
വീണ്ടും കേരള പഠനകോണ്‍ഗ്രസ് : മുന്നോടിയായി കാര്‍ഷിക സെമിനാര്‍ മൂന്നു നാള്‍
സമകാലിക കേരളചരിത്രത്തില്‍ ഇടംപിടിച്ച ഒട്ടേറെ നേട്ടങ്ങളുടെ ആശയം രൂപപ്പെടുത്തിയ കേരള പഠന കോണ്‍ഗ്രസ് പരമ്പരയുടെ അഞ്ചാമത് പതിപ്പ് വരുന്നു. തിരുവനന്തപുരം കേന്ദ്രമായുള്ള എകെജി പഠനഗവേഷണകേന്ദ്രമാണ് ഇതു സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനം നടക്കുന്ന അഞ്ചാം പഠനകോണ്‍ഗ്രസിന്റെ മുന്നോടിയായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി കാര്‍ഷികസെമിനാറും നടക്കുന്നുണ്ട്. മെയ് 13 മുതല്‍ 15 വരെയാണ് സെമിനാര്‍ നടക്കുക. തൃശൂരോ പാലക്കാടോ ആയിരിക്കും വേദിയാവുക.
കേരളത്തിലെ കാര്‍ഷികമേഖല സൂക്ഷ്മമായി വിശകലനം ചെയ്ത് പുതിയ വികസനസാധ്യതകള്‍ കണ്ടെത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. സെമിനാറില്‍ ഉരുത്തിയിരിയുന്ന കാഴ്ചപ്പാട് പഠനകോണ്‍ഗ്രസില്‍ അവതരിപ്പിക്കും. അവിടെ രൂപപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളാണ് ഇടതുപക്ഷം ഭരണതലത്തില്‍ കഴിഞ്ഞ കുറേ ദശകങ്ങളായി നടപ്പാക്കിവരുന്നത്.
വികസനത്തിന്റെ ബദൽ സാധ്യതകൾ കണ്ടെത്താനായി 1994 ലാണ് സിപിഐ(എം)ന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ് ആരംഭിച്ചത്. 1996ലെ നായനാർ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ദിശാരൂപം നൽകിയത് ആദ്യ പാർടി കോൺഗ്രസിലെ നിർദേശങ്ങളായിരുന്നു. ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവ അതിലെ മാതൃകാപദ്ധതികളായി. ഐടി @ സ്കൂൾ, അക്ഷയ, മെട്രോ ട്രെയിന്‍, അതിവേഗപാത എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതും ഇതേത്തുടർന്നാണ്. 2016ല്‍ നടന്ന പഠനകോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ പിന്നീട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയായി പുറത്തുവരികയും ഒന്നാം പിണറായി സര്‍ക്കാര്‍ അതില്‍ ഒക്കുമിക്കവാറും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി മേഖലകളിലെ ആ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പലതും പഠനകോണ്‍ഗ്രസ് നിര്‍ദ്ദേശങ്ങളായിരുന്നു. കെ റെയില്‍ പദ്ധതിയും പഠനകോണ്‍ഗ്രസ് നിര്‍ദ്ദേശമാണ്. അതുകൊണ്ടുതന്നെ പുതിയ പഠനകോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വികസനമാതൃകകള്‍ എന്തൊക്കെയാണ് എന്നത് രാഷ്ട്രീയനിരീക്ഷകര്‍ സവിശേഷശ്രദ്ധയോടെ ഉറ്റുനോക്കുന്നു. കാര്‍ഷികമേഖലയില്‍ വലിയ ജനകീയ മുന്നേറ്റ മാതൃകകള്‍ ഈ പഠനകോണ്‍ഗ്രസ് അവതരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.