ചക്ക = അടിമുടി ലാഭം

മലയാളിയുടെ സംരംഭക ആശയങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയ കാര്‍ഷിക വിളയാണ് ചക്ക. വിദേശരാജ്യങ്ങളിലേക്ക് പോലും നമ്മുടെ നാട്ടിലെ ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു. പല തരത്തിലുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ സംയോജിത സംരംഭമെന്ന വിശാലമായ സാദ്ധ്യതയാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.

ഉപ്പേരി മുതല്‍ ചോക്‌ലേറ്റും ജ്യൂസും ഐസ്‌ക്രീമും ഉള്‍പ്പെടെ ചക്കയില്‍ നിന്ന് ഉണ്ടാക്കാം. ചിക്കന്‍ 65 ന് പകരക്കാരനായി ചക്ക 65 പോലും ഇന്ന് വിപണിയില്‍ കാണാം. ആരോഗ്യപരമായ സവിശേഷതകള്‍ അടങ്ങിയിട്ടുളളതുകൊണ്ടു തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ല. ബ്രേക്ക്ഫാസ്റ്റ് ഭക്ഷണശീലങ്ങളായ പുട്ടും ഉപ്പുമാവും ന്യൂഡില്‍സും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കാന്‍ ഇന്ന് ഉണക്കി പൊടിച്ച ചക്ക ഉപയോഗിക്കുന്നു.

ചക്കയുടെ ചകിണിയില്‍ നിന്നും ചക്കക്കുരുവില്‍ നിന്നുമൊക്കെ പലതരത്തിലുളള ഉല്‍പ്പന്നങ്ങളാണ് പുറത്തിറങ്ങുന്നത്. അധികവും ഭക്ഷണസാധനങ്ങള്‍. ഒന്നരമാസം മുതല്‍ 60 ദിവസം വരെ വളര്‍ച്ചയെത്തിയ ഇടിച്ചക്ക മുതല്‍ വിളവിന്റെ കണക്കനുസരിച്ച് വിവിധ ഘട്ടങ്ങളില്‍ തന്നെ ഓരോ ഉല്‍പ്പന്നങ്ങളായി മാറുന്നു.

യുഎസ് പോലുളള രാജ്യങ്ങളില്‍ ഇടിച്ചക്കയ്ക്ക് വലിയ ഡിമാന്റാണ്. ഇതില്‍ അധികവും ശ്രീലങ്കയില്‍ നിന്നാണ് എത്തുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ചക്കയുടെ മുക്കാല്‍ ഭാഗവും പാഴാകുന്നതായിട്ടാണ് കണക്ക്. സംരംഭമെന്ന രീതിയില്‍ ഗൗരവമായി സമീപിച്ചാല്‍ ചക്കയില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഈ മേഖലയിലെ പരിചയസമ്പന്നര്‍ അഭിപ്രായപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *