എംഎഫ്ആർഐയുടെ മത്സ്യ-ഭക്ഷ്യ-കാർഷിക മേള 15 മുതൽ

കൊച്ചി: മത്സ്യപ്രേമികൾക്കൊരു സന്തോഷ വാർത്ത. കൂടുകൃഷിയിൽ വിളവെടുത്ത പിടയ്ക്കുന്ന കാളാഞ്ചിയും കരിമീനും തിലാപ്പിയയും ജീവനോടെ സ്വന്തമാക്കണമെങ്കിൽ തിങ്കളാഴ്ച മുതൽ ഹൈക്കോർട്ടിന് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) വരാം. 15 മുതൽ 17 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന മത്സ്യ-ഭക്ഷ്യ-കാർഷിക വിപണന മേളയിൽ മീൻ മാത്രമല്ല, കൊതിയൂറുന്ന കടൽ ഭക്ഷ്യവിഭവങ്ങൾ കഴിക്കാനും അവസരമുണ്ട്. കൂടാതെ, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, വിവിധയിനം സുഗന്ധവ്യഞ്ജനങ്ങൾ, ട്യൂണ ഓയിൽ, സംസ്കരിച്ച ട്യൂണ, ട്യൂണ അച്ചാർ, ശീതീകരിച്ച ചെമ്മീൻ, ഓയിസ്റ്റർ വിഭവങ്ങൾ, ജൈവ പച്ചക്കറി തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ വിപണന മേളയിൽ ലഭ്യമാകും.രണ്ടാമത് അന്താരാഷ്ട്ര സഫാരി സമ്മേളനത്തോടനുബന്ധിച്ചാണ് സിഎംഎഫ്ആർഐയിൽ വിപണന മേളയും പ്രദർശനവും ഒരുക്കുന്നത്.കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ സ്പൈസസ് ബോർഡിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന്റെയും സ്റ്റാളിൽ മായം കലരാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ ഏലം, കുരുമുളക്, ഗ്രാമ്പു, കറുവപ്പട്ട, ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജന വിഭവങ്ങൾ ലഭ്യമാകും. കൂടാതെ, ഇവയിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളായ പലയിനം എണ്ണകൾ, സോപ്പുകൾ, തുളസി ഫെയ്സ് വാഷ് പോലുള്ള കോസ്മറ്റിക് ഉൽപ്പന്നങ്ങൾ, കറി പൗഡറുകൾ തുടങ്ങിയവയും ഇവിടെ ലഭിക്കും. അത്യുൽപാദന ശേഷിയുള്ള മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളും കുറ്റിക്കുരുമുളകിന്റെ തൈകളുമുണ്ടാകും.നീര, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങ ചിപ്സ്, നീര ഉപയോഗിച്ചുള്ള സ്വീറ്റ്സ് തുടങ്ങിയ ഉൽപ്പന്നങ്ങളുമായി നാളികേര വികസന ബോർഡ് മേളയിലുണ്ടാകും. കർഷകരുടെ കൂട്ടായ്മകളായ സ്വയം സഹായ സംഘങ്ങളാണ് കൂടുകൃഷിയിൽ വിളവെടുത്ത മീനുകളും കക്കവർഗ്ഗങ്ങളുടെ ഉൽപ്പന്നങ്ങളും വിപണനം നടത്തുക. ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീ കൂട്ടായ്മയായ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൻ (സാഫ്) തയ്യാറാക്കിയ സ്റ്റാളിൽ ചെമ്മീൻ, കരിമീൻ തുടങ്ങി നിരവധി പാചകം ചെയ്ത ഭക്ഷ്യവിഭവങ്ങൾ ലഭിക്കും. ജൈവ പച്ചക്കറികളും ഫലവൃക്ഷങ്ങളുടെ തൈകളും കേരള വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ സ്റ്റാളിൽ ലഭ്യമാകും. കൂടാതെ, കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ജൈവപച്ചക്കറി വിത്തുകൾ, ചക്ക പൗഡർ, വിവിധ ജൈവവളങ്ങൾ, പച്ചക്കറി വിത്തുകൾ, ജൈവകീടിനാശിനി, വേപ്പെണ്ണ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളും മേളയിൽ ലഭിക്കും. വാഴക്കന്ന്, കറിവേപ്പ്, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ തുടങ്ങിയവയുടെ തൈകളുമുണ്ടാകും.

0 Comments

Leave A Comment


Submit Captcha Code

Can't read the image? click here to refresh.