ഓണസദ്യ ‘ചലഞ്ചു’മായി മലയാളത്തിന്റെ പ്രിയതാരം

തൊടുപുഴ: ഞാന്‍ നല്ല വെളുത്ത ആളായിരുന്നു.. കൃഷി ചെയ്യാന്‍ ഇറങ്ങി വെയിലുകൊണ്ടാണ്‌ കറുത്തുപോയത്‌. പറയുന്നത്‌ ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍. ന്യൂമാന്‍ കോളജില്‍ എന്റെ കൃഷി ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റുമായി സഹകരിച്ച്‌ വിഷരഹിതമായ ഓണസദ്യ ചലഞ്ച്‌ (മിഷന്‍-15) ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴാണ്‌ ശ്രീനിവാസന്‍ വിദ്യാര്‍ഥികളെയും കര്‍ഷകരെയും കൈയിലെടുത്തത്‌.
രാവിലെ സുഹൃത്ത്‌ അയച്ച വാട്ട്‌സ്‌ അപ്പ്‌ മെസേജു പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം. മലയാളിക്ക്‌ ഓണസദ്യയൊരുക്കാന്‍ ആന്ധ്രയില്‍ നിന്നുള്ള അരിയും തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള പരിപ്പും ഗുജറാത്തില്‍ നിന്നുള്ള നെയ്യും ബംഗാളി നിര്‍മിച്ച റോഡിലൂടെ എത്തുന്നുവെന്നായിരുന്നു സന്ദേശം. ഈ സന്ദേശം പെട്ടെന്ന്‌ ചിരിപ്പിക്കുമെങ്കിലും ഇതില്‍ ഒരു വലിയ കാര്യമുണ്ട്‌. നമ്മള്‍ എല്ലാവരും പണമുണ്ടാക്കാനുള്ള ഓട്ടത്തിലാണ്‌. ഇതിനിടയില്‍ ആരോഗ്യവും, ഭക്ഷണക്രമവുമൊന്നും ശ്രദ്ധിക്കുന്നില്ല. ഒടുവില്‍ ഓടിയുണ്ടാക്കുന്ന പണമെല്ലാം ആശുപത്രികളില്‍ കൊണ്ടുകളയും. ഷൂ വാങ്ങുമ്പോഴും ഷര്‍ട്ടു വാങ്ങുമ്പോഴും ശ്രദ്ധിക്കുന്ന നമ്മള്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. സ്വന്തമായി കിടക്കുന്ന തരിശുഭൂമിയില്‍ കൃഷി ചെയ്യാന്‍ ആരും തയാറല്ല. ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകണമെങ്കില്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധചെലുത്തിയേ പറ്റു. ഇതിനു മുന്‍പുണ്ടായിരുന്ന തലമുറയ്‌ക്ക്‌ ഇതേക്കുറിച്ച്‌ ബോധമുണ്ടായിരുന്നു. അന്ന്‌ അസുഖങ്ങളും കുറവായിരുന്നു. ആളുകള്‍ക്ക്‌ ബോധം വയ്‌ക്കുമ്പോള്‍ ആ പഴയകാലത്തേയ്‌ക്ക്‌ തിരിച്ചു വരുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നമ്മുടെ നാട്ടില്‍ വിളയുന്ന വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച്‌ സദ്യയൊരുക്കുക എന്നതാണ്‌ വിഷരഹിതമായ ഓണസദ്യ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്‌. ശ്രീനിവാസന്‍ ചലഞ്ച്‌ പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.എം.ഹാരീദ്‌ ആദ്യ ചലഞ്ച്‌ വേദിയില്‍ വച്ചു തന്നെ ഏറ്റെടുത്തു. ഹര്‍ഷാരവങ്ങളോടെയാണ്‌ വിദ്യാര്‍ഥികള്‍ ശ്രീനിവാസനെ ന്യൂമാന്‍ കോളജിലേക്ക്‌ സ്വാഗതം ചെയ്‌തത്‌. കോളജിനു മുന്‍പില്‍ ശ്രീനിവാസന്‍ പച്ചക്കറിത്തൈ നടുകയും ചെയ്‌തു.
എന്‍.എസ്‌.എസ്‌.യൂണിറ്റാണ്‌ ഇത്‌ പരിപാലിക്കുക. കര്‍ഷകര്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ച വാഴക്കുലയും, പച്ചക്കറി ഉല്‍പന്നങ്ങളും ശ്രീനിവാസന്‌ നല്‍കി. യോഗത്തില്‍ വെബ്‌സൈറ്റ്‌ ഡയറക്‌ടര്‍ ജെയ്‌സണ്‍.ജെ.ഇളയിടം അധ്യക്ഷത വഹിച്ചു. എന്റെ കൃഷി മൊബൈല്‍ ആപ്പ്‌ ന്യൂമാന്‍കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളാ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ്‌ ജോണ്‍, ന്യൂമാന്‍ കോളജ്‌ ബര്‍സാര്‍ ഫാ.ഫ്രാന്‍സിസ്‌ കണ്ണാടന്‍, എന്‍.എസ്‌.എസ്‌.യൂണിറ്റ്‌ കോര്‍ഡിനേറ്റര്‍ ഡോ. സാജു എബ്രഹാം, രാകേഷ്‌ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
– See more at: http://www.mangalam.com/print-edition/keralam/349106#sthash.MvljxNbH.dpufMANGALAM

Leave a Comment

Your email address will not be published. Required fields are marked *