പൂപ്പൊലി 2024: അമ്പലവയലിലെ അന്താരാഷ്ട്ര പുഷ്പമേള
പ്രകൃതിയുടെ വരദാനമായ വയനാടിന്റെ മണ്ണിൽ കേരള കാർഷികസർവ്വകലാശാലയും കേരളസംസ്ഥാന കാർഷികവികസന കർഷകക്ഷേമ വകുപ്പും ചേർന്നൊരുക്കുന്ന ദൃശ്യവിരുന്ന് ‘പൂപ്പൊലി 2024’ 2024 ജനുവരി 1 ന് വർണ്ണാഭമായ തുടക്കം കുറിക്കുന്നു.
അമ്പലവയലിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രമാണ് വേദി. ഇതിനകം രാജ്യാന്തര പ്രശസ്തി നേടിയെടുത്തുകഴിഞ്ഞിരിക്കുന്ന പുഷ്പോത്സവത്തിന്റെ എട്ടാം പതിപ്പാണിത്. വൈവിധ്യമാർന്ന അലങ്കാരവർണ്ണ പുഷ്പങ്ങളുടെ അത്ഭുതകരമായ പ്രദർശനമാണ് ഈ മേളയുടെ പ്രധാന ആകർഷണം. ഒപ്പം, കാർഷികമേഖലയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തില്‍ നൂതന സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളുടെയും സസ്യങ്ങളുടെയും പ്രദർശനവും വിപണനവും ഇതിന്റെ ഭാഗമായുണ്ട്.
കാർഷികമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ, പുത്തൻ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, വിവിധ സർക്കാർ/ അർദ്ധസർക്കാർ/സ്വകാര്യസ്ഥാപനങ്ങൾ/ കർഷകർ/ മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവരുടെ നിരവധി സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കുന്നു. എല്ലാ സായാഹ്നങ്ങളിലും കലാവിരുന്നുകളും പുഷ്പമേളയുടെ ഭാഗമായുണ്ട്.
കൃഷിമന്തി പി. പ്രസാദാണ് സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ചെയര്‍മാനും പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയൽ ഡിൻ ഡോ. സി. കെ. യാമിനി വർമ്മ കൺവീനറുമാണ്.
ഫോണ്‍: 04936 260421, 260561, 9496860421