നും പോളിബാഗിൽ നട്ടിരിക്കുന്ന ബുഷ് പെപ്പർ നടീൽ തൈകൾ ലഭിക്കും.
ഇതു വാങ്ങി ചട്ടിയുടെ നടുഭാഗത്തിറക്കിവെച്ച് കവർ ബ്ലേഡിനാൽ മുറിച്ചുനീക്കി നല്ല ബലത്തിൽ ചട്ടിയിൽ നടണം. സ്വന്തമായി നമ്മുടെ വീട്ടുപറമ്പിൽതന്നെ കുറ്റിക്കുരുമുളക് തൈകൾ തയ്യാറാക്കുമ്പോൾ വേരുപിടിക്കാനൽപ്പം അമാന്തമുണ്ടാവാറുണ്ട്. ഇതിന് പരിഹാരമായി പാർശ്വശിഖരങ്ങൾ മുറിച്ചയുടനെ വേരുപിടിക്കുന്ന ഹോർമോണിൽ മുക്കി നട്ടാൽമതി.
ഹോർമോൺ ലായനിയിലോ ഹോർമോൺ പൊടിയിലോ പാർശ്വശിഖരത്തിന്റെ ചുവട് മുക്കി നടണം. ഇൻഡോർ ബ്യൂട്ടറിക്കാസിഡ്, സെറാഡിക്സ് ബി-2, കെരാഡിക്സ്, റൂട്ടെക്സ് എന്നീ പേരിലെല്ലാം വേരുപിടിത്തഹോർമോൺ ലഭ്യവുമാണ്. അഗ്രോവെറ്റ് പുറത്തിറക്കുന്ന അപ്പിക്കാറൂട്ടെക്സും പ്രചാരത്തിലുണ്ട്. 45 സെക്കൻഡ് നേരം ലായനിയിൽ കമ്പു മുക്കിയിട്ടാണ് നടേണ്ടത്.
ചെടിച്ചട്ടിയിൽ വേരുവന്നതിനുശേഷം മൂന്നു മാസത്തിലൊരിക്കൽ കാലിവളം 50 ഗ്രാം വീതം മണ്ണിലിളക്കി ചേർക്കണം. മണ്ണിരവളം ചേർക്കുന്നതു നല്ലതാണ്. മാസത്തിലൊരിക്കൽ എൻ.പി.കെ.: 10:4:4 രാസവളമിശ്രിതം, 20 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ചുവട്ടിൽ ഒഴിച്ചിളക്കുന്നത് നല്ലതാണ്. എന്നാൽ, രാസവളം ഏറെ നൽകാൻ പാടില്ല. ഇനി രാസവളം ഒഴിവാക്കുന്നവർ സ്യൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ട്രൈക്കോഡെർമ-വേപ്പിൻപ്പിണ്ണാക്ക് മിശ്രിതം ഇടയ്ക്ക് ചേർക്കുന്നതും നല്ലതാണ്.
ചെടി വളർന്നുവരുന്നതിനനുസരിച്ച് വശത്തേക്ക് വളരുന്ന ശാഖകൾ, മുറിച്ചു നേരെനിർത്തി, കുറ്റിരൂപത്തിൽ (ബുഷ്) നിലനിർത്താൻ ശ്രദ്ധിക്കണം. വീട്ടാവശ്യം നിറവേറ്റാൻ 3-4 ചെടിച്ചട്ടിയിൽ കുറ്റിക്കുരുമുളക് നട്ടാൽ മതി. ചെടിച്ചട്ടിയിൽ നല്ല നിറം തേയ്ച്ചാൽ വീടിനുമുകളിലും ഉദ്യാനത്തിലും കുറ്റിക്കുരുമുളക് നല്ല ഭംഗിയായിരിക്കും.
വെണ്ട കൃഷി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
എളുപ്പത്തിൽ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കർഷകനിലേക്ക് അടുപ്പിക്കുന്നു.
എളുപ്പത്തിൽ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കർഷകനിലേക്ക് അടുപ്പിക്കുന്നു.
നല്ലയിനം വിത്തുകൾ വേണം നടുന്നതിനായി തിരഞ്ഞെടുക്കാൻ. ആരോഗ്യമുള്ള വിത്തുകളാണെങ്കിൽ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും.
വിത്തു പാകുന്നതിനു മുമ്പ് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുന്നത് നല്ലതാണ്. വേഗം മുളയ്ക്കാനും നന്നായി വളരാനും അത് സഹായിക്കും. വെണ്ടവിത്തിലെ വെള്ള നിറത്തിലുള്ള ചെറിയ ഭാഗം മണ്ണിൽ താഴേക്കാക്കി വേണം നടാൻ. ഇത് വേഗം മുളയ്ക്കാൻ സഹായിക്കും.
കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥലം ഉണ്ടെങ്കിൽ നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാൻ. മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും ചാരവും കാത്സ്യത്തിന് മുട്ടത്തോട് പൊടിച്ചതും ചേർത്ത് വിത്ത് നടാം. നേരിട്ട് നിലത്തു നടുമ്പോൾ മണ്ണ് കൂനകൂട്ടിയോ തടമെടുത്തോ നടാം.
സ്ഥലമില്ലാത്തവർക്ക് ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ ഉപയോഗ ശൂന്യമായ പാത്രങ്ങളിലോ ചാക്കിലോ ഒക്കെ നടാവുന്നതാണ്. അവയിൽ നിറയ്ക്കുന്ന മണ്ണും ഇങ്ങനെ ഒരുക്കണം.
വിത്ത് നേരിട്ട് പാകുകയോ സീഡ് ഇൻ ട്രേയിൽ നട്ട് മുളപ്പിച്ച ശേഷം മാറ്റി നടുകയോ ചെയ്യാം. മൂന്നു നാലു ദിവസം കൊണ്ട് വിത്തു മുളച്ചു തുടങ്ങും. നാലഞ്ച് ഇലകൾ വിരിഞ്ഞ ശേഷം വേണം മാറ്റി നടാൻ.
മണ്ണിന് നനവു കിട്ടാൻ പാകത്തിന് വേണം നനയ്ക്കാൻ. അതേസമയം വേനൽ കടുക്കുമ്പോൾ നന്നായി നനച്ചു കൊടുക്കുകയും വേണം.
പാഴ്ച്ചെടികൾ കൊണ്ട് പുതയിടുന്നതും ഇടയ്ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നതും നല്ലതാണ്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, കോഴിക്കാഷ്ടം തുടങ്ങിയ വളങ്ങൾ ഉപയോഗിക്കാവുന്നതാണ്.
വെണ്ടകൃഷി ചെയ്യുന്നവരുടെ പ്രധാന ശല്യമാണ് ഉറുമ്പ്. ഉറുമ്പിനെ നേരിടാൻ പൊടിയുപ്പോ മഞ്ഞൾപ്പൊടിയോ ഇട്ടു കൊടുത്താൽ മതി. വെള്ളീച്ചകളാണ് മറ്റൊരു ശല്യക്കാരൻ. ഇലകളിലെ മഞ്ഞപ്പിന് കാരണം വെള്ളീച്ചകളാണ്. ഇവയെ നേരിടാൻ വെളുത്തുള്ളി മിശ്രിതം തളിക്കണം. വേപ്പെണ്ണ മിശ്രിതം തളിക്കുന്നതും കീടങ്ങളെ അകറ്റാൻ സഹായകമാണ്.
നമ്മുടെ പച്ചക്കറികളെയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ബാധിക്കുന്ന കീടമാണ് കായീച്ചകൾ. ചെടികൾ നന്നായി വളർന്നു പൂത്ത് കായപിടിക്കാറാകുമ്പോഴാണ് കായീച്ചയുടെ ശല്യം ആരംഭിക്കുക. വെള്ളരി വർഗവിളകളുടെ, പടവലം, കൈപ്പ, വെള്ളരി, മത്തൻ എന്നിവയുടെ പ്രധാന കീടമാണ് കായീച്ച. പെൺപൂക്കളിൽ കായ പിടിച്ചുതുടങ്ങുന്ന സമയത്ത് മുട്ടയിട്ട് പെരുകുന്ന ഇവ കായുടെ നീര് ഊറ്റിക്കുടിച്ച് കായകളെ ശുഷ്കമാക്കുന്നു. മാത്രമല്ല തങ്ങളുടെ മുട്ടകൾ നിക്ഷേപിക്കുകയും ചെയ്യും. ആനിമാലിയ സാമ്രാജ്യത്തിൽ ടെഫ്രിറ്റിഡേ കുടുംബത്തിലെ അംഗമായ കായീച്ചയുടെ ശാസ്ത്രനാമം ബാക്ട്രോസെറ കുക്യുർബിറ്റേ എന്നാണ്. രാസകീടനാശിനികൾ ഉപയോഗിച്ച് നശിപ്പിച്ചുകളയാം. എന്നാൽ ജൈവരീതിയിൽ പരമ്പരാഗതമായി കെണിയൊരുക്കിയാണ് ഇതിനെ ഇല്ലാതാക്കുക.
