Menu Close

കളമശ്ശേരിയെ ഇളക്കിമറിക്കുവാന്‍ കാർഷികോത്സവം വരുന്നു

കളമശ്ശേരിയെ ഇളക്കിമറിക്കുവാന്‍ കാർഷികോത്സവം വരുന്നു

by
285 285 people viewed this event.

കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കളമശ്ശേരി കാർഷികോത്സവം’ ആഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. കളമശേരി ടിവിഎസ് കവലയ്‌ക്കുസമീപമാണ്‌ പരിപാടി.
കേരളത്തിലെ ഏറ്റവും പ്രമുഖ വ്യവസായ കേന്ദ്രമായ കളമശ്ശേരിയിൽ വൻ കാർഷിക മുന്നേറ്റത്തിന് കളമൊരുക്കിയ പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി. തരിശിട്ടിരുന്നതുൾപ്പെടെ ആയിരത്തിലധികം ഏക്കറിൽ പുതുതായി കൃഷിയിറക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. പുതുതായി അഞ്ഞൂറ് ഏക്കറിലധികം ഭൂമിയിൽ നെൽകൃഷിയാരംഭിച്ചു. 300 ഏക്കറിൽ പച്ചക്കറിയും 75 ഏക്കറിൽ കൂവ കൃഷിയും തുടങ്ങി. പ്രസിദ്ധമായിരുന്ന ആലങ്ങാട് ശർക്കരയുടെ ഉൽപാദനം വീണ്ടും ആരംഭിക്കാൻ ലക്ഷ്യമിട്ട് കരിമ്പുകൃഷിയും ആരംഭിച്ചു. പൂകൃഷിയും മത്സ്യകൃഷിയും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. പദ്ധതിയുടെ പുതിയ മുന്നേറ്റമായാണ് കാര്‍ഷികോത്സവം. സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഗസ്റ്റ് 20 ന് കളമശ്ശേരി കാർഷികോത്സവം ആരംഭിക്കുക. മലയാളിയുടെ അഭിമാനമായ മമ്മൂട്ടി കാർഷികോത്സവം ഉദ്ഘാടനം ചെയ്യും.
കാർഷികോൽപ്പന്ന പ്രദർശനവും വിപണനവും, കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിലായി ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങൾ വിൽപനക്കെത്തിക്കുന്ന നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകൾ, കാർഷിക കലാമേള, പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികൾ എന്നിവയാണ് കളമശ്ശേരി കാർഷികോൽസവത്തിൽ ഒരുക്കുന്നത്. വ്യവസായം, ടൂറിസം, കൃഷി, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകൾ മേളയിലുണ്ടാകും. സഹകരണ ബാങ്കുകളുടെ സ്റ്റാളുകളും മേളയിൽ പങ്കെടുക്കും. കാർഷികോൽസവത്തിനുള്ള ഉൽപന്നങ്ങളുടെ വിളവെടുപ്പ് ആഗസ്റ്റ് 19 ന് നടക്കും.
പത്ത് വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കലാപരിപാടികളുമുണ്ടാകും. മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാർഷിക കലാജാഥ പര്യടനം നടത്തിവരികയാണ്. നെൽ കർഷകർ, മത്സ്യ കർഷകർ, പഴം-പച്ചക്കറി- പൂ കർഷകർ, യുവ കർഷകർ, കുട്ടി കർഷകർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ കർഷകർ പങ്കെടുക്കുന്ന സംഗമങ്ങളും നടക്കും.വ്യവസായ മേഖലയിലെ കാർഷികോത്സവം എന്ന നിലയിൽ ഏറെ പ്രത്യേകതകൾ ഉള്ളതാണ് കളമശ്ശേരി കാർഷികോത്സവം.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി പ്രസാദ്, എം ബി രാജേഷ്, വി എൻ വാസവൻ, നടൻ മമ്മൂട്ടി, മുൻ മന്ത്രിമാരായ ഡോ. തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ്, ഗായകൻ ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസി, കവി മുരുകൻ കാട്ടാക്കട, പാചക വിദഗ്ധൻ ഷെഫ് പിള്ള, കാർഷികമേഖലയിലെ വിദഗ്ധർ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യവും മേളയിലുണ്ടാകും. 27ന്‌ സമാപിക്കും. പദ്ധതിയുടെ ആസൂത്രകനും പ്രധാനസംഘാടകനും വ്യവസായവകുപ്പുമന്ത്രി പി.രാജീവാണ്.

To register for this event email your details to saranya.nair@dcubeai.com

Register using webmail: Gmail / AOL / Yahoo / Outlook

Share With Friends