- പഴക്കെണി
മൈസൂർപ്പൂവൻ എന്നും പാളയംകോടൻ എന്നും അറിയപ്പെടുന്ന പഴമാണ് പഴക്കെണിക്ക് ഉപയോഗിക്കുന്നത്. തൊലി കളയാതെ നാലഞ്ചുകഷണമാക്കിയെടുത്ത പഴത്തിന്റെ മുറിഭാഗത്ത് തരി രൂപത്തിലുള്ള (ഫ്യുഡറാൻ) കീടനാശിനിയിൽ മുക്കിയശേഷം ചിരട്ടകൊണ്ട് ഉറികെട്ടി പടവല, കയ്പ പന്തലിൽ ചെറു കായകൾ തൂങ്ങുന്നയത്രയും മാത്രം താഴ്ത്തിത്തൂക്കിയിടണം. വിഷലിപ്തമായ പഴത്തിന്റെ നീര് ഊറ്റിക്കുടിച്ച് കായീച്ചകൾ ചത്തൊടുങ്ങും. അങ്ങനെ ചെറുകായകൾ നാശത്തിൽ നിന്ന് രക്ഷപ്പെടും.
2.തുളസി കെണി
ഒരുപിടി തുളസിയിലകൾ ചതച്ചെടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ശർക്കരപ്പൊടി കലർത്തുക. അതിൽ ഒരു നുള്ള് രാസവിഷവസ്തു ചേർത്തതിന് ശേഷം ചിരട്ടകൊണ്ട് ഉറിയുണ്ടാക്കി തൂക്കിയിടുക. കുറച്ച് വെള്ളം ചേർത്താൽ തുളസിയില പെട്ടെന്ന് ഉണങ്ങിപ്പോകില്ല. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന കായീച്ചകൾ തുളസിയിലച്ചാറ് കഴിച്ച് നശിക്കും. - മഞ്ഞ കെണി
പന്തലിനോട് ചേർന്ന് മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് കെട്ടിവെച്ചതിന് ശേഷം അതിൽ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടിയിടുക. മഞ്ഞനിറം കണ്ട് പൂവാണെന്ന് വിചാരിച്ച് വരുന്ന പ്രാണികൾ ഗ്രീസിലോ ആവണക്കെണ്ണയിലോ പറ്റിപ്പിടിച്ച് നശിച്ചുകൊള്ളും. 4.തേങ്ങാവെള്ള കെണി
തേങ്ങാവെള്ളം ശേഖരിച്ച് രണ്ടുദിവസം പുളിപ്പിച്ചതിന് ശേഷം അതിൽ രണ്ടുതരി യീസ്റ്റ് ചേർക്കുക. ചിരട്ടക്കെണിയിൽ ചിരട്ടയുടെ പകുതിഭാഗം മാത്രം ഇത് നിറച്ചതിന് ശേഷം തരി രൂപത്തിലുള്ള കീടനാശിനി ഇട്ട് ഇളക്കുക. അതിനുമുകളിൽ ഒരു ചെറിയ കഷ്ണം ഓലക്കണ്ണിയിട്ടുവെക്കുക പ്രാണികൾ ഓലക്കണ്ണിയുടെ മീതെയിരുന്ന് വിഷം കലർന്ന വെള്ളം കുടിച്ച് ചാകും.
5.മീൻകെണി
ഒരു ചിരട്ടക്കെണിയിൽ അല്പം ഉണക്കമിൻ പൊടിച്ചത് ഇട്ട് നനയ്ക്കുക. ഇതിൽ തരി രൂപത്തിലുള്ള വിഷം കലർത്തുക. ഇത് ഒരു പ്ലാസ്റ്റിക് കൂടിൽ ഇറക്കി പന്തലിൽ കെട്ടിയിടുകയോ വെള്ളരിത്തടത്തിൽ വെക്കുകയോ ചെയ്യുക. പ്രാണികൾക്ക് കയറാൻ ചെറിയദ്വാരങ്ങൾ ഇടണം. അതിലൂടെ പ്രാണികൾ കയറി വിഷം കലർന്ന വെള്ളം കുടിച്ച് ചാകും.
6.കഞ്ഞിവെള്ളകെണി
ഒരു ചിരട്ടക്കെണിയുടെ പകുതി കഞ്ഞിവെള്ളം നിറച്ച് അതിൽ അല്പം ശർക്കര ചേർത്തിനുശേഷം അതിൽ രണ്ടുതരി യീസ്റ്റും നാലഞ്ചുതരി വിഷവസ്തുക്കളും ചേർക്കുക. അതിനു മുകളിൽ ഒരു ഓലക്കണ്ണി ചീന്തിവെക്കുക. പ്രാണികൾ ഓലക്കണ്ണിയുടെ മീതെയിരുന്ന് വിഷം കലർന്ന വെള്ളം കുടിച്ച് ചാകും.
7.ഫിറമോൺ കെണി
എതിർ ലിംഗത്തിൽപ്പെട്ട ജീവിയെ ആകർഷിച്ച് ഇണചേരാൻ ഒരു ജീവി തന്റെ സ്വന്തം ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന രാസവസ്തുക്കളാണ് ഫിറമോണുകൾ ഇത് കൃത്രിമമായി ഉത്പാദിപ്പിച്ച് കെണിയൊരുക്കി പ്രാണികളെ ആകർഷിച്ച് നശിപ്പിക്കാം. ഇതാണ് കീടനാശിനി തളിക്കാതെ കായീച്ചയെയും പഴയീച്ചയെയും മെരുക്കാനുള്ള മാർഗം
ജൂലായ്-ഒക്ടോബർ മാസത്തിലാണ് നടേണ്ടത്.
മാംസത്തിലടങ്ങിയിരിക്കുന്ന അത്രത്തോളം തന്നെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന പയർവർഗ്ഗങളിലെ രാജാവാണ്ചതുരപയർ. അതിനാൽ തന്നെ ഇറച്ചിപയർ എന്നും പേരുണ്ട്. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളം.ചതുരപ്പയറിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. പൂവും ഇലയും പച്ചക്കറിയായി ഉപയോഗിക്കാം.കുട്ടികളുടെ ആരോഗ്യം വര്‍ദ്ധിക്കാന്‍ ഏറ്റവും നല്ല പച്ചക്കറിയാണ് പ്രോട്ടീന്‍ സംബുഷ്ട്ടമായ ചതുരപയര്‍.
ചതുരപ്പയറിന് പൂക്കാന്‍ ദൈര്‍ഘ്യം കുറഞ്ഞ പകല്‍സമയമുള്ള കാലാവസ്ഥ അത്യാവശ്യമാണ് .നമ്മുടെ നാട്ടിലെ ഒക്ടോബര്‍-ഫെ(ബുവരി മാസങ്ങളാണ് ചതുരപ്പയറിന് ഏറെ പ്രിയം. അതുകൊണ്ടുതന്നെ ജൂലായ്-ഒക്ടോബർ മാസത്തിലാണ് നടേണ്ടത്. അതേസമയം ജനവരിയില്‍ നട്ട ചതുരപ്പയര്‍ എത്ര വളര്‍ന്നാലും ഒക്ടോബര്‍ എത്തിയാലേ കായ്ക്കൂ. ഇത് തിരിച്ചറിയാത്തതുകൊണ്ടുതന്നെ ചതുരപ്പയറിന് മച്ചിയെന്ന പഴി പലപ്പോഴും കേള്‍ക്കേണ്ടിവരുന്നു.
രണ്ടരമീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് ചതുരപ്പയര്‍ നടാം. വിത്ത് ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ വേഗം മുളയ്ക്കും. കാലിവളമോ മണ്ണിരകമ്പോസ്റ്റോ നന്നായി ചേര്‍ത്തുകൊടുക്കണം. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കുന്നത് നന്ന്. പന്തലിലായാലും വേലിയിലായാലും ചതുരപ്പയര്‍ പടര്‍ന്നുകയറും. കീടരോഗശല്യമൊന്നും കാര്യമായി കാണാറില്ല.
നില മണ്ണിലും ഗ്രോ ബാഗുകളിലും ഇവ നടാവുന്നടതാണ്. വള്ളിയില്‍ കയറ്റി , നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങള്‍ വേണം വളര്‍ത്താനായി തിരഞ്ഞെടുക്കുവാന്‍. ഇടവളമായി ചാണകപൊടിയോ മണ്ണിരകമ്പോസ്റ്റോ ചേര്‍ത്ത് കൊടുക്കാം .
മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വളമാണ് മണ്ണിര കമ്പോസ്റ്റ്. ഇത് ഒരു മാലിന്യ നിർമ്മാർജ്ജന രീതി കൂടിയാണ്. ജൈവകൃഷിക്ക് ഏറ്റവും ഉപയോഗിക്കുന്ന വളം കൂടിയാണ് മണ്ണിര കമ്പോസ്റ്റ്. ഇത് മിക്കവാറും എല്ലാത്തരം വിളകൾക്കും ഉപയോഗിക്കുന്നുണ്ട്. ഈ വളത്തിന്റെ നിർമ്മാണത്തിൽ ലഭിക്കുന്ന മറ്റൊരു വളമാണ് വെർമി വാഷ്. ഇതും നല്ല വളമാണ്. സാധാരണയായി മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കുന്നത് ഒരു സംഭരണിയിൽ അഴുകുന്ന ജൈവവസ്തുക്കൾ ഇട്ട് അതിൽ മണ്ണിരകളെ നിക്ഷേപിച്ചാണ്. മണ്ണിര ജൈവാംശങ്ങൾ തിന്നുകയും അതിന്റെ വിസർജ്ജ്യം വളമായി മാറുകയും ചെയ്യും. കുഴികളാണ് നിർമ്മിക്കുന്നതെങ്കിൽ 2.5 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും 0.3 മീറ്റർ ആഴത്തിലും എടുക്കുന്നു.സിമന്റ് ടാങ്കുകൾ നിർമ്മിക്കുന്നതിനും ഈ അളവ് തന്നെയാണ് ഉപയോഗിക്കുന്നത്. ടാങ്കിൽ നിന്നും അധിക ജലം വാർന്നുപോകാനായി അടിയിലോ വശങ്ങളിൽ അടിഭാഗത്തോട് ചേർത്തോ ഒരു ദ്വാരം ഉണ്ടാകും.മണ്ണിരക്കമ്പോസ്റ്റിലെ ഉപോത്പന്നമായ വെർമിവാഷ് ഇതുവഴി ശേഖരിക്കുന്നു.
കുഴിയാണെങ്കിൽ അടിഭാഗവും വശങ്ങളും നല്ലതുപോലെ അടിച്ച് ഉറപ്പിക്കുന്നു. കുഴിയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കുന്നതിലേക്കയി മുകളിൽ ഓല കൊണ്ട് മേൽക്കൂര ഉണ്ടാക്കുന്നു. വായൗ സഞ്ചാരത്തിനായി വശങ്ങളിൽ കെട്ടി മറയ്ക്കാറില്ല. കുഴി ഒരുക്കിയതിനുശേഷം അധികവെള്ളം വാർന്നുപോകുന്നതിനും വായു സഞ്ചാരത്തിനും അടിഭാഗത്ത് ഒരു നിര തൊണ്ട് മലർത്തി അടുക്കുന്നു. നിരത്തിയ തൊണ്ട് നല്ലതുപോലെ നനച്ചതിനുശേഷം ജൈവാംശങ്ങളും ചാണകവും 8:1 എന്ന അനുപാതത്തിൽ കുഴികളിൽ 30 സെന്റീ മീറ്റർ (കുഴിയുടെ താഴ്ച) ഉയരത്തിൽ നിറയ്ക്കുന്നു. ഈർപ്പം നിലനിർത്തുന്നതിലേയ്ക്കായ് ആവശ്യത്തിനനുസരിച്ച് വെള്ളം തളിച്ചുകൊടുക്കുന്നു. ആറേഴു ദിവസങ്ങൾക്കുശേഷം കുഴിയിലേക്ക് 500 മുതൽ 1000 വരെ യൂഡില്ലസ് യൂജിനീയ എന്ന വിഭാഗത്തില്പ്പെടുന്ന മണ്ണിരകളെ നിക്ഷേപിക്കുന്നു. അതിനുശേഷം കുഴിയുടെ ഈർപ്പം 40-50 ശതമാനം ആയി നിജപ്പെടുത്തുന്നു. കമ്പോസ്റ്റ് ആയി കഴിഞ്ഞാൽ മേൽക്കൂരയിലെ ഓല മാറ്റിയാൽ മണ്ണിരകൾ അടിയിലേക്ക് നീങ്ങുകയും മുകളിൽ നിന്നും കമ്പോസ്റ്റ് ശേഖരിക്കാനും കഴിയുന്നു. കുഴിയിൽ കമ്പോസ്റ്റ് നിർമ്മിച്ചാൽ അതിൽ നിന്നും വെർമിവാഷ് കിട്ടാറില്ല. നല്ലതുപോലെ അഴുകുന്ന ജന്തു-സസ്യജന്യ വസ്തുക്കൾ ഏതും മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കൂടാതെ ആഹാരാവശിഷ്ടങ്ങൾ ചപ്പുചവറുകൾ എന്നിവയും ഇത്തരം സംഭരണികളിൽ നിക്ഷേപിക്കാറുണ്ട്. ഇങ്ങനെ നിക്ഷേപിക്കുന്നതുമൂലം മാലിന്യസംസ്കരണത്തിനും അതുവഴി വളം നിർമ്മിക്കുന്നതിനും കഴിയുന്നു